വായനക്കൊരിടം !!!

എഴുത്തുകാരെപ്പറ്റി,പുസ്തകങ്ങളെക്കുറിച്ച്, സാഹിത്യവുമായി ബന്ധപ്പെട്ട ലഘുകുറിപ്പുകള്‍ ആണ് വായനാമുറിയില്‍ ഉള്‍പെടുത്തുന്നത്‌. നിങ്ങള്‍ക്കും ഇതില്‍ പങ്കുചേരാം. നിങ്ങളുടെ ഇമെയില്‍, ബ്ലോഗ്‌ അഡ്രെസ്സ് എന്നിവയും മറ്റു വിവരങ്ങളും vaayanamuri@gmail.com എന്ന വിലാസത്തിലേക്ക് അയച്ചു തരു. വിജ്ഞാന സംബന്ധിയായ കുറിപ്പുകളായാതുകൊണ്ട് വിവരങ്ങളുടെ ആധികാരികത ഉറപ്പുവരുത്തിയതിനു ശേഷമേ പോസ്റ്റ്‌ ചെയ്യാവൂ. വിവാദങ്ങള്‍ക്കും വാഗ്വാദങ്ങള്‍ക്കും അപ്പുറത്ത് അറിവ് പങ്കുവെക്കല്‍ എന്ന ഒരേ ഒരു ലക്ഷ്യമാണ്‌ ഈ ശ്രമത്തിനു പിന്നില്‍ എന്നു ഇവിടെ വ്യക്തമാക്കട്ടെ.







Wednesday, October 30, 2013

കഥയിലെ പെണ്‍മൊഴികള്‍

കഥയെന്നാല്‍ എന്താണ് ?
എങ്ങിനെയാണ് ഒരു കഥ പറയേണ്ടത് ?

ആരുടെ പക്ഷത്ത് നിന്നാണത് പറയേണ്ടത് ?
ഏതു മനുഷ്യരുടെ ഭാഷയിലാണത് പറയേണ്ടത്‌ ?
എഴുത്തിന് ലിംഗഭേതമുണ്ടോ ?
ആണെഴെത്തും പെണ്ണെഴുത്തും എന്ന വര്‍ഗ്ഗീകരണം ആവിശ്യമാണോ ?
ആത്മവിശ്വാസം ഉള്ളൊരു എഴുത്തുകാരന്‍ പോലും പലതവണ തന്നോടുതന്നെ ഈ ചോദ്യങ്ങള്‍ ചോദിച്ചിട്ടുണ്ടാവും . ഒരെഴുത്തുകാരന്‍ സ്വയം തിരഞ്ഞെടുക്കേണ്ട  നിലപാടുകളാണിവയൊക്കെ എന്നാണെന്റെ കാഴ്ച്ചപ്പാട് . ഭാഷകൊണ്ടും , ആവിഷ്കാരം കൊണ്ടും , പ്രമേയസവിശേഷതകൊണ്ടുമാണ് ഒരു കഥ വായനക്കാരനെ സ്വാധീനിക്കേണ്ടത് .


