മലയാളകഥാലോകത്ത് ഏതാനും കഥകള്‍കൊണ്ടുതന്നെ ശ്രദ്ധേയയായി മാറിയ യുവ എഴുത്തുകാരി ' ശ്രീബാല കെ മേനോന്റെ' ആദ്യകഥാസമാഹാരമാണ് ' സില്‍വിയാ പ്ലാത്തിന്റെ മാസ്റ്റര്‍പീസ് ' . 'പുട്ടും കടലയും' , ' ഗുല്മോഹറിനു കീഴെ' , ' സില്‍വിയാ പ്ലാത്തിന്റെ മാസ്റ്റര്‍പീസ് ' , ' അഞ്ഞൂറാന്' , ' ശാപമോക്ഷം' , ' ദാമ്പത്യം' , ' പെണ്‍ഫ്രണ്ട്സ്' , 'മായ്ച്ചാലും മായാത്ത പാടുകള്‍' , ' ബോംബെ ഡ്രീംസ്' , 'ടോമി അഥവാ ഞാന്‍ ' , ' മായ ലോസ്റ്റ് @hotmail.com' , എന്നീ പതിനൊന്നു കഥകളാണ് സില്‍വിയാ പ്ലാത്തിന്റെ മാസ്റ്റര്‍പീസിലുള്ളത്. നര്‍മ്മത്തിന്റെ കണ്ണുകളിലൂടെ പുറത്തേക്കും അകത്തേക്കും നോക്കാന്‍ കഴിയുന്ന സുതാര്യതയാണ് ശ്രീബാല കെ മേനോന്റെ കഥകളെ വ്യത്യസ്തമാക്കുന്നത്. ഇതില്‍ തന്നെ എന്റെ വായനയെ ഏറെ ആകര്‍ഷിച്ച ' സില്‍വിയാപ്ലാത്തിന്റെ മാസ്റ്റര്‍ പീസ് ' " പുട്ടും കടലയും " " ഗുല്മോഹറിനു കീഴെ " , എന്നീ കഥകളെക്കുറിച്ചാണ് ഇനി പറയുന്നത് .
കുട്ടിക്കാലം മുതല്ക്കുതന്നെ എഴുതിതുടങ്ങി പ്രശസ്തരാവുകയും , കൌമാരത്തില്‍ ഒരുപാട് പുരസ്കാരങ്ങളും കഥാസമാഹാരങ്ങളുമായി നിറഞ്ഞു നില്‍ക്കുകയും പിന്നീട് യൌവ്വനത്തില്‍ എഴുത്തില്‍ നിന്നും അപ്രത്യക്ഷമാകുകയും ചെയ്യുന്ന കഥാകാരികളുടെ ജീവിതത്തിലേക്ക് ഒരെത്തിനോട്ടമാണ് " സില്‍വിയാ പ്ലാത്തിന്റെ മാസ്റ്റര്‍ പീസ് " . കഥയിലെ കഥാകാരി സ്വപ്നം കണ്ടതുപോലെ ഒരു സാഹിത്യകാരനുമായി ആദര്‍ശ വിവാഹം കഴിഞ്ഞതിനുശേഷം ഏതൊരു സാധാരണ സ്ത്രീയെയും പോലെ അവളുടെ സര്‍ഗ്ഗാത്മകതയും ഭാവനയുമെല്ലാം ജീവിത പ്രാരാബ്ധങ്ങള്‍ക്കിടയില്‍ തിങ്ങി ഞെരിഞ്ഞു അക്ഷരങ്ങള്‍ ആകാന്‍ കഴിയാതെ വീര്‍പ്പുമുട്ടുകയാണ് . പുരുഷകേന്ദ്രീകൃതമായ സമൂഹത്തില്‍ സ്ത്രീ അനുഭവിക്കുന്ന മനോവ്യഥകളുടെ ഒരു ഹാസ്യാവിഷ്ക്കാരം കൂടിയാണ് ' സില്‍വിയാപ്ലാത്തിന്റെ മാസ്റ്റര്‍പീസ്'.
