വായനക്കൊരിടം !!!

എഴുത്തുകാരെപ്പറ്റി,പുസ്തകങ്ങളെക്കുറിച്ച്, സാഹിത്യവുമായി ബന്ധപ്പെട്ട ലഘുകുറിപ്പുകള്‍ ആണ് വായനാമുറിയില്‍ ഉള്‍പെടുത്തുന്നത്‌. നിങ്ങള്‍ക്കും ഇതില്‍ പങ്കുചേരാം. നിങ്ങളുടെ ഇമെയില്‍, ബ്ലോഗ്‌ അഡ്രെസ്സ് എന്നിവയും മറ്റു വിവരങ്ങളും vaayanamuri@gmail.com എന്ന വിലാസത്തിലേക്ക് അയച്ചു തരു. വിജ്ഞാന സംബന്ധിയായ കുറിപ്പുകളായാതുകൊണ്ട് വിവരങ്ങളുടെ ആധികാരികത ഉറപ്പുവരുത്തിയതിനു ശേഷമേ പോസ്റ്റ്‌ ചെയ്യാവൂ. വിവാദങ്ങള്‍ക്കും വാഗ്വാദങ്ങള്‍ക്കും അപ്പുറത്ത് അറിവ് പങ്കുവെക്കല്‍ എന്ന ഒരേ ഒരു ലക്ഷ്യമാണ്‌ ഈ ശ്രമത്തിനു പിന്നില്‍ എന്നു ഇവിടെ വ്യക്തമാക്കട്ടെ.







Wednesday, February 27, 2013

സുവര്‍ണ്ണകഥകള്‍ ( സി.വി .ശ്രീരാമന്‍ )



ഞായാറാഴ്ച വൈകുന്നേരമുള്ള ഷോപ്പിങ്ങില്‍ പുസ്തകങ്ങളുടെ നിറവും മണവും ആസ്വദിച്ചു മുന്നോട്ടു നടക്കുമ്പോഴാണ് " സുവര്‍ണ്ണ കഥകളുടെ " നീണ്ട നിര കണ്ണില്‍ പെട്ടത് .  അതില്‍ പലതും ഞാനിതുവരെ വായിച്ചിട്ടില്ലാത്ത എഴുത്തുകാര്‍ ആയിരുന്നു . കയ്യില്‍ ആദ്യമെടുത്തത് ശ്രീരാമനെയാണ് . വെറുതെ താളുകള്‍ മറയ്ക്കുന്നതിനിടെയാണ് ' ശീമ തമ്പുരാനും  ,പൊന്തന്മാടയും ' കണ്ണിലുടക്കിയത് . പൊന്തന്മാട എനിക്കേറെ ഇഷ്ടമുള്ള സിനിമകളില്‍ ഒന്നായിരുന്നു . അതെഴുതിയ ശ്രീരാമന്‍ ആകട്ടെ അടുത്ത വായനയെന്നു ആ നിമിഷം ഞാന്‍ തിരുമാനിച്ചു .


ജീവിതത്തിന്‍റെ ആകസ്മികതകളും പരിണാമങ്ങളും ഒടുവില്‍ എത്തിച്ചേരുന്ന വഴിത്തിരിവുകളും അനിശ്ചിതത്വവും  അതിന്റെ ഉള്‍പ്പിടച്ചിലുകളും മലയാളസാഹിത്യത്തില്‍ നാം ധാരാളം അനുഭവിച്ചിടുണ്ട് . പച്ചയായ ജീവിതത്തിന്‍റെ മനോഹരമായ ഭാവശില്പങ്ങള്‍ സൃഷ്‌ടിച്ച പ്രമുഖരായ പല എഴുത്തുകാരുമുണ്ട് . ആ കൂട്ടത്തില്‍ വേര്‍പ്പെടുത്താന്‍ ആകാത്ത , എന്തുകൊണ്ടോ വേണ്ടത്ര പരിഗണിക്കപ്പെടാത്ത എഴുത്തുകാരന്‍ ആണ് സി .വി . ശ്രീരാമന്‍ .
കാഴ്ചയുടെയും അനുഭവത്തിന്റെയും സന്തുലനത്തിലൂടെ കഥാവൈചിത്ര്യത്തിന്റെ സമൃദ്ധി ആഘോഷിച്ച എഴുത്തുകാരന്‍ ,  അപൂര്‍വമായ പ്രമേയം, അതിനിണങ്ങുന്ന സുന്ദരമായ ഭാഷ, പ്രതിപാദനത്തിലെ അസാധാരണത്വം എന്നിവകൊണ്ട്  കൊണ്ടാടപ്പെടുന്ന പല കഥാകൃത്തുക്കളേക്കാള്‍ മുമ്പില്‍ നില്‍ക്കുന്നു . ശ്രീരാമന്റെ എഴുത്തിനെ നിയന്ത്രിച്ചതും നിര്‍ണയിച്ചതുമായ ഘടകങ്ങളെക്കുറിച്ച് ചിന്തിക്കുമ്പോള്‍, മനുഷ്യജീവിതത്തെ അതിന്റെ വ്യത്യസ്തതകളില്‍നിന്നു കണ്ടെടുക്കാനും അടുത്തറിയാനും സൂക്ഷ്മവിശകലനത്തിനു വിധേയമാക്കി, അനുഭവിപ്പിക്കുന്ന സത്യസന്ധതയോടെ ആവിഷ്കരിക്കാനും കഥാകാരന്‍ കാണിക്കുന്ന ആര്‍ജവത്തെ അവഗണിക്കാനാവില്ല.. ജീവിതം എന്നും എവിടെയും ഒരുപോലെ നിന്ദ്യവും നിസ്സാരവും നിസ്സഹായവുമാവുമ്പോള്‍തന്നെ, ചില സവിശേഷ അധികാരങ്ങള്‍ ചില ജീവിതങ്ങളെ വ്യത്യസ്തമാക്കുന്നുണ്ട്. അതുകൊണ്ടുതന്നെ “ഒരത്ഭുത”ത്തിന് ജീവിതത്തിലുള്ള സാധ്യത ശ്രീരാമന്റെ കഥാപാത്രങ്ങള്‍ തള്ളിക്കളയുന്നില്ല .


' മലയാളത്തിന്റെ സുവര്‍ണ്ണകഥകള്‍ -സി . വി . ശ്രീരാമന്‍ ' എന്ന പുസ്തകത്തിലെ പതിനാറുകഥകളില്‍ എന്റെ വായനയില്‍ എനികിഷ്ടമായ ചിലതാണു ഞാനിവിടെ പരാമര്‍ശിക്കുന്നത് . ജീവിതത്തിന്റെ ദുരൂഹമായ ഇരുള്‍ നിലങ്ങളെ ആത്മീയതയുടെ പൊതുധാരയിലേക്ക് കൊണ്ട് നിര്‍ത്തിയ ചില കഥകള്‍ .
ആഴമുള്ള കിണറ്റിലേക്ക് എത്തിനോക്കുംപോലെ  , ആ ആഴം ജീവിതത്തിന്റെ ആഴമാണെന്ന്  തിരിച്ചറിയുംപോലെ  , ഒരനുഭവമാണ് ഈ കഥകള്‍ സമ്മാനിക്കുക . ജീവിതത്തിന്റെ അപൂര്‍ണതയിലൂടെ  സഞ്ചരിക്കുന്ന കഥകള്‍ . " ദുരവസ്ഥ വീണ്ടും വന്നപ്പോള്‍ , " ഇരിക്കപിണ്ഡം " , "വാസ്തുഹാര"  ,  "കൗസല്യ മൂത്തമ്മ " , ഉര്‍ളോസ് " ,  " വെളുത്ത പക്ഷിയെ കാത്ത്" , "ചിദംമ്പരം " , " പൊന്തന്‍മാട" തുടങ്ങിയവ അതിനു ഉദാഹരണം .


അധികാരവാഞ്ഛ എത്രമേല്‍ സാമൂഹ്യവിരുദ്ധവും ചരിത്രവിരുദ്ധവും സ്ത്രീവിരുദ്ധവുമാകുന്നു എന്നതിനുദാഹരണമാണ്   ' ദുരവസ്ഥ വീണ്ടും വന്നപ്പോള്‍' എന്ന കഥ . " അവനവനോട് നീതി പുലര്‍ത്താത്ത ഇടങ്ങള്‍ കണ്ടെത്തുന്നതു മനുഷ്യന്റെ പൊയ്മുഖമാണെന്നും  അവനവനോട് സത്യസന്ധത  പാലിക്കാന്‍ ആകാത്തതാണു നാം അനുഭവിക്കുന്ന ആത്മീയ പ്രതിസന്ധി " യെന്നും ഈ കഥയില്‍ ശ്രീരാമന്‍ ഓര്‍മിപ്പിക്കുന്നു. ജാതിസ്വത്വം കേരളീയ സാംസ്കാരികാന്തരീക്ഷത്തില്‍ വരുത്തിയ പുതിയ മാറ്റങ്ങളെക്കുറിച്ച് ആശങ്കപ്പെടുന്നുണ്ട് ഈ കഥ . വര്‍ത്തമാനകാലാന്തരീക്ഷത്തില്‍ ജാതിപ്പേരുകള്‍ കീഴടക്കുമ്പോള്‍, “ഞാന്‍ മനുഷ്യനാണ്” എന്നുപറയാന്‍ ആളില്ലാതാകുന്നതിന്റെ തീവ്രനൊമ്പരം ശ്രീരാമന്റെ കഥകളിലുണ്ട് . ജാതിസംവരണം ഔദ്യോഗികാധികാര ലബ്ധിക്കാവശ്യമാവുമ്പോള്‍, വ്യക്തിസമത്വം മാത്രമേ പൂര്‍തിയാകുന്നുള്ളൂവെന്നും ലിംഗസമത്വം അട്ടിമറിക്കപ്പെടുന്നു എന്നും “ദുരവസ്ഥ വീണ്ടും വന്നപ്പോള്‍” എന്ന കഥ വ്യക്തമാക്കുന്നു. കീഴാളനും ഒരുകാലത്ത് തന്റെ കുടികിടപ്പുകാരനുമായ മേലധികാരിയാല്‍ ശാരീരികമായി അപമാനിക്കപ്പെടുന്ന സവര്‍ണയായ കീഴ്ജീവനക്കാരിക്ക്, അന്നും ഇന്നും പ്രശ്നം അയാളുടെ “ഒളിഞ്ഞുനോട്ട”മാണ്. നോട്ടത്തിലും കീഴാളത്തം പ്രകടമാക്കുന്ന അയാളുടെ മാനസികാവസ്ഥയെ കഥാകാരന്‍ വ്യക്തമാക്കുന്നത്, “തനിക്കധികാരമില്ലാത്ത ഒരു കോണ്‍ഫിഡന്‍ഷ്യല്‍ കവര്‍ പൊട്ടിച്ച ഉദ്യോഗസ്ഥന്റെ വെപ്രാളം” എന്നാണ്
.


മനുഷ്യന്‍റെ കുടുംബജീവിതം ചിട്ടപ്പെടുത്തപ്പെട്ടയാന്ത്രികതയാണെന്നും  അതിനപ്പുറത്ത് മനസ്സും ശരീരവും സൃഷ്ടിക്കുന്ന മറ്റൊരു ലോകമുണ്ടെന്നും  " ഇരിക്കപിണ്ഡം " എന്ന കഥ പറയുന്നു . ര്‍ത്താവിനപ്പുറം കാമുകനില്‍ ആനന്ദം കാണുന്ന ഭാര്യ , അച്ഛന്റെ വിയോഗത്തിന്റെ ആഘാതം പടി പടിയായി അനുഭവിക്കേണ്ടി വരുന്ന മകന്‍,  
മോക്ഷംമാര്‍ഗ്ഗം ഉപദേശിക്കുന്ന പാണ്ടെയും, എല്ലാത്തിനും മൂകസാക്ഷിയായി കാമുകനായ  അയാളുമെല്ലാം ജീവിതത്തെ മൂടി നില്‍ക്കുന്ന ഉത്തരമില്ലാത്ത വിചാരണകളിലേക്ക് വിരല്‍ ചൂണ്ടുന്നു . സ്ത്രീയുടെ സ്വഭാവ സവിശേഷതകളില്‍ കുലീനമായതൊന്നും കണ്ടെത്താനാകാതെ, ആസക്തിയില്‍ മാത്രം വലയുന്ന പുരുഷകഥാപാത്രങ്ങളൊന്നും കുടുംബസങ്കല്‍പങ്ങളില്‍ വിശ്വസിക്കുന്നില്ല. സഞ്ചാരിയായ അയാള്‍ക്ക് “വഴിയമ്പലം” മാത്രമായി മാറുന്ന സ്ത്രീബന്ധങ്ങളാണ് ഉള്ളത്. പക്ഷേ ആ ബന്ധങ്ങളില്‍ അയാള്‍ ഒരു വേളയെങ്കിലും മനസ്സര്‍പ്പിക്കുന്നു എന്നതിന് തെളിവാണ് വര്‍ഷങ്ങള്‍ക്കുശേഷം ആ സ്ഥലത്ത് വീണ്ടും എത്തിച്ചേരുന്നത്. മനുഷ്യജീവിതത്തിന് വൃത്താകൃതിയാണെന്ന് -തുടങ്ങിയേടത്ത് തന്നെ അത് എത്തിച്ചേരുന്നു എന്ന് – ശ്രീരാമന്‍ വിശ്വസിക്കുന്നു. പൂര്‍ണതയുടെ പ്രതീകമാണ് വൃത്തം എങ്കില്‍ ശ്രീരാമന്റെ കഥകള്‍ക്ക് വൃത്താകൃതിയാണ്; കഥാപാത്രങ്ങള്‍ പലരും തുടങ്ങിയേടത്ത് തിരിച്ചെത്തുന്നു. ആധ്യാത്മികതയിലേക്കുള്ള ചവിട്ടുപടിയായി അഗമ്യഗമനത്തെ ശ്രീരാമന്‍ കഥകളില്‍ ചിത്രീകരിക്കുന്നു.


സ്ത്രീയുടെ മാനസിക കരുത്തിനെ പ്രകീര്‍ത്തിക്കുന്ന കഥകളില്‍ വാസ്തുഹാര ,  കൗസല്യ മൂത്തമ്മ എന്നിവ ദേശകാല പശ്ചാത്തലത്തില്‍തന്നെ വ്യക്തിത്വഘടനയുടെ സ്ഥായിയാല്‍ വ്യത്യാസപ്പെടുന്നു. വാസ്തുക്കള്‍ ഹരിക്കപ്പെട്ടവരുടെ ഭൂമിയിലാണ് നാം അലയുന്നതെന്ന ജീവിതസത്യം  അദ്ദേഹം അനാവൃതമാക്കി "വാസ്തുഹാര " യിലൂടെ . ദേശത്തില്‍നിന്ന് ദേശീയതയിലൂടെ സാര്‍വദേശീയതയിലേക്ക് വളരുന്ന ഭാഷയും ആഖ്യാനവുമാണ് സി വി ശ്രീരാമന്റേത്. അതുകൊണ്ടുതന്നെ പ്രാദേശിക ഭാഷാസ്വത്വത്തോടൊപ്പം സംസ്കൃതവും ഇംഗ്ലീഷും സാന്ദര്‍ഭികമായും സ്വാഭാവികമായും കടന്നുവരുന്നു.
മനുഷ്യസ്നേഹം വേണ്ട , വെറുമൊരു സ്നേഹമെങ്കിലും. ഒരു വളര്‍ത്തുമൃഗമായ സയാമീസ്‌ പൂച്ച തലമുറകളിലൂടെ വളര്‍ന്നു വന്നത് ഈ സ്നേഹരാഹിത്യത്തിന്റെ  പ്രതീകമായാണ്  " കൗസല്യ മൂത്തമ്മ"യില്‍ കഥാകാരന്‍ അവതരിപ്പിക്കുന്നത്‌ .

പെന്മയെ ശക്തമായി സമീപിക്കുന്ന കഥകളാണ് ' ഉര്‍ളോസ്' , ' വെളുത്ത പക്ഷിയെ കാത്ത്" എന്നീ കഥകള്‍ . കാലത്തിന്റെ വെളിയിടങ്ങളില്‍ നിരാലംബമാക്കപ്പെടുന്ന സ്ത്രീത്വത്തിന്റെ അകലോകമാണ് 'ഉര്‍ളോസില്‍ ' ശ്രീരാമന്‍ പകര്‍ത്തി വെയ്ക്കുന്നത് . ശ്രീരാമന്റെ കഥകളില്‍ മികച്ചു നില്‍കുന്നത് പുരുഷ കഥാപാത്രങ്ങളെക്കാള്‍ സ്ത്രീ കഥാപാത്രങ്ങളാണ് . അതിനുധാഹരണമാണ്ധീരാ ദീദി .
ഒരുപക്ഷേ ധീരാ ദീദി  ശ്രീരാമന്റെ ഏറ്റവും ശക്തമായ സ്ത്രീ കഥാപാത്രമാകുന്നു " വെളുത്ത പക്ഷിയെ കാത്ത്  ' എന്ന കഥയിലൂടെ . സ്ത്രീമനസ്സിന്റെ അടരുകളിലൂടെ ശ്രീരാമന്റെ പ്രയാണമാണ് ഈ കഥ.

