വായനക്കൊരിടം !!!

എഴുത്തുകാരെപ്പറ്റി,പുസ്തകങ്ങളെക്കുറിച്ച്, സാഹിത്യവുമായി ബന്ധപ്പെട്ട ലഘുകുറിപ്പുകള്‍ ആണ് വായനാമുറിയില്‍ ഉള്‍പെടുത്തുന്നത്‌. നിങ്ങള്‍ക്കും ഇതില്‍ പങ്കുചേരാം. നിങ്ങളുടെ ഇമെയില്‍, ബ്ലോഗ്‌ അഡ്രെസ്സ് എന്നിവയും മറ്റു വിവരങ്ങളും vaayanamuri@gmail.com എന്ന വിലാസത്തിലേക്ക് അയച്ചു തരു. വിജ്ഞാന സംബന്ധിയായ കുറിപ്പുകളായാതുകൊണ്ട് വിവരങ്ങളുടെ ആധികാരികത ഉറപ്പുവരുത്തിയതിനു ശേഷമേ പോസ്റ്റ്‌ ചെയ്യാവൂ. വിവാദങ്ങള്‍ക്കും വാഗ്വാദങ്ങള്‍ക്കും അപ്പുറത്ത് അറിവ് പങ്കുവെക്കല്‍ എന്ന ഒരേ ഒരു ലക്ഷ്യമാണ്‌ ഈ ശ്രമത്തിനു പിന്നില്‍ എന്നു ഇവിടെ വ്യക്തമാക്കട്ടെ.







Showing posts with label വായന. Show all posts
Showing posts with label വായന. Show all posts

Friday, December 23, 2011

ചരിത്രത്തിന്റെ ഗാഥകള്‍

സര്‍ഗ്ഗാത്മക  എഴുത്തുകാരന്‍ ചിലപ്പോള്‍ ചരിത്രത്തിന്റെ കാവല്ക്കരനാവും. മണ്മറഞ്ഞു തുടങ്ങിയ ചില ചരിത്രങ്ങള്‍ ഇടയ്ക്കിടയ്ക്ക് ഓര്‍മ്മിപ്പിക്കേണ്ട ചില സവിശേഷമായ സ്ഥിതിവിശേഷങ്ങള്‍ നമ്മുടെ സാമൂഹിക കാലാവസ്ഥകള്‍ സൃഷ്ടിക്കാറുണ്ട് . പക്ഷെ അപ്പോഴൊക്കെ ചരിത്രകാരന്മാര്‍ നിര്‍മ്മിച്ച്‌ ഫ്രെയിം ചെയ്തു വച്ച രേഖകള്‍  നമ്മുക്ക് വളരെ കുറച്ചു വിവരങ്ങളെ നല്‍കുകയുള്ളൂ. ഓരോ കാലഘട്ടത്തിലെ മനുഷ്യാവസ്ഥകളെ അപഗ്രഥിക്കാന്‍ ചരിത്രകാരന്‍ നല്‍കുന്ന അത്തരം സ്ഥിതിവിവര കണക്കുകള്‍ അപര്യാപ്തമാണ്.


ആ ധര്‍മ്മം പലപ്പോഴും നിര്‍വഹിക്കപെടുക സാഹിത്യരചനകളിലൂടെയാണ്.   സ്ഥിതിവിവരക്കണക്കുകള്‍ക്കപ്പുരത്തു   ഒരു കാലഘട്ടത്തിലൂടെയുള്ള സഞ്ചാരം , മനുഷ്യാവസ്ഥകളുടെ   രേഖപ്പെടുത്തല്‍, നിരീക്ഷണങ്ങള്‍, പ്രതികരണങ്ങള്‍ എന്നിവ സസൂക്ഷമായി നിര്‍വഹിക്കുക എന്നത് തന്റെ ഉത്തരവാദിത്വമായി കാണുന്നതുകൊണ്ടാവും മലയാള സാഹിത്യത്തിലെ ഏറ്റവും പ്രതിഭാശാലിയായ   എഴുത്തുകാരില്‍ ആദ്യപെരുകളില്‍ ഒന്നായ എം മുകുന്ദന്‍ തന്റെ സമീപകാല രചനകളായ ഡല്‍ഹി ഗാഥകളും പ്രവാസവും ചരിത്രത്തിന്റെ വഴിയിലൂടെയുള്ള ഒരു സഞ്ചാരമായി അവതരിപ്പിച്ചത്. ആധുനികതയുടെ വക്താക്കളായ മുതിര്ന്നതലമുറയിലെ പല എഴുത്തുകാരും പേന മാറ്റിവെച്ചു പ്രതാവനകളില്‍ ജീവിക്കുമ്പോള്‍ നിരന്തരമായ സര്ഗ്ഗപ്രവര്തനങ്ങളിലൂടെ തന്റെ യൌവനം തെളിയിക്കുന്ന ഒരു വിസ്മയമായി മുകുന്ദന്‍ വേറിട്ട്‌ നില്‍ക്കുന്നു.

