വായനക്കൊരിടം !!!

എഴുത്തുകാരെപ്പറ്റി,പുസ്തകങ്ങളെക്കുറിച്ച്, സാഹിത്യവുമായി ബന്ധപ്പെട്ട ലഘുകുറിപ്പുകള്‍ ആണ് വായനാമുറിയില്‍ ഉള്‍പെടുത്തുന്നത്‌. നിങ്ങള്‍ക്കും ഇതില്‍ പങ്കുചേരാം. നിങ്ങളുടെ ഇമെയില്‍, ബ്ലോഗ്‌ അഡ്രെസ്സ് എന്നിവയും മറ്റു വിവരങ്ങളും vaayanamuri@gmail.com എന്ന വിലാസത്തിലേക്ക് അയച്ചു തരു. വിജ്ഞാന സംബന്ധിയായ കുറിപ്പുകളായാതുകൊണ്ട് വിവരങ്ങളുടെ ആധികാരികത ഉറപ്പുവരുത്തിയതിനു ശേഷമേ പോസ്റ്റ്‌ ചെയ്യാവൂ. വിവാദങ്ങള്‍ക്കും വാഗ്വാദങ്ങള്‍ക്കും അപ്പുറത്ത് അറിവ് പങ്കുവെക്കല്‍ എന്ന ഒരേ ഒരു ലക്ഷ്യമാണ്‌ ഈ ശ്രമത്തിനു പിന്നില്‍ എന്നു ഇവിടെ വ്യക്തമാക്കട്ടെ.







Wednesday, November 9, 2011

മഞ്ഞ വെയില്‍ മരണങ്ങള്‍



 ആടുജീവിതം പകര്‍ന്നു നല്‍കിയ നവ്യമായ വായനനുഭവത്തിനു ശേഷം ബെന്യാമിന്റെ അടുത്ത നോവലിനെ ഉറ്റു നോക്കിയിരുന്ന സാഹിത്യ കുതുകികളുടെ  മുന്നിലേക്ക്‌ ഉത്തരാധുനികമായ രചന സങ്കേതങ്ങള്‍ മുന്നോട്ടു വെച്ച് കടന്നു വരികയാണ് ബെന്യാമിന്‍ മഞ്ഞ വെയില്‍  മരണങ്ങളിലൂടെ.  വിജയ ഫോര്മുലകളെ പുനരാവരത്തിക്കാനുള്ള സ്ഥിരം ശ്രമങ്ങളില്‍ നിന്നും വിട്ടുമാറി ആട് ജീവിതത്തില്‍ നിന്നും അടി മുടി മാറിയൊരു കഥാ പാശ്ചാത്തലം ഒരുക്കി പുതിയ രീതിയില്‍ കഥ പറഞ്ഞു ഒരിക്കല്‍ കൂടി വായനക്കാരോട് ബെന്യാമിന്‍ നീതി പുലര്‍ത്തുന്നു.    
 വരണ്ട മരുക്കാട്ടില്‍ അകപെട്ട നജീബില്‍ നിന്നും ജല സമൃദ്ധമായ ഡീഗോ ഗാര്‍ഷ്യയിലെ അന്ത്രപ്പേരിലേക്ക് വലിയ ദൂരമുണ്ട്. നജീബിലൂറെ ഒരു മനുഷ്യാവസ്ഥയുടെ കഥപറയുമ്പോള്‍ മഞ്ഞവെയിലില്‍ ഭരണകൂടഭീകരത, അധികാരം നില നിര്‍ത്താനും പിടിച്ചെടുക്കാനും വേണ്ടിയുള്ള വലിയ കാന്‍വാസിലെ കളികള്‍ എന്നിവ ഒരു കുറ്റാന്വേഷണ നോവലെന്നപോലെ അവതരിപ്പിക്കുന്നു. 
ചരിത്രവും വര്‍ത്തമാനവും ഇഴചെര്‍ന്നുള്ള പുതുമയുള്ള ആഖ്യാന രീതി , പുതിയ കാലത്തെ സാങ്കേതിക വിദ്യകളെ ഉപയോഗപ്പെടുത്തിയുള്ള കഥ പറച്ചില്‍ , അവസാനം വരെ സസ്പെന്‍സ് നില നിര്‍ത്താനുള്ള ശ്രമം എന്നിവ മഞ്ഞ വെയിലിനെ വ്യത്യസ്തമാക്കുന്നുണ്ട് . ഡീഗോ ഗാര്‍ഷ്യ യിലെ അന്ത്രപ്പേര്‍ കുടുംബവും അവര്‍ ആ നാടിന്റെ ചരിത്രത്തില്‍ വഹിച്ച പങ്കും പറയുന്നതിനിടയില്‍ കേരളത്തിലെ ക്രിസ്തീയ ചരിത്രവും പരാമര്‍ശിക്കപ്പെടുന്നുണ്ട് . അധികാരം നില നിര്‍ത്തുന്നതിനു വേണ്ടി  നീതിയും നിയമത്തെയും സൌകര്യപ്രദമായി ഉപയോഗിച്ച് , നേരിനെ തമസ്ക്കരിച്ചു യുക്തിയെ വെള്ള പൂശി ഭരണ കൂടങ്ങള്‍ നടത്തുന്ന നാടകങ്ങളെ സമകാലിക സമൂഹത്തിലെ പല കാഴ്ചകളുമായി ചേര്‍ത്ത് വായിക്കാന്‍ കഴിയും .

