വായനക്കൊരിടം !!!

എഴുത്തുകാരെപ്പറ്റി,പുസ്തകങ്ങളെക്കുറിച്ച്, സാഹിത്യവുമായി ബന്ധപ്പെട്ട ലഘുകുറിപ്പുകള്‍ ആണ് വായനാമുറിയില്‍ ഉള്‍പെടുത്തുന്നത്‌. നിങ്ങള്‍ക്കും ഇതില്‍ പങ്കുചേരാം. നിങ്ങളുടെ ഇമെയില്‍, ബ്ലോഗ്‌ അഡ്രെസ്സ് എന്നിവയും മറ്റു വിവരങ്ങളും vaayanamuri@gmail.com എന്ന വിലാസത്തിലേക്ക് അയച്ചു തരു. വിജ്ഞാന സംബന്ധിയായ കുറിപ്പുകളായാതുകൊണ്ട് വിവരങ്ങളുടെ ആധികാരികത ഉറപ്പുവരുത്തിയതിനു ശേഷമേ പോസ്റ്റ്‌ ചെയ്യാവൂ. വിവാദങ്ങള്‍ക്കും വാഗ്വാദങ്ങള്‍ക്കും അപ്പുറത്ത് അറിവ് പങ്കുവെക്കല്‍ എന്ന ഒരേ ഒരു ലക്ഷ്യമാണ്‌ ഈ ശ്രമത്തിനു പിന്നില്‍ എന്നു ഇവിടെ വ്യക്തമാക്കട്ടെ.Friday, December 23, 2011

ചരിത്രത്തിന്റെ ഗാഥകള്‍

സര്‍ഗ്ഗാത്മക  എഴുത്തുകാരന്‍ ചിലപ്പോള്‍ ചരിത്രത്തിന്റെ കാവല്ക്കരനാവും. മണ്മറഞ്ഞു തുടങ്ങിയ ചില ചരിത്രങ്ങള്‍ ഇടയ്ക്കിടയ്ക്ക് ഓര്‍മ്മിപ്പിക്കേണ്ട ചില സവിശേഷമായ സ്ഥിതിവിശേഷങ്ങള്‍ നമ്മുടെ സാമൂഹിക കാലാവസ്ഥകള്‍ സൃഷ്ടിക്കാറുണ്ട് . പക്ഷെ അപ്പോഴൊക്കെ ചരിത്രകാരന്മാര്‍ നിര്‍മ്മിച്ച്‌ ഫ്രെയിം ചെയ്തു വച്ച രേഖകള്‍  നമ്മുക്ക് വളരെ കുറച്ചു വിവരങ്ങളെ നല്‍കുകയുള്ളൂ. ഓരോ കാലഘട്ടത്തിലെ മനുഷ്യാവസ്ഥകളെ അപഗ്രഥിക്കാന്‍ ചരിത്രകാരന്‍ നല്‍കുന്ന അത്തരം സ്ഥിതിവിവര കണക്കുകള്‍ അപര്യാപ്തമാണ്.


ആ ധര്‍മ്മം പലപ്പോഴും നിര്‍വഹിക്കപെടുക സാഹിത്യരചനകളിലൂടെയാണ്.   സ്ഥിതിവിവരക്കണക്കുകള്‍ക്കപ്പുരത്തു   ഒരു കാലഘട്ടത്തിലൂടെയുള്ള സഞ്ചാരം , മനുഷ്യാവസ്ഥകളുടെ   രേഖപ്പെടുത്തല്‍, നിരീക്ഷണങ്ങള്‍, പ്രതികരണങ്ങള്‍ എന്നിവ സസൂക്ഷമായി നിര്‍വഹിക്കുക എന്നത് തന്റെ ഉത്തരവാദിത്വമായി കാണുന്നതുകൊണ്ടാവും മലയാള സാഹിത്യത്തിലെ ഏറ്റവും പ്രതിഭാശാലിയായ   എഴുത്തുകാരില്‍ ആദ്യപെരുകളില്‍ ഒന്നായ എം മുകുന്ദന്‍ തന്റെ സമീപകാല രചനകളായ ഡല്‍ഹി ഗാഥകളും പ്രവാസവും ചരിത്രത്തിന്റെ വഴിയിലൂടെയുള്ള ഒരു സഞ്ചാരമായി അവതരിപ്പിച്ചത്. ആധുനികതയുടെ വക്താക്കളായ മുതിര്ന്നതലമുറയിലെ പല എഴുത്തുകാരും പേന മാറ്റിവെച്ചു പ്രതാവനകളില്‍ ജീവിക്കുമ്പോള്‍ നിരന്തരമായ സര്ഗ്ഗപ്രവര്തനങ്ങളിലൂടെ തന്റെ യൌവനം തെളിയിക്കുന്ന ഒരു വിസ്മയമായി മുകുന്ദന്‍ വേറിട്ട്‌ നില്‍ക്കുന്നു.