ഇങ്ങിനെയൊക്കെ ആണെങ്കിലും എഴുത്തുകാരികളോട് സമൂഹം വെച്ചു പുലര്‍ത്തുന്ന സമീപനത്തിലെ വൈരുദ്ധ്യം ഈ ഘട്ടത്തില്‍ പറയാതെ വയ്യ .സ്ത്രീയെ നിര്‍വചിക്കാനുള്ള ഏതു ശ്രമവും ആരംഭിക്കേണ്ടത് ലൈംഗികാനുഭൂതികളുടെ അന്തരത്തില്‍ നിന്നാണെന്ന് 'ഫ്രോയിഡ്'  ഒരു ലേഖനത്തില്‍ പറയുന്നുണ്ട് . പക്ഷേ ഇന്നും രതിമൂര്‍ച്ഛയും , ലൈംഗികാനുഭൂതിയും സ്ത്രീയുടെ ഭാഷയ്ക്ക്‌ പുറത്താണ് . പുരുഷന്റെ കാമപ്രകടനത്തെ ' പുരുഷത്വത്തിന്റെ' പ്രതീകമാക്കുമ്പോള്‍ അതിനെ കുറിച്ച് സ്ത്രീ എഴുതുന്നതോ , അഭിപ്രായപ്രകടനം നടത്തുന്നതോ അവളുടെ ചാപല്യമോ ,  അടക്കമില്ലായ്മയോ ആയി  വിമര്‍ശിക്കപ്പെടുന്നു . നൂറ്റാണ്ടുകളുടെ പഴക്കമുള്ള ഒരു പാരമ്പര്യത്തെക്കുറിച്ചും അതുണ്ടാക്കിവെച്ചിട്ടുള്ള അരുതായ്മകളെയും  മറികടന്നുകൊണ്ട് ജീവിതത്തില്‍ തങ്ങളില്‍ അടിച്ചേല്‍പ്പിക്കപ്പെടുന്ന മൌനത്തെ ഭേതിക്കുവാന്‍ പലപ്പോഴും എഴുത്തുകാരികള്‍ക്ക് കഴിയാറില്ല (സരസ്വതി അമ്മ , മാധവിക്കുട്ടി എന്നീ അപൂര്‍വം ചിലരെ മറക്കുന്നില്ല ) .ലൈംഗികപരമായ കാഴ്ചപ്പാടാണ് ഇവിടെ നിര്‍ണായകമാകുന്നത്  .ആണ്‍കോയ്മയുടെ പ്രത്യയശാസ്ത്രത്തില്‍ നിന്നും മുക്തരായി ഭാഷയെ സ്വതന്ത്രമായുപയോഗിക്കാനുള്ള ആര്‍ജവം ഇന്ന് ചിലരെങ്കിലും കാണിക്കുന്നുണ്ട് എന്നത് ആശാവഹമാണ്  . മലയാളത്തില്‍ അത്തരത്തിലുള്ള ബോധപൂര്‍വമായ ശ്രമത്തിന്റെ ആരംഭം  ' സരസ്വതി അമ്മയ്ക്കും ' , 'രാജലക്ഷ്മിയ്ക്കും'  , ' മാധവിക്കുട്ടിക്കും'  ശേഷം -  'സിതാരയില്‍'  കാണാം .


അപൂര്‍വ്വങ്ങളും അസാധാരണങ്ങളും ആയ പ്രമേയങ്ങളും നിയന്ത്രണങ്ങളേതുമില്ലാത്ത കല്പനകളും കൊണ്ട് തിളങ്ങുന്നവയാണ് സിതാരയുടെ കഥകള്‍ .  ഇവിടെ സ്ത്രീയുടെ ഓരോ പ്രശ്നവും( പുരുഷന്റെ വഞ്ചനയും , സ്ത്രീയുടെ ദുരിതവും  ഉള്‍പെടുന്ന സ്ഥിരം കണ്ണീര്‍ സമവാക്യങ്ങള്‍ക്കുമപ്പുറമുള്ള പ്രമേയങ്ങള്‍ )  സാമൂഹിക പ്രശ്നത്തിന്റെ ഭാഗമെന്ന നിലയില്‍ തീവ്രമായി കടന്നു വരുന്നുണ്ട് . യാഥാര്‍ത്ഥ്യങ്ങളെ  സ്ത്രീപക്ഷത്തു നിന്നും കാണാനും വ്യഖ്യാനിക്കാനുമുള്ള   ശ്രമങ്ങള്‍ ബോധപൂര്‍വമല്ലെങ്കില്‍ കൂടി സിതാര നടത്തുന്നുണ്ട് . അതിനൊരു മികച്ച ഉദാഹരണമാണ് "അഗ്നിയും കഥകളും " എന്ന കഥാസമാഹാരം .  " സിതാരയുടെ മാസ്റ്റര്‍പീസ്‌ ആയ " അഗ്നി " ഉള്‍പ്പടെയുള്ള പന്ത്രണ്ടു കഥകളുടെ സമാഹാരം ആണിത് . പുരുഷമേധാവിത്തത്തിന്റെ പ്രത്യയ ശാസ്ത്രത്തോടാണ്  ഈ പുസ്തകത്തിലെ കഥകള്‍ മിക്കതും  കലഹിക്കുന്നത്  .