ഇന്ത്യയുടെ സ്വാതന്ത്ര്യ ലബ്ധി  ജനതയ്ക്ക് നല്‍കിയത് വലിയ പ്രതീക്ഷകളാണ് നല്‍കിയത്. പക്ഷെ ദശാബ്ദങ്ങള്‍ക്ക് ശേഷവും ആ പ്രതീക്ഷകള്‍ നിരാവേറാതെ  വിശപ്പിന്റെ റിപ്പബ്ലിക് മാത്ര മായി  മാറിയ എഴുപതുകള്‍ , പ്രക്ഷുബ്ദമായ  രാഷ്ട്രീയകാലാവസ്ഥ, യുദ്ധങ്ങള്‍ ഇവയെല്ലാം കണ്ടുകൊണ്ട് ഡല്‍ഹിയില്‍ ജീവിച്ച  സഹദേവന്‍ എന്ന വ്യക്തിയിലൂടെ ദല്‍ഹി എന്ന നഗരിയുടെ കഥ പറയുകയാണ്‌ മുകുന്ദന്‍ ദല്‍ഹി ഗാഥകളില്‍ .


പരാജയപ്പെട്ട നോവലിസ്റ്റ് എന്ന് സ്വയം വിശേഷിപ്പിക്കുന്ന സഹദേവന്‍
1959  ജൂലൈ മാസത്തില്‍ ആണ് ഡല്‍ഹിയില്‍ എത്തുന്നത്. തലസ്ഥാന നഗരം ആയിരുന്നിട്ടു കൂടി ദാരിദ്രത്തിന്റെയും വറുതികളുടെയും കാഴ്ചകള്‍ ആയിരുന്നു അവിടെ ഉണ്ടായിരുന്നത്. അന്ന് മുതല്‍ സഹദേവന്‍ ചരിത്രത്തോടൊപ്പം യാത്ര തുടര്‍ന്നു. ചൈനയുടെ ആക്രമണം അത് തന്റെ സുഹൃത്തും കമ്മ്യുനിസ്ടുമായ ശ്രീധരനുണ്ണിയില്‍ സൃഷ്ടിച്ച ആഘാതം തുടര്‍ന്നു വരുന്ന ചൈന പാകിസ്താന്‍ യുദ്ധങ്ങള്‍, മാറി മാറി വന്നു പോയ  ഋതുക്കള്‍, കന്നുകാലികളെ പോലെ ഡല്‍ഹിയിലേക്കു പറവഹിച്ച  അഭയാര്‍ഥികള്,‍ ജാതിയും വര്‍ഗ്ഗവും പട്ടിണിയും അരാജകത്വവും വാണ എഴുപതുകള്‍ ,   സഹദേവനു ശബ്ദം   നഷ്ടപെട്ട, കൂടെയുള്ള പലര്‍ക്കും ജീവനും കൈയും കാലും ബോധവും സന്താനോല്പാദന ശേഷിയും നഷ്ടപെട്ട അടിയന്തിരാവസ്ഥ എന്ന അടിചെല്‍പ്പിക്കപ്പെട്ട അത്യാഹിതം, ഇന്ദിര വധവും സിഖ് കൂട്ടക്കൊലയും അങ്ങനെ  ഡല്‍ഹിയുടെ കറുത്തിരുണ്ട ദിനങ്ങളില്‍ അയാള്‍ ഉണ്ടായിരുന്നു,  ഒരു സാക്ഷിയെപ്പോലെ ഇതെല്ലാം  പകര്‍ത്തിവെക്കാന്‍ തുടര്‍ന്നു എം മുകുന്ദന്‍ എന്ന നോവലിസ്ടിനു ഒരു നോവല്‍ ആയി പ്രസിദ്ധികരിക്കാന്‍  വേണ്ടി കൈമാറാന്‍.