ഇന്ത്യയുടെ സ്വാതന്ത്ര്യ ലബ്ധി  ജനതയ്ക്ക് നല്‍കിയത് വലിയ പ്രതീക്ഷകളാണ് നല്‍കിയത്. പക്ഷെ ദശാബ്ദങ്ങള്‍ക്ക് ശേഷവും ആ പ്രതീക്ഷകള്‍ നിരാവേറാതെ  വിശപ്പിന്റെ റിപ്പബ്ലിക് മാത്ര മായി  മാറിയ എഴുപതുകള്‍ , പ്രക്ഷുബ്ദമായ  രാഷ്ട്രീയകാലാവസ്ഥ, യുദ്ധങ്ങള്‍ ഇവയെല്ലാം കണ്ടുകൊണ്ട് ഡല്‍ഹിയില്‍ ജീവിച്ച  സഹദേവന്‍ എന്ന വ്യക്തിയിലൂടെ ദല്‍ഹി എന്ന നഗരിയുടെ കഥ പറയുകയാണ്‌ മുകുന്ദന്‍ ദല്‍ഹി ഗാഥകളില്‍ .


പരാജയപ്പെട്ട നോവലിസ്റ്റ് എന്ന് സ്വയം വിശേഷിപ്പിക്കുന്ന സഹദേവന്‍
1959  ജൂലൈ മാസത്തില്‍ ആണ് ഡല്‍ഹിയില്‍ എത്തുന്നത്. തലസ്ഥാന നഗരം ആയിരുന്നിട്ടു കൂടി ദാരിദ്രത്തിന്റെയും വറുതികളുടെയും കാഴ്ചകള്‍ ആയിരുന്നു അവിടെ ഉണ്ടായിരുന്നത്. അന്ന് മുതല്‍ സഹദേവന്‍ ചരിത്രത്തോടൊപ്പം യാത്ര തുടര്‍ന്നു. ചൈനയുടെ ആക്രമണം അത് തന്റെ സുഹൃത്തും കമ്മ്യുനിസ്ടുമായ ശ്രീധരനുണ്ണിയില്‍ സൃഷ്ടിച്ച ആഘാതം തുടര്‍ന്നു വരുന്ന ചൈന പാകിസ്താന്‍ യുദ്ധങ്ങള്‍, മാറി മാറി വന്നു പോയ  ഋതുക്കള്‍, കന്നുകാലികളെ പോലെ ഡല്‍ഹിയിലേക്കു പറവഹിച്ച  അഭയാര്‍ഥികള്,‍ ജാതിയും വര്‍ഗ്ഗവും പട്ടിണിയും അരാജകത്വവും വാണ എഴുപതുകള്‍ ,   സഹദേവനു ശബ്ദം   നഷ്ടപെട്ട, കൂടെയുള്ള പലര്‍ക്കും ജീവനും കൈയും കാലും ബോധവും സന്താനോല്പാദന ശേഷിയും നഷ്ടപെട്ട അടിയന്തിരാവസ്ഥ എന്ന അടിചെല്‍പ്പിക്കപ്പെട്ട അത്യാഹിതം, ഇന്ദിര വധവും സിഖ് കൂട്ടക്കൊലയും അങ്ങനെ  ഡല്‍ഹിയുടെ കറുത്തിരുണ്ട ദിനങ്ങളില്‍ അയാള്‍ ഉണ്ടായിരുന്നു,  ഒരു സാക്ഷിയെപ്പോലെ ഇതെല്ലാം  പകര്‍ത്തിവെക്കാന്‍ തുടര്‍ന്നു എം മുകുന്ദന്‍ എന്ന നോവലിസ്ടിനു ഒരു നോവല്‍ ആയി പ്രസിദ്ധികരിക്കാന്‍  വേണ്ടി കൈമാറാന്‍.