 

'ചിദംബര' ത്തിലും മരണവും കാമവും ഉള്‍പ്പെട്ട അശാന്ത സഞ്ചാരമാണ് പ്രതിപാദിക്കുന്നത്. ശരീരകാമനകളുടെ ഒരു നിമിഷത്തെ സ്വാസ്ഥ്യത്തിനുവേണ്ടി ജീവിതകാലമത്രയും അസ്വാസ്ഥ്യനാകേണ്ടി വരുന്ന അയാളില്‍ അവളൊരു ദാഹമായിത്തീരുകയാണ് . ഒരുപക്ഷേ അത് ആത്മാവിന്റെ കൂടി ദാഹമാകുന്നത് കൊണ്ടാണ് അവരിരുവരും ഒന്നാകുന്നത്. ഭാര്യയെ വെട്ടി പരിക്കേല്‍പ്പിച്ചു , ആത്മഹത്യ ചെയ്യുന്ന അവളുടെ ഭര്‍ത്താവ് . ഇതിനിയില്‍ ആത്മവിചാരണ നടത്തുന്ന അയാള്‍ മോക്ഷ മാര്‍ഗ്ഗമേന്നോണം ചിദംബരത്തെയ്ക്കു പുറപ്പെടുന്നു. അയാളുടെ ഉള്ളിലെ ശാന്തിയുടെ വേരുകള്‍ അവിടെ വെച്ച് കൂടുതല്‍ ശക്തമാകുന്നു . അതുകൊണ്ട് തന്നെ അയാളൊരിക്കലും ലക്ഷ്യത്തില്‍ എത്തുന്നില്ല .


  സ്ത്രീജീവിതം   “പൊന്തന്‍മാട”യില്‍ ലൈംഗിക സ്വാതന്ത്ര്യത്തിന്റെ ഉദ്ഘോഷമാകുമ്പോള്‍തന്നെ,  കീഴാള സ്ത്രീസ്വത്വം സാമൂഹികാധികാരത്തിനായി മതം മാറുന്നു. മതം മാറിയ കാര്‍ത്തു പൊന്തന്‍മാടയെ ക്ഷണിക്കുന്നത് ഒരുമിച്ചുള്ള ദാമ്പത്യത്തിനാണ്. സമൂഹത്തിന്റെ ഉന്നതശ്രേണിയിലെത്തുമ്പോഴേ ദാമ്പത്യം സംഗതമാകുന്നുള്ളൂ എന്നും കീഴ്ത്തട്ടില്‍ സ്ത്രീപുരുഷബന്ധം ഒരു “കൂട്ടിക്കൊണ്ടുവരല്‍”  മാത്രമേ ആകുന്നുള്ളൂ എന്നുമുള്ള നിലപാട് ശ്രീരാമന്‍ മുന്നോട്ടു വയ്ക്കുന്നു. കാര്‍ഷിക സംസ്കൃതിയുടെ ഭൂപടത്തില്‍, കീഴാളജീവിതം അടയാളപ്പെടില്ലെന്നും അവന്റെ അധ്വാനം മാത്രമേ പ്രസക്തമാവുന്നുള്ളൂ എന്നും “പൊന്തന്‍മാട” ഉദാഹരിക്കുന്നു. കീഴാളജീവിതത്തിന്റെ നൈസര്‍ഗികമായ നിഷ്കളങ്കത കൊണ്ടാവാം അധ്യാത്മികതക്ക് അവിടെ സ്ഥാനമില്ല.


മനുഷ്യബന്ധങ്ങളുടെ  ആഴങ്ങളില്‍ പതിഞ്ഞു കിടക്കുന്ന നന്മയുടെ നിലാവെളിച്ചം അനുഭവവേദ്യയമാക്കിയ ഈ പുസ്തകത്തിലെ ഓരോ കഥയും ജീവിതത്തിന്റെ നടുമുറ്റത്ത് നാം കണ്ടുമറന്നതോ കേട്ട് പരിചയമുള്ളതോ അതുമല്ലെങ്കില്‍ കാണാനിരിക്കുന്നതോ ആയ സംഭവങ്ങളാണ് . അനിശ്ചിതമായ ജീവിതത്തിന്റെ ആന്ദോളനങ്ങള്‍ക്കിടയില്‍ മനസ്സില്‍ സ്വരുക്കൂട്ടി വെയ്ക്കാവുന്ന മനോഹരമായ വായന ഈ പുസ്തകം സമ്മാനിക്കും എന്നതില്‍ തര്‍ക്കമില്ല .  ശ്രീരാമന്റെ പതിനാറു കഥകള്‍ അടങ്ങിയ ഈ പുസ്തകം പുറത്തിക്കിയിടുള്ളത് ഗ്രീന്‍ ബുക്സ്‌ ആണ് . മുഖവില : നൂറ്റി മുപ്പത്തി അഞ്ചു രൂപ .

Friday, February 22, 2013







മലയാളസാഹിത്യത്തിലെ ആധുനികചെറുകഥാകൃത്തുക്കളിൽ പ്രമുഖനായിരുന്നു യു.പി. ജയരാജ്. ആധുനികതയിലെ മാർക്സിസ്റ്റ് ധാരയെ പ്രതിനിധാനം ചെയ്ത എഴുത്തുകാരന്‍. 'നിരാശാഭരിതനായ സുഹൃത്തിന്‌ ഒരു കത്ത്, സ്മരണ, ഒക്കിനാവയിലെ പതിവ്രതകൾ ' എന്നീ മൂന്നു കൃതികള്‍ മാത്രമേ അകാലത്തില്‍ പൊലിഞ്ഞ ജയരാജില്‍ നിന്നും നമുക്കു ലഭിച്ചുള്ളൂ എങ്കിലും അവ മൂന്നും കാണപ്പെട്ട കൃതികള്‍ തന്നെയായിരുന്നു. മഞ്ഞ് എന്ന ഒറ്റ കഥ മതി ജയരാജിന്റെ സര്‍ഗ വൈഭവത്തെ വിലയിരുത്താന്‍ . ഒക്കിനാവയിലെ പതിവ്രതകള്‍, മഞ്ഞ് എന്നീ കഥകള്‍ മലയാളത്തില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടവയാണ്.


മലയാള സാഹിത്യത്തിൽ ഒരു സാധാരണ കഥാകാരനായിരുന്നില്ല യു. പി. ജയരാജ്‌. രാഷ്ട്രീയമായ ഉൾക്കാഴ്ചയും സത്യസന്ധതയും പുലർത്തിയിരുന്ന യു പി ജയരാജ്‌ തന്റെ കഥകളെ വ്യവസ്ഥക്കെതിരായ സർഗമുന്നേറ്റങ്ങളാക്കുകയായിരുനു. രചനകളുടെ  മണ്ഡലങ്ങളിൽ കലാപങ്ങൾ സൃഷ്ടിച്ച ആധുനികതയുടെ ഊര്‍ജ്ജത്തെ വ്യവസ്ഥക്ക്‌ എതിരായ മുന്നേറ്റങ്ങളുമായി ബന്ധിപ്പിച്ച മലയാളത്തിലെ അപൂർവ്വ എഴുത്തുകാരിൽ ഒരാളായിരുന്നു  ജയരാജ്‌.


സാമൂഹ്യമാറ്റത്തിന്റെ  മൂർത്ത പ്രശ്നങ്ങളെ സൂക്ഷ്മമായി പരിശോധിക്കുകയും, അതിവൈകാരികതയുടെയോ , അതിവാചാലതയുടെയോ അവതരണങ്ങളിൽ നിന്ന് വിമുക്തമായ ഭാഷാശൈലിയും തന്റെ കഥകളെ മുഴുവൻ സമൂഹതിന്റെ ചലനങ്ങളുമായി തന്നെ ബന്ധിപ്പിക്കണം എന്ന നിർബന്ധബുദ്ധിയും ജയരാജിനു ഉണ്ടായിരുന്നു. വിപ്ലവപ്രസ്ഥാനത്തിനുണ്ടാകുന്ന തിരിച്ചടിയിൽ  ജീവിതകാലം മുഴുവനും ഉത്കണ്ഠകുലനായിരുന്ന ജയരാജ്‌ തന്റെകഥകളിലൂടെയും  സ്വകാര്യ  എഴുത്തുകളിലൂടെയും സൂഷ്മമായ നിരീക്ഷണത്തിനും വിമർശനത്തിനും അതെല്ലാം വിധേയമാക്കി.



ഡി .സി .ബുക്സ്‌ പ്രസിദ്ധീകരിച്ച 
' യു .പി . ജയരാജിന്റെ കഥകള്‍ , സമ്പൂര്‍ണം എന്ന പുസ്തകത്തില്‍ അദ്ധേഹത്തിന്റെ മരണത്തിന് മുന്‍പ് പ്രസിദ്ധീകരിച്ചതും മരണശേഷം സമാഹരിച്ചതുമായ നാല്പത്തിഏഴു കഥകളാണ് ഉള്ളത് . അതില്‍ തന്നെ എന്റെ വായനയെ ആകര്‍ഷിച്ച കഥകളായ , 'തെയ്യം ' , 'മഞ്ഞു ' , 'നിരാശഭരിതനായ സുഹൃത്തിനൊരു കത്ത് ' , ' ക്കിനാവയിലെ പതിവ്രതകള്‍ ' എന്നീ നാലുകഥകളെക്കുറിച്ചാണ് ഇനി ഞാന്‍ പറയുന്നത് .



നാട്ടുമണ്ണിന്റെ പശിമയില്‍ നിന്നും ഉയിര്‍കൊണ്ട ഒരു ദൃഡബിംബമുണ്ട് 'തെയ്യങ്ങളി'ല്‍ . പള്ളിയറയ്ക്ക് മുന്നിലുള്ള തന്റെ തറയില്‍ നിലകൊണ്ടു ആകാശത്തിലേക്ക് വെള്ളിദണ്ഡ്‌ ആഞ്ഞുവീശി രൌദ്രതയോടെ അട്ടഹസിക്കുന്ന ഗുളികനാത്. കഥാന്ത്യത്തില്‍ ഗുളികന്‍ യുവത്വത്തിന്റെയും ശക്തിയുടെയും  സാഹസികതയുടെയും മൂര്‍ത്ത രൂപമായി മാറുന്നു . ഗുളികന്റെ ഉരിയാടലിനു പൊടുന്നനെ രാഷ്ട്രീയ മാനം കൈവരുന്നു . അത്യസാധാരണമായ ഈയൊരു മുഹൂര്‍ത്തം സന്നിവേശിക്കപ്പെട്ടതോടെ കഥയാകെ കനല്‍ക്കൂനപോലെ ജ്വലിക്കുന്നു.



അടിയന്തരാവസ്ഥയോടുള്ള ഏറ്റവും രൂക്ഷമായ പ്രതികരണം എന്ന് വിശേഷിപ്പിക്കാവുന്ന 'മഞ്ഞ്'  എന്ന കഥയില്‍ ഹെമിംഗ്‌വേയുടെ കിഴവനായ നായകന്‍ സാന്തിയാഗോ നിവര്‍ന്നു നിന്നു പൊട്ടിച്ചിരിക്കുന്നുണ്ട് .
ഇന്നത്തെ സാഹചര്യത്തിലെ മനുഷ്യാവസ്ഥയെപറ്റി മൌലികമായി അസ്വസ്ഥനാകാന്‍ വായനക്കാരനെ പ്രേരിപ്പിക്കുന്നു ഈ കഥ എന്നതാണ് പ്രധാനം . ധീരതയുടെ ശോണമുദ്രകള്‍ ആവാഹിച്ച , നേരിടുള്ള സംവേദനം സാധ്യമാക്കിയ ഒരു സുതാര്യരചനയാണ് മഞ്ഞ് . മഞ്ഞ് അവസാനിക്കുന്നതും സാന്തിയാഗോയിലാണ് .


" പുറത്തു കൊടും ശൈത്യമുണ്ട് . മഞ്ഞുണ്ട് . ശവംതീനികളായ  ഡിറ്റന്‍റ്റസ് പക്ഷികളുണ്ട് . എങ്കിലും വെല്ലുവിളികളെ ഒരു നായാട്ടുകാരന്റെ മനസ്ഥയ്ര്യത്തോടെ നേരിടുകയും പരാജയങ്ങള്‍ക്ക് മുന്നില്‍ ഒരിക്കലും കീഴടങ്ങാതിരിക്കുകയും ചെയ്യുന്ന സാന്തിയാഗോ എന്ന മുക്കുവന്റെ പൌരുഷവും കൂസലില്ലായ്മയും നിറഞ്ഞ ധീരമായ പുഞ്ചിരി ഞങ്ങളുടെ ഉള്ളില്‍ പിന്നെയും പൊട്ടിച്ചിതറുകയാണ്. "


ജയരാജിന്റെ കത്തുകളും കഥകളും നിറവേറ്റിയത് ഒരേ ധര്‍മ്മമാണ് . എങ്ങോ കാതോര്‍ത്തിരിക്കുന്ന, അജ്‌ഞാതരായ വായനക്കാരെ സ്‌നേഹപൂര്‍വം അഭിസംബോധന ചെയ്‌തെഴുതിയ കത്തുകളായിരുന്നു ജയരാജിന്റെ കഥകള്‍. അതേപോലെ ഉറ്റസുഹൃത്തുക്കള്‍ക്കയച്ച കത്തുകള്‍ അവര്‍ക്കുമാത്രം വായിക്കാനുള്ള കഥകളുമായിരുന്നു. കഥകളില്‍ പ്രതീക്ഷിക്കാനാവാത്ത ഒരു വാക്യം പോലും ജയരാജ് കത്തുകളില്‍ കുറിച്ചിരുന്നില്ല. അതു കൊണ്ടാണ് ജയരാജിന്റെ ഓരോ കത്തും കഥ പോലെ മനോഹരവും ഓരോ കഥയും കത്തു പോലെ ഹൃദയസ്‌പര്‍ശിയുമായത്. അതുകൊണ്ട് കൂടിയാകാം " നിരാശഭരിതനായ സുഹൃത്തിനൊരു കത്ത് ' എന്ന് തന്റെ കഥാസമാഹാരത്തിന് അദ്ദേഹം പേരിട്ടത് .


കത്തുകളില്‍ ജയരാജ്‌ ഉത്സാഹഭരിതനായിരുന്നു . രോഷവാനായിരുന്നു . പരിഹാസത്തിന്റെ നിറങ്ങള്‍ കൂടി അതിലുണ്ടായിരുന്നു . സാഹിത്യത്തെയും സമകാലികരാഷ്ട്രീയത്തെയും സാംസ്‌കാരിക ചലനങ്ങളെയും  ആ കത്തുകള്‍ ഗൌരവകരമായി കണ്ടിരുന്നു എന്നതിന്റെ തെളിവാണ് ഈ കഥ . വിപ്ലവസ്വപ്നങ്ങളെ താലോലിക്കുന്ന ദൃഡമായൊരു മനസ്സ് ഈ കഥയില്‍ ഒളിച്ചുവെച്ചിരിക്കുന്നു.

