വായനക്കൊരിടം !!!

എഴുത്തുകാരെപ്പറ്റി,പുസ്തകങ്ങളെക്കുറിച്ച്, സാഹിത്യവുമായി ബന്ധപ്പെട്ട ലഘുകുറിപ്പുകള്‍ ആണ് വായനാമുറിയില്‍ ഉള്‍പെടുത്തുന്നത്‌. നിങ്ങള്‍ക്കും ഇതില്‍ പങ്കുചേരാം. നിങ്ങളുടെ ഇമെയില്‍, ബ്ലോഗ്‌ അഡ്രെസ്സ് എന്നിവയും മറ്റു വിവരങ്ങളും vaayanamuri@gmail.com എന്ന വിലാസത്തിലേക്ക് അയച്ചു തരു. വിജ്ഞാന സംബന്ധിയായ കുറിപ്പുകളായാതുകൊണ്ട് വിവരങ്ങളുടെ ആധികാരികത ഉറപ്പുവരുത്തിയതിനു ശേഷമേ പോസ്റ്റ്‌ ചെയ്യാവൂ. വിവാദങ്ങള്‍ക്കും വാഗ്വാദങ്ങള്‍ക്കും അപ്പുറത്ത് അറിവ് പങ്കുവെക്കല്‍ എന്ന ഒരേ ഒരു ലക്ഷ്യമാണ്‌ ഈ ശ്രമത്തിനു പിന്നില്‍ എന്നു ഇവിടെ വ്യക്തമാക്കട്ടെ.







Wednesday, November 9, 2011

മഞ്ഞ വെയില്‍ മരണങ്ങള്‍



 ആടുജീവിതം പകര്‍ന്നു നല്‍കിയ നവ്യമായ വായനനുഭവത്തിനു ശേഷം ബെന്യാമിന്റെ അടുത്ത നോവലിനെ ഉറ്റു നോക്കിയിരുന്ന സാഹിത്യ കുതുകികളുടെ  മുന്നിലേക്ക്‌ ഉത്തരാധുനികമായ രചന സങ്കേതങ്ങള്‍ മുന്നോട്ടു വെച്ച് കടന്നു വരികയാണ് ബെന്യാമിന്‍ മഞ്ഞ വെയില്‍  മരണങ്ങളിലൂടെ.  വിജയ ഫോര്മുലകളെ പുനരാവരത്തിക്കാനുള്ള സ്ഥിരം ശ്രമങ്ങളില്‍ നിന്നും വിട്ടുമാറി ആട് ജീവിതത്തില്‍ നിന്നും അടി മുടി മാറിയൊരു കഥാ പാശ്ചാത്തലം ഒരുക്കി പുതിയ രീതിയില്‍ കഥ പറഞ്ഞു ഒരിക്കല്‍ കൂടി വായനക്കാരോട് ബെന്യാമിന്‍ നീതി പുലര്‍ത്തുന്നു.    
 വരണ്ട മരുക്കാട്ടില്‍ അകപെട്ട നജീബില്‍ നിന്നും ജല സമൃദ്ധമായ ഡീഗോ ഗാര്‍ഷ്യയിലെ അന്ത്രപ്പേരിലേക്ക് വലിയ ദൂരമുണ്ട്. നജീബിലൂറെ ഒരു മനുഷ്യാവസ്ഥയുടെ കഥപറയുമ്പോള്‍ മഞ്ഞവെയിലില്‍ ഭരണകൂടഭീകരത, അധികാരം നില നിര്‍ത്താനും പിടിച്ചെടുക്കാനും വേണ്ടിയുള്ള വലിയ കാന്‍വാസിലെ കളികള്‍ എന്നിവ ഒരു കുറ്റാന്വേഷണ നോവലെന്നപോലെ അവതരിപ്പിക്കുന്നു. 
ചരിത്രവും വര്‍ത്തമാനവും ഇഴചെര്‍ന്നുള്ള പുതുമയുള്ള ആഖ്യാന രീതി , പുതിയ കാലത്തെ സാങ്കേതിക വിദ്യകളെ ഉപയോഗപ്പെടുത്തിയുള്ള കഥ പറച്ചില്‍ , അവസാനം വരെ സസ്പെന്‍സ് നില നിര്‍ത്താനുള്ള ശ്രമം എന്നിവ മഞ്ഞ വെയിലിനെ വ്യത്യസ്തമാക്കുന്നുണ്ട് . ഡീഗോ ഗാര്‍ഷ്യ യിലെ അന്ത്രപ്പേര്‍ കുടുംബവും അവര്‍ ആ നാടിന്റെ ചരിത്രത്തില്‍ വഹിച്ച പങ്കും പറയുന്നതിനിടയില്‍ കേരളത്തിലെ ക്രിസ്തീയ ചരിത്രവും പരാമര്‍ശിക്കപ്പെടുന്നുണ്ട് . അധികാരം നില നിര്‍ത്തുന്നതിനു വേണ്ടി  നീതിയും നിയമത്തെയും സൌകര്യപ്രദമായി ഉപയോഗിച്ച് , നേരിനെ തമസ്ക്കരിച്ചു യുക്തിയെ വെള്ള പൂശി ഭരണ കൂടങ്ങള്‍ നടത്തുന്ന നാടകങ്ങളെ സമകാലിക സമൂഹത്തിലെ പല കാഴ്ചകളുമായി ചേര്‍ത്ത് വായിക്കാന്‍ കഴിയും .