ഇതിനോട് ചേര്‍ത്ത് തന്നെ വായികേണ്ട മുകുന്ദന്റെ രചനയാണ് രണ്ടായിരത്തി എട്ടില്‍ പ്രസിധീകരിക്കപെട്ട പ്രവാസം.  ഡല്‍ഹിയുടെ ചരിത്രം ആണ് ഡല്‍ഹി ഗാഥകള്‍ പറയുന്നതെങ്കില്‍
മലയാളിയുടെ പ്രവാസത്തിന്റെ ചരിത്രം ആണ് പ്രവാസം .   പ്രവാസം എന്ന് നാം പൊതുവായി വിവക്ഷിക്കുന്നത് ഗള്‍ഫ് യുറോപ് യാത്രകള്‍ ആണെങ്കില്‍ നാടുകാണാന്‍ പുതിയ നാടുകള്‍ കാണാന്‍ പുതിയ ജോലി നേടാന്‍ 1930 -ഇല്‍   ബര്‍മയില്‍ പോകുന്ന കൊറ്റത്ത് കുമാരനില്‍ നിന്നും ആണ് പ്രവാസ ചരിത്രം എഴുതി തുടങ്ങുന്നത്. 

പ്രവാസത്തിലെ എല്ലാ യാത്രകളും തുടങ്ങുന്നത് മുകുന്ദന്റെ  പ്രിയപെട്ട  മയ്യഴിയും  ചുറ്റുമുള്ള മലബാര്‍ ഗ്രാമങ്ങളില്‍ നിന്നും ആണ്.   പ്രവാസചരിത്രം നമ്മോടു പറയാന്‍ വേണ്ടി സൂത്രധാരന്റെ വേഷത്തില്‍ നോവലിന്റെ പകുതിയോളം സഞ്ചരിക്കുന്നത് മലയാള സഞ്ചാര സാഹിത്യത്തിന്റെ കുലപതി എസ കെ പൊറ്റെക്കാട് ആണ്. വളരെ ശ്രദ്ധാപൂര്‍വ്വം നടത്തിയ ഒരു കഥാപത്ര സൃഷ്ടി! ബര്‍മ്മ, ഗള്‍ഫ് അമേരിക്ക ഡല്‍ഹി ഇവിടുത്തെ ജീവിതാവസ്ഥകള്‍ ഒരു ചിത്രത്തിലെന്ന പോലെ മുകുന്ദന്‍ നമുക്ക് കാണിച്ചു തരുന്നു. നമ്മുടെ പലരുടെയും ഓര്‍മയുടെ ഇതളുകളില്‍ എവിടെയോ കേട്ട അനവധി ദുബായി കഥകള്‍ അല്ലെങ്കില്‍ ആട് ജീവിതങ്ങള്‍ ഈ നോവലില്‍ നാം കണ്ടു മുട്ടും . മാറുന്ന മലയാളിയും മലയാളിയുടെ സാമൂഹിക വികാസങ്ങളും നമ്മോടു സംവേദിക്കുന്ന രചനയാണ് പ്രവാസം എന്ന് തന്നെ പറയാം.

ഭാഷയിലെ മുകുന്ദന്‍ സ്പര്‍ശം രണ്ട് നോവലുകളിലും  ഉടനീളം മനസിന്‌ കുളിര്‍മയും വായന സുഖവും നല്‍കുന്നുണ്ട്. രണ്ടു നോവലുകളും നാനൂറിലധികം പേജു ദൈര്‍ഘ്യമുള്ളതാണെങ്കിലും ലാളിത്യം കൊണ്ട് തന്നെ ഒരു കഥ കേള്‍ക്കുന്ന അനായാസതയോടെ നമ്മെ നയിക്കാന്‍ മുകുന്ദന് കഴിയുന്നു. അതുകൊണ്ട് തന്നെ കഴിഞ്ഞ വര്ഷം ഇറങ്ങിയ മികച്ച ഒരു മലയാള നോവല്‍ ആയി ഡല്‍ഹി ഗാഥകളെ കാണാം.