കഥ പറച്ചിലില്‍ വളരെ അനായാസമായ ബെന്യാമിന്‍ ശൈലി ഒരിക്കല്‍ കൂടി ഇവിടെ വെളിവാക്കപെടുന്നു. പക്ഷെ കഥ പറയുന്ന രീതി, ഉള്ളടക്കം എന്നിവയില്‍ പലപ്പോഴും ഒരു ദാന്‍ ബ്രൌണ്‍ ചുവ അനുഭവപ്പെടുന്നുണ്ട്. 'മറിയം സേവ ' ,നൂറ്റാണ്ടുകളായി രഹസ്യങ്ങള്‍ സൂക്ഷിക്കുന്ന മത സംഘടനകള്‍ , മതവും രാഷ്ട്രീയവും ഇഴ ചേര്‍ന്നുള്ള രചനാ രീതി എന്നിവയിലൂടെ കടന്നു പോകുമ്പോള്‍  ഡാ വിഞ്ചി കോഡ് ഓര്‍മ്മയിലേക്ക് കയറി വരുന്നു. സമാനമായ രചന രീതികള്‍ ടി ഡി രാമകൃഷ്ണന്റെ ഫ്രാന്‍സിസ് ഇട്ടിക്കോരയിലും കാണാം . 
എഴുത്തിന്റെ പുതിയ സങ്കേതങ്ങളെ പരീക്ഷിക്കാന്‍ ബെന്യാമിന്‍ കാട്ടിയ ധൈര്യത്തെ അഭിനന്ദിക്കുന്നു. പാരിസ്ഥിതികവും ദാര്‍ശനികവുമായ വലിയൊരു വായനക്കുള്ള സാധ്യതയും ഈ പുസ്തകം അര്‍ഹിക്കുന്നുണ്ട്. അത്തരത്തിലുള്ള വായനയും വിലയിരുത്തലും ഉണ്ടാകേണ്ടതുണ്ട് . അതിനു ഈ കുഞ്ഞു പരിചയപ്പെടുത്തല്‍ ഉപകരിക്കുമെന്ന് കരുതട്ടെ.

Tuesday, November 8, 2011

ജി. ശങ്കരക്കുറുപ്പ്‌



എറണാകുളം ജില്ലയില്‍ കാലടിക്കടുത്ത്‌ നായത്തോട്‌ എന്ന ഗ്രാമത്തില്‍ ആണ്‌ 1901 ജൂണ്‍ 3 ന്‌ ശങ്കരക്കുറുപ്പ്‌ ജനിച്ചത്‌. അച്ഛന്‍ നെല്ലിയ്‌ക്കാപ്പിള്ളി ശങ്കരവാര്യര്‍. അമ്മ ലക്ഷ്‌മിക്കുട്ടി അമ്മ. പെരുമ്പാവൂരും ആലുവായിലും സ്‌ക്കൂളുകളില്‍ പഠിച്ചു. 1919ല്‍ പണ്‌ഡിതര്‍ പരീക്ഷ ജയിച്ച്‌ തിരുവില്വാമല സ്‌ക്കൂളില്‍ ഭാഷാധ്യാപകനായി. 1937ല്‍ എറണാകുളം മഹാരാജാസ്‌ കോളേജിലെ
മലയാള പണ്‌ഡിതനായി. 1950ല്‍ അവിടെ പ്രൊഫസര്‍ ആയി. 1956ല്‍ ജോലിയില്‍ നിന്നും വിരമിച്ചു. പിന്നീട ആകാശവാണി തിരുവനന്തപുരം നിലയത്തില്‍ ഒരു വര്‍ഷം പ്രൊഡ്യൂസര്‍ ആയും പിന്നീട്‌ ഉപദേഷ്‌ടാവായും ജോലി ചെയ്‌തു. 1931ല്‍ ആണ്‌ ശങ്കരക്കുറുപ്പ്‌ പി. സുഭദ്രാമ്മയെ വിവാഹം ചെയ്‌തത്‌. 1945 മുതല്‍ 1957 വരെ സാഹിത്യപരിഷത്ത്‌ മാസികയുടെ പത്രാധിപര്‍
ആയിരുന്നു. കേരളസാഹിത്യ അക്കാദമിയുടെ അധ്യക്ഷന്‍ ആയിരുന്നു ജി. സാഹിത്യ പരിഷത്തിന്റേയും. 1968ല്‍ അദ്ദേഹത്തെ രാജ്യസഭാംഗമായി നോമിനേറ്റു ചെയ്‌തു. കേരള-കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌ക്കാരങ്ങള്‍, സോവിയറ്റ്‌ലാന്റ ്‌ നെഹ്രു
അവാര്‍ഡ്‌, ജ്ഞാനപീഠ പുരസ്‌ക്കാരം എന്നിവ ലഭിച്ചിട്ടുണ്ട്‌. ഇംഗ്ലീഷ്‌, റഷ്യന്‍, ഇറ്റാലിയന്‍ തുടങ്ങിയ വിദേശഭാഷകളിലേയ്‌ക്കും,
മിക്ക ഭാരതീയ ഭാഷകളിലേയ്‌ക്കും ജിയുടെ കൃതികള്‍ വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്‌. 1978 ജനുവരിയില്‍ രോഗബാധയെത്തുടര്‍ന്ന്‌ അദ്ദേഹം ശസ്‌ത്രക്രിയയ്‌ക്കു വിധേയനായി. 1978 ഫെബ്രുവരി 2 ന്‌ മരിച്ചു.