കഥ പറച്ചിലില്‍ വളരെ അനായാസമായ ബെന്യാമിന്‍ ശൈലി ഒരിക്കല്‍ കൂടി ഇവിടെ വെളിവാക്കപെടുന്നു. പക്ഷെ കഥ പറയുന്ന രീതി, ഉള്ളടക്കം എന്നിവയില്‍ പലപ്പോഴും ഒരു ദാന്‍ ബ്രൌണ്‍ ചുവ അനുഭവപ്പെടുന്നുണ്ട്. 'മറിയം സേവ ' ,നൂറ്റാണ്ടുകളായി രഹസ്യങ്ങള്‍ സൂക്ഷിക്കുന്ന മത സംഘടനകള്‍ , മതവും രാഷ്ട്രീയവും ഇഴ ചേര്‍ന്നുള്ള രചനാ രീതി എന്നിവയിലൂടെ കടന്നു പോകുമ്പോള്‍  ഡാ വിഞ്ചി കോഡ് ഓര്‍മ്മയിലേക്ക് കയറി വരുന്നു. സമാനമായ രചന രീതികള്‍ ടി ഡി രാമകൃഷ്ണന്റെ ഫ്രാന്‍സിസ് ഇട്ടിക്കോരയിലും കാണാം . 
എഴുത്തിന്റെ പുതിയ സങ്കേതങ്ങളെ പരീക്ഷിക്കാന്‍ ബെന്യാമിന്‍ കാട്ടിയ ധൈര്യത്തെ അഭിനന്ദിക്കുന്നു. പാരിസ്ഥിതികവും ദാര്‍ശനികവുമായ വലിയൊരു വായനക്കുള്ള സാധ്യതയും ഈ പുസ്തകം അര്‍ഹിക്കുന്നുണ്ട്. അത്തരത്തിലുള്ള വായനയും വിലയിരുത്തലും ഉണ്ടാകേണ്ടതുണ്ട് . അതിനു ഈ കുഞ്ഞു പരിചയപ്പെടുത്തല്‍ ഉപകരിക്കുമെന്ന് കരുതട്ടെ.