നിരാശഭരിതനായ സുഹൃത്തിന്റെ കത്ത് അവസാനിപ്പിക്കുന്നത് ങ്ങിനെയാണ്,


"
നിലം പതിക്കുന്ന ഓരോ പോരാളിക്കും പകരം രാവണന്റെ ശിരസ്സുപോലെ പുതുതായി മറ്റൊരാള്‍ ഉയര്‍ത്തെഴുന്നേല്‍ക്കുന്നുണ്ട് . സമരത്തെ മുന്നോട്ടു നയിക്കുന്ന ഓരോ ധീര യോദ്ധാവും രാമബാണം പോലെ , സഹസ്രങ്ങളായി പെരുകുന്നുമുണ്ട് . വെയില്‍ ചിന്നുന്നുണ്ട് . ഓര്‍മ്മകള്‍ ഉണരുന്നുണ്ട് . കാക്കകള്‍ കരയുന്നുണ്ട് . മരങ്ങള്‍ ഉലയുന്നുണ്ട്. കാടിളകുന്നുണ്ട്. ചൂഷണം പെരുകുന്നുണ്ട് . അതു കൊണ്ടുതന്നെ സമരം തുടരുന്നുമുണ്ട് . "



അവസാനകഥയായ ' ക്കിനാവയിലെ പതിവ്രതക' ളില്‍ പുതിയ ലോകവും കാലവും നിര്‍ലജ്ജമായി വെളിവാക്കുന്ന ആസക്തികള്‍ ഒന്നടങ്കം സമാഹൃതമാണ്. ചുറ്റിലും അനുദിനം പെരുകിക്കൊണ്ടിരിക്കുന്ന നെറികേടുകള്‍ പച്ചയായി ആക്ഷേപഹാസ്യത്തില്‍ പൊതിഞ്ഞു കൊണ്ട് അവതരിപ്പിക്കുകയാണിവിടെ കഥാകാരന്‍ . കണിശമായ ധാരണകള്‍ വെച്ച് പുലര്‍ത്തുന്ന , നേരിലേക്ക് വിരല്‍ ചൂണ്ടുന്ന കഥ .
മറ്റുള്ളവര്‍ക്ക് എന്ത് സംഭവിക്കുന്നു എന്ന് തെല്ലും പരിഗണിക്കാതെ,  ഒരു ജന്മത്തില്‍ സാധ്യമാകുന്ന സുഖഭോഗങ്ങള്‍ ആകെയും അനുഭവിച്ചു തീര്‍ക്കാന്‍ വെമ്പല്‍ പൂണ്ട ക്കിനാവ ,വെറുമൊരു ഭാവനയെന്ന് സമ്മതിക്കുവാന്‍ മനസ്സ് തയ്യാറാകാത്തതാണ് ഈ കഥയിലെ വിജയം .



 മരണശേഷം വെളിച്ചം കണ്ട ' സ്വാര്‍ത്ഥനായ അഹങ്കാരിയുടെ ജീവിതത്തില്‍ നിന്നു ' എന്നതിലെ (കഥയെന്നു പറയാന്‍ ആകില്ല ,മറ്റെന്തു പേരിടണമെന്ന് എനിക്കറിയുകയും ഇല്ല ) ചില വരികള്‍ ഉദ്ധരിക്കട്ടെ ...

" എനിക്കിനി വെട്ടിപ്പിടിക്കാനോ , സ്വപ്നം കാണാനോ , കത്തിച്ചു കളയാനോ , എന്റേതായ ഒരു ലോകമില്ല . ഒരു ഭാവിയുമില്ല . കാരണം മറ്റു പലതും തേടിയ കൂട്ടത്തില്‍ എനികൊന്നു മാത്രം നഷ്ടമായി - എന്നെ . ഒരിക്കല്‍ ധീരനും , പ്രക്ഷോപകാരിയും അഹങ്കാരിയും എഴുത്തുക്കാരനും സത്യസന്ധനുമായിരുന്ന എന്നെ - "

മരണം മുന്‍കൂട്ടി കണ്ടെഴുതിയതാണോ എന്ന് സംശയിച്ചു " പരേതനെക്കുറിച്ചുള്ള അറിയിപ്പുകള്‍ ' എന്ന കഥ .


കുറച്ചു ദിവസം മുന്‍പേ ഫേസ് ബുക്ക്‌ സുഹൃത്ത്‌ എഴുതിയ ഒരു സ്റ്റാറ്റസ് ഓര്‍ക്കുന്നു ,'ഒരിക്കലും മരിക്കാന്‍ പാടില്ലാതവരുടെ ഒരു ലിസ്റ്റ്. അതാതു മേഖലകളില്‍ കയ്യൊപ്പ് പതിപ്പിച്ചവരെ നമുക്കതില്‍ ചേര്‍ക്കാം ' എന്നുകൂടി പറഞ്ഞിരുന്നു . ന്ന് ...ജയരാജിനെ വായിച്ചവസാനിപ്പിച്ച ഈ ദിനം അദ്ധേഹത്തിന്റെ പേര് കൂടി ആ ലിസ്റ്റില്‍ എഴുതി ചേര്‍ക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു . ചിന്തകളില്‍ അഗ്നിയും കൊടുംകാറ്റും കൊണ്ട് നടന്നിരുന്ന ഈ എഴുത്തുകാരനെ ഞാനും ഇഷ്ടപ്പെടാന്‍ തുടങ്ങിയിരിക്കുന്നു . ഗൌരവകരമായ ചിന്തകള്‍ ഇഷ്ടപ്പെടുന്ന പ്രിയവായനക്കാരെ ഒരിക്കലെങ്കിലും നിങ്ങളുടെ വായനയുടെ പരിധിയില്‍ ഇദേഹത്തെക്കൂടി കൂട്ടുക . അതൊരു  നഷ്മാകില്ലെന്നു എന്റെ ഉറപ്പ്.

Thursday, January 31, 2013

ഫേസ്ബുക്ക് വായിക്കപ്പെടുമ്പോള്‍ ...


( വായനയ്ക്ക് മുന്‍പ് :

പേരിന്റെ വ്യത്യസ്തതകൊണ്ടും ആശയത്തിന്റെ പുതുമകൊണ്ടും ചര്‍ച്ചചെയ്യപ്പെട്ട നോവലാണ് മധുപാലിന്റെ 'ഫേസ്ബുക്ക്' . പ്രിവ്യു വായിച്ചതുമുതല്‍ നോവല്‍ മുഴുവനായി വായിക്കണം എന്നൊരു ആഗ്രഹം മനസ്സില്‍ ഉണ്ടായിരുന്നു . വായിച്ചുകഴിഞ്ഞപ്പോഴാകട്ടെ അത് എല്ലാവരോടുമായി പങ്കുവയ്ക്കണം എന്നൊരു തോന്നലും  . അതിനാല്‍ മാത്രമാണ് ഞാനീ സാഹസത്തിനു മുതിരുന്നത് . നല്ലൊരു വായന സമ്മാനിക്കാന്‍ എന്റെ വാക്കുകള്‍ ഒരു  വഴികാട്ടിയാകും എന്ന പ്രതീക്ഷയോടെ തുടങ്ങട്ടെ ... )




അനുദിനം മാറിക്കൊണ്ടിരിക്കുന്ന ലോകവും സാങ്കേതികതയും  എഴുത്തുക്കാരെ ഉത്കണ്ഠാകുലനാക്കുന്നുണ്ട് എന്നതിന്റെ ഉത്തമഉദാഹരണമാണ് 'ഫേസ്ബുക്ക്'  എന്ന മധുപാലിന്റെ നോവല്‍.

നിലവിലുള്ള സാഹിത്യ രചനാ രീതികളെയും ശൈലികളെയും ചോദ്യം ചെയ്യുന്ന  , പുതുതലമുറയുടെ ജീവിതത്തെ പ്രതിനിധാനം ചെയ്യുന്ന നോവലാണിത്. ഫേസ്ബുക്ക് പോസ്റ്റുകളും റിക്വസ്റ്റുകളും ടാഗുകളും കമന്റുകളുമെല്ലാം ചേര്‍ന്ന് ഈ നോവലിനെ പുതിയ തലമുറയുടെ ജീവിതത്തെ പ്രതിഫലിപ്പിക്കുന്ന പുസ്തകമാക്കി തീര്‍ത്തിരിക്കുന്നു.

അനുഭവങ്ങളുടെയും അറിവിന്‍റെയും അതിര്‍വരമ്പ് എവിടെയാണെന്ന് അറിയായ്ക എഴുത്തിന്റെയും വായനയുടെയും മികച്ച സാധ്യതകളില്‍ ഒന്നാണെന്നുഫേസ്ബുക്ക് ഓര്‍മ്മിപ്പിക്കുന്നു. മധുപാല്‍ പറയുന്നതുപോലെ ,
ഇതില്‍ ചര്‍ച്ചചെയ്യുന്ന ജീവിതം പൊതുസമൂഹത്തിന്റേതുതന്നെയാണ്. ക്രാഫ്റ്റില്‍ മാത്രമാണ് മാറ്റം. ആരുമായും ഐഡന്റിഫൈ ചെയ്യാവുന്ന എലിമെന്റുകള്‍ നോവലിലുണ്ട്. ഏതൊരു സ്ത്രീയുടെയും പൊതുപ്രശ്നങ്ങള്‍ തന്നെയാണ് നോവലിലെ സ്ത്രീകഥാപാത്രങ്ങളും പങ്കുവയ്ക്കുന്നത്.  ഏതു മീഡിയയിലായാലും മനുഷ്യജീവിതത്തിന്റെ കഥ ഒന്നുതന്നെയാണ്.ഇതില്‍ ആവിഷ്ക്കരിക്കുന്ന അനുഭവം പലയാവര്‍ത്തി വായനക്കാരന്‍റെ മുന്നിലൂടെ കടന്നുപോയതാകാം . എങ്കിലും അതിലൊരു പുതുമയുണ്ടാക്കാന്‍ മധുപാലിന് കഴിഞ്ഞിടുണ്ട് . എഴുത്തുകാരനേക്കാള്‍ മുന്‍പേ സഞ്ചരിക്കുന്ന വായനക്കാരന് ഊഹിക്കാന്‍ കഴിയുന്നവിധം ചില ചോദ്യങ്ങള്‍ ബാക്കി നിര്‍ത്തിയിരിക്കുന്നു . അതാകാം ഈ കഥയെ വ്യത്യസ്തമാക്കുന്നതും.

നവീന്‍ ലോപ്പസ്  , വീണാ സുകുമാരന്‍ , അനസൂയ വേണുഗോപാല്‍ , അനിതകുമാരി , അനില്‍ ആദിത്യന്‍ , അനുപമ രാമകൃഷ്ണന്‍ , ഷൌക്കത്ത് , പിന്നെ നിരന്തരം പോസ്റ്റുകളും കമന്റുകളുമായി ഫേസ്ബുക്കില്‍ വരുന്ന സൌഹൃതങ്ങളും ആണ് ഈ കഥയിലെ കഥാപാത്രങ്ങള്‍ . ഒരിക്കല്‍പോലും പരസ്പരം കാണുകയോ സംസാരിക്കുകയോ ചെയ്തിട്ടില്ലാത്ത  ഫേസ്ബുക്ക് എന്ന വലയ്ക്കുള്ളില്‍ മാത്രം വിഹരിക്കുന്ന കഥാപാത്രങ്ങള്‍ . എങ്കിലും ഈ വലയ്ക്കുള്ളില്‍ നിന്നുകൊണ്ട് എല്ലാവരും പരസ്പരം വിശ്വസിക്കുകയും സുഹൃത്തുക്കള്‍ ആകുകയും ചെയ്യുന്നു . ആരും മുന്‍പേ തന്നെ ബന്ധുക്കളല്ല , സുഹൃത്തുക്കള്‍ അല്ല , ജീവിതത്തില്‍ ഒരിക്കലും കണ്ടുമുട്ടിയിട്ടില്ല , പക്ഷേ ജീവിതാനുഭവങ്ങള്‍ക്കിടയില്‍ കണ്ണീരൊപ്പാന്‍ , പരസ്പരം ആശയങ്ങള്‍ പങ്കുവയ്ക്കാന്‍ അവര്‍ക്കാകുന്നു .

ഫേസ്ബുക്കില്‍ പോസ്റ്റ്‌ ഇടുന്ന ഓരോ സ്ത്രീക്കും പറയാനൊരുകഥയുണ്ട് .
നഷ്ടപ്പെട്ടജീവിതത്തെ തിരിച്ചുപ്പിടിക്കാനാകാതെ ദിവാസ്വപ്നങ്ങളില്‍ മുങ്ങി പരേതാത്മാവിനെ പ്രണയിച്ചു പ്രാപിക്കുന്ന വീണാ സുകുമാരന്‍ , സ്വന്തം അമ്മയ്ക്കായി കസ്റ്റമരെ ക്ഷണിച്ചുകൊണ്ട് ഒരു സൈറ്റ്‌ ഉണ്ടാക്കിയ അനസൂയയുടെ മകന്‍ , അവനെ തള്ളാനും കൊള്ളാനും കഴിയാത്ത അനസൂയയുടെ വ്യഥകള്‍ , അങ്ങിനെ ഫേസ്ബുക്ക് മലര്‍ക്കെ തുറന്നിട്ട്‌ കൊണ്ട് നോവലിസ്റ്റ് കണ്ടെത്തിയ ഒരുപിടി മനുഷ്യജീവിതങ്ങള്‍ . അതിനിടയില്‍ പലപ്പോഴായി വരുന്ന ഉപമകളില്‍ ബൈബിള്‍ കാലവും , സെന്‍ കഥകളും മിന്നിമറയുന്നു .

സ്ത്രീകളുടെ അതിജീവനത്തിന്റെ കഥ പറയുന്ന ഫേസ്ബുക്കില്‍ ജീവിത സന്ദര്‍ഭങ്ങള്‍ക്ക് തുടര്‍ച്ച ഉണ്ടാകുന്നെങ്കില്‍ കൂടി , വീണയുടെ കഥയ്ക്കൊഴികെ  മറ്റാര്‍ക്കും ഒരു അവസാനമില്ല . അല്ലെങ്കില്‍ അത് ശരിയായ രീതിയില്‍ നോവലിസ്റ്റ് പറയുന്നില്ല . ലോകത്തിലെ പ്രധാനപ്പെട്ടവയെല്ലാം അവസാനിക്കുന്നത് ഓരോ ചോദ്യത്തോടെയാണ് . അവസാനിപ്പിക്കല്‍ എന്ന കളി പരിചയപ്പെട്ടു കഴിഞ്ഞവര്‍ ഉത്തരത്തിനായി കാത്തുനില്‍ക്കുകയില്ല . ആകാശത്തിലേക്ക് ഒരു ചോദ്യം വലിച്ചെറിഞ്ഞുക്കൊടുത്തു അവര്‍ അവരുടെ പാട്ടിനുപോകും . അവരുടേതാണ് ആനന്ദസാമ്രാജ്യം. ഉത്തരങ്ങള്‍ വന്നലട്ടാത്ത നീലനിശബ്ദമേഖല .

ഇനി മധുപാലിന്റെ തന്നെ വാക്കുകള്‍ കടമെടുത്തുകൊണ്ട് പറഞ്ഞാല്‍ ഈ നോവല്‍ ഒരിക്കലും അവസാനിക്കുന്നില്ല . കാരണം അവസാനിക്കാത്ത അതിജീവനകഥകളുടെ സാമൂഹിക പ്രതലമാണ് ഫേസ്ബുക്ക് . വരൂ , ഇടപെടൂ , മുന്നോട്ടു നയിക്കൂ ...വായനക്കാരുടെ പൂരിപ്പിക്കലിലൂടെ  മാത്രം സാധ്യമാകുന്ന ഒരവസാനത്തിനായി ചിന്തിക്കൂ . അതിമനോഹരം എന്ന് പറയാന്‍ കഴിയില്ലെങ്കില്‍ക്കൂടി നിങ്ങള്ക്ക് വ്യത്യസ്തമായൊരു വായനാനുഭവം ' ഫേസ്ബുക്ക്' സമ്മാനിക്കും .തീര്‍ച്ച .


Tuesday, January 29, 2013

മീരയുടെ കഥകള്‍ ( പുനര്‍വായന )

ഈ ദിവസങ്ങളിലെ വായനകളിലും ചര്‍ച്ചകളിലും ഏറെ  കേട്ട ഒരു പേരായിരുന്നു എഴുത്തുകാരി മീരയുടെത് .ഇലഞ്ഞി പോസ്റ്റ്‌ ചെയ്ത കഥ  ' ഓര്‍മ്മയുടെ ഞരമ്പുകള്‍ ' വായിച്ചപ്പോള്‍ മുതല്‍ മീരയൊരു സ്വപ്നമാകുകയായിരുന്നു . പിന്നീട് മനോജ്‌  , ബിനു , എന്നിവരുടെ അഭിപ്രായങ്ങള്‍ കൂടി അറിഞ്ഞപ്പോള്‍ പിറ്റേന്ന് തന്നെ മീരയെ തേടിയിറങ്ങി ഞാന്‍ .

