വായനക്കൊരിടം !!!

എഴുത്തുകാരെപ്പറ്റി,പുസ്തകങ്ങളെക്കുറിച്ച്, സാഹിത്യവുമായി ബന്ധപ്പെട്ട ലഘുകുറിപ്പുകള്‍ ആണ് വായനാമുറിയില്‍ ഉള്‍പെടുത്തുന്നത്‌. നിങ്ങള്‍ക്കും ഇതില്‍ പങ്കുചേരാം. നിങ്ങളുടെ ഇമെയില്‍, ബ്ലോഗ്‌ അഡ്രെസ്സ് എന്നിവയും മറ്റു വിവരങ്ങളും vaayanamuri@gmail.com എന്ന വിലാസത്തിലേക്ക് അയച്ചു തരു. വിജ്ഞാന സംബന്ധിയായ കുറിപ്പുകളായാതുകൊണ്ട് വിവരങ്ങളുടെ ആധികാരികത ഉറപ്പുവരുത്തിയതിനു ശേഷമേ പോസ്റ്റ്‌ ചെയ്യാവൂ. വിവാദങ്ങള്‍ക്കും വാഗ്വാദങ്ങള്‍ക്കും അപ്പുറത്ത് അറിവ് പങ്കുവെക്കല്‍ എന്ന ഒരേ ഒരു ലക്ഷ്യമാണ്‌ ഈ ശ്രമത്തിനു പിന്നില്‍ എന്നു ഇവിടെ വ്യക്തമാക്കട്ടെ.







Tuesday, August 6, 2013

ഗില്ലറ്റിൻ


"കാലം ഒരു  തരം  ഗില്ലറ്റിനാണ്'" 

ഓർമകളെ,  വിശ്വാസങ്ങളെ ചിന്താഗതികളെ , സ്വത്വങ്ങളെവരെ   അനു നിമിഷം  ശിരശ്ച്ചേദം  നടത്തികൊണ്ടിരിക്കുന്ന കാലത്തെയും, സമകാലിക കാഴ്ചകളേയും കഥകളിലൂടെ അവതരിപ്പിക്കുകയാണ് കെ. ആർ  മീര  തന്റെ ഗില്ലറ്റിൻ  എന്ന കഥ സമാഹാരത്തിലൂടെ. ചുറ്റുമുള്ള അയുക്തികളോട്  കലഹിക്കുന്ന, അവയോടു തന്റെ ശക്തമായ നിലപാടുകൾ വ്യക്തമാക്കുന്ന ആറു  കഥകളാണ്  ഗില്ലറ്റിനിൽ  . 

രേഖീയമായ കഥ പറച്ചിലിന്റെക രീതി വിട്ടു ഒന്നിലധികം ചിത്രങ്ങളെ ഇട വിട്ടു ചേർത്ത് കൊണ്ടുള്ള മാതൃകയാണ്  അവലംബി ച്ചാണ് ഗില്ലറ്റിൻ  എന്ന കഥ തയ്യാറാക്കിയത് . ഈ സമാഹാരത്തിലെ ഏറ്റവും മികച്ച കഥയും ഗില്ലട്ടിനാണ് എന്ന് പറയാം.ചരിത്രത്തിന്റെ അരികുപറ്റി  വര്ത്തമാനത്തെ അടയാളപ്പെടുത്തുന്ന രചനാ രീതിയാണ് ഗില്ലറ്റിനിൽ  മീര പിന്തുടരുന്നത്.

 ഫ്രഞ്ച് വിപ്ലവകാലത്ത് ഒരു പാട് പേരുടെ ഗളച്ഛെദത്തിനു വേണ്ടി നിര്മ്മിക്കപ്പെട്ട ഉപകരണമാണ്  ഗില്ലറ്റിൻ . ചില വിശ്വാസങ്ങളെ, പ്രത്യയ ശാസ്ത്രങ്ങളെ , ആദര്ശങ്ങളെ പ്രണയിച്ച ഫ്രഞ്ച് വിപ്ലവത്തിലെ  ഷാലോട്ട് കോർദ, അവൾ അകലെ നിന്ന് പ്രണയിച്ച വിപ്ലവനായകൻ  മാക്സി  മിലിയൻ  റോബസ്പിയർ എന്നിവര് കടന്നു വന്ന ചരിത്രവും അതേ സമയം വര്ത്തമാന കാലഘട്ടത്തിലെ പൊതു പ്രവര്ത്തകനായ ഗുരുവും അജിതയും നടന്നു പോയ  വഴികളും ഇഴ ചേർത്ത് കൊണ്ടുള്ള  രചന . ചരിത്രം ആവർത്തനങ്ങളിലൂടെയാണ് വളരുന്നത്‌ എന്ന് പറയുമ്പോൾ തന്നെ തന്റെ സാമൂഹിക രാഷ്ട്രീയ നിരീക്ഷണങ്ങൾ പ്രതിഫലിപ്പിക്കാൻ ചരിത്രത്തെയും വർത്തമാനത്തെയും മീര ഉപയോഗപ്പെടുത്തുന്നുവെന്നു കാണാം .പ്രണയം  ഒരേ സമയം ഭീകരതയും അടവ് നയവും വിമോചനവും രാഷ്ട്രീയ പ്രവർത്തനവുമാവുന്ന ജീവിതാവസ്ഥകൾ . മരണം സ്വാതന്ത്ര്യ സമരവും, നരഹത്യ രാഷ്ട്ര സേവനവും, കൊലപാതകം മനുഷ്യ സേവനവുവുമാകുന്ന വൈരുധ്യങ്ങൾ . അങ്ങനെ സൂക്ഷമ  നിരീക്ഷണങ്ങളിലൂടെ,തന്റെ നിരീക്ഷണങ്ങളെ സാധൂകരിക്കുന്ന തരത്തിൽ അടുക്കിവെച്ച  സന്ദര്ഭങ്ങളാൽ സമൃദ്ധമാണ്‌ ഗില്ലറ്റിൻ എന്ന കഥ 


