ഭാരതകഥ കേട്ടു വളരാത്ത ആരുമുണ്ടാകില്ല നമുക്കിടയില്‍. ആ വാങ്മയചിത്രങ്ങള്‍ നമ്മുടെ ബാല്യത്തെ എത്രമാത്രം കോരിത്തരിപ്പിച്ചിട്ടുണ്ട്. പേടി തോന്നുമ്പോള്‍ നാം അര്‍ജ്ജുനന്‍ ഫല്‍ഗുനന്‍ എന്നു പറഞ്ഞു, കുന്നോളം ആഹാരം കഴിക്കുന്ന ഭീമനെ അതിശയത്തോടെ ഓര്‍ത്തു, യാഗാഗ്നിയില്‍ നിന്നുയര്‍ന്നു ഭുവനത്തെ മോഹിപ്പിച്ച ദ്രൗപദിയുടെ സൗന്ദര്യം നമ്മെ അത്ഭുതപ്പെടുത്തി. മഹാഭാരത്തിന് അനവധി വ്യഖ്യാനങ്ങളുണ്ടായി. ഭാരതപര്യടനവും ഇനി ഞാന്‍ ഉറങ്ങട്ടെയുമെല്ലാം അങ്ങനെയുണ്ടാവയാണ്. എന്നാല്‍ മഹാഭാരത്തില്‍ നാം ഏറെ കണ്ട ഒരു ശരീരത്തിന്റെ മനസ്‌സ് നമുക്ക് കാണിച്ചു തന്ന രചനയാണ് രണ്ടാമൂഴം.
രണ്ടാംമൂഴം ഒരു വ്യക്തിയുടെ മാത്രം കഥയല്ല, ഒരു കുടുംബത്തിന്റെ കഥയാണ്. കുടുംബഛിദ്രത്തിന്റെയും ചേരിപ്പോരിന്റെയും വ്യക്തമായ ചിത്രം നമുക്കതിലൂടെ മനസ്‌സിലാക്കാം. വലിയ ശരീരത്തിനുള്ളില്‍ വലിയ മനസ്‌സുള്ള ഭീമന്‍ നമുക്കൊരു കഥ പറഞ്ഞു തരികയാണ്. കേട്ടു ശീലിച്ച പഴങ്കഥകളില്‍ നിന്ന് വ്യതിചലിച്ച് നാം ആ മനസ്‌സിന്റെ കൂടെ ഒരു യാത്ര പോയി. ഇടയ്‌ക്കെപ്പോഴോ മനസ്‌സിലെ ചില്ലുക്കൂട്ടില്‍ സൂക്ഷിച്ച വിഗ്രഹങ്ങള്‍ ഉടഞ്ഞു വീണു. വ്യാസന്‍ മറന്നു പോയ എന്തൊക്കെയോയുണ്ടെന്ന് നമുക്ക് തോന്നി. അത്തരം ചില തോന്നലുകള്‍ക്കപ്പുറത്തു നിന്ന് വൃകോദരന്‍ എന്ന പേരിനാല്‍ പരിഹസിക്കപ്പെട്ട ഭീമസേനന്‍ നമുക്കൊപ്പം നടന്ന് ആ കഥ പറഞ്ഞു; യാത്രകളുടെ, സ്വയംവരത്തിന്റെ, മത്സരങ്ങളുടെ, പ്രണയത്തിന്റെ, ദു:ഖത്തിന്റെ, വിരഹത്തിന്റെ, ശാപത്തിന്റെ, മരണത്തിന്റെ, തന്ത്രങ്ങളുടെ, കൊലകളുടെ, യുദ്ധത്തിന്റെ കഥ.