വല്ലാത്തൊരു ആകാംക്ഷയോടെയാണ് വായിക്കാനിരുന്നത് . ' മീരയുടെ കഥകള്‍ ' എന്ന സമാഹാരത്തിലെ ഇരുപത്തി ആറു കഥകള്‍ ആണ് ഈ പോസ്റ്റിനു അടിസ്ഥാനം . മനോഹരമായ , വ്യത്യസ്തവായന സമ്മാനിച്ച ഈ കഥകള്‍ നിങ്ങള്ക്ക് കൂടി  വേണ്ടി പങ്കുവെച്ചിലെങ്കില്‍ ഒരു പക്ഷെ എന്റെ വായന പൂര്‍ണമാകില്ല . ഞാനിവിടെ പറയുന്നത് അതിലെന്നെ ഏറെ ആകര്‍ഷിച്ച അഞ്ചു കഥകളെ കുറിച്ചാണ് . സ്വപ്നം കാണുംപോലൊരു നിര്‍വൃതിയോടെ വായിച്ചു തീര്‍ത്തും ഏറെ ഇഷ്ടമായതും  ' ഏകാന്തതയുടെ നൂര്‍ വര്‍ഷങ്ങള്‍ ' ആണ്  . ഇനി  എഴുത്തുക്കാരിയെ കുറിച്ചും കഥയെക്കുറിച്ചും പറയട്ടെ ഞാന്‍.
(ഈ കാഴ്ചപ്പാടുകള്‍ എന്റെ വായനയുടെ പരിമിതിയില്‍ ഞാന്‍ കണ്ട ചില നുറുങ്ങുകള്‍ ആണ് . മീരയെ എഴുതുവാന്‍ മാത്രം ഞാനാളല്ല . ക്ഷമിക്കുക , ഏവരും .)





നല്ല എഴുത്തുക്കാരിയുടെ  കയ്യൊപ്പുപ്പതിഞ്ഞ കുറെയേറെ കഥകള്‍ വായിക്കാന്‍ കഴിയുക എന്നുള്ളതൊരു സൌഭാഗ്യമാണ് . പലപ്പോഴും വിരസമായി പോയേക്കാവുന്ന ചെറുകഥകള്‍ക്കു  മുമ്പില്‍ വായനക്കാരെ പിടിച്ചിരുതണമെങ്കില്‍ അത്രയേറെ വായനക്കാരനെ  മോഹിപ്പിക്കുന്ന ഘടകം അതിലുണ്ടാകണം . ' കെ . ആര്‍ .മീരയുടെ കഥകള്‍ ' എന്ന സമാഹാരത്തില്‍ ഒന്നോ രണ്ടോ കഥകള്‍ ഒഴികെ ബാക്കിയെല്ലാം അത്തരമൊരു വായന സമ്മാനിക്കുന്നവയാണ് . കഥകള്‍ മുഴുവന്‍ വായിച്ചു കഴിഞ്ഞാല്‍ ശരിക്കും നമ്മള്‍ വിസ്മയപ്പെടും . 'മോഹമഞ്ഞ', 'ശൂര്‍പ്പണഖ', 'കരിനീല ', 'ഓര്‍മയുടെ ഞരമ്പ്' , 'കരിനീല' , 'ഏകാന്തതയുടെ നൂര്‍ വര്‍ഷങ്ങള്‍' ,തുടങ്ങിയ കഥകളിലൂടെ മൗലികമായൊരു വ്യക്തിത്വം മലയാള ഫിക്ഷനില്‍ സ്ഥാപിക്കുകയായിരുന്നു മീര.

ഗഹനമായ ജീവിതവീക്ഷണവും ഭാവതീഷ്ണതയാര്‍ന്ന ഭാഷാശൈലിയും വിശാലമായ അനുഭവസമ്പത്തും അപൂര്‍വ്വതയുളള ഇതിവൃത്തങ്ങളുമൊക്കെക്കൊണ്ട്‌ ശ്രദ്ധേയമായ കഥകള്‍ ആണ് മീരയുടെത്.  പത്രപ്രവര്‍ത്തനത്തിന്റെ അനുഭവസമ്പത്ത്‌ മീരയുടെ കഥാലോകത്തെ ഒട്ടൊന്നുമല്ല പോഷിപ്പിച്ചിട്ടുളളത്‌.
മീരയുടെ ചെറുകഥകളില്‍ വലിയൊരുപങ്ക്‌ ഇതിവൃത്തത്തിന്റെ അപൂര്‍വ്വത കൊണ്ട്‌ ശ്രദ്ധിക്കപ്പെട്ടവയാണ്‌. അഥവാ ഇതിവൃത്തത്തിന്‌ അപൂര്‍വ്വത അവകാശപ്പെടാനില്ലെങ്കില്‍ ആഖ്യാനത്തില്‍ കൈവരിക്കുന്ന അപൂര്‍വ്വത കൊണ്ട്‌ ചില കഥകള്‍ ശോഭിക്കുന്നു.


പുതിയ ലോകത്തിലും പുതിയ കാലത്തിലും സ്ത്രീ അനുഭവിക്കേണ്ടിവരുന്ന വിവിധങ്ങളായ ജീവിത വ്യഥകളെ തീവ്രമായി ആവിഷ്കരിക്കുന്ന നിരവധികഥകള്‍ ഇന്നുണ്ടാകുന്നുണ്ട്. അതില്‍ നിന്നും വ്യത്യസ്തമായി ഇത് വെറുമൊരു കഥ അല്ല, അനുഭവമാണ്, സത്യങ്ങളാണ് എന്ന് വായനക്കാരന്റെ മനസ്സില്‍ തോന്നിപ്പിക്കാന്‍ കഥാകാരിക്ക് കഴിഞ്ഞിടുണ്ട് .  കഥ വായിക്കുമ്പോള്‍ മനസ്സിന് തുടര്‍ച്ചയായി മുറിവേല്‍ക്കുന്ന ആഖ്യാനം. കഥാകാരി, അവരുടെ തന്നെ വാക്കുകളില്‍, ഇപ്പോള്‍ കുരയ്ക്കുകയല്ല, ഗര്ജിക്കുകയാണ്. മീരയുടെ ഗര്‍ജനം ഈ സമൂഹത്തോടാണ്.  



രോഗവും പ്രണയവും കാമവും ചേർന്ന ഒരു കഥ വിടരുകയാണ്‌ 'മോഹമഞ്ഞ'യിൽ.അടിച്ചമർത്തപ്പെടുന്ന ആസക്തികളെയും സ്നേഹിക്കപ്പെടാതെ പോകുന്ന മനുഷ്യനെയും ഈ കഥ ചേർത്തുനിർത്തി കാണുന്നുണ്ട്‌.
  "ജീവിതത്തിലാദ്യമായി കാണുകയാണെങ്കിലും പ്രണയബന്ധങ്ങളിൽ പതിവുള്ളതുപോലെ ഇയാളെ എവിടെയോ കണ്ടിട്ടുണ്ടല്ലോ എന്ന് അവളും ഇവളെ എപ്പോഴോ പരിചയപ്പെട്ടിട്ടുണ്ടല്ലോ എന്ന് അയാളും വിചാരിച്ചു."കഥയ്ക്കുള്ളിൽ തെളിയുകയും മറയുകയും ചെയ്യുന്ന വർണ്ണങ്ങൾ (മഞ്ഞ/ചാര നിറങ്ങൾ) സൃഷ്ടിക്കുന്ന വിനിമയഭംഗിയും കഥയുടെ വായനയിൽ നാം കാണണം. രോഗവും പ്രണയും കാമവും എത്ര ആഴത്തിലും കലാത്മകമായും ആണെന്നോ ഈ കഥയിൽ കൂടിക്കലരുന്നത്‌ . ‘മോഹമഞ്ഞ’യുടെ വിവര്‍ത്തനം ‘ശൂര്‍പ്പണഖ’ എന്ന പേരില്‍ തമിഴില്‍ പ്രസിദ്ധീകരിക്കപ്പെട്ടിടുണ്ട് .



ഒരു പെണ്ണിന്റേതു മാത്രമായ അനുഭവങ്ങളെ ഒരു പെണ്ണിനു മാത്രം കഴിയുന്ന രീതിയില്‍ വിവരിക്കുകയാണ് കരിനീലയില്‍ എഴുത്തുകാരി. കഥയുടെ ഭാഷ പൂര്‍ണമായും ലളിതമാണ്, ഒരു അനുഭവകഥനത്തിന്റെ രീതി, കേള്‍ക്കുന്നവരില്‍ നീറിപ്പിടിക്കുന്ന വാക്കുകളും വാചകങ്ങളും . കരിനീലയിലെ നായിക ആദ്യം സ്വന്തം പ്രണയം കണ്ടെത്തുന്നു, അപ്പോള്‍ തന്നെ അത് അല്പായുസ്സാണെന്നവള്‍ മനസ്സിലാക്കുന്നുമുണ്ട്. പ്രണയമാളുന്നതും കത്തിയൊടുങ്ങി വിരഹത്തിന്റെ മഞ്ഞു വീഴ്ചയിലവള്‍ തണുത്തു വിറയ്ക്കുന്നതും വായനയില്‍ നാം തുടര്‍ന്നു കാണുന്നു. അതിനിടയിലൂടെ അവള്‍ കടന്നുപോകുന്ന സ്ത്രൈണാനുഭവങ്ങളുടെ സത്യസന്ധമായ ഒരു ചിത്രം ഈ കഥയിലുണ്ട്.
സ്വന്തം ഇണയെ കണ്ടെത്തുന്ന പെണ്‍‌ജീവകോശങ്ങളുടെ തുടിപ്പ്, ആഗ്രഹം, ആസക്തി. ഇക്കാര്യങ്ങളെ പച്ചയ്ക്കിങ്ങനെ പറയാതെ ആലങ്കാരിക സാഹിത്യഭാഷയില്‍ പറയാനറിയാത്ത എഴുത്തുകാരിയല്ല മീര, പക്ഷേ , ഇവിടെ, ഈ വാക്കുകളില്‍ എത്ര ഭംഗിയാണീ സത്യത്തിന്, എത്ര തീവ്രതയാണീ വികാരങ്ങള്‍ക്ക്.
“ അല്ലെങ്കിലും നിരാശപ്പെടുത്താത്ത ഏതു പുരുഷനാണ് ഭൂമിയിലുള്ളത്? അല്ലെങ്കിലും അര്‍ഹിക്കും വിധം സ്നേഹിക്കപ്പെട്ട ഏതു സ്ത്രീയുണ്ടു ഭൂമിയില്‍ ? അല്ലെങ്കിലും വേദനയില്ലാതെ എന്തു പ്രേമം ?“ ” അവിവാഹിതര്‍ക്കു കാഴ്ച കൂടും, വിവാഹിതര്‍ക്കു അതു കുറയും “ എന്നിങ്ങനെ കൌതുകകരവും സത്യസന്ധമെന്നു സ്ത്രീകള്‍ ചിന്തിക്കുന്നതുമായ പല നിരീക്ഷണങ്ങളും ഈ കഥയില്‍ കാണാം .

കരിനീലക്കുന്ന ഈ അനുഭവം ഓരോ ജീവിതത്തിലും ഒരിക്കലെങ്കിലും സംഭവിക്കുന്നുണ്ടാകാം. ശിവന്റെ കണ്‌ഠത്തിലെ കരിനീലപ്പാടുപോലെ അത്‌ ഓരോ മനുഷ്യനിലും ബാക്കി നില്‍ക്കുന്നു. പണ്ടു വിഴുങ്ങിയ വിഷത്തിന്റെ അടയാളം. ശിവന്റെ കഴുത്തില്‍ അതൊരു തടാകം പോലെ കിടന്നുവെന്നാണ്‌ പുരാണത്തിലെഴുതിയിരിക്കുന്നത്‌. ഓരോ തവണ അതിലേക്കു നോക്കുമ്പോഴും അത്‌ പ്രേമദംശനത്തിന്റെ പാടായിട്ടാണ്‌ പാര്‍വതിക്ക്‌ തോന്നുന്നത്‌. മലയാളഭാവനയില്‍ മാരകപ്രണയദംശനത്തിന്റെ അത്തരമൊരു അടയാളമാണ്‌ കരിനീല.
ശൂര്പ്പണഖയുടെ കഥയെന്ന് കേള്ക്കുമ്പോള് ആദ്യം മനസില് ഓടി വരുന്നത് രാമായണത്തിലെ ആരണ്യകാണ്ഡമാണ്. പക്ഷെ മീരയുടെ ശൂര്‍പ്പണഖ അത്തരത്തില്‍ ഒരുവളല്ല. ഫെമിനിസം ജീവശ്വാസമെന്നു  കരുതുന്ന , വിവാഹവും മാതൃത്വവും പൊള്ളയെന്നു വിശ്വസിക്കുന്ന , എങ്കിലും മകളുടെ വളര്‍ച്ചയില്‍ ആതിപ്പി ടിക്കുന്ന  അനഘ  എന്ന കഥാപാത്രം മനസ്സില്‍നിന്നും പെട്ടെന്ന് മായില്ല.  ഒരഹങ്കാരിയെന്നു തുടക്കത്തില്‍ തോന്നുമെങ്കിലും പതറാത്ത ചിന്തകളും കടുംപിടുതവുമായി അനഘ വായനക്കാരുടെ മനസ്സില്‍ ഇരുപ്പുറപ്പിക്കും. ഒപ്പം ഒരുപാട് ചോദ്യങ്ങള്‍ക്കുള്ള ഉത്തരവുമായി  ലാക്ടോജെന്‍ ഇഷ്ടപ്പെടുന്ന അനഘയുടെ മകള്‍ സീതയും. മാറി വരുന്ന കുടുംബ വ്യവസ്ഥിതികളോടുള്ള  അമര്‍ഷം ഒരല്പം പരിഹാസത്തിന്റെ മേമ്പൊടിയോടെ വായിക്കാം ഈ കഥയില്‍ .


 ഇരകളാകുന്ന  പാവം മനുഷ്യ ജീവികളോടു നമ്മുടെ സമൂഹം എത്ര ക്രൂരമായാണ് പെരുമാറുന്നത്  എന്നോര്‍മിപ്പിക്കുന്ന കഥയാണ് കൃഷ്ണഗാഥ . ഉന്നത ജീവിതസാംസ്കാരിക മാനസില നിലവാരത്തിലാണ് എന്ന് അഹങ്കാരത്തോടെ കൊട്ടിഘോഷിക്കുന്ന നാം, മനുഷ്യത്വം, അനുകമ്പ, സ്നേഹം എന്നീ മാനുഷിക വികാരങ്ങള്‍ക്കൊന്നിനും നമ്മില്‍ ഇടമില്ല എന്നുകൂടി ഉത്ഘോഷിക്കുകയാണ്  ഈ കഥയില്‍ . മാധ്യമങ്ങള്‍ ചെയ്യുന്നതും തികച്ചും അപക്വം. സ്വന്തം പോലെ വിശ്വസിച്ചു സര്‍വ്വ സ്വതന്ത്രവും നല്‍കിയ കൂട്ടുകാരനില്‍ ഒരു മൃഗം ഒളിച്ചിരിക്കുന്നത് അറിയാതെ പോയ , മാനസിക വളര്‍ച്ചയില്ലാത്ത മകളെ  കെണിയില്‍ വീഴ്ത്തുന്ന അധ്യാപകനെ എന്ത് ചെയ്യണം എന്നറിയാത്ത , കൌതുകങ്ങള്‍ക്കപ്പുറം  തനികെന്തു സംഭവിച്ചു എന്ന് മനസ്സിലാക്കാന്‍ കഴിയാത്ത , ഒരു കുഞ്ഞിന്റെയും അച്ഛന്റെയും മാനസിക വ്യാപാരങ്ങള്‍ കൃത്യമായി വരച്ചിട്ട  കഥയാണിത് . ഇന്നത്തെ സമൂഹത്തില്‍സംഭവിച്ചുകൊണ്ടിരിക്കുന്ന കഥ .

പോളിയോ ബാധിച്ച അതിസുന്ദരിയായ മുസ്ലിം യുവതിയുമായി സത്യനെന്നവാടകകൊലയാളിയുടെ പ്രണയമാണ്‘ഏകാന്തതയുടെനൂര്‍വര്‍ഷങ്ങള്‍’നൂര്‍അയാളുടെസ്ത്രീയാണ്.അവള്‍ക്കുവേണ്ടിയാണ് അയാള്‍ പുരുഷനായി അവശേഷിക്കുന്നത് . അവളിലേക്കുള്ള ആകര്‍ഷണത്തിന്റെ സത്യം അവസാനമാണ് അയാള്‍ക്ക്‌ മനസ്സിലാകുന്നത് . അയാളുടെ അഹന്തയായിരുന്ന ഏകാന്തതയാണ് നൂര്‍ എന്ന അയാളുടെ രത്നം തട്ടിത്തെറിപ്പിച്ചത് .
ഇനി പുസ്തകത്തിലെ വാക്കുകള്‍ കടമെടുത്തു പറഞ്ഞാല്‍ , കാലവുമായി സ്ഫോടനശക്തിയോടെ ഇടപഴകുന്ന കഥകളാണ് ഈ സമാഹാരത്തില്‍ . വാക്കുകളില്‍ അതീവ ജാഗ്രതയുള്ലോരു മനസ്സ് ഈ കഥകള്‍ക്കു പിന്നിലുണ്ട് . വായനയെ ആഹ്ലാദകരമാക്കുന്ന നനുത്ത നര്‍മ്മം ഈ കഥകളുടെ സൌഭാഗ്യമാണ് . തീര്‍ച്ചയായും മലയാളികള്‍ക്ക് മികച്ചൊരു സംഭാവന . കഴിയുമെങ്കില്‍ നഷ്ടപ്പെടുത്തരുത് ഈ കഥകളുടെ പൂക്കാലം.