മലയാളത്തിലെ ഏറ്റവും മികച്ച കഥകളില്‍ ഒന്നാണ് സിതാരയുടെ "അഗ്നി". ഒരു പെണ്ണിന്റെ ശാരീരികാവിഷ്കാരത്തിനുമപ്പുറം  ആത്മാവിഷ്കാരംകൂടി നടപ്പില്‍ വരുത്തുന്ന കഥയാണിത് . ഇരയായ പെണ്‍കുട്ടികള്‍ക്ക്  ആത്മഹത്യ വിധിക്കുന്ന ഒരു ലോകത്തില്‍  സ്ത്രീ സമത്വത്തിന്റെതായ അന്വേഷണമാണ് സിതാര നടത്തുന്നത് .കണ്ടുശീലിച്ച വിധേയത്വം മാത്രമുള്ള ഇരകളില്‍ ഏറെ വ്യത്യസ്തമാണ് കഥയിലെ നായിക പ്രിയ .  ഈ കഥയില്‍ പ്രിയ എന്ന യുവതിയെ സഞ്ജീവ് എന്ന ടെലിഫോണ്‍ ബൂത്തുകാരനും , രവി എന്ന  വഷളാക്കപ്പെട്ട പ്രഭുകുമാരനും , മീശമുളയ്ക്കാത്ത ഒരു പയ്യനും ചേര്‍ന്ന് ബലാത്സംഗം ചെയ്യുന്നു. ഓരോ പുരുഷന്റെയും ശരീരത്തിനടിയില്‍ ഞെരിഞ്ഞമരുമ്പോള്‍ ഭീതിയും തകര്‍ച്ചയും  രോഷവും അപമാനവും  അതിനൊപ്പം  തന്നെ അവനുള്ളിലെ അഹന്തയും അവള്‍ക്ക്  തിരിച്ചറിയാന്‍ കഴിയുന്നുണ്ട്  (ഉദാ : ആണുങ്ങളോടു കളിച്ചാലെങ്ങിനെയിരിക്കുമെന്ന് നീയറിഞ്ഞു വരുന്നേയുള്ളൂ , രവിയുടെ പരിഹാസം ). കഥയിലെ നായിക പ്രിയ തനിക്കുണ്ടായ ദുരനുഭവത്തെ  ഇരയുടെ ദൈന്യതയ്ക്കു പകരം ലൈംഗികാനന്ദം ( അതു കൃത്രിമമായി നടിക്കുന്നതാണെങ്കില്‍ കൂടി)  എന്ന രീതിയിലേക്ക് മാറ്റിക്കൊണ്ട്  ജീവിതത്തിലേയ്ക്ക് യാതൊന്നും സംഭവിക്കാത്തത് പോലെ തിരിച്ചു വരുന്നു . അതുകൊണ്ട് തന്നെയാണ് " നീയൊട്ടും പോരായിരുന്നു , ഒരു സ്ത്രീയെ തൃപ്തിപ്പെടുത്താന്‍ നിനക്കാവില്ലയെന്നു സഞ്ജീവിനോട് അവള്‍ക്കു പറയാനാകുന്നത് . (ഇത്രയ്ക്കും   മാനസികമായ പക്വതയും സംയമനവും   യാഥാര്‍ത്ഥ്യജീവിതത്തില്‍ സാധ്യമോ ? ). ബലാത്സംഗം ഇത്രയും ലളിതമായ സംഗതിയാണെന്ന്  സിതാരയ്ക്കു മുമ്പ് മാധവിക്കുട്ടി പറഞ്ഞിരുന്നു. 'ഡെറ്റോളിട്ട് നന്നായൊന്നു കഴുകിയാല്‍ മതി' എന്നാണ് അവര്‍ പറഞ്ഞത് ( തകര്‍ക്കപ്പെടുന്ന ശരീരത്തിലെ ആന്തരികമായ മുറിവുകളെക്കുറിച്ച് അവര്‍ ചിന്തിച്ചില്ലേ ആവോ ) . ആസക്തി , അക്രമം , ലാഭേച്ഛ, എന്നിവയുടെ  സംയുക്തമാണ് കഥയിലെ പുരുഷകഥാപാത്രങ്ങള്‍ . അവരിലൂടെ അടിച്ചമര്‍ത്തപ്പെട്ട സ്ത്രീത്വത്തെ അവള്‍ വീണ്ടെടുക്കുന്നത് അവനിലെ പുരുഷനെ വിലകുറച്ചു കാണിച്ചുകൊണ്ടാണ് . ഒരു പുരുഷനെ തകര്‍ത്തു കളയാനുള്ള മാര്‍ഗ്ഗം അവന്റെ ആണത്തത്തെ , അതിലൂടെ അവന്‍ ഉയര്‍ത്തിപിടിച്ചിരിക്കുന്ന അഹന്തയുടെ താന്‍പോരിമയുടെ   മുനയൊടിക്കുക എന്നതാണ് ( പീഡനത്തിന് ശേഷമുള്ള അവളുടെ മൌനത്തെയും ഭ്രാന്തമായ വിസ്ഫോടനങ്ങളെയും അതിലൂടെ ഉയരുന്ന പരിഹാസത്തെയും  അവര്‍ ഒരുപോലെ ഭയപ്പെടുന്നു ).