മഹാഭാരത്തിന്റെ അന്ത്യത്തില്‍ നിന്നാണ് രണ്ടാമൂഴം ആരംഭിക്കുന്നത്. മഹാപ്രസ്ഥാനയാത്രത്തില്‍ വീണുപോകുന്ന ദ്രൗപദിക്കരികില്‍ യാത്രാനിയമങ്ങള്‍ മറന്ന് തിരിഞ്ഞു നില്‍ക്കുന്ന ഭീമസേനന്റെ മനസ്‌സിലുടെ കഴിഞ്ഞകാലം കടന്നു പോയി. പാണ്ഡവരുടെ ജീവിതം എന്നും യാത്രയായിരുന്നു. ശതശൃംഗത്തില്‍ നിന്ന് ഹസ്തിനപുരിയിലേക്ക് യാത്ര, അവിടെ നിന്ന് അരക്കില്ലത്തിലേക്ക് പിന്നെ മരണത്തില്‍ നിന്ന് ജീവിതത്തിലേക്കുള്ള യാത്ര കാട്ടിലേക്ക് അവിടെ നിന്നും ഇന്ദ്രപ്രസ്ഥത്തിലേക്ക് പിന്നെയും കാട് ഒടുവില്‍ കഷ്ടപ്പെട്ടു നേടിയതൊക്കെ ഉപേക്ഷിച്ച് മുക്തിയിലേക്കുള്ള യാത്ര.
കൊടുങ്കാറ്റുകളുടെ ദേവനായ പിതാവിനെ സ്വപ്നം കണ്ട് വളര്‍ന്ന ബാല്യമായിരുന്നു ഭീമന്റേത്. എന്നാല്‍ ഭീമന്റെ കരുത്തിനെ കൊട്ടാരക്കെട്ടുകള്‍ വരെ ഭയപ്പെട്ടിരുന്നു. എന്നാലും ഭീമന്‍ എപ്പോഴും രണ്ടാമനായി തഴയപ്പെട്ടിരുന്നു. ആ ശക്തിയെ അഭിനന്ദിച്ചിരുന്ന അപൂര്‍വ്വം ചിലരെയുണ്ടായിരുന്നുള്ളൂ, സാത്യകിയെയും ധൃഷ്ടദ്യുമനനെയും പോലുള്ളവര്‍.
ഭീമന്റെ കരുത്ത് ഭാവിയില്‍ തങ്ങള്‍ക്ക് അപകടമായേക്കുമെന്ന് കരുതിയാണ് പ്രമാണകോടിയില്‍ വച്ച് ഭീമസേനനെ കൗരവര്‍ കൊല്ലാന്‍ ശ്രമിച്ചത്. എന്നാല്‍ ആ അനുഭവം നല്കിയ പാഠം ഭീമന്‍ ജീവിതം മുഴുവന്‍ കാത്തു സൂക്ഷിച്ചു; 'ശത്രുവിനോട് ദയ അരുത്'. ദ്രൗപദിയെ പങ്കുവയ്ക്കാനുള്ള അമ്മയുടെ തീരുമാനത്തെ ഏറ്റവുമധികം എതിര്‍ത്തത് ഭീമനായിരുന്നു. എന്നാല്‍ ദ്രൗപദിയെ ഏറ്റവും അധികം സ്‌നേഹിച്ചതും ഇതേ ഭീമന്‍ തന്നെ.
എങ്കിലും ആ ശരീരത്തെയും മനസ്‌സിനെയും ഏറെ തൃപ്തിപ്പെടുത്തിയത് കാമത്തിന്റെ കറുത്ത തീപ്പൊരികള്‍ കെടാതെ സൂക്ഷിച്ച കാട്ടാളപെണ്ണ് ഹിഡിംബിയായിരുന്നു. അതിന്റെ കാരണം ഭീമന്‍ തിരിച്ചറിഞ്ഞത് വര്‍ഷങ്ങള്‍ക്ക് ശേഷമായിരുന്നു. അത് ഭീമന്റെ പിറവിയുമായി, പാണ്ഡവരുടെ ജന്മരഹസ്യവുമായി ഇഴ ചേര്‍ന്നതാണ് എന്ന് സ്ഥാപിക്കാന്‍ എം ടി കാട്ടിയ കൃതഹസ്തത ആരും അതിശയിക്കുന്ന തരത്തിലാണ്. കൊടുംകാട്ടില്‍ നിന്ന് ചങ്ങലയഴിഞ്ഞ ചണ്ഡമാരുതനെപ്പോലെ വന്ന കാട്ടാളനു പിറന്ന ഭീമന്‍ അങ്ങനെ ചിന്തിച്ചില്ലെങ്കിലല്ലേ അതിശയമുള്ളൂ. കൊലയും യുദ്ധവും എന്നും ഹരമായിരുന്ന ദ്രൗപദി, കണ്ടു ശീലിച്ച സ്ത്രീ കഥാപാത്രങ്ങളില്‍ നിന്ന് വിഭിന്നയാണ്.