Saturday, June 16, 2012

വാക്കിന്റെ തട്ടകം

കോവിലന്‍, പേരു കേള്‍ക്കുമ്പോള്‍ ഓര്‍മ്മ വരുന്നത്‌ ചിലപ്പതികാരത്തിലെ കോവലനെയാണ്‌. കണ്ണകിയുടെ നിഴല്‍ പോലെ പാടി കേട്ട ഒരു കഥാപാത്രം. എന്നാല്‍ നമുക്ക്‌ കോവിലന്‍ അതൊന്നുമല്ല. പാടി പതിഞ്ഞ തോറ്റം പാട്ടു പോലെ മലയാളകഥാലോകത്തേക്ക്‌ വി വി അയ്യപ്പന്‍ കടന്നു വന്നു.തോറ്റം പാട്ടുകളോടുള്ള അഭിനിവേശം കൊണ്ടായിരിക്കാം അദ്ദേഹം തമിഴ്‌ ചുവയുള്ള കോവിലന്‍ എന്ന പേരു സ്വീകരിക്കാന്‍ കാരണം. ജൂണ്‍ കവര്‍ന്നെടുത്ത പ്രതിഭകളില്‍ മലയാളി സാഹിത്യ പ്രണയികള്‍ക്ക് മറക്കാന്‍ പറ്റാതായ പേരായി മാറി അത് .

ഗുരുവായൂരിനടുത്തുള്ള കണ്ടാണിശേരിയാണ്‌ കോവിലന്റെ സ്വദേശം. ആ ഗ്രാമത്തിന്‍െറ ചൂടും ചൂരും അദ്ദേഹത്തിന്റെ കഥകളില്‍ നിറഞ്ഞു നില്‍ക്കുന്നു.1923 ജൂലായ് ഒമ്പതിന് വട്ടോമ്പറമ്പില്‍ വേലപ്പന്‍ അയ്യപ്പന്‍ എന്ന കോവിലന്‍ ജനിച്ചത്

20 വര്‍ഷത്തോളം കരസേനയില്‍ സേവനമനുഷ്‌ഠിച്ച കോവിലന്‍ പട്ടാളക്യാമ്പുകളിലെ അന്തസംഘര്‍ഷങ്ങളും സ്വപ്‌നങ്ങളും നിരാശകളും പ്രതീക്ഷകളും തന്റെ തൂലിക കൊണ്ട്‌ മനോഹരമായി വരച്ചു കാട്ടി. ഹിമാലയം മുതല്‍ തൃശൂര്‍ വരെയുള്ള ലോകം കോവിലന്റെ കഥകളിലൂടെ നമുക്ക്‌ പരിചിതമായി.

തന്റെ ഗ്രാമത്തിന്റെ പശ്‌ചാത്തലത്തില്‍ കോവിലന്‍ രചിച്ച തട്ടകവും തോറ്റങ്ങളും വളരെയേറെ ശ്രദ്ധ നേടിയ കൃതികളാണ്‌. മനുഷ്യന്‍ നേരിടുന്ന അസ്‌തിത്വ പ്രശ്‌നങ്ങളും ആത്മസംഘര്‍ഷങ്ങളും ആ കൃതികളില്‍ നിറഞ്ഞു നില്‍ക്കുന്നു. ഗ്രാമത്തിന്റ നന്മയ്‌ക്കപ്പുറം മനുഷ്യമനസ്‌സിന്റെ നിഗൂഢമായ വികാരങ്ങളാണ്‌ അവയിലൊക്കെ പ്രതിപാദിക്കുന്നത്‌.

അതു വരെ നാമറിയാത്ത ലോകത്തെ പരിചയപ്പെടുത്തി തന്ന, പട്ടാളക്കാരുടെ കഥ പറഞ്ഞ എ മൈനസ്‌ ബി, ഹിമാലയം, ഏഴാമെടങ്ങള്‍, താഴ്‌വരകള്‍, ബോര്‍ഡൗട്ട്‌ എന്നീ നോവലുകളും മറ്റു പട്ടാളക്കഥകളും കോവിലനെ ശ്രദ്ധേയനാക്കി

. ഈ ജീവിതം അനാഥമാണ്‌, ഒരു കഷണം അസ്ഥി തുടങ്ങിയവയാണ്‌ അദ്ദേഹത്തിന്റെ പ്രധാന കഥാസമാഹാരങ്ങള്‍. തകര്‍ന്ന ഹൃദയങ്ങളാണ്‌ കോവിലന്റെ ആദ്യ കൃതി. ആത്മകഥാസ്‌പര്‍ശമുള്ള തട്ടകമാണ്‌ കോവിലന്റെ അവസാനത്ത കൃതി. ഇതിന്‌ എന്‍.വി. പുരസ്‌കാരം, വയലാര്‍ അവാര്‍ഡ്‌ എന്നിവ ലഭിച്ചു.

എഴുത്തച്ഛന്‍ പുരസ്‌കാരം, കേന്ദ്ര സാഹിത്യ അക്കാദമി വിശിഷ്‌ടാംഗത്വം, കേന്ദ്ര-കേരള സാഹിത്യ അക്കാദമി പുരസ്‌കാരങ്ങള്‍, ബഷീര്‍ അവാര്‍ഡ്‌, മുട്ടത്ത്‌ വര്‍ക്കി അവാര്‍ഡ്‌ തുടങ്ങി ഒട്ടേറെ പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്‌

മലയാളത്തിന്റെ തട്ടകത്തില്‍ നിന്നും ആ വാക്ക് മുറിഞ്ഞു പോയിട്ട് രണ്ടു വര്ഷം കഴിഞ്ഞിരിക്കുന്നു. പക്ഷെ മനസ്സിന്റെ തട്ടകത്തില്‍ ഈ കണ്ടാണിച്ചേരി ക്കാരന്‍ വരച്ചിട്ട വാങ്ങ്മയ ചിത്രങ്ങള്‍    ഇന്നും തിളങ്ങി നില്‍ക്കുന്നു

അഞ്ജു  നായര്‍
http://chambalkoona.blogspot.com

Wednesday, March 28, 2012

ഓ. വി . വിജയന്‍ അനുസ്മരണവും 'ആത്മായനങ്ങളുടെ ഖസാക്ക് ' അവാര്‍ഡ് ദാന സമ്മേളനവും


പ്രശസ്ത നിരൂപകന്‍ ശ്രീ. എം. കെ. ഹരികുമാറിന്റെ "ആത്മായനങ്ങളുടെ ഖസാക്ക് "(1984) എന്ന കൃതിയുടെ പേരിലുള്ള 17 -മത് അവാര്‍ഡ് ദാന ചടങ്ങ് ഈ മാസം 30 - നു വൈകിട്ട് 5 മണിയ്ക്ക് തൃപ്പൂണിതുറ മഹാത്മാ ഗ്രന്ഥശാലയില്‍ .

പ്രൊഫ. സി . ആര്‍ . ഓമനക്കുട്ടന്‍ ഉദ്ഘാടനം ചെയ്യുന്ന യോഗത്തില്‍വെച്ച് ഡോ. കെ.ജി.പൌലോസ് അവാര്‍ഡുകള്‍ വിതരണം ചെയ്യും.

Organised by Creative Movement & Mahatma Library, Tripunithura

Thursday, February 9, 2012

'മറുപിറവി' നോവല്‍ ചര്‍ച്ച - മഹാത്മാ ഗ്രന്ഥശാല, തൃപ്പൂണിത്തുറ



തൃപ്പൂണിതുറ മഹാത്മാ ലൈബ്രറിയുടെ ആഭിമുഖ്യത്തില്‍ പ്രശസ്ത എഴുത്തുകാരനായ സേതുവിന്‍റെ പുതിയ   കൃതിയായ മറുപിറവിയെ കുറിച്ചുള്ള ചര്‍ച്ച നടന്നു. മഹാത്മാ ഗ്രന്ഥശാല ഹാളില്‍ വെച്ച് നടന്ന ചടങ്ങില്‍ കലാമണ്ഡലം മുന്‍ വി.സി. യും മഹാത്മാ ഗ്രന്ഥശാലയുടെ പേട്രനും ആയ ഡോ. കെ. ജി. പൌലോസ് , പി. എം. ഷുക്കൂര്‍ , സേതു എന്നിവര്‍ പങ്കെടുത്തു. ഗ്രന്ഥശാല പ്രസിടന്റ്റ് ഡി. മനോഹരന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ഇ. പി. ശ്രീകുമാര്‍,  സി ബി. വേണുഗോപാല്‍ , റാവു  തുടങ്ങിയവര്‍ ചര്‍ച്ചകളില്‍ പങ്കെടുത്തു. ഗ്രന്ഥശാല സെക്രട്ടറി പി. സുരേന്ദ്രന്‍ സ്വാഗതവും  അനൂപ്‌ വര്‍മ്മ കൃതജ്ഞതയും രേഖപ്പെടുത്തി

ചര്‍ച്ച ഉദ്ഘാടനം ചെയ്ത ഡോ. കെ. ജി. പൌലോസ് മറു പിറവിയെ സദസ്സിനു പരിചയപ്പെടുത്തി .
പൊതുവേ നമ്മള്‍ ഇക്കാലത്ത് കേട്ട് വരുന്നത് വായന മരിയ്ക്കുന്നു എന്ന മുറവിളികള്‍ ആണെങ്കിലും, ഈ കാലഘട്ടത്തില്‍ പൊതുവേ വായന വളരുന്നതായാണ് തനിക്കു തോന്നുന്നത് എന്ന് അദ്ദേഹം പറഞ്ഞു. ഇതുപോലെ വായന വര്‍ധിച്ചിട്ടുള്ള ഒരു കാലം മുന്‍പുണ്ടായിട്ടില്ല. എന്നാല്‍ ഇന്നത്തെ വായനയ്ക്ക് പല സവിശേഷതകളും ഉണ്ട്. അല്ലെങ്കില്‍ പലതരം വായനകള്‍ ഉണ്ട് എന്ന് പറയാം. ഒന്നാമത്തെ വായന സമയം കളയാനുള്ള വായനയാണ്. Chiclit എന്ന് വിശേഷിപ്പിയ്ക്കാവുന്ന തരം പുസ്തകങ്ങളുടെ വായന. ഉദാഹരണത്തിന് Spencer Johnson എഴുതിയ Who Moved My Cheese ? പോലുള്ള, യാത്രയ്ക്കിടയില്‍ ഒക്കെ വായിച്ചു തീര്‍ക്കാവുന്ന പുസ്തകങ്ങള്‍ . ഇത്തരം പുസ്തകങ്ങളുടെ വായന ഇന്ന് പ്രധാനമായി തീര്‍ന്നിരിയ്ക്കുകയാണ് എന്ന് അദ്ദേഹം പറഞ്ഞു.

രണ്ടാമത്തെ തരം വായന സെല്‍ഫ് ഹെല്‍പ്പിനുള്ള പുസ്തകങ്ങളുടെ വായനയാണ്. നല്ല പ്രാസംഗികനാകാന്‍ ഇരുപത്തഞ്ചു വഴികള്‍ , നല്ല സുഹൃത്തുക്കളെ ഉണ്ടാക്കുന്നതെങ്ങനെ എന്നൊക്കെ ഉപദേശിച്ചു തരുന്ന രീതിയിലുള്ള പുസ്തകങ്ങളുടെ വായന. മൂന്നാമത്തെ തരം വായനയായി കണക്കാക്കാവുന്നത് വായിക്കുന്നതിന്റെ പ്രയോജനപരതയെകുറിച്ച് ചിന്തിക്കാതെ നമ്മള്‍ നടത്തുന്ന വായനയെയാണ്. ഉദാഹരണമായി, 'യുദ്ധവും സമാധാനവും' വായിക്കുമ്പോള്‍ 'പാവങ്ങള്‍ ' വായിക്കുമ്പോള്‍ ആദ്യ രണ്ടു രീതിയിലുമുള്ള വായനയിലും ഉള്ളത്പോലെ പ്രയോജനം നോക്കിയുള്ള പ്രായോഗികമായ ഒരു ലക്‌ഷ്യം ഇല്ല. ഇവിടെ പ്രയോജനത്തെകുറിച്ച് ആലോചിയ്ക്കാന്‍ തന്നെ പാടില്ല എന്നാണു. അതുകൊണ്ട് വായനയില്‍ വായനയും നല്ല വായനയും ഉണ്ട്. തന്റെ വായന ‍ തുടങ്ങിയത് ദുര്ഗാപ്രസാദ് ഖത്രിയുടെ മൃത്യുകിരണങ്ങളും , ചുവന്ന കൈപ്പത്തിയും പോലുള്ള ഡിറ്റക്ടീവ് നോവലുകളില്‍ നിന്നാണ് പിന്നീട് അത് കാനത്തിലേക്കും മുട്ടത്തു വര്‍ക്കിയിലേക്കും ഒക്കെ മാറി. പക്ഷെ വായന അവിടെ നിര്‍ത്തിയില്ല എന്നതാണ് പ്രധാനം. കെ. ജി. പൌലോസ് ഇപ്പോഴും അത് തന്നെയാണ് വായിക്കുക എന്നുണ്ടെങ്കില്‍ അത് അദ്ദേഹത്തിന് എന്തോ കുഴപ്പം ഉള്ളത് കൊണ്ടാണെന്ന് നിങ്ങള്‍ ഊഹിച്ചു കൊള്ളുക. നല്ല വായന ഒരു ലക്‌ഷ്യം വെച്ചുള്ളതല്ല, പകരം മൂല്യബോധം ലഭിയ്ക്കുക എന്ന ലക്‌ഷ്യം മാത്രം വെച്ചുള്ളതാണ്‌ . ഡിയിലെ മെത്രാന്‍ ഉള്ളിലേയ്ക്ക് കയറിയില്ലായിരുന്നു എങ്കില്‍ , വിശ്വനാഥന്‍ അപ്പുണ്ണി, ദേവി ഇവരൊക്കെ ഉള്ളിലേയ്ക്ക് കയറിയില്ലായിരുന്നു എങ്കില്‍ നമ്മള്‍ നല്ല മനുഷ്യരാവുകയില്ലായിരുന്നു. ഇതാണ് ഘനവായനയുടെ ഗുണം.

മറുപിറവി എന്ന നോവല്‍ ചര്‍ച്ചയുടെ ഉദ്ദേശത്തില്‍ എന്ത് തരം വായനയാണ് നമുക്ക് വേണ്ടത് എന്ന ഒരു സംഗതി കൂടിയുണ്ട്. മറുപിറവിയുടെ രചനയിലും ആസ്വാദനത്തിലും മൂന്നു കാര്യങ്ങള്‍ ഉണ്ട്. നമ്മുടെ കാലഘട്ടം ഒരു നൊസ്റ്റാള്‍ജിയയുടെ കാലഘട്ടമാണ്. ഒരു തരം ആതുരതയുടെ കാലം. ഈ നോവലിലും നമുക്ക് അത് കാണാന്‍ കഴിയും, ഒന്ന് സമൂഹത്തിന്റെ ആതുരത.രണ്ടു, വ്യക്തിയുടെ ആതുരത. ഒരു സമൂഹത്തിന്റെ ആതുരത എന്ന് പറയുന്നത് വേരുകള്‍ തേടി പോകാനുള്ള അതിന്റെ വ്യഗ്രതയാണ് . സ്വാതന്ത്ര്യ സമരകാലത്ത് നമ്മുടെ വേരുകള്‍ എവിടെയാണെന്നു, സ്വത്വം എവിടെയാണെന്നു തേടിപ്പോകാനുള്ള അന്വേഷണവും നടന്നിട്ടുണ്ട്. ഏഷ്യയില്‍ ഇപ്പോള്‍ നടക്കുന്ന ഏറ്റവും വലിയ ഒരു സാംസ്കാരിക പ്രവര്‍ത്തനം അമര്‍ത്യാ സെന്നിന്റെ നേതൃത്വത്തില്‍ നടക്കുന്ന നളന്ദ സര്‍വകലാശാലയുടെ പുനര്‍നിര്‍മ്മിതിയാണ്‌. അഞ്ചു മുതല്‍ പന്ത്രണ്ടു വരെ നൂറ്റാണ്ടുകളില്‍ എണ്ണായിരം വരെ വിദ്യാര്‍ഥികള്‍ അവിടെ അധ്യയനം നടത്തിയിരുന്നു എന്ന് പറയപ്പെടുന്നു . എന്തിനാണ് നളന്ദ പുനസ്ഥാപിയ്ക്കുന്നത്. നമ്മുടെ സമൂഹത്തിന്റെ ആതുരതയാണതിന്റെ കാരണം.