കവിത, നാടകം, നിരൂപണം, വ്യാകരണം, ജീവചരിത്രം - വൈവിദ്ധ്യപൂര്‍ണ്ണമാണ്‌ ജി. യുടെ സാഹിത്യസേവന മണ്‌ഡലം. കവിത അദ്ദേഹത്തിന്‌ ആത്മാവിഷ്‌ക്കാരവും, അന്വേഷണവും ആയി മാറി. സൂര്യകാന്തി, മേഘഗീതം, പുഷ്‌പഗീതം, നിമിഷം, പൂജാപുഷ്‌പം, മുത്തുകള്‍, ഇതളുകള്‍, ചെങ്കതിരുകള്‍, നവാതിഥി, പഥികന്റെ പാട്ട്‌, അന്തര്‍ദ്ദാഹം, വെള്ളില്‍ പറവകള്‍, വിശ്വദര്‍ശനം, മൂന്നരുവിയും ഒരു പുഴയും, ജീവനസംഗീതം, മധുരം സൗമ്യം ദീപ്‌തം ഇവയാണ്‌ അദ്ദേഹത്തിന്റെ പ്രധാന കവിതാസമാഹാരങ്ങള്‍.
ജ്ഞാനപീഠപുരസ്‌ക്കാരം നേടിയ ഓടക്കുഴല്‍ തിരഞ്ഞെടുത്ത കവിതകളുടെ- ആദ്യകാല കവിതകളുടെ - സമാഹാരമാണ്‌. ശങ്കരക്കുറുപ്പിന്റെ തിരഞ്ഞെടുത്ത രണ്ടു കവിതാസമാഹാരങ്ങള്‍ കൂടി ഉണ്ട്‌. ജിയുടെ തിരഞ്ഞെടുത്ത കവിതകള്‍, പാഥേയം. ഇളംചുണ്ടുകള്‍, ഓലപ്പീപ്പി എന്നിവ കുട്ടികള്‍ക്കു വേണ്ടി എഴുതിയ കവിതകളാണ്‌. സന്ധ്യ, ഇരുട്ടിനു മുമ്പ്‌, ആഗസ്റ്റ്‌ പതിനഞ്ച്‌ എന്നീ നാടകങ്ങള്‍, ടാഗോറിന്റെ ഏതാനും കവിതകള്‍ നൂറ്റൊന്നു കിരണങ്ങള്‍ എന്ന പേരില്‍ പരിഭാഷപ്പെടുത്തിയ ജി. ഗീതാഞ്‌ജലിയും വിവര്‍ത്തനം ചെയ്‌തിട്ടുണ്ട്‌. ഒമര്‍ഖയ്യാമിന്റെ റുബയ്യാത്തിന്റെ പരിഭാഷയാണ്‌ വിലാസലഹരി. മേഘദൂതത്തിന്റെ പരിഭാഷയാണ്‌ മേഘച്ഛായ. നിരൂപകന്‍, ഉപന്യാസകാരന്‍ എന്നീ നിലകളിലും ജി. ശ്രദ്ധേയനാണ്‌. ഗദ്യോപഹാരം, മുത്തും ചിപ്പിയും, രാക്കുയിലുകള്‍, ലേഖമാല എന്നിങ്ങനെ ഉള്ള ഗദ്യ ഗ്രന്ഥങ്ങളിലെ ലേഖനങ്ങള്‍, ജി. യുടെ ഗദ്യലേഖനങ്ങള്‍ എന്ന പേരില്‍ ലഭ്യമാണ്‌. ഡയറിക്കുറിപ്പുകളും, ആത്മകഥാപരമായ ലേഖനങ്ങളും ചേര്‍ന്ന കൃതിയാണ്‌ ജി. യുടെ നോട്ടുബുക്ക്‌ .