Friday, August 12, 2011

ആതി പറഞ്ഞു തരുന്ന പാഠങ്ങള്‍

വികസനത്തിന്റെ പാരിസ്ഥിതികമായൊരു വായനയാണ് സാറ ജോസഫിന്റെ പുതിയ പുസ്തകമായ ആതി മുന്നോട്ടു വെക്കുന്നത്. മണ്ണും വായുവും വെള്ളവുമെല്ലാം വികസനത്തിന്റെ പേരില്‍ ആക്രമിച്ചു കീഴ്പ്പെടുത്തപ്പെടുമ്പോള്‍ ദുര്‍ബലരായി തീരുന്നവരുറെ അരക്ഷിതാവസ്ഥയും അത് മുന്നോട്ടു വെക്കുന്ന രാഷ്ട്രീയവും നൈതികവുമായ ചിന്തകളും വളരെ മനോഹരമായി വരച്ചു കാട്ടുന്നുണ്ട്.




അധിനിവേശത്തിന്‍റെ പുതിയ രൂപഭാവങ്ങളെ പരിചയപ്പെടുത്തുമ്പോള്‍ , അവിടെ ഉണ്ടാകേണ്ട ജഗ്രതകളെ ഓര്‍മ്മപെടുത്തുന്നുണ്ട് ആതി. വികസനത്തിന്റെ പൊള്ളയായ കണക്കുകള്‍ വരച്ചു കാട്ടി നഗരങ്ങളും ടൌണ്‍ ഷിപ്പുകളും ഉയരുന്നു വരുന്ന സമകാലിക സമൂഹത്തില്‍ അതിന്‍റെ ഉപോല്പന്നമായി അടിചെല്‍പ്പിക്കപെടുന്ന ഭൂമി കയ്യേറ്റങ്ങളും പ്രകൃതിയുടെ, സംസ്ക്കാരത്തിന്റെ, വിശ്വാസത്തിന്റെ മേലുള്ള കടന്നു കയറ്റങ്ങളും നാമറിയാതെ നമ്മിലേക്ക്‌ ഇഴഞ്ഞു വരുന്നതെങ്ങനെ എന്ന് സാറ സമീപകാല കേരളത്തിലെ ചില വികസന കയ്യേറ്റങ്ങളെ ഓര്‍മ്മിപ്പിച്ചു കൊണ്ട് പറഞ്ഞു തരുന്നു .



ആതി ഒരു തുരുത്താണ്. നന്മയുടെ, നാട്ടറിവുകളുടെ, പുരവൃത്തങ്ങലുറെ, പ്രകൃതിയുമായി ഇഴ ചേര്‍ന്നു ജീവിച്ച ഒരു കൂട്ടം മനുഷ്യരുടെ ആവാസ വ്യവസ്ഥ . ആ ആവാസ വ്യവസ്ഥയെ തൂക്കി വില്‍ക്കാന്‍, ഇടിച്ചു നിരത്താന്‍, മാന്തി പൊളിക്കാന്‍ വികസന മുദ്രാവാക്യവുമായി എത്തുന്നവര്‍ പതുക്കെ ആതിയില്‍ പിടിമുറുക്കുമ്പോള്‍ ആ ചൂഷണത്തില്‍ കാലിടരുന്ന സാധാരണക്കാര്‍. അവരുടെ ചെറിയ ചെറുത്തുനില്‍പ്പുകള്‍ എങ്ങുമെത്താതെ പോകുമ്പോള്‍ ഇത്തരം വികസനങ്ങള്‍ക്ക് സര്‍ക്കാരുകള്‍ ചൂട്ടു കാണിച്ചു കൊടുക്കുന്നു. പടര്‍ന്നു പന്തലിച്ചു നില്‍ക്കുന്ന നഗരങ്ങളുടെ മാലിന്യങ്ങള്‍ തല്ലാന്‍ പറ്റുന്ന ചവറ്റു കൂനകളില്‍ ഒന്നായി ആതിയെ മാറ്റാന്‍ അത് വഴി ആ ചെറുത്തുനില്‍പ്പുകള്‍ അവസാനിപ്പിക്കാന്‍ അധിനിവേശ ശക്തികള്‍ ശ്രമിക്കുന്നു. ആ തുരുത്തിന്റെ നാശം. ആ സംസ്ക്കാരത്തിന്റെ തകര്‍ച്ച; അതോടൊപ്പം മനുഷ്യമുഖം നഷ്ടപെട്ട വികസനം, ഇതൊക്കെയാണ് ആതി നമ്മോടു സംവദിക്കുന്നത്.