ഇതുപോലെയാണ് മുസിരിസ്- മുചിരി പട്ടണം എന്ന നമ്മുടെ ഈ സ്ഥലത്തിന്റെ പുനരുജ്ജീവനം. മുചിര എന്നാല്‍ കുരുമുളക് എന്നര്‍ത്ഥം.കുരുമുളകിന്റെ പട്ടണം. ഈ നോവല്‍ ഉള്‍ക്കൊള്ളുന്ന പരിസരം എന്ന് പറയുന്നത് മുസിരിസും അതിന്റെ സാംസ്കാരിക തനിമയുമാണ്. രണ്ടാമത്തെ ഘടകം വ്യക്തിപരമായ ഒരു ആതുരതയാണ്. വ്യക്തിയെ ബാധിയ്ക്കുന്ന വല്ലാത്ത ഒരു നോസ്റ്റാള്‍ജിയയുടെ ഭാഗമായാണ് നോവലിലെ അരവിന്ദന്‍ അവിടെ വരുന്നത്. അരവിന്ദന്റെ ബാല്യത്തിലേയ്ക്കും , നാട്ടിലേയ്ക്കും കൂട്ടുകാരിലേയ്ക്കും കോളെജിലേയ്ക്കും ഒക്കെയുള്ള ഒരു മടക്കയാത്രയാണ് അദ്ദേഹത്തിന്റെ നൊസ്റ്റാള്‍ജിയ. ഈ രണ്ടു ഘടകങ്ങളും ചേര്‍ന്നതാണ് നോവലിന്റെ ബാഹ്യ ഘടന. കുരുമുളകു തേടി യവനന്മാര്‍ വന്ന കാലഘട്ടം. തണുപ്പ് രാജ്യങ്ങളില്‍ നിന്നാണ് വരുന്നത്. മാംസമാണ് പ്രധാന ആഹാരം. മാംസം കേടു കൂടാതെ ഇരിയ്ക്കണമെങ്കില്‍ കുരുമുളക് കൂടിയേ തീരു. അങ്ങനെ നിലനില്‍പ്പിന്റെ ആവശ്യമാണ്‌ അവര്‍ക്ക് കുരുമുളക്. ഇവിടെ വന്നിട്ട് ഇവിടെയുള്ള ആള്‍ക്കാരും സ്ഥലങ്ങളുമായി അവര്‍ക്കുണ്ടാകുന്ന ബന്ധം, ഇതൊക്കെയാണ് നോവലില്‍ ഫോകസ് ചെയ്യപ്പെടുന്നത്. നോവലില്‍ പിന്നീട് വരുന്നത് ഇവിടെ താമസിച്ചിരുന്ന ജൂതന്മാരുടെ ജീവിതമാണ്. ബൈബിളില്‍ പറയുന്നത് പോലെ തന്നെ വലിയൊരു പ്രയാണമായിരുന്നു ഇവരുടെ ജീവിതവും.

പണ്ട് ഞാന്‍ കാലടി യൂണിവേഴ്സിറ്റിയില്‍ ഉള്ള കാലത്ത് cultural excahnge ന്റെ ഭാഗമായി ഇവിടെ വന്ന ജൂതന്മാരെയും കൊണ്ട് മാളയിലും, ചേന്ദമംഗലത്തും ഒക്കെ പോയപ്പോള്‍, അവിടെ ഉള്ള സിനഗോഗുകള്‍ ഒക്കെ കാണുമ്പോള്‍ അവര്‍ വണ്ടിയില്‍ നിന്നിറങ്ങി ഓടിചെല്ലുകയായിരുന്നു. ഇത് ഞാന്‍ താമസിച്ച വീടാണ്, എന്റെ വഴികളാണ്, അവര്‍ ഓരോരുത്തരും പറഞ്ഞു കൊണ്ടേയിരുന്നു. ഇന്ന് വഴികള്‍ മാറിയിരിയ്ക്കുന്നു. വളരെ പ്രായമുള്ള ആളുകള്‍ വരെ ഓടി ഓരോ വീട്ടിലേയ്ക്കും ഒക്കെ കയറുകയായിരുന്നു. അപ്പോള്‍ ഇത് ഒരു മഹാപ്രയാണത്തിന്റെ ഭാഗമായിരുന്നു.അവസാനം നോവല്‍ അവസാനിയ്ക്കുന്നത് വല്ലാര്‍പ്പാടത്തിന്റെ പശ്ചാത്തലത്തിലാണ്. അത് സേതുവിന്റെ രചനയുടെ ടെക്നിക് ആണ്. ചരിത്രത്തെ എങ്ങനെ വര്‍ത്തമാനവുമായി ബന്ധപ്പെടുത്തുന്നു എന്ന് ഈ ഭാഗത്ത്‌ കാണാം.

മൂന്നാമത്തേത് ഈ നോവലിന്റെ സന്ദേശമാണ്. അങ്ങനെ ഒന്ന് ഒരു നോവലിന് ആവശ്യമാണോ എന്നറിയില്ല. ആരാണ് ഇതിലെ നായകന്‍ എന്നതാണ് മറ്റൊരു ചോദ്യം. യഥാര്‍ത്ഥത്തില്‍ സേതു ഉദ്ദേശിച്ച രീതിയിലാണോ നോവല്‍ ഇന്ന് വായിക്കപ്പെടുന്നത് എന്ന് ഒരു സംശയമുണ്ട്‌. എല്ലാ മീഡിയകളും ഇത് മുസിരിസിന്റെയും കൊടുങ്ങല്ലൂരിന്റെയും ചരിത്രമായി കണ്ട്, അതിന്റെ പൈതൃകത്തെ അന്വേഷിയ്ക്കുന്ന ചരിത്രനോവലായിട്ടാണ് ഇതിനെ കാണുന്നത്. എന്നാല്‍ അത് ബാഹ്യമായ ഒരു ചട്ടക്കൂടാണ് . അതിന്റെ ഉള്ളില്‍ മനുഷ്യനും മണ്ണുമൊക്കെ തമ്മിലുള്ള ഒരു ജൈവബന്ധത്തെ കുറിച്ചും ഉള്ള കാര്യങ്ങള്‍ അടങ്ങിയിരിക്കുന്നുണ്ട്. പേരില്ലാത്ത ഒരു നായകന്‍ ഇതിലുണ്ട്. ഈ നായകന്‍, ആദി ഉഴവനായ ഒരു മുത്തപ്പന്‍ , അദ്ദേഹത്തിന്റെ മകന്‍, ഭാര്യ, ഇങ്ങനെ ഒരു കുടുംബം. ഇവരാണ് ഈ മണ്ണിലേയ്ക്കിറങ്ങി പണിചെയ്തു മണ്ണിനെ ഉഴുതു മുളപ്പിയ്ക്കുന്നത്. അപ്പോള്‍, കര്‍ഷക സംസ്കൃതിയുടെ ഒരു അംശം, അത് മലയാളിയുടെ അംശമാണ്, അവന്‍ മറന്നു പോയ തന്റെ തന്നെ അംശം, അത് മുസിരിസിന്റെ പശ്ചാത്തലത്തില്‍ ഈ നോവലില്‍ വിടര്‍ന്നു വരുന്നുണ്ട്. മറവിയില്‍ ആണ്ടു പോയ മുസിരിസിന്റെ മറുപിറവി സംഭവിയ്ക്കുന്ന വര്‍ത്തമാനകാലം. ഈ വലിയൊരു ഘടനയ്ക്കുള്ളില്‍, യഥാര്‍ത്ഥത്തില്‍ നമ്മുടെ ഉഴവന്‍ മുത്തപ്പനെ, മണ്ണിനെ, മലയാളി മറന്നു വെന്നും, അത് തിരിച്ചു പിടിച്ച്‌ മണ്ണിന്റെ മാദകമായ ഗന്ധം ആസ്വദിച്ചു, അതിനെ സ്നേഹിച്ചു, അതിന്റെ ലഹരിയില്‍ ആയിരിക്കണം മലയാളി ഇനി ജീവിയ്ക്കേണ്ടത് എന്നുമുള്ള ഒരു സന്ദേശം കൂടി ഈ നോവല്‍ തരുന്നുണ്ട്. അദ്ദേഹം വിശദീകരിച്ചു.

തുടര്‍ന്നു സംസാരിച്ച പി എം ഷുക്കൂര്‍ നോവലിനെ ഇങ്ങനെ വിലയിരുത്തി:

1341 ലെ വലിയ വെള്ളപ്പൊക്കത്തില്‍ പെരിയാര്‍ വഴിമാറി ഒഴുകിയപ്പോള്‍ വഴിയടഞ്ഞത് മുസിരിസിന്റെയാണ്. ഇന്ന് ഖനനങ്ങളിലൂടെ ആ മുസിരിസ്
പുനര്‍ജ്ജനിച്ചിരിയ്ക്കുന്നു. അതാണ്‌ മറുപിറവി. നോവലില്‍ ചരിത്രത്തിന്റെയും , മിത്തിന്റെയും, ഭാവനയുടെയും കുഴമറിച്ചിലിലൂടെ സേതു മുചിരിയെ പുനര്‍നിര്‍മ്മിചിരിയ്ക്കുകയാണ്. സ്വന്തം വേരുകള്‍ തേടിയുള്ള ഒരു എഴുത്തുകാരന്റെ യാത്രയുടെ കൂടി ഫലമാണ് മറുപിറവി എന്ന നോവല്‍ . പാണ്ഡവപുരം മുതല്‍ കിളിമൊഴികള്‍ക്കപ്പുറം വരെയുള്ള കൃതികളില്‍ സേതു ഭ്രമകല്‍പ്പനയുടെ സ്ഥലങ്ങളാണ് നിര്‍മ്മിച്ചെടുത്തത്. മുസിരിസിന്റെ മണ്ണിനെ സ്ത്രീയുമായി ബന്ധിപ്പിച്ചു അതിന്റെ ഗന്ധങ്ങളുമായി സന്നിവേശിപ്പിയ്ക്കുന്ന രചനാതന്ത്രത്തെ പറ്റി പൌലോസ് മാഷ്‌ പറഞ്ഞത് എനിയ്ക്ക് അത്ര കൌതുകം ഉണ്ടാക്കിയില്ല. കാരണം ഇതിനുമുന്‍പ് അടയാളങ്ങളില്‍ അത് അതിതീവ്രമായി ആവിഷ്ക്കരിയ്ക്കപ്പെട്ടിട്ടുണ്ട്. നോവലിനുള്ളിലെ നോവല്‍ , അതായത് മുചിരിയെ പശ്ചാത്തലമാക്കി സേതു എഴുതുന്ന നോവല്‍ , നോവലിലെ കഥാപാത്രമായ അരവിന്ദന്‍ എഴുതുന്ന നോവല്‍, ഇങ്ങനെയാണ് ഈ നോവലിന്റെ ഘടന. തന്റെ ആന്തരിക ലോകത്ത് മറുപിറവി കൊണ്ട മുസിരിസിനെയാണ് സേതു ആവിഷ്ക്കരിയ്ക്കുന്നത്. ഈ നോവലിന്റെ രണ്ടാംഭാഗം ഉറക്കത്തിന്റെയും ഉണര്‍വിന്റെയും ഇടയിലുള്ള അര്‍ദ്ധബോധത്തില്‍ നിന്ന് സേതു എഴുതിപ്പോയതാണെന്ന്, അതിന്റെ തീവ്രത വ്യക്തമാക്കുന്നു. അതുകൊണ്ടാണ് ഈ ഭാഗത്തിന് നോവലിന്റെ മറ്റു ഭാഗങ്ങളേക്കാള്‍ അനന്യമായ ശോഭയും സൗന്ദര്യവും ചേര്‍ക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞത് എന്ന് ഞാന്‍ വിശ്വസിയ്ക്കുന്നു.

മറുപിറവി എന്ന നോവലിന്റെ രഹസ്യം എന്താണ്? വാക്കുകള്‍ക്കു ചെന്നെത്താന്‍ കഴിയാത്ത ഒരു രഹസ്യ ലോകം ഇതിനു പിന്നില്‍ മറഞ്ഞു നില്ക്കുന്നുണ്ടോ? മുസിരിസ് ഖനനങ്ങളില്‍ നിന്ന് കിട്ടിയിട്ടുള്ള അടയാളങ്ങളില്‍ നിന്നും വളര്‍ത്തിയെടുത്തുണ്ടാക്കുന്ന ഒരു ചരിത്രം, നോവലിന്റെ ശില്‍പ്പത്തിനു ഇടിവ് തട്ടാത്ത വിധം സേതു ഇതില്‍ വിളക്കി ചേര്‍ത്തിട്ടുണ്ട്. നൂറ്റാണ്ടുകള്‍ക്കു മുന്‍പ് നക്ഷത്രങ്ങളുടെ അടയാളം നോക്കി കപ്പല്‍ ചാലുകള്‍ കണ്ട് പിടിച്ച്‌ അറിയാത്ത കരകള്‍ തേടി വന്ന പ്രാചീന നാവികരെ സേതുവിന്‍റെ ഭാവന അത്ഭുതത്തോടെയാണ് നോക്കിക്കാണുന്നത്‌.. ചരിത്ര പുസ്തകങ്ങളില്‍ നിന്ന് മാത്രമല്ല സേതു തനിയ്ക്ക് വേണ്ട വിവരങ്ങള്‍ ശേഖരിയ്ക്കുന്നത്.സംഘകാലകൃതികളില്‍ നിന്നും വേണ്ട വിവരങ്ങള്‍ അദ്ദേഹം എടുക്കുന്നുണ്ട്. അക്കാദമിക് ആയ ചരിത്രത്തെക്കാളും സര്‍ഗാത്മകത കൊണ്ട് ഉണ്ടായി വരുന്ന ഒരു ചരിത്രമുണ്ട്. രാമായണത്തില്‍ സീതയെ തേടി പ്പോകുന്ന വാനരന്മാരോട് സുഗ്രീവന്‍ തിരയാന്‍ പറയുന്ന ഒരു സ്ഥലം മുചിരിയാണ്. മഹാഭാരതത്തിലെ സഭാപര്‍വത്തിലും മുചിരിയെക്കുറിച്ചുള്ള പരാമര്‍ശമുണ്ട്. ചരിത്രകാരന്മാര്‍ക്ക്‌ പൂരിപ്പിയ്ക്കാന്‍ കഴിയാത്ത ഇടങ്ങള്‍ പൂരിപ്പിയ്ക്കുന്നത് കവികളാണ്. അത്കൊണ്ട് മറുപിറവി ചരിത്രനോവല്‍ ആയിരിക്കുമ്പോള്‍ തന്നെ സര്‍ഗാത്മകവുമായിരിയ്ക്കുന്നു.