ഇതൊരു ലൈംഗികകഥയല്ല. ഇവിടെ സദാചാരത്തിനുവേണ്ടി പ്രത്യക്ഷമായി വാദിക്കുന്നില്ല. വായനക്കാരന്റെ ചോര തിളപ്പിക്കുന്നതോ അയാളുടെ പുരുഷാധികാര മനോഭാവത്തെ വെല്ലുവിളിക്കുന്നതോ ആയ  പ്രസ്താവനകളൊന്നും കഥാകാരി നടത്തുന്നില്ല . സ്വന്തം ആഹ്ലാദത്തിനായി തനതായ യുക്തിയുപയോഗിച്ച് സന്തോഷം  നിറഞ്ഞൊരു ലോകം സൃഷ്ടിക്കുവാന്‍ ഇരകള്‍ക്കും അവകാശമുണ്ടെന്ന് മാത്രമാണവര്‍ പറഞ്ഞു വെയ്ക്കുന്നത്  . പലരീതികളില്‍ വായിച്ചെടുക്കാവുന്ന കഥയാണ് അഗ്നി . സ്ത്രീവിമോചനത്തിന്റെ കാഴ്ചപ്പാടില്‍ നിന്നും വായിച്ചെടുത്താല്‍ , സ്ത്രീത്വത്തോട് ആണ്‍കോയ്മ സമൂഹം പുലര്‍ത്തുന്ന സമീപനത്തിലെ വൈരുദ്ധ്യം വെളിച്ചത്തുകൊണ്ടുവരുന്ന കഥയാണിത് . പുരുഷാധിപത്യ സമൂഹത്തില്‍ പെണ്ണായി പിറന്നതിന്റെ വേദനയ്ക്ക് അപ്പുറം പ്രതികരിക്കാന്‍ അറിയുന്ന , ധൈര്യമുള്ള ശക്തയായ കഥാപാത്രമാണ് പ്രിയ . അതുകൊണ്ട് തന്നെയാണ് അഗ്നിയെ പോലെ അവളെന്നും ജ്വലിച്ചു നില്‍ക്കുന്നത് .