പ്രണയത്തിനും  രതിക്കും സമൂഹം കല്പ്പിച്ചു വെച്ച ചില അളവുകളുണ്ട്. അതിനപ്പുറം യാത്ര ചെയ്യുന്നവരെ വേട്ടയാടാനും പാര്ശ്വവൽക്കരിക്കാനും സമൂഹം എന്നും സദാചാരം എന്ന കൊടുവാൾ ഉപയോഗിച്ച് ശ്രമിച്ചിട്ടുണ്ട്. അത്തരം മറു യാത്രകല്ക്ക് പിന്നിലുള്ള കാരണങ്ങളെ അപഗ്രഥിക്കാനും അവയെ മാനുഷിക തലത്തിൽ നിന്നും നോക്കിക്കാണാനും  പലപ്പോഴും നാം മുതിരാറില്ല.സ്നേഹം,പ്രണയം, കുടുംബം തുടങ്ങിയ ഇടങ്ങളെ സ്ത്രീ പുരുഷ ബന്ധത്തിന്റെ പശ്ചാത്തലത്തിൽ മാത്രം ചിത്രീകരിക്കുന്ന കഥകളും കാഴ്ചകളും മാത്രം നമ്മുക്ക് ചുറ്റുമുള്ളപ്പോൾ  സ്വവര്ഗ്ഗ പ്രണയത്തിന്റെ പശ്ചാത്തലത്തിൽ  എഴുതിയ കമിംഗ് ഔട്ട് എന്ന കഥ വേറിട്ട്‌ തന്നെ നില്ക്കുന്നു. ശരീരം എന്ന ശരിയിൽ വിശ്വസിക്കുന്ന  ജോണിന്റെയും ഡേവിഡിന്റെയും ജീവിതത്തിലെ അരമണിക്കൂറിൽ കടന്നു വന്ന സെബയും അവളുടെ ചിന്തകളും  ഈ കഥയെ മുന്നോട്ടു നയിക്കുന്നു. പുതുമയുള്ള പ്രമേയവും അവതരണവും  കൊണ്ട് ഈ കഥ ദാമ്പത്യത്തെ  പുനര്നി ർവചിക്കുന്നു 

നായ്ക്കോലം  എന്ന കഥ രോഗങ്ങളോട് സമകാലിക സമൂഹത്തിന്റെ സമീപനത്തെ  ചോദ്യം ചെയ്യുന്ന ഒന്നാണ്.രോഗം ഒരു കുറ്റമാണോ എന്ന് മലയാളി ചോദിക്കാൻ തുടങ്ങിയിട്ട് കാലം കുറെയായി.തോപ്പിൽ  ഭാസിയുടെ അശ്വമേധം എന്ന നാടകം   അത്തരം ഒരു ചോദ്യത്തിൽ  നിന്നും ഉരുത്തിരിഞ്ഞതായിരുന്നു . എന്നിരുന്നാലും എയിഡ്സ് പോലുള്ള രോഗങ്ങൾക്ക് ഇന്നും സമൂഹം കൽപ്പിക്കുന്ന ഊരു വിലക്കുകൾ ,  രോഗികളുടെ ദൈന്യതയെ വിറ്റുകാശാക്കുന്ന  സമൂഹത്തിന്റെ മാധ്യമങ്ങളുടെ  ഇരട്ടത്താപ്പുകൾ എന്നിവയോടൊപ്പം സ്നേഹത്തിന്റെ നറുനിലാവിൽ  ചാലിച്ച ഒരിറ്റു  കണ്ണുനീരും  ചേർത്താണ്  മീര ഈ കഥാശില്പ്പം രൂപപ്പെടുത്തിയിരിക്കുന്നത് 