തന്‍റെ മുന്‍കൃതികളായ ആലാഹയുടെ പെണ്മക്കള്‍ പോലെയോ ഊര് കാവല്‍ പോലെയോ ശക്തമായ ഒരു നോവല്‍ ശില്പം ആതിയില്‍ കാണുന്നില്ല എന്ന് പറയേണ്ടി വരുമ്പോളും ആതി മുന്നോട്ടു വെക്കുന്ന രാഷ്ട്രീയം ആ കുറവിനെ നികത്തുന്നു. സമീപഭാവിയില്‍ നമ്മെ കാത്തിരിക്കുന്ന ഭീഷണമായ ജല ദൌര്‍ലഭ്യവും പാരിസ്ഥിതിക പ്രശ്നങ്ങളും എല്ലാം ശക്തമായി വരച്ചു കാണിക്കാന്‍ കഴിഞ്ഞു എന്ന് തന്നെയാണ് ആതിയുറെ കരുത്തായി പറയാവുന്നത്.

Friday, June 17, 2011

വായനക്കൊരു ദിനം


അമ്മയുടെ പാല്‍ മധുരവും അച്ഛന്റെ വാത്സല്യ സ്പര്‍ശവും കളിപ്പാട്ടങ്ങളുടെ കൈവഴക്കവും മാത്രമുണ്ടായിരുന്ന ലോകത്ത് നിന്നാണ് നമ്മള്‍ അക്ഷരം അറിഞ്ഞു തുടങ്ങുന്നത്. പിന്നെ മണല്‍ത്തരികളില്‍ രൂപപ്പെടുന്ന ലിപികള്‍ക്കൊപ്പം ഉതിര്‍ന്നു വീണ  കണ്ണീര്‍തുള്ളികളും കൈയില്‍ ഒതുങ്ങാന്‍ കൂട്ടാക്കാത്ത സ്ലേറ്റ്‌ പെന്‍സിലും മഷി തണ്ടിന്റെ സ്നിഗ്ദ്ധതയുമാണ് നമ്മളെ അക്ഷങ്ങളോട് അടുപ്പിച്ചത്. എന്നാല്‍ എഴുതാന്‍ പാടുപെട്ട നമ്മള്‍ ഓരോരുത്തരും എത്ര പെട്ടെന്നാണ് വായനയെ സ്നേഹിച്ചത്. എഴുതാനുള്ള നോവ്‌ വായിക്കാനില്ല എന്ന തിരിച്ചറിവും വായന പകര്‍ന്നു തരുന്ന അക്ഷരങ്ങള്‍ മധുരിക്കും എന്ന അനുഭവവും നമ്മെ വായിക്കാന്‍ പ്രേരിപ്പിച്ചു.
എന്നാല്‍ നാളുകള്‍ കഴിഞ്ഞപ്പോള്‍ വായനയെ ഓര്‍ക്കാന്‍ പോലും നമുക്കൊരു ദിവസമുണ്ടായി. അമ്മക്കൊരു ദിവസം പ്രണയിക്കാന്‍ ദിവസം സ്വര്‍ണം വാങ്ങാന്‍ വിശേഷപ്പെട്ട ഒരു ദിനം എന്നൊക്കെ കരുതുന്നവര്‍ വായനക്ക് ദിവസം ഒരുക്കിയതില്‍ അതിശയിക്കാന്‍ ഒന്നുമില്ല.