ഇതിനോട് ചേര്‍ത്ത് തന്നെ വായികേണ്ട മുകുന്ദന്റെ രചനയാണ് രണ്ടായിരത്തി എട്ടില്‍ പ്രസിധീകരിക്കപെട്ട പ്രവാസം.  ഡല്‍ഹിയുടെ ചരിത്രം ആണ് ഡല്‍ഹി ഗാഥകള്‍ പറയുന്നതെങ്കില്‍
മലയാളിയുടെ പ്രവാസത്തിന്റെ ചരിത്രം ആണ് പ്രവാസം .   പ്രവാസം എന്ന് നാം പൊതുവായി വിവക്ഷിക്കുന്നത് ഗള്‍ഫ് യുറോപ് യാത്രകള്‍ ആണെങ്കില്‍ നാടുകാണാന്‍ പുതിയ നാടുകള്‍ കാണാന്‍ പുതിയ ജോലി നേടാന്‍ 1930 -ഇല്‍   ബര്‍മയില്‍ പോകുന്ന കൊറ്റത്ത് കുമാരനില്‍ നിന്നും ആണ് പ്രവാസ ചരിത്രം എഴുതി തുടങ്ങുന്നത്. 

പ്രവാസത്തിലെ എല്ലാ യാത്രകളും തുടങ്ങുന്നത് മുകുന്ദന്റെ  പ്രിയപെട്ട  മയ്യഴിയും  ചുറ്റുമുള്ള മലബാര്‍ ഗ്രാമങ്ങളില്‍ നിന്നും ആണ്.   പ്രവാസചരിത്രം നമ്മോടു പറയാന്‍ വേണ്ടി സൂത്രധാരന്റെ വേഷത്തില്‍ നോവലിന്റെ പകുതിയോളം സഞ്ചരിക്കുന്നത് മലയാള സഞ്ചാര സാഹിത്യത്തിന്റെ കുലപതി എസ കെ പൊറ്റെക്കാട് ആണ്. വളരെ ശ്രദ്ധാപൂര്‍വ്വം നടത്തിയ ഒരു കഥാപത്ര സൃഷ്ടി! ബര്‍മ്മ, ഗള്‍ഫ് അമേരിക്ക ഡല്‍ഹി ഇവിടുത്തെ ജീവിതാവസ്ഥകള്‍ ഒരു ചിത്രത്തിലെന്ന പോലെ മുകുന്ദന്‍ നമുക്ക് കാണിച്ചു തരുന്നു. നമ്മുടെ പലരുടെയും ഓര്‍മയുടെ ഇതളുകളില്‍ എവിടെയോ കേട്ട അനവധി ദുബായി കഥകള്‍ അല്ലെങ്കില്‍ ആട് ജീവിതങ്ങള്‍ ഈ നോവലില്‍ നാം കണ്ടു മുട്ടും . മാറുന്ന മലയാളിയും മലയാളിയുടെ സാമൂഹിക വികാസങ്ങളും നമ്മോടു സംവേദിക്കുന്ന രചനയാണ് പ്രവാസം എന്ന് തന്നെ പറയാം.

ഭാഷയിലെ മുകുന്ദന്‍ സ്പര്‍ശം രണ്ട് നോവലുകളിലും  ഉടനീളം മനസിന്‌ കുളിര്‍മയും വായന സുഖവും നല്‍കുന്നുണ്ട്. രണ്ടു നോവലുകളും നാനൂറിലധികം പേജു ദൈര്‍ഘ്യമുള്ളതാണെങ്കിലും ലാളിത്യം കൊണ്ട് തന്നെ ഒരു കഥ കേള്‍ക്കുന്ന അനായാസതയോടെ നമ്മെ നയിക്കാന്‍ മുകുന്ദന് കഴിയുന്നു. അതുകൊണ്ട് തന്നെ കഴിഞ്ഞ വര്ഷം ഇറങ്ങിയ മികച്ച ഒരു മലയാള നോവല്‍ ആയി ഡല്‍ഹി ഗാഥകളെ കാണാം.