ലോകം ഇതു വരെ കണ്ടിട്ടില്ലാത്തത് എന്ന് പറയപ്പെടുന്ന കുരുക്ഷേത്രയുദ്ധം എത്ര മനോഹരമായാണ് രണ്ടാമൂഴത്തില്‍ വര്‍ണ്ണിച്ചിരിക്കുന്നത്. ജീര്‍ണ്ണവസ്ത്രങ്ങള്‍ മാറ്റുന്നത് പോലെയാണ് ആത്മാവ് ശരീരം ഉപേക്ഷിക്കുന്നതെന്ന് ഏവരെയും പഠിപ്പിച്ച കൃഷ്ണന് സ്വന്തം അനന്തരവന്‍ മരിച്ചത് സഹിക്കാനായില്ല എന്ന് കഥാകാരന്‍ തന്മയത്തോടെ പറഞ്ഞു. വെറുമൊരു മനുഷ്യനാണെന്ന് തോന്നുമ്പോഴെല്ലാം രക്തബന്ധങ്ങള്‍ ക്ഷത്രികരെ ദുര്‍ബലരാക്കരുതെന്ന് ഭീമന്‍ മനസ്‌സിനെ ഓര്‍മ്മിപ്പിച്ചു. യുദ്ധത്തില്‍ ദിവ്യാസ്ത്രങ്ങള്‍ വേണ്ടാത്ത വെറും കൈകരുത്ത് കൊണ്ട് ശത്രു സൈന്യത്തെ നേരിട്ട ഭീമന് ഒരിക്കലും നീതിധര്‍മ്മങ്ങളോ തത്വചിന്തകളോ വഴങ്ങിയിരുന്നില്ല.
ഘടോല്‍ക്കചന്റെ മരണം ഭീമന് വല്ലാത്ത ആഘാതമായിരുന്നു, അതിലുപരി ഘടോല്‍ക്കചനെ കര്‍ണ്ണന്റെ അരികിലേക്ക് മനപ്പൂര്‍വ്വം പറഞ്ഞുവിട്ടതാണെന്ന കൃഷ്ണന്റെ വാക്കുകള്‍ ഭീമനെ തളര്‍ത്തി. ഒരച്ഛനെ ഭീമനില്‍ കാണുന്നത് ഇവിടെ ആണ്.
ഒടുവില്‍ യുദ്ധം ജയിച്ചു കഴിഞ്ഞ് നിര്‍വേദം തോന്നിയ യുധിഷ്ഠിരന്‍, ഭീമന്‍ രാജാവാകട്ടെ എന്നു പറയുന്നു. എന്നാല്‍ ദ്രൗപദിയും കുന്തിയും ഇതിനെ എതിര്‍ക്കുന്നു. ഒരു നിമിഷം കൊണ്ട് ഭരിച്ച് സ്ഥാനം ഒഴിഞ്ഞ രാജാവിന്റെ അവസ്ഥ ഓര്‍ത്തപ്പോള്‍ ഭീമന് കണ്ണു നിറഞ്ഞു. എന്നാല്‍ മഹാബലര്‍ കരയാന്‍ പാടില്ല എന്ന് പറഞ്ഞ് ഭീമന്‍ ചിരിച്ചു.
ദ്രൗപദി മദ്ധ്യവയസിലും സുന്ദരിയാണെന്ന് തോന്നുന്ന താന്‍ ജിതേന്ദ്രിയനല്ലെന്ന തിരിച്ചറിവില്‍ ഭീമന്‍ മോക്ഷം ഉപേക്ഷിച്ച് തന്റെ തട്ടകമായ കാട്ടിലേക്ക് തിരിച്ചു പോകുന്നിടത്ത് രണ്ടാമൂഴം സമാപിക്കുന്നു.