പലപ്പോഴും ജോലിക്കും കുടുംബഭാരത്തിനുമിടയില്‍ വീര്‍പ്പുമുട്ടുമ്പോള്‍ , ആത്മവിശ്വാസത്തോടെ എഴുതുവാനുള്ള കഴിവ് സ്ത്രീകള്‍ക്ക് നഷ്ടമാകുന്നു . സര്‍ഗ്ഗാത്മകയെന്നാല്‍ ജന്മവാസന മാത്രമല്ല , പരിശീലനവും പ്രോത്സാഹനവും ആവിശ്യമുള്ള ഒരു കാര്യം കൂടിയാണ് . അതില്‍ സാമൂഹിക സാഹചര്യത്തിന് വലിയ പങ്കുണ്ട് . യാത്രയും , വായനയും , സഹപ്രവര്‍ത്തകരുമായുള്ള സംവാദങ്ങളുമെല്ലാം അത്യാവശ്യമാണതിന് - സ്ത്രീകള്‍ക്ക് ഇവയ്ക്കെല്ലാമുള്ള സമയവും സൌകര്യവും പുരുഷന്മാരേക്കാള് എത്രയോ കുറവാണ് . " കുടുംബപ്രാരാബ്ധങ്ങള്‍ക്കിടയില്‍
എഴുത്ത് ഒരു നിയോഗമാണ് . മിക്ക എഴുത്തുകാരും ചെറുപ്രായത്തില്‍ തന്നെ അത് തിരിച്ചറിയുകയും ആ മേഖലയിലേക്ക് കാലെടുത്തുവെയ്ക്കുകയും ചെയ്യുന്നു . പിന്നീട് മുന്നോട്ടു പോകാന്‍ കഠിനമായ
കഥയിലേ നായികയും വിഭിന്നയല്ല . അതുകൊണ്ടാണ് അവളിങ്ങനെ പറഞ്ഞു വെയ്ക്കുന്നത് , " അദ്ധേഹത്തിന്റെ സാഹിത്യ പ്രവര്‍ത്തനങ്ങള്‍ക്ക് സൌകര്യം നൃഷ്ടിക്കാനായി എന്റെ സാഹിത്യപ്രവര്‍ത്തങ്ങള്‍ക്ക് തത്കാലം ഒരു തടയിട്ടു . കഥാപാത്രങ്ങളുടെ മനസ്സിലേക്ക് യാത്രയാകുന്ന ശീലത്തിനു പകരം ഇപ്പോള്‍ എന്റെ ജീവിതത്തിലെ ഒരേ ഒരു കഥാപാത്രമായ ഭര്‍ത്താവിന്റെ മനസ്സിലേക്ക് മാത്രം സഞ്ചരിക്കാന്‍ ഞാനെന്റെ മനസ്സിനെ പാകപ്പെടുത്തി . " എഴുതിയേ തീരു , എന്ന തീവ്രാഭിലാഷം ഇല്ലെന്നിരിക്കെ രചനാകൌതുകം അപ്രത്യക്ഷമാകുന്നു . അതിനാല്‍ മാത്രമാണ് കഥാനായിക " മാസ്റ്റര്‍ പീസ് ആയേക്കാവുന്ന കഥ മനസ്സില്‍ മാത്രം എഴുതുന്നത് ." ഇതെല്ലാം പഴങ്കഥകള്‍ ആണെന്നും നവീന ലോകത്ത് സ്ത്രീക്ക് പുരുഷനു തുല്യമായ സ്ഥാനം ഉണ്ടെന്നും കരുതുന്നവരുണ്ടാകാം . അത്തരക്കാര്‍ക്കുള്ള മറുപടികള്‍ കൂടിയാണ് ഹാസ്യത്തിന്റെ മേമ്പൊടിയോടെ ശ്രീബാല പറഞ്ഞു വെയ്ക്കുന്നത് .