'അഗ്നി'യില്‍ നിന്നും ഏറെ വ്യത്യസ്തമാണ്  ' സാല്‍വദോര്‍ ദാലി " ,എന്ന കഥ . ജീവിതത്തിന്റെ അതിസങ്കീർണ ഭാവങ്ങളെ രചനകളിലാവാഹിച്ച സാല്‍വദോര്‍ ദാലിയെ  അടിമുടി അനുകരിക്കാന്‍ ശ്രമിക്കുന്ന വില്യംസ് എന്ന ചിത്രകാരന്റെയും അദ്ധേഹത്തിന്റെ ഭാര്യയായ ലളിതയുടെയും കഥയാണ് സാല്‍വദോര്‍ ദാലി . പൊള്ളയായ ഒരാചാരമായി മാറിക്കൊണ്ടിരിക്കുന്ന ദാമ്പത്യജീവിതത്തിന്റെ ചിട്ടകളില്‍നിന്ന് മോചനമാഗ്രഹിക്കുന്ന വീട്ടമ്മയായ ലളിതയും , മനോരാജ്യം കാണാന്‍ പ്രേരിപ്പിക്കുന്ന ചുറ്റുപാടുകളില്‍ എത്തിപ്പെട്ട വില്യംസും തമ്മിലുള്ള  ജീവിതം വരച്ചുകാട്ടാനുള്ള ഉചിതമായ പശ്ചാത്തലമൊരുക്കുകയാണ്    കലാകൌതുകം പടര്‍ന്നേറി ജീവിതം വിപ്ലവകരമാക്കിയ ദാലിയെ ഉപയോഗിച്ചുകൊണ്ട്  . ഇവയിലൂടെ പൊരുത്തമില്ലാത്ത ഇണകളുടെ ചിത്രം രൂപപ്പെടുന്നു .   സ്വപ്നത്തിന്റെ മറുപുറമായ യാഥാര്‍ത്ഥ്യം - ( വില്യംസ് തിരിച്ചറിയാതെ പോകുന്നതതാണ് ) സ്ത്രീ ജന്മത്തിന്റെ നൈഷ്ഫല്യം (ഭര്‍ത്താവ് മറ്റൊരു പുരുഷനെ പങ്കാളിയാക്കാന്‍ കാണിക്കുന്ന ത്വര )  , പ്രത്യാശയുടെ അര്‍ത്ഥശൂന്യത , കാരുണ്യത്തിന്റെ നഷ്ടം എന്നിവയെല്ലാം കഥയില്‍ തെളിയുന്നു . സ്നേഹം നിഷേധിക്കപ്പെട്ട ഓരോ ഭാര്യയും , ഏകാന്തതയുടെ തുരുത്തുകളാണ്‌ . ബന്ധനങ്ങള്‍ തകര്‍ത്ത്  ആഗ്രഹങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ കഴിയാത്തതുകൊണ്ട് ലളിത  ഭര്‍ത്താവിനൊപ്പം ശിഥിലമായ ദാമ്പത്യബന്ധവും പേറി ജീവിതം മുന്നോട്ട് കൊണ്ട് പോകുന്നു. ഇന്ന് നിലനില്‍കുന്ന ആദര്‍ശദാമ്പത്യനാടകങ്ങള്‍ക്ക് നേരെയുള്ള ഒളിയമ്പാണ്  ഈ കഥ . സ്വന്തം ജീവിതം പരിശോധിക്കാന്‍ വായനക്കാരെ കൂടി ഈ കഥ പ്രേരിപ്പിക്കുന്നില്ലേ ?



ജീവിക്കുന്ന കാലത്തിന്റെ സംഭവങ്ങളെയും പ്രശ്നങ്ങളെയും കൃത്യമായി ആവിഷ്കരിക്കാന്‍ സിതാര ശ്രമിക്കുന്നുണ്ട്  . ജീവിക്കുന്ന കാലത്തെ അടയാളപ്പെടുത്തല്‍ എളുപ്പപ്പണിയല്ല, വളരെ വലിയ നിരീക്ഷണബുദ്ധി അതിനാവശ്യമാണ് . സിതാരയ്ക്ക് അതിനു കഴിയുന്നുണ്ട് എന്നതിന്റെ തെളിവാണ്  കഥയോട് പൂര്‍ണ നീതിപുലര്‍ത്തിയ പാത്രചിത്രീകരണവുമായെത്തിയ  " ഏകാന്തസഞ്ചാരങ്ങള്‍ " . സ്ത്രീപക്ഷത്തെതന്നെ സൂക്ഷ്മമായി സംവാദാത്മകമാക്കാന്‍ പ്രാപ്തിയുള്ളതു കൊണ്ടാവാം സിതാരയുടെ മികച്ച കഥകളില്‍ ഒന്നിതാവുന്നത് . വീട്ടില്‍ നിന്നും തല്ലും കൂടി ഇറങ്ങിയൊരു  പെണ്‍കുട്ടി ( അവളൊരു സ്വപ്നാടകയാണ് ) , വൈകുന്നേരം വീട്ടില്‍ നിന്നിറങ്ങി ഒരു ലക്ഷ്യവുമില്ലാതെ  ഓട്ടോയില്‍ പലയിടങ്ങളിലേക്കായി യാത്രചെയ്യുന്നു ( വിരസതയില്‍ നിന്നുള്ള രക്ഷപ്പെടല്‍ ) , ചുറ്റുമുള്ള കണ്ണുകളെ നേരിട്ടുകൊണ്ട്  ബസ്റ്റാന്റില്‍ ഒറ്റയ്ക്ക് നില്‍ക്കുന്നു , പിന്നെ രാത്രി, വീട്ടിലേക്ക് തിരികെ പോകാന്‍ തുടങ്ങുന്നു ( ഇറങ്ങി പോകാനും തിരിച്ചുവരാനുമുള്ള സ്വാതന്ത്ര്യം അവള്‍ക്കുണ്ടെന്നു ഉറക്കെ പ്രഖ്യാപിച്ചുകൊണ്ട്  ).  ഈ കഥയില്‍ നിരവധി  പ്രതീകങ്ങള്‍ സിതാര ഉപയോഗിച്ചിടുണ്ട് ( ഉദാ :  സ്ത്രീകള്‍ എന്നും  സ്വകാര്യ രഹസ്യമായി കൊണ്ട് നടക്കുന്ന സാനിറ്ററി പേഡുകള്‍ ) . പാരതന്ത്രമായ ലോകത്തില്‍ സ്വാതന്ത്ര്യത്തിനായുള്ള സ്ത്രീയുടെ അന്വേഷണമാവാം ഇതുകൊണ്ട് കഥാകാരി ഉദ്ദേശിച്ചത് . ഒരുസായാഹ്നയാത്ര ചിത്രീകരിച്ചുകൊണ്ട്  അവളുടെ മാനസിക വികാരവിചാരങ്ങളെ  എത്ര തന്മയത്വത്തോടെയാണ് കഥാകാരി വരച്ചിടുന്നത് . സൂക്ഷ്മമായ നിരീക്ഷണ ബുദ്ധിയുടെ പിന്‍ബലം ഇല്ലാതെ അതൊരിക്കലും സാധ്യമാകില്ല .