ഒരു പാട് ബിംബങ്ങള്‍ നിറഞ്ഞ ഒരു രചനയാണ് രണ്ടാമൂഴം. കാടു അതിലൊന്നാണ്. കാറ്റിന്റെ പുത്രനല്ല കാട്ടാളന്റെ പുത്രനാണ് താന്‍ എന്നറിയുന്ന സമയം. ഭീമന്റെ ശരീരവും കരുത്തും, ഒരു കാട്ടാളയുവതിയോടുള്ള പ്രണയം അതില്‍ ജനിക്കുന്ന നിശാചരനായ ഘടോല്‍ഖജന്‍, ഭീമന്റെ യുദ്ധത്തിലെ വന്യത, എല്ലാത്തിനും പിറകില്‍ ആ കാടുണ്ട്. അതില്‍ നിന്നും ഇറങ്ങിവന്നു ജന്മം തന്ന കാട്ടാളന്റെ ചിത്രമുണ്ട്.
എം ടിയുടെ മറ്റു പല കൃതികളെയും ചേര്‍ത്തു വായിക്കാം ഇതിലൂടെ. അവഗണനപേറുന്ന അന്തര്‍ മുഖന്മാരായ മരുമക്കത്തായത്തില്‍ തറവാടിന്റെ അകത്തളങ്ങളില്‍ ശബ്ദം അടക്കി പിടിച്ചു വളര്‍ന്ന നായര്‍ തറവാട്ടിലെ ബാല്യം ഇവിടെ കാണാം. 'ഒരു പിറന്നാളിന്റെ ഓര്‍മയ്ക്ക്' എന്ന കഥയിലെ കുട്ടിയുടെ മാനസികാവസ്ഥ ഭീമനിലും കാണാം.
ഭീമന്‍ അനുഭവിക്കുന്ന ഭാവം അന്യവല്‍ക്കരണം {alienation} ആണ് . ഭാവാത്മകഥയുടെ അതിപ്രസരത്തില്‍ മനസ്സിനെ വിജ്ര്യംഭിപ്പിക്കാതെ സ്വന്തം കഥ പറയുന്ന ഭീമന്‍ ലാഘവത്തോടെ നമ്മെ നേരിടുന്നു . അവഗണനയുടെ വേദന അനുഭവിക്കുമ്പോള്‍, അപമാനത്തിന്റെ നീര്‍ച്ചുഴിയില്‍പെട്ടുഴലുംപോള്‍, അനാഥത്വത്തിന്റെ ബോധം മനസ്സിനെ വീര്‍പ്പുമുട്ടിക്കുമ്പോള്‍, ഏവര്‍ക്കും അപരിചിതനായ ആ മനുഷ്യന്റെ ഉള്ളു നിറയെ അപകര്‍ഷതബോധമായിരുന്നു. ആഡാലറിന്റെ അപകര്‍ഷതാബോധം {Inferiority Complex}എന്ന തത്വം ഏറെ യോജിക്കുന്നത് ഭീമനാണ്. സ്വന്തം ശക്തി കൊണ്ട് എല്ലാവരെയും അതിശയിപ്പിച്ചിരുന്ന ഭീമന്‍ തനിക്ക് ആരില്‍നിന്നും വേണ്ടത്ര പരിഗണന കിട്ടുന്നില്ല എന്ന് ഓര്‍ത്ത് ദുഖിച്ചിരുന്നു. വായുപുത്രന്‍ എന്ന് അഹങ്കരിച്ചിരുന്നവന്‍ കാട്ടാളന്റെ മകനാണെന്ന് അറിഞ്ഞ നിമിഷം ഭീമസേനന്റെ "അച്ഛന്‍" എന്ന മഹനീയസങ്കല്പം ഇടിഞ്ഞുവീണു.