തന്‍റെ നോവലിനെക്കുറിച്ചുള്ള വിലയിരുത്തലുകള്‍ക്ക് സേതു ഇങ്ങനെ മറുപടി പറഞ്ഞു :

ഏറെ ക്ലേശിച്ചു എഴുതിയ പുസ്തകമാണിത്. എനിയ്ക്ക് തന്നെ അത്ഭുതം ഇതെങ്ങനെ സാധിച്ചു എന്നതിലാണ്. മുസിരിസിനെ കുറിച്ചുള്ള പുതിയ കാര്യങ്ങള്‍ ഒക്കെ പുറത്തു വരുന്നതിനു മുന്‍പ് തന്നെ എന്റെ മനസ്സില്‍ ചേന്ദമംഗലത്തിന്റെ പശ്ചാത്തലത്തില്‍ ഒരു നോവലുണ്ടായിരുന്നു. ചേന്ദമംഗലത്ത് പോയിട്ടുള്ളവര്‍ക്കറിയാം, ഒരു ഉറക്കം തൂങ്ങി ഗ്രാമമാണതെന്ന്. ഒരു വയസന്റെ മുഖമുള്ള അങ്ങനത്തെ ഒരു ഗ്രാമം ഇന്ന് കേരളത്തിലില്ല എന്ന് തന്നെ പറയാം.ഗള്‍ഫിന്റെ പളപളപ്പില്‍ രൂപം മാറിയവ ആണല്ലോ ഇന്ന് നമ്മുടെ ഗ്രാമങ്ങള്‍ . പക്ഷെ ചേന്ദമംഗലം ഇങ്ങനെ ഉറക്കം തൂങ്ങി നില്‍ക്കുന്നു. കഴിഞ്ഞ പത്തിരുപതു വര്‍ഷങ്ങളായി ഞാന്‍ കണ്ടു വരുന്ന എന്റെ നാടിനു ഒരു മാറ്റവുമില്ല. അതിനു എന്റേതായ ഒരു സ്വകാര്യ തിയറിയും സ്വയം ‍ തന്നെ ഉണ്ടാക്കിയിട്ടുണ്ട്. വലിയ ഒരു പാരമ്പര്യം, ചരിത്രം, സംസ്കാരം ഒക്കെ ഉള്ള ലോകത്തിലെ പല സ്ഥലങ്ങളിലും, ഈജിപ്റ്റ്‌ അടക്കം ഞാന്‍ പോയിട്ടുള്ള സ്ഥലങ്ങളിലൊക്കെ ഈ മയക്കം ഞാന്‍ കണ്ടിട്ടുണ്ട്. ഏതോ ഒരു സമ്പന്നമായ കാലം അയവിറക്കിക്കൊണ്ട് സുഷുപ്തിയില്‍ കിടക്കുന്ന ഒരു പ്രദേശം. അതാണ്‌ ചേന്ദമംഗലവും എന്ന് എനിയ്ക്ക് തോന്നിയിട്ടുണ്ട്. ചിലപ്പോള്‍ ഇത് ഒരു എഴുത്തുകാരന്റെ കിറുക്കാകാം. ചരിത്രകാരന്‍ ചിലപ്പോള്‍ സമ്മതിച്ചു തരണമെന്നില്ല. ഓരോ തിരിചു പോക്കിലും തനിക്കു തോന്നു ഇവിടെ ഒന്നും മാറുന്നില്ലല്ലോ എന്ന്. അങ്ങനെ മാറാത്തതിന്റെ കാരണം വലിയൊരു പാരമ്പര്യത്തിന്റെ ഭാരം വഹിയ്ക്കുന്നത് കൊണ്ടാണെന്ന് ഞാന്‍ സ്വയം പറയും. അതെന്റെ സ്വകാര്യ ഗര്‍വാണ്

ചേന്ദമംഗലത്തെ കുറിച്ചെഴുതാന്‍ തുടങ്ങുമ്പോള്‍ നമ്മുടെ മുന്നില്‍ ലിഖിതമായ ഒരു ചരിത്രമുണ്ട്. ഇവിടുത്തെ സിനഗോഗിന്റെ മുന്നില്‍ ഒരു കല്ലുണ്ട്‌. ..പതിനാലാം നൂറ്റാണ്ടിലോ മറ്റോ സ്ഥാപിച്ചിരിയ്ക്കുന്ന കല്ല്. അതില്‍ കൊത്തി വെച്ചിട്ടുള്ളത്‌, പിന്നെ വൈപ്പിന്‍ കോട്ട സെമിനാരിയില്‍ ജെസ്യുട്ട് പാതിരിമാര്‍ രേഖപ്പെടുത്തി വെച്ചിരിയ്ക്കുന്ന ചരിത്രം, ഇങ്ങനെ പലതുമുണ്ട്. ഉദ്ദണ്ടശാസ്ത്രികളുടെ കോകിലസന്ദേശത്തില്‍ ഉടുപ്പിയില്‍ നിന്ന് കോകിലം വരുന്ന വഴികളുടെ പരാമര്‍ശത്തില്‍ , ഈ കൃതിയില്‍ അദ്ദേഹത്തിന്റെ ചേന്ദമംഗലത്ത്കാരിയായിരുന്ന ഭാര്യ കുളിച്ചിരുന്ന കുളത്തെ പറ്റിയൊക്കെ പരാമര്‍ശമുണ്ട്. ഇത് ചേന്ദമംഗലത്ത്കാര്‍ അറിയുന്നത് പാഞാളില്‍ അതിരാത്രം നടന്ന കാലത്ത് ഒരു ജര്‍മ്മന്‍ സായിപ്പ് ഉദ്ദണ്ട ശാസ്ത്രികളുടെ ഭാര്യ കുളിച്ച കുളം തേടി വരുമ്പോളാണ്. കോകസന്ദേശത്തിലും ഈ സ്ഥലത്തെ കുറിച്ചുള്ള പരാമര്‍ശങ്ങള്‍ ഉണ്ട്. ഇങ്ങനെ ഒരു അഞ്ഞൂറ് കൊല്ലത്തെ ലിഖിതമായ ചരിത്രം നമ്മുടെ മുന്നിലുണ്ട്. അത് റിക്കോര്‍ഡഡു ചരിത്രം ആണ്. ധൈര്യമായി കൈകാര്യം ചെയ്യാം


പക്ഷെ ഇതിനപ്പുറം എന്തോ ഉണ്ട് എന്ന മോഹത്തിലാണ് ഞാന്‍ ജൂതരുടെ വഴിയിലേയ്ക്ക് പോയത്. പൊതുവേ പാവങ്ങളായ, നല്ലവരായ ജൂതന്മാരുടെ കുടുംബങ്ങളില്‍ നിന്ന് വരുന്ന കുട്ടികള്‍ എന്റെ ക്ലാസില്‍ ഉണ്ടായിരുന്നു. രണ്ടോ മൂന്നോ പണക്കാരായ കുടുംബങ്ങളെ ഒഴിവാക്കിയാല്‍ ഭൂരിഭാഗം പേരും മുട്ട, തുണി, തുകല്‍ എന്നിവയിലൊക്കെ കച്ചവടം നടത്തിയും ഒക്കെ പൊരുതി ജീവിയ്ക്കുന്നവരായിരുന്നു. എന്ത് കൊണ്ടാണ് എന്ന് അന്ന് മനസ്സിലായില്ല, ഇവരൊക്കെ അന്‍പതുകളില്‍ ഉള്ളതെല്ലാം വിറ്റു പെറുക്കി ഇവിടുന്നു പോവുകയാണ്.അന്ന് ക്ലാസ്സിലൊക്കെ ഉണ്ടായിരുന്ന പാവങ്ങളായ കുട്ടികള്‍ , ഞങ്ങളൊക്കെ കെട്ടിപ്പിടിച്ചു കരഞ്ഞാണ് ഇവരെ യാത്രയാക്കുന്നത്‌ . അന്ന് ഞാന്‍ എട്ടിലോ ഒന്‍പതിലോ പഠിയ്ക്കുകയാണ്. ഇവര്‍ എവിടെ പോകുന്നു, എന്തിനു പോകുന്നു, പോകാനാണെങ്കില്‍ ഇവര്‍ എന്തിനു വന്നു, എവിടുന്നു വന്നു, ഇതൊക്കെ അക്കാലത്ത് മനസ്സില്‍ വന്ന ചോദ്യങ്ങള്‍ ആയിരുന്നു. അന്ന് പക്ഷെ ഉത്തരം തേടുന്ന പ്രായം ആയിരുന്നില്ല. പില്‍ക്കാലത്ത്‌ ഈ നോവല്‍ എഴുതുന്ന കാലത്ത് ജൂതന്മാരുടെ trail ല്‍ സഞ്ചരിച്ചപ്പോഴാണ് മുചിരിപ്പട്ടണം എന്ന സങ്കല്പം ഉള്ളിലേയ്ക്ക് വന്നത്. നാലഞ്ചു കൊല്ലത്തെ അധ്വാനം അതിനു വേണ്ടി വന്നു.

എനിയ്ക്ക് മനസ്സിലായ കാര്യം, വളരെ വലിയൊരു കച്ചവട ബന്ധം അലക്സാണ്ട്രിയയും മുചിരിപ്പട്ടണവും തമ്മില്‍ ഉണ്ടായിരുന്നു എന്നാണ്. പെരിപ്ലസ് എറിത്രിയ എന്ന കൃതിയില്‍ കടല്‍പ്പാതകള്‍ ഒക്കെ അടയാളപ്പെടുത്തിയിട്ടുണ്ട്. അക്കാലത്ത് കടല്‍ചരക്കുകളുടെ പ്രധാന എമ്പോറിയം മെഡിറ്റരേനിയന്‍ തീരത്തെ അലക്സാണ്ട്രിയ ആയിരുന്നു. പക്ഷെ അന്ന് സൂയസ് കനാല്‍ ഇല്ല. അലക്സാണ്ട്രിയയില്‍ നിന്ന് വളഞ്ഞു ആഫ്രിക്ക ചുറ്റി വരണം. അവിടെയാണ് ഹിപ്പാലസ് കാറ്റിന്റെ സഹായം വരുന്നത്. ഹിപ്പാലസ് എന്ന ഗ്രീക്ക് നാവികന്‍, താന്‍ കണ്ടെത്തിയ കപ്പല്‍ചാലില്‍ കയറിയാല്‍ കാലവര്‍ഷക്കാലത്തെ തെക്ക് പടിഞ്ഞാറന്‍ കാറ്റിന്റെ സഹായത്തോടെ അറബിക്കടല്‍ കടന്നു നമ്മുടെ പടിഞ്ഞാറന്‍ തീരത്തെത്താം എന്ന് കണ്ടു പിടിച്ചു. ചെങ്കടല്‍ തീരത്തെ ബെര്‍ണിക്കെ എന്ന തുറമുഖത്ത് നിന്ന് മുചിരിയില്‍ എത്താന്‍ വെറും നാല്‍പ്പതു ദിവസം മാത്രം. അത് പോലെ മഴക്കാലം കഴിഞ്ഞു കാറ്റ് തിരിച്ചാവുമ്പോള്‍ വടക്ക് കിഴക്കന്‍ കാറ്റിനോടൊപ്പം തിരിചു മടങ്ങാം.വളരെ കൃത്യമായ കണക്കാണിത്. ഇവിടെ അവര്‍ വന്നിട്ട് പിന്നീടുള്ള മൂന്നു മാസങ്ങള്‍ അവര്‍ ഇവിടെ കാണും. ഈ മൂന്നു മാസങ്ങള്‍ അവര്‍ എന്ത് ചെയ്യും. ഇത് ഒരു എഴുത്തുകാരന്റെ വെറും ചോദ്യമാണ്. അവര്‍ക്ക് ഇവിടെ ഒന്നും ചെയ്യാന്‍ പറ്റില്ല. കാരണം മഴയാണ്. അവിടെ, ആ പോയിന്റില്‍ ,ഒരു കവിമനസ്സിന്റെ, ഒരു എഴുത്തുകാരന്റെ സഞ്ചാരം നടക്കുകയാണ്.

ഈ നോവലിന്റെ പണിയ്ക്ക് മുന്‍പ്, ഞാന്‍ ഇതിനെ പറ്റി എം.ജി.എസ്‌ നാരായണനുമായി ദീര്‍ഘമായ ചര്‍ച്ചകള്‍ നടത്തിയിരുന്നു. അദ്ദേഹം പറഞ്ഞു, സേതു തീര്‍ച്ചയായും മുന്നോട്ടു പോകണം. ഞാന്‍ പറഞ്ഞു, ഇത് ചരിത്ര നോവല്‍ അല്ല, ചരിത്ര നോവല്‍ എഴുതാന്‍ എനിയ്ക്ക് അറിവില്ല, ധൈര്യമില്ല. ചരിത്രവും മിത്തും കൂട്ടിക്കലര്‍ത്തി ഒരു ഫോര്‍മാറ്റ് . ആ ഫോര്‍മാറ്റിലേക്ക് ഞാന്‍ പ്രവേശിയ്ക്കുന്നു. ഒരു പാട് ചര്‍ച്ചകള്‍ വേണ്ടി വന്നു. ഒരു പാട് പേരെ കാണേണ്ടി വന്നു. വായന വേണ്ടി വന്നു. അപ്പോഴാണ്‌ , പട്ടണം ഖനനത്തിന്റെ ചില കണ്ടെത്തലുകള്‍ വരുന്നത്. സ്വാഭാവികമായും എന്റെ ഗ്രാമത്തിന്റെ തൊട്ടടുത്തുള്ള സ്ഥലമാണ് , അച്ഛന്റെ വീട് ഇപ്പോള്‍ ഖനനം നടക്കുന്ന സ്ഥലത്തിന്റെ തൊട്ടപ്പുറമാണ് . അവിടത്തെ കണ്ടെത്തലുകളില്‍ ഒരു പാട് എക്സൈറ്റിംഗ് ആയതുണ്ട് . പക്ഷെ അതുകൊണ്ട് പട്ടണം മുസിരിസ് ആണോ എന്ന് ചോദിച്ചാല്‍ ഞാന്‍ അല്ല എന്ന് പറയും. ഇപോഴത്തെ ഈ വിവാദം അനാവശ്യമാണ്. മുസിരിസ് എന്ന് പറയുന്നത് വലിയൊരു ഭൂപ്രദേശമായിരുന്നു. ഒരു അവസ്ഥയായിരുന്നു. നമ്മളതിനെ ഒരു അറ്റ്‌ലസില്‍ അടയാളപ്പെടുത്തി ഇതാണ് മുസിരിസ് എന്ന് പറയുന്നത് മണ്ടത്തരമാണ്.

ആ ഒരു കാലഘട്ടത്തില്‍ ഒരു അഞ്ചു നൂറ്റാണ്ടെങ്കിലും വളരെ സമ്പന്നമായ ഒരു സംസ്കാരം അവിടെ ഉണ്ടായിരുന്നു. അത് ചേന്ദമംഗലവും, കൊടുങ്ങല്ലൂരും, പറവൂരും, മാളയും, മേത്തലയും ഒക്കെയായി അങ്ങനെ പടര്‍ന്നു കിടന്നിരുന്നു. നമ്മളീ ഹാരപ്പന്‍ സംസ്കാരത്തെ കുറിച്ച് പറയുന്നു. അവിടെ കുഴിചിരിയ്ക്കുന്നത് ആയിരത്തോളം സൈറ്റുകളിലായിട്ടാണ്. 1 മില്യണ്‍ ചതുരശ്ര മൈല്‍ ‍ ആണ് ഖനനം നടത്തിയിരിയ്ക്കുന്നത്. ജമ്മുവും, രാജസ്ഥാനും, ഹരിയാനയും, പഞ്ചാബും , ഗുജറാത്തും വരെ കുഴിചിരിയ്ക്കുന്നു. നമ്മള്‍ ഈ പട്ടണത്ത് ഒരു അഞ്ചു ട്രഞ്ച് കുഴിച്ചിട്ട്‌ ഇത് മുസിരിസ് ആണെന്ന് പറയുന്നത് മണ്ടത്തരമാണ്. നോവലില്‍ പറഞ്ഞിട്ടുള്ള കാര്യം, അന്ന് ഈ വിവാദം ഇല്ലായിരുന്നു, അല്ലെങ്കില്‍ കുറച്ചു കൂടി പറഞ്ഞേനെ. കാരണം ഇവിടുന്നു കിട്ടുന്ന സൂചനകളെ നമ്മള്‍ അവഗണിയ്ക്കരുത്. ഇത് സൂചനയാണ്, തുടക്കമാണ്. ഏതു അന്വേഷണത്തിന്റെയും തുടക്കം, എവറസ്റ്റ് കയറുന്നതിന്റെയും തുടക്കം, ഒരു ചവിട്ടുപടിയാണ് . ആ ചവിട്ടു പടി ആയിട്ടാണ് പട്ടണത്തെ കാണേണ്ടത്. ഇനിയും കുഴിയ്ക്കേണ്ടി വരും. പലയിടത്തും കുഴിയ്ക്കണം. അതൊക്കെ ദീര്‍ഘമായ പ്രക്രിയയാണ്.