ചൂഷണവിധേയത്വത്തിന്റെ ഇരയായ മാരന്റെ കഥപറയുന്ന " മണ്ണ് " , സന്യാസത്തെ പൂര്‍ണമായും ഉള്‍കൊള്ളാന്‍ കഴിയാതെ വലയുന്ന അച്ഛന്റെ(ഫാദര്‍) കഥ പറഞ്ഞ " ചതുപ്പ് ",  രമണന്റെയും  ചന്ദ്രികയുടെയും ന്യൂ ജെനറേഷന്‍ പ്രണയം  പറഞ്ഞ " പ്രണയ ചന്ദ്രിക " , അസൂയ നിറഞ്ഞ സൌഹൃതമൊരു വിഷം ചീറ്റുന്ന പാമ്പാണെന്നോര്‍മ്മിപ്പിച്ച " വിഷനിഴല്‍ " , സ്വവര്‍ഗപ്രണയത്തിന്റെ വ്യത്യസ്ത മുഖവുമായെത്തിയ " സ്പര്‍ശം " , കഥാകാരിയായ ചാരുവിന്റെ വികാര വിചാരങ്ങള്‍ പങ്കുവെച്ച " ചാരുവിന്റെ കഥ " , എന്നിവയെല്ലാം തന്നെ ഈ പുസ്തകത്തിലെ  മികച്ച കഥകളാണ് .