വായന എന്ന്‌ കേള്‍ക്കുമ്പോള്‍ ക്ലാസിക്കുകളുടെ പേര് പറയുന്ന മുതിര്‍ന്ന തലമുറയെക്കാള്‍ എത്രയോ ഗൌരവമായി വായനയെ കാണുന്നവരാണ് കൊച്ചു കുട്ടികള്‍. ടോടോചാനും ഒലിവര്‍ ട്വിസ്റ്റും ഡേവിഡ് കോപ്പര്‍ഫീല്‍ഡും ശക്തമായി സ്വാധീനിച്ച ഒരു തലമുറ നമ്മുടെ നാട്ടിലും ഉണ്ടായിരുന്നു. മൌഗ്ലിയും ഫാന്റവും ബോബനും മോളിയും മായാവിയുമല്ലേ നമ്മുടെ ബാല്യങ്ങളെ ധന്യമാക്കിയിരുന്നത്‌. പിന്നീട് അനിമേഷന്‍ രൂപത്തില്‍ എത്തിയ അവരൊക്കെ അക്ഷരങ്ങളുടെ നിലവാരത്തില്‍ എത്തുന്നില്ലെന്ന് നാം തന്നെ എത്രയോ പ്രാവശ്യം പറഞ്ഞിരിക്കുന്നു. കഥാപുസ്തക ലോകത്ത് നിന്നു പാഠപുസ്തകങ്ങളിലേക്ക് എത്രയോ വട്ടം നമ്മളെ പലരും ആട്ടി ഓടിച്ചിട്ടുണ്ട്. എങ്കിലും നമ്മള്‍ വായന മറന്നില്ല. പഠനവിഷയങ്ങളുടെ വിശാല ലോകത്ത് നിന്നു ചിലപ്പോഴൊക്കെ നമ്മള്‍ സര്‍ഗാത്മകതയുടെ പകല്ക്കിനാവുകളിലേക്ക് നടന്നു പോയിട്ടുണ്ട്.
എന്നാല്‍ ആധുനികതയുടെ കരസ്പര്‍ശം ഏറ്റു വായനയുടെ തീവ്രത മങ്ങി എന്നാണ് ഇപ്പോള്‍ നമ്മള്‍ നിലവിളിക്കുന്നത്. അതില്‍ എത്ര വാസ്തവമുണ്ടെന്ന് ചിന്തിക്കേണ്ടി ഇരിക്കുന്നു. ചാനലുകളുടെ അതിപ്രസരത്തിനിടയിലും അവിഹിതം കുത്തി നിറച്ച സീരിയലുകള്‍ക്കിടയിലും കണ്ണീരും വിവാദവും നര്‍മവും കുത്തി നിറച്ച റിയാലിറ്റി ഷോ എന്ന്‌ വിളിക്കുന്ന പ്രകടനങ്ങള്‍ക്കിടയിലും പത്രങ്ങളുടെയും ആനുകാലിക പ്രസിദ്ധീകരണങ്ങളുടെയും സര്‍ക്കുലേഷന്‍ കൂടുന്നുണ്ട്.
ഇന്റെര്‍നെറ്റിന്റെ അധിനിവേശം വായനയെ തകര്‍ക്കുന്നു എന്ന മുറവിളി പുനപരിശോധിക്കേണ്ടി ഇരിക്കുന്നു. സൈബര്‍ ലോകത്തെ എഴുത്തിന്റെ സാധ്യതകളും വായനക്കാരും സൃഷ്ടിച്ച വിപ്ലവം നമ്മള്‍ കണ്ടതാണ്. മുല്ലപ്പൂ വിപ്ലവത്തിന്റെ ഉത്ഭവം ഫെയിസ് ബുക്കിന്റെ സ്വാധീനമാണെന്നു ലോകം തിരിച്ചറിഞ്ഞതാണ്. എന്നാല്‍ ബ്ളോഗ് എന്ന ഇ-എഴുത്ത് സാങ്കേതികത സൃഷ്ടിച്ച എഴുത്തുകാരും വായനക്കാരും ഒരു "