ഒറ്റനോട്ടത്തില്‍ കാണുന്ന നമ്മുടെ ഈ സമൂഹത്തിനു സമാന്തരമായി മറ്റൊരു ലോകം സ്ഥിതി ചെയ്യുന്നുണ്ട് . കണ്ണീരും , സ്നേഹവും , സന്തോഷവും , കാമവും , പകയും , അസൂയയും , നിരാശയും ഒരിക്കലും സഫലമാകാത്ത മോഹങ്ങളുമുള്ള അവിഹിതങ്ങളുടെ അധോലോകം . ജീവിതത്തില്‍ ഒരിക്കലെങ്കിലും അങ്ങോട്ട് യാത്ര പോകാത്തവരില്ല ; മനസ്സുകൊണ്ടെങ്കിലും . അങ്ങിനെ അവിഹിതലോകത്തേയ്ക്കുള്ള യാത്രയുടെ ഹാസ്യാത്മകമായ ആവിഷ്കാരമാണ് " പുട്ടും കടലയും " എന്ന കഥയിലൂടെ കഥാകാരി ആവിഷ്കരിക്കുന്നത് . സമൂഹത്തിന്റെ സദാചാര വേലിക്കെട്ടുകള്‍ ഭയപ്പെടുന്ന , നഷ്ടപ്പെടാന്‍ ഒരുപാടുള്ളതിനാല്‍ രഹസ്യമായി പ്രണയിക്കുന്ന രണ്ടുപേരുടെ കഥയാണിത് . അടുത്ത ജന്മത്തിലെ നിമിഷങ്ങളെ ഭാവനയില്‍ കണ്ടുകൊണ്ട് ഈ ജന്മത്തിലേ വഴക്കടിക്കുന്ന രണ്ടുപേരെ രസകരമായി ശ്രീബാല ആവിഷ്കരിച്ചിരിക്കുന്നു .
സമൂഹത്തിന്റെ വിലക്കുകളെയും സദാചാര വഴക്കങ്ങളെയും ലംഘിക്കുന്ന പ്രണയത്തിന്റെ നാനാര്‍ത്ഥങ്ങള്‍ തേടുന്ന പുതുതലമുറയുടെ നേര്‍കാഴ്ച്ചകളാണ് ' പുട്ടും കടലയും ' എങ്കില്‍ അതിന്റെ വിപരീതമാണ് ' ഗുല്മോഹറിനു കീഴെ ' എന്ന കഥ . ജീവിതത്തില്‍ സായിപ്പിനേയും അവന്റെ സംസ്കാരത്തെയും അനുകരിച്ചു പലരുടെ കൂടെയും പലതരത്തില്‍ മനസ്സും ശരീരവും പങ്കുവെച്ച് , എന്നാല്‍ കല്യാണക്കാര്യം വരുമ്പോള്‍ യാഥാസ്ഥിതിക മനോഭാവം വെച്ച് പുലര്‍ത്തി , പെണ്ണ് കന്യകയായിരിക്കണം എന്ന് വാശിപ്പിടിക്കുന്ന ആണത്തമില്ലായ്മയെയാണ് ഈ കഥയില്‍ പരിഹസിക്കപ്പെടുന്നത് .
പെണ്ണെഴുത്തിന്റെതായ പുതുവായനയ്ക്കും പുതിയ അവബോധത്തിനും തുടക്കം കുറിക്കുന്നു ഈ പുസ്തകം . മികച്ച ആശയങ്ങള്‍ വ്യത്യസ്തമായി ആവിഷ്കരിച്ചു , ഒരല്പം വായനക്കാരനെ ചിന്തിപ്പിച്ച് , ചുണ്ടില്‍ ഒരു ചിരി വിരിയിപ്പിക്കാന്‍ കഴിയുന്നിടതാണ് കഥാകാരി വിജയിക്കുന്നത് . മികച്ചവായന സമ്മാനിക്കുന്ന ഇതിലെ കഥകള്‍ ഒരു നഷ്ടം ആകില്ലെന്നുറപ്പ്. മാതൃഭൂമി ബുക്സ് പുറത്തിറക്കിയ ഈ പുസ്തകത്തിന് എഴുപതു രൂപയാണ് വില .
( ഈ ലക്കം ഇ- മഷിയില്‍ പ്രസിദ്ധീകരിച്ചത് )