സൂക്ഷ്മവായനയില്‍  പ്രകടമാകുന്ന  ചില കുറവുകള്‍ കൂടി  പറയേണ്ടതുണ്ട്  . മിക്കവാറും കഥാഭാഗങ്ങളിലെല്ലാം പൊതുവായി ആവര്‍ത്തിച്ചു വരുന്നത് കഥാപാത്രങ്ങളുടെ വിരസതയാണ് (പ്രമേയപരമായ പോരായ്മ ) .അതിലൂടെയാണ് മിക്കകഥകളുടേയും ഗതി  വികസിക്കുന്നത് . കൂടാതെ ഒട്ടുമിക്ക കഥകളിലും   ലൈംഗികതയുടെ പലനിറങ്ങള്‍ , മുഖങ്ങള്‍ , പ്രതീകങ്ങള്‍ , ഭാവങ്ങള്‍ എല്ലാം കടന്നു വരുന്നുണ്ട്  . ചിലപ്പോഴൊക്കെ കഥയ്ക്കുള്ളില്‍ പ്രകടമാവുന്ന തീവ്രവികാരം അതിന്റെ ചിന്ഹത്തെ കണ്ടെത്താതെ തന്നെ സ്ത്രീഭാഷയില്‍ നിറഞ്ഞു നില്‍ക്കുന്നത് മൂലം  രചനാപരമായ ഒരപൂര്‍ണത മുഴച്ചു നില്‍ക്കുന്നുണ്ട്  .   എങ്കിലും ചിലകഥകളില്‍ പൂരിപ്പിക്കാതെ വിടുന്ന  വാക്കുകളിലെ മൌനം അര്‍ഥം കൊണ്ട് നിറയുന്നതും അതിനൊരു മറുപാഠം ഉയര്‍ന്നു വരുന്നതു കാണാനും പുതിയ തലങ്ങളിലൂടെ  വായിക്കാനും കഴിയുന്നുമുണ്ട്. അതിതുവരെ അനുഭവിച്ചിട്ടില്ലാത്ത വ്യത്യസ്തമായൊരു  വായനാനുഭവവുമാണ് .വേറിട്ടൊരു ശൈലിയും ഭാഷയും ചിന്തകളുമായി മലയാള ചെറുകഥാലോകത്തു തന്റേതായൊരിടം സിതാര സ്വന്തമാക്കിയിടുണ്ട് . എങ്കില്‍കൂടി പെണ്ണെഴുത്ത് എന്ന ചട്ടക്കൂടില്‍ ഒതുങ്ങി  വേറിട്ട്‌ നിര്‍ത്തേണ്ടാത്ത സിതാരയുടെ   മനോഹരകഥകള്‍ക്കായി നമുക്ക് ഇനി കാത്തിരിയ്ക്കാം .  



7 comments:

  1. സിതാരയുടെ അഗ്നി വായിച്ചിട്ടുണ്ട്. മറ്റ് കഥകൾ വായിച്ചതായി ഓർക്കുന്നില്ല.... എഴുത്തിലെ ലിംഗവിവേചനങ്ങളോട് യോജിപ്പില്ലെങ്കിലും, പുരുഷനേയും, സ്ത്രീയേയും വ്യത്യസ്ഥമാക്കുന്ന ശാരീരികവും മാനസികവുമായ യാഥാർത്ഥ്യങ്ങളെ അവഗണിക്കാനാവില്ല. സ്ത്രീക്കു മാത്രം എഴുതാനാവുന്ന ഒരു കഥയാണ് അഗ്നി എന്നു തോന്നിയിട്ടുണ്ട്. ഒരു സ്ത്രീയുടെ മനസിന്റെ നിഗൂഢതകളും, സ്പന്ദനങ്ങളും അറിയാത്ത ഒരാൾക്ക് അഗ്നിയിലെ പ്രിയയുടെ പ്രതികരണങ്ങൾ എഴുതാനാവില്ലതന്നെ - ആ രീതിയിൽ നോക്കുമ്പോൾ എഴുത്തിലും ചില ലിംഗഭേദങ്ങളുണ്ട് എന്നു വരുന്നു

    ഒരു കഥാകാരിയെ - അവരുടെ ചില കഥകളുടെ സൂക്ഷ്മനിരീക്ഷണത്തിലൂടെ അവതരിപ്പിക്കാനുള്ള ഈ ഉദ്യമത്തെ അഭിനന്ദിക്കാതെ വയ്യ.....

    ReplyDelete
  2. ഞാനും അഗ്നി വായിച്ചിട്ടുണ്ട്. ഇതിലെ മറ്റു കഥകള്‍ വായിച്ചിട്ടില്ല.
    ഈ നല്ല പോസ്റ്റിനു അഭിനന്ദനങ്ങള്‍

    ReplyDelete
  3. പരിചയപ്പെടുത്തലിന് നന്ദി

    ReplyDelete
  4. നല്ലൊരു വായനാവിശേഷം

    ReplyDelete
  5. ഒരു പുരുഷനെ തകര്‍ത്തു കളയാനുള്ള മാര്‍ഗ്ഗം അവന്റെ ആണത്തത്തെ , അതിലൂടെ അവന്‍ ഉയര്‍ത്തിപിടിച്ചിരിക്കുന്ന അഹന്തയുടെ താന്‍പോരിമയുടെ മുനയൊടിക്കുക എന്നതാണ്

    ഈ പരിചയപ്പെടുത്തലിനൊപ്പമുള്ള വിശകലനങ്ങൾ സൂപ്പർ..!

    ReplyDelete