അത് പോലെ 'കാല'ത്തിലെ പ്രാപ്തിക്കാരിയായ അമ്മ ഇവിടെ കുന്തിയില്‍ അലിഞ്ഞു ചേര്‍ന്നിരിക്കുന്നു. വടക്കന്‍ വീരഗാഥയിലെ ഉണ്ണിയാര്‍ച്ച എവിടെയോ ദ്രൌപതിയില്‍ ഉണ്ടെന്നു തോന്നും .യുങ്ങിന്റെ {Carl G Jung) അമ്മ സങ്കലപം ഉള്‍പ്പെടുന്ന ഒരു തത്വമാണ് ആദിപ്രരൂപം (archetype ).എം.ടി.യുടെ അമ്മ കഥാപാത്രങ്ങളെല്ലാം തന്നെ ഏകദേശം ഒരുപോലെയുള്ളവര്‍ ആണ്.ഭര്‍ത്തൃനഷ്ടത്തില്‍ പുത്രന്മാരെ വളര്‍ത്തുന്ന അമ്മമ്മാര്‍ വ്യത്യസ്തമായ വ്യക്തിത്വത്തിന് ഉടമയായവരാണ്. പലപ്പോഴും സ്വന്തം മക്കള്‍ക്കുപോലും അമ്മയുടെ മനസ്സ് തിരിച്ചറിയാനാകാതെ വരുന്നതായി നമുക്ക് കാണാം. അത് കൊണ്ടാണ് ഭീമസേനന്‍ പറഞ്ഞു, "നിങ്ങള്‍ കണ്ടില്ല, ഈ സ്ത്രീയെ എന്റെ അമ്മയെ.."
സ്നേഹത്തിന് അനേകായിരം വ്യത്യസ്തമുഖങ്ങളുണ്ട്. ഇഷ്ടത്തിന്റെ, സ്നേഹത്തിന്റെ, അനുരാഗത്തിന്റെ,കാമത്തിന്റെ വിഭിന്ന മുഖങ്ങള്‍ നമുക്ക് എം. ടി. കൃതികളില്‍ കാണാം.മനശാസ്ത്രജഞനായ ലീ {Lee ,1976} അഭിപ്രായപ്രകാരം സ്നേഹത്തിന് ആറ് {6 }വര്‍ണ്ണങ്ങളുണ്ട് . ഫ്രോയിഡിന്റെ അഭിപ്രായപ്രകാരം പാമ്പും പുഴയും രതി കല്പനകളാണ്.ബലന്ധരയെയും ദ്രൌപതിയും വിവാഹം കഴിച്ചപ്പോഴും കാമത്തിന്റെ കറുത്ത തീപ്പൊരികള്‍ കെടാതെ സുക്ഷിച്ച ഹിഡിംബി ആയിരുന്നു ഭീമന്റെ മനസ്സില്‍ എന്നും. അതിനിടയില്‍ സ്വാര്‍ത്ഥതയുടെ അനുരണനങ്ങള്‍ തന്റെ ഉള്ളിലെന്നുമുണ്ടായിരുന്നു എന്ന് ഭീമന്‍ സ്വയം തിരിച്ചറിയുന്നുണ്ട്.
ബൃഹത്തായ പഠനത്തിന്റെ പിന്‍ബലത്തോടെ ഭീമന്റെ മനസിലൂടെ ഉള്ള ഇത്തരം ഒരു യാത്ര എം ടിക്ക് മാത്രം കഴിയുന്നതാണ്. അത് കൊണ്ട് തന്നെയാണ് രണ്ടാമൂഴം മലയാള നോവലിലെ ക്ലാസിക്കുകളില്‍ ഒന്നായി മാറിയതും.
(c) അഞ്ജു നായര്‍
Blog: http://chambalkoona.blogspot.com/
വായിച്ചിട്ടുണ്ട്....നല്ല കൃതിയാണ്. മാസ്റ്റർ പീസ് എന്നൊന്നും തോന്നിയില്ല. വാരണസിയാണ് ഏറെ ഇഷ്ടം
ReplyDelete:-)
ഉപാസന
നല്ല എഴുത്ത്.
ReplyDeleteരണ്ടാമൂഴംവായനക്കിടയില്‍ നമ്മുടെ മനസ്സില്‍
ഒരു നിറം മാറ്റം സംഭവിക്കുന്നുണ്ട്.
എത്ര വായിച്ചാലും വീണ്ടും വായിക്കാന്‍ തോന്നുന്ന
പുസ്തകം.