പട്ടണത്ത് നിന്ന് കിട്ടിയ ചില സൂചനകള്‍ , അവിടെ നിന്നാണ് ഞാന്‍ സംഘകാലകൃതികളിലേയ്ക്ക് പോയത്. പട്ടണം ഖനനവുമായി ബന്ധപ്പെട്ടു ആദ്യം പറയേണ്ട ഒരു പേര് തമിഴ്നാട്ടിലെ തഞ്ചാവൂര്‍ യൂണിവേഴ്സിറ്റിയിലെ ഡോ. ശെല്‍വകുമാറിന്റെയാണ്. അദ്ദേഹമാണ് വാസ്തവത്തില്‍ പട്ടണം ഖനനത്തിന്റെ പ്രധാനി. അദ്ദേഹത്തിന്റെ പേര് പലയിടത്തും വരുന്നില്ല എന്നേയുള്ളൂ. അദ്ദേഹം വിദഗ്ധനായ ആര്‍ക്കിയോളജിസ്റ്റ് ആണ്. പല ഖനനങ്ങളും നടത്തിയിട്ടുള്ള ആളാണ്‌.. വളരെ quiet ആയ മനുഷ്യന്‍..... പത്രത്തില്‍ പടം വരില്ല. പത്രക്കാര്‍ കാണില്ല. ടി വി യുടെ മുന്നില്‍ വരില്ല. ഞാന്‍ അദ്ദേഹത്തോടൊപ്പം ഒരു പാട് ദിവസം ഇരുന്നു. എന്റെ വീട്ടില്‍ വന്നു അദ്ദേഹം ഭക്ഷണം കഴിച്ചിട്ടുണ്ട്. ഞാന്‍ ടേപ്പ് റിക്കോഡര്‍ മുന്നില്‍ വെച്ച് അദ്ദേഹത്തിന്റെ മുന്നിലിരിയ്ക്കും. അദ്ദേഹം പറഞ്ഞ കാര്യം, ഈ കാലഘട്ടത്തിലെ കേരള ചരിത്രം ഇരുട്ടിലാണ്. അഞ്ചാം നൂറ്റാണ്ട് മുതലാണ്‌.. റോമിന്റെ അപചയം തുടങ്ങുന്നത്. റോം രണ്ടായി വിഭജിച്ചു കോണ്‍സ്റ്റാന്‍ടിനോപ്പിള്‍ ഒക്കെ ഉണ്ടാകുന്ന കാലം. അതുവരെ മുസിരിസ് വളരെ സമ്പന്നമായിരുന്നു. വലിയ പ്രവര്‍ത്തനങ്ങള്‍ ഇവിടെ നടന്നിരുന്നു. ആ കാലം കേരള ചരിത്രത്തില്‍ റെക്കോര്‍ഡ്‌ ചെയ്യപ്പെട്ടിട്ടില്ല. പക്ഷെ സംഘകാല കൃതികളില്‍ ഇതിനെ കുറിച്ചുള്ള വ്യക്തമായ പരാമര്‍ശങ്ങള്‍ ഉണ്ട്. അകനാനൂറ്, പുറനാനൂറ് , പതിറ്റുപ്പത്ത് മുതലായ കൃതികളില്‍ ഈ വിവരങ്ങള്‍ ഉണ്ട്. അതിലേയ്ക്ക് റെഫര്‍ ചെയ്തു പോയപ്പോള്‍ ഇവിടുത്തെ ജീവിതത്തെ പറ്റി വിവരങ്ങള്‍ ഉണ്ട് എന്ന് മനസ്സിലായി. വ്യക്തമായി വിവരിയ്ക്കുകയല്ല. വളരെ സമ്പന്നമായിരുന്നു, മദ്യമൊഴുകിയിരുന്നു, സ്ത്രീകള്‍ അണിഞ്ഞൊരുങ്ങിയിരുന്നു, ആഭരണപ്രിയരായിരുന്നു എന്നൊക്കെ. പട്ടണത്തില്‍ നിന്ന് കിട്ടിയ ചിലതുമായി ചേര്‍ത്ത് വായിക്കാം. ഞാന്‍ പി. കെ.ബാലകൃഷ്ണന്റെയൊക്കെ പുസ്തകങ്ങള്‍ വായിച്ചപ്പോള്, അദ്ദേഹത്തിന്റെ നിഗമനങ്ങള്‍ , അതായത് ഇവിടെയൊക്കെ കാടായിരുന്നു, സാംസ്കാരിക പ്രവര്‍ത്തനങ്ങള്‍ ഒന്നും നടന്നിട്ടില്ല എന്നൊക്കെ, അത് ശരിയല്ല, ഈ തുറമുഖത്തെ ചുറ്റിപ്പറ്റി ഒരു ജനപദമുണ്ടായിരുന്നു. അത് പട്ടണത്തെ ഖനനങ്ങളില്‍ നിന്ന് കിട്ടിയ വിവരങ്ങളില്‍ നിന്ന് വ്യക്തമാണ്. ഒരു പക്ഷെ കൂടുതല്‍ ഭാഗങ്ങളില്‍ കുഴിയ്ക്കുമ്പോള്‍ കൂടുതല്‍ തെളിവുകള്‍ കിട്ടും. ചിലപ്പോള്‍ ഇതിന്റെയൊക്കെ പുറമെയുള്ള ഭാഗങ്ങളില്‍ കാടായിരുന്നിരിയ്ക്കാം. എന്തായാലും, സംഘകാലകൃതികളില്‍ നിന്ന് കിട്ടിയ സൂചന അനുസരിച്ചാണ് ഞാന്‍ ഭാവനയില്‍ സൃഷ്ടിയ്ക്കാന്‍ ശ്രമിച്ചത്. അല്ലാതെ കേരള ചരിത്രത്തില്‍ ഇതൊന്നും രേഖപ്പെടുത്തിയിട്ടില്ല . ഇനി അങ്ങനെയല്ല എന്ന് ചരിത്രകാരന്മാര്‍ തെളിയിക്കട്ടെ. ശെല്‍വകുമാര്‍ എന്നോട് പറഞ്ഞത് ചരിത്രകാരന്മാര്‍ ഒഴിച്ചിടുന്ന സ്ഥലം കവികളുടെ മേച്ചില്‍ സ്ഥലമാണ് എന്നാണ്. അതൊരു പ്രധാനപ്പെട്ട കാര്യമാണ്. അവര്‍ ഒഴിച്ചിടുന്ന സ്ഥലത്ത് പ്രവേശിയ്ക്കേണ്ടത് നിങ്ങളാണ്. അവിടെ എഴുത്തുകാരന്റെ ഭാവന നടത്തുന്ന സ്വച്ഛന്ദ വിഹാരത്തിന് തെളിവൊന്നും ആവശ്യമില്ല. അവന്റെ ഭാവനയിലാണ് ആ പ്രദേശം വികസിയ്ക്കുന്നത്.

അങ്ങനെയാണ് ഈ നോവലിന്റെ രണ്ടാംഭാഗം ഞാന്‍ എഴുതുന്നത്‌. പിന്നെ അതിനു ചുറ്റുമുള്ള ചേന്ദമംഗലം അടക്കമുള്ള സ്ഥലങ്ങളുടെ ചരിത്രം തിരിച്ചുപിടിയ്ക്കണം എന്നൊരാഗ്രഹം എനിയ്ക്കുണ്ടായിരുന്നു. ഒരു കാലത്തിന്റെ തിരിച്ചു പിടിയ്ക്കല്‍ , ഒരു സംസ്കാരത്തിന്റെ തിരിച്ചു പിടിയ്ക്കല്‍ , ഒരു ചരിത്രത്തിന്റെ തിരിച്ചുപിടിയ്ക്കല്‍ ..
ഈ പുസ്തകം എഴുതിയിരിയ്ക്കുന്നത് അടുത്ത തലമുറയ്ക്ക് വേണ്ടിയാണ്. നമ്മള്‍ക്ക് വേണ്ടിയല്ല. പൌലോസ് മാഷും ഷുക്കൂറും പറഞ്ഞത് പോലെ നമ്മുടെ കാര്‍ഷിക സംസ്കാരം എന്ന് പറയുന്ന,നാം മറന്നുകളഞ്ഞ, കൈവിട്ടു കളഞ്ഞ, അല്ലെങ്കില്‍ എറിഞ്ഞു കളഞ്ഞ, ആ സംസ്കാരം എന്റെ മനസ്സിലുണ്ടായിരുന്നു. അതുകൊണ്ടാണ് ഈ മണ്ണിന്റെ രുചി അറിയിച്ച എന്റെ അമ്മയ്ക്ക് എന്ന സമര്‍പ്പണം വരുന്നത്. ഒരു കുട്ടി ആദ്യം അറിയുന്നത് മണ്ണിന്റെ രുചിയാണ്, ഗന്ധമാണ്, മണ്ണില്‍ ചെവി വെച്ച് നോക്കിയാല്‍ കേള്‍ക്കുന്ന നാദങ്ങളാണ് . പഞ്ചേന്ദ്രിയങ്ങള്‍ കൊണ്ട് ആദ്യത്തെ സ്പര്‍ശം നാമറിയുന്നത് മണ്ണിനെയാണ്‌. .ഞാനൊക്കെ എന്റെ പറമ്പില്‍ തൂമ്പയെടുത്ത് കിളയ്ക്കുമായിരുന്നു. അപ്പോള്‍ മണ്ണ് എന്നത് ഞങ്ങള്‍ക്ക് ഒരു അത്ഭുതമല്ലായിരുന്നു . ജീവിതത്തിന്റെ ഭാഗമായിരുന്നു. പിന്നീട് നഗരങ്ങളില്‍ പോയി, ഫ്ലാറ്റുകള്‍ വന്നു ജീവിത ശൈലികള്‍ മാറി. ഞാന്‍ ഇപ്പോള്‍ വീണ്ടും ഒരു സൈക്കിള്‍ തിരിഞ്ഞു ജോലിയില്‍ നിന്ന് വിരമിച്ചു. നാട്ടിന്‍പുറത്തു വന്നു താമസിയ്ക്കുന്നു. ഞാന്‍ കൃഷി ചെയ്യുന്നുണ്ട്. ഒരു വര്‍ഷത്തില്‍ ഒരു നാലഞ്ചു മാസത്തേയ്ക്ക് വേണ്ട പച്ചക്കറിയൊക്കെ ഞങ്ങള്‍ കൃഷി ചെയ്യുന്നുണ്ട് .

അടിസ്ഥാനപരമായി ഈ നോവലിന്റെ സങ്കല്പം എന്ന് പറയുന്നത് മണ്ണും വേരുമാണ്. വേരുകളില്ലാത്തവര്‍ക്കറിയാം വേരിന്റെ നേര് എന്താണെന്ന്. ഇന്ത്യയില്‍ ജീവിച്ചവര്‍ക്കറിയാം വേരുകളുടെ നേര് എന്താണെന്ന്. അത് കൊണ്ടാണ് എലിയാഹൂ ഇപ്പോള്‍ നാട്ടില്‍ വന്നതും , ഞങ്ങള്‍ അവിടെ ഒരു ചടങ്ങൊക്കെ നടത്തിയതും, അത് പത്രത്തില്‍ വന്നതും ഒക്കെ. അദ്ദേഹം ഇവിടെയുള്ള സിനഗോഗിന്റെ ഒരു വശത്ത് ഒരു വീട് പണിയുകയാണ്. ഞാന്‍ ചോദിച്ചു, എന്തിനാണ് ഇവിടെ വീട് പണിയുന്നതെന്നു. അദ്ദേഹത്തിന് 82 വയസ്സായി . ആര്‍ക്കു വേണ്ടിയാണ് ഇത്. അദ്ദേഹം പറഞ്ഞു ഞാനേ ഇവിടുന്നു പോയിട്ടുള്ളൂ, എന്റെ പൂര്‍വികന്മാര്‍ ഉറങ്ങുന്നത് ഈ മണ്ണിലാണ് എന്ന്.

ഇത് ഒരു തിരിച്ചുപിടിയ്ക്കല്‍ ആണ്. ഞാന്‍ ഈ നോവലിന്റെ ഘടനയെ പറ്റി ആലോചിചപ്പോള്‍ തീരുമാനിച്ച ഒരു കാര്യം ഇത് ഒരിയ്ക്കലും ലിനിയര്‍ ആകില്ല എന്നാണു. രേഖീയമായ ഒരു ഫോര്‍മാറ്റ്‌ ആകില്ല ഇത്. അരവിന്ദന്റെ ഓര്‍മ്മപുസ്തകമാണിത്. അയാള്‍ അവിടുന്നും ഇവിടുന്നും കിട്ടുന്ന ചിത്രങ്ങള്‍ ഒരു കൊളാഷ് പോലെ ഒട്ടിച്ചുവെയ്ക്കുകയാണ്. കുറെ ശബ്ദങ്ങള്‍ , ചിത്രങ്ങള്‍ , കുറെ ഭാവന, കേട്ട്കേള്‍വികള്‍ , ഊഹങ്ങള്‍ , ഇതൊക്കെ അവിടവിടെ പതിച്ചു വെച്ച് അതൊരു ഫോര്‍മാറ്റ്‌ ആയി തീരുകയാണ്. പലരും പറഞ്ഞു ഈ നോവല്‍ വായിക്കാന്‍ ബുദ്ധിമുട്ടാണല്ലോ എന്ന്. ഞാന്‍ പറഞ്ഞു അങ്ങനെയേ അത് സാധ്യമാകൂ എന്ന്. അത്തരത്തിലുള്ള ഒരു വായനയെ ഇതിനു സാധ്യമാകൂ. കാരണം ലിനിയര്‍ ആയിട്ട് narrate ചെയ്യാന്‍ ആര്‍ക്കും കഴിയും. അതല്ല ഇവിടെ ഉദ്ദേശം. അങ്ങനെയല്ലാത്ത ഒരു കൃതിയ്ക്ക് വേറൊരു വായന ആവശ്യമാണ്‌.. പാണ്ഡവപുരം എന്ന കൃതി ഏകശിലയാണ് . ഒറ്റ തൂണിലാണത്. ഇവിടെ ഇതിനു തൂണുകള്‍ പോലുമില്ല. വന്നും പോയുമിരിയ്ക്കുന്ന കുറെ കഥാപാത്രങ്ങളിലൂടെ ഒരു പരിസരമാണ് , ചരിത്രത്തിന്റെ പലപല അവസ്ഥകളാണ് സൃഷ്ടിയ്ക്കപ്പെടുന്നത്.

അടിസ്ഥാനപരമായി നോക്കിയാല്‍ ഇതിന്റെ രചനയില്‍ എനിയ്ക്ക് സന്തോഷമുണ്ട്,കുറെ തൃപ്തിയുണ്ട്. എഴുത്തുകാരന് ഒരു പീഠം ഉണ്ട്. അത് അയാള്‍ തന്നെ ഉണ്ടാക്കുന്നതാണ്. അത് ഉറപ്പിയ്ക്കുന്നത് കാലമാണ്. കാലം ഒരു ചെത്തിക്കളയല്‍ നടത്തുന്നുണ്ട്. പലതും, പലരും വിസ്മരിയ്ക്കപ്പെടും. എഴുത്തുകാരന്‍ അതിനെപ്പറ്റി ആകുലനാകേണ്ടതില്ല. നല്ല വായനയുണ്ടാകുന്നത് എഴുത്തുകാരന് ചാരിതാര്‍ത്ഥ്യം നല്‍കുന്ന കാര്യമാണ്. ഇതിലെ ഉഴവന്‍ എന്ന സങ്കല്പം തന്നെ സംഘകാല കൃതികളില്‍ ഉള്ളതാണ്. ആ പേര് തന്നെ ഉഴുന്നവന്‍ എന്നാണ് അര്‍ഥം. അധിനിവേശകാലത്തെ ഏറ്റവും വലിയ ഇരകള്‍ മണ്ണും പെണ്ണുമാണ്. നമ്മുടെ പ്രകൃതിയും സ്ത്രീയും ഒന്നാണ് എന്ന പഴയ വ്യാഖ്യാനത്തിനു ഇവിടെ പുതിയ ഒരു രൂപം വരുന്നുണ്ട്. കൃഷി ചെയ്യാന്‍ തുടങ്ങുമ്പോള്‍ ,മണ്ണില്‍ ആദ്യത്തെ വെട്ടു വീഴുമ്പോള്‍ , കലപ്പ കൊണ്ട് ഉഴുമ്പോള്‍ , മണ്ണിന്റെ മദജലം പൊടിഞ്ഞു എന്നാണ് ഞാന്‍ എഴുതിയത്. പൌലോസ് സാറിന്റെയൊക്കെ വ്യാഖ്യാനം, കാളിദാസനെയൊക്കെ ഉദാഹരിച്ചു കൊണ്ടുള്ളത് , കേള്‍ക്കുമ്പോള്‍ വലിയ സന്തോഷം തോന്നുന്നു. ഞാന്‍ സംസ്കൃതം പഠിച്ചിട്ടില്ല . മണ്ണിന്റെ മദജലം പൊടിഞ്ഞു എന്നെഴുതുമ്പോള്‍ ഞാന്‍ എടുത്തത്‌ ഒരു എഴുത്തുകാരന്റെ സ്വാതന്ത്ര്യമായിരുന്നു. വിത്യസ്തമായ ഒരു കൃതിയ്ക്ക് നല്ല വായന ഉണ്ടാകുന്നു എന്നത് എഴുത്തുകാരനെ സംബന്ധിച്ച് ഒരു സൌഭാഗ്യമാണ്. മറ്റു ഭാഷകളിലെ എഴുത്തുകാരുമായി സംസാരിയ്ക്കുമ്പോള്‍ അവരുടെ കരച്ചില്‍ കേള്‍ക്കാറുണ്ട്, നല്ല വായന ഉണ്ടാകുന്നില്ല എന്ന്. ഇത് മലയാളത്തിന്റെ ഒരു സൌഭാഗ്യമാണ്. വിമര്‍ശനം ആകാം,കാരണം വായന നടക്കുന്നുണ്ടല്ലോ.

തയ്യാറാക്കിയത്

അനൂപ്‌ വര്‍മ്മ