16 comments:

  1. മനോഹരമായ പുസ്തകം തന്നെ മഞ്ഞവെയില്‍ മരണങ്ങള്‍. മിനീഷ് സൂചിപ്പിച്ചത് പോലെ ചിലയിടങ്ങളില്‍ ഫ്രാന്‍സിസ് ഇട്ടിക്കോരയുടേയും കഥ പറച്ചില്‍ ശൈലിയില്‍ ചിലപ്പോഴൊക്കെ അല്‍‌കാഫുറീന്‍: സംവാദങ്ങളുടെ പുസ്തകം എന്നിവ ഫീല്‍ ചെയ്യുന്നു. എന്നിരിക്കിലും മഞ്ഞവെയില്‍ മരണങ്ങളെ വായിക്കാതിരിക്കാന്‍ ആവില്ല തന്നെ.

    ReplyDelete
  2. അറിഞ്ഞു പുതിയ നോവലിനെ കുറിച്ച് .....വായിക്കണം എന്നുണ്ട് ..ശ്രമിക്കണം ..വിവരണം തന്നതിന് ഒരു പാട് നന്ദി എല്ലാ നന്മകളും നേരുന്നു ഈ കുഞ്ഞു മയില്‍പീലി .

    ReplyDelete
  3. പുസ്തകം വായിച്ചിട്ടില്ല. ഈ പരിചയപ്പെടുത്തൽ നന്നായി. അഭിനന്ദനങ്ങൾ.

    ReplyDelete
  4. ആടുജീവിതത്തിൽ നിന്നും വ്യത്യസ്തമായ ഒരു രചനാരീതിയാണ് ഇതിൽ സ്വീകരിച്ചിരിക്കുന്നത്. അതുകൊണ്ടുതന്നെ ആടുജീവിതം പോലെ പെട്ടെന്ന് വായിച്ചു പോകാനുമാവില്ല. ഒരുപാട് കഥാപാത്രങ്ങളും സ്ഥലപ്പേരുകളും മറ്റും ഒറ്റ ഇരിപ്പിനു വായിക്കാൻ തടസ്സം സൃഷ്ടിക്കുന്നുണ്ട്.
    ഇന്നിനോടൊപ്പം ചരിത്രവും മറ്റും പറയുന്നത് ഒരു ചരിത്രനോവലിന്റെ പ്രതീതി ഉണ്ടാക്കുന്നുണ്ട്.

    നന്ദി.

    ReplyDelete
  5. രസായി ട്ടൊ.....welcome to my blog
    nilaambari.blogspot.com
    if u like it plz follow and support me!

    ReplyDelete
  6. കഥ പറയുന്ന രീതി, ഉള്ളടക്കം എന്നിവയില്‍ പലപ്പോഴും ഒരു ഡാന്‍ ബ്രൌണ്‍ ചുവ അനുഭവപ്പെടുന്നുണ്ട് എന്ന നിരീക്ഷണം...
    ഉവ്വ്,എനിക്കും തോന്നി.
    എങ്കിലും മഞ്ഞ വെയില്‍ ഒരു അനുഭവമായി.

    ReplyDelete
  7. ഇത്തരം ഒരു പേജിനായി പലവട്ടം ഈ വെബ് ലോകത്തില്‍ പരതിയെങ്കിലും ഫലം പരാജയമായിരുന്നു എന്നാല്‍
    ഇന്നു ഞാന്‍ സന്തുഷ്ടനാണ് കാരണം ഇരിപ്പിടത്തില്‍ നിന്നും ഇവിടെ എത്താന്‍ കഴിഞ്ഞതില്‍. വായനയുടെ പുതുതും പഴയതുമായ ലോകത്തേക്ക് വായനക്കാരെ നയിക്കുന്നതില്‍ ഒരു പരിധി വരെ ഈ പേജ് സഹായിക്കും എന്നതിന് സംശയം ഇല്ല. ബന്യാമിനെ പരിജയപ്പെടുത്തിയതില്‍ നന്ദി, ആടുജീവിതം എവിടെ കിട്ടും? പുസ്തക പരിജയതോടൊപ്പം അതിന്റെ വില,ലഭിക്കുന്ന സ്ഥലം, വിലാസം, ഫോണ്‍ നമ്പര്‍ എന്നിവ കൂടി ചേര്‍ത്താല്‍ നന്നായിരിക്കും, ശ്രദ്ധിക്കുമല്ലോ?
    വീണ്ടും വരാം
    എഴുതുക അറിയിക്കുക
    നന്ദി നമസ്കാരം
    Season's Greetings!!!
    വളഞ്ഞവട്ടം പി വി ഏരിയല്‍
    സെക്കന്തരാബാദ്