 ഉഛെദനം , ജോര്ജ് മൂന്നാമൻ തീവണ്ടിയോടിക്കുമ്പോൾ  തുടങ്ങിയ കഥകളുടെ വിഷയങ്ങളും വ്യത്യസ്തങ്ങളാണ്. ഒന്ന് ബംഗാളിലെ ഭൂസമരങ്ങളും  അവയുമായി ബന്ധപ്പെട്ട രാഷ്ട്രീയവുമാണെങ്കിൽ അടുത്തതിൽ  ഒരു ആശ്രമത്തിന്റെ പശ്ചാത്തലത്തിൽ  ചികിത്സെക്കെത്തുന്ന വൃദ്ധനായ  രോഗിയെ പറ്റിയുള്ള ഓർമകളാണ് .ലഘുവായി വായിച്ചു വിട്ടുപോകാൻ പറ്റാത്ത വിധത്തിൽ ഈ കഥകളും നല്ലൊരു വായനാനുഭവം നല്കുന്നവയാണ്   . 
'ആണുങ്ങളോട് കളിച്ചാൽ', 'പശ്യേ, പ്രിയേ, കൊങ്കണേ'  തുടങ്ങിയ രണ്ടു കഥകൾ കൂടി ഗില്ലറ്റിനിൽ ഉണ്ട്. പൊതുവെ ഈ കഥാ സമാഹാരത്തിലെ എല്ലാ രചനകളും  സ്ത്രീ പക്ഷത്തു നിന്നാണ് മീര അവതരിപ്പിക്കുന്നത്‌ എങ്കിലും ഈ രണ്ടു കഥകള്ക്ക് സ്ത്രീ പക്ഷപാതിത്വം കൂടുതലാണ്  എന്ന് വേണമെങ്കിൽ  നിരീക്ഷിക്കാം .  'ആണുങ്ങളോട് കളിച്ചാൽ' എന്ന കഥ സ്ത്രീയുടെ പരിഹാസമാണ്.പുരുഷാധിപത്യത്തോടുള്ള അടക്കി പിടിച്ചുള്ള കളിയാക്കൽ .  'പശ്യേ, പ്രിയേ, കൊങ്കണേ..' എന്നത് സ്ത്രീ പുരുഷ ബന്ധത്തിന്റെ വേറിട്ട കാഴ്ചകളാണ്. 'വീടാം കൂട്ടിൽ  കുരുങ്ങിയ തത്തമ്മകൾ' എന്താണ് ആഗ്രഹിക്കുന്നത് എന്ന് മനസിലാക്കാൻ കഴിയാത്ത പുരുഷ കേന്ദ്രീകൃത സമൂഹത്തിൽ സ്ത്രീ ആഗ്രഹിക്കുന്ന കരുതലും പ്രണയവും എന്താണ് എന്നും ഈ കഥയിൽ മീര പറയുന്നുണ്ട്. ശരീരത്തിനു അപ്പുറത്തുള്ള പ്രണയം എന്താണ് എന്ന് ഈ കഥ വരച്ചു കാട്ടുന്നു. 
   
സ്ത്രീക്ക് എഴുതാൻ ഒരു മുറി ആവശ്യമാണ്‌ എന്ന്  ആദ്യമായി  നമ്മോടു പറഞ്ഞത്   വിര്ജീനിയ വൂൾഫ് ആണ് .അത്  മറ്റൊരു തരത്തിൽ  മീര  പലപ്പോഴുംതന്റെ രചനകളിൽ   പറഞ്ഞു വെച്ചിട്ടുണ്ട്.    എഴുതാനൊരു മുറി എന്നതിനപ്പുറം ലിംഗ ഭേദ മന്യേ എഴുത്തുകാർ എന്ന പരിഗണനയിൽ അറിയപ്പെടുകയാണ് തനിക്കു താല്പര്യമെന്ന്  കഥാകാരി മുൻപ് പറഞ്ഞിട്ടുണ്ട്. 'ഓർമ്മയുടെ  ഞരമ്പും' 'ആവേ മരിയയും' 'ഏകാന്തതയുടെ നൂർ വർഷങ്ങളു'മടക്കം മികച്ച നിരവധി കഥകൾ മീരയിൽ നിന്നും മലയാളത്തിനു ലഭിച്ചിട്ടുണ്ട് .മലയാള കഥ ലോകത്ത്  തന്റേതായ  ഒരു ഇടം, ഒരുക്കി വെച്ച് വായനക്കാരനു നല്ല രചനകൾ ലഭ്യമാവുന്ന തരത്തിലുള്ള ക്രാഫ്റ്റും അവതരണവും മീരയുടെ കഥകളിൽ ദൃശ്യമാണ് . എഴുപത്തിയഞ്ചു പേജുകളിൽ  പറഞ്ഞു പോയ ഈ കഥാസമാഹാരത്തിന്റെ    പ്രസാധകർ കറന്റ് ബുക്സ് ആണ്.