    ReplyDelete
  8. വളരെ മനോഹരമായിട്ടുണ്ട്
    ഫേസ്ബുക് ഓർക്കുട്ട് എല്ലാം ഉൾപ്പെട്ട 21നൂറ്റാണ്ടിലെ ഗ്രന്ഥം ആണെന്ന് ബെന്യാമിൻ തെളിയിച്ചു. ഫ്യൂഡൽ മലയാളം നോവലുകളെക്കാൾ മികച്ച തായി എനിക്ക് തോന്നി. Actual happen ആണെന്ന് വരെ തോന്നി. ഞാൻ ഡീഗോ ഗാർഷ്യ. ക്രിസ്റ്റി അന്ത്രപ്പേർ നെറ്റ് സെർച്ച്‌ ചെയ്തു. എല്ലാം actual. ബെന്യാമിൻ റിയലി ഗ്രേറ്റ്. താങ്ക്സ്

    ReplyDelete
  9. മഞ്ഞ വെയിൽ മരണങ്ങൾ വായിക്കാൻ ഇപ്പോഴാണ് സൗകര്യപ്പെട്ടതു. വളരെ മനോഹരം. ജോലിത്തിരക്കിനിടയിലും, കുത്തിയിരുന്ന് വായിച്ചു തീർത്ത അപൂർവൻ ചില നോവലുകളിൽ ഇതും പെടുന്നു. റിയാലിറ്റി ആൻഡ് ഫിക്ഷൻ രണ്ടും ഇണ ചേർന്ന് യാഥാർത്യത്തിന്റെയും ഭാവുകത്വത്തിന്റെയും ഒരു മായിക വലയത്തിലേക്ക് ബെന്യാമിൻ നമ്മെ കൈ പിടിച്ചു നടത്തുന്നു.

    ചരിത്രവും, ജോഗ്രഫിയും, പൊളിറ്റിക്‌സും, പ്രേമവും ചരിത്രവും എല്ലാം കൂടി വായനയുടെ ഒരു നിറക്കാഴ്ച്ച നമുക്ക് സമ്മാനിച്ചിരുന്നു.

    ReplyDelete
  10. ഇതിന്റെ pdf ഉണ്ടാകുമോ..

    ReplyDelete
  11. മഞ്ഞവെയിൽ മരണങ്ങൾ വായിച്ചു.ഫാൻസിയും റിയലിസവും ഇടകലർത്തിയ അവതരശൈലി മനോഹരം. ഓരോ മരണത്തിനും കാരണമുണ്ടാകും.എന്നാൽ ഉത്തരം കിട്ടാത്ത ചില മരണങ്ങളെ തേടിയലയുന്ന വായനക്കാരനെ ഏതോ അറിയാത്ത കയങ്ങളിലേക്ക് കൊണ്ടു പോകുന്ന ഒരു യാത്ര:..മഞ്ഞവെയിൽ ജീവിതങ്ങളെ പരിചയപ്പെടുത്തുകയും ഉത്തരം കണ്ടെത്താൻ വായനക്കാരനോടാവശ്യപ്പെടുകയും ചെയ്യുന്ന കഥന ശൈലി...
    ചരിത്രത്തെയും ഭാവനയേയും കൂട്ടിയിണക്കിയുള്ള ഒരു യാത്രയാണ് മഞ്ഞവെയിൽ മരണങ്ങളെന്നാണ് എൻ്റെ തോന്നൽ.

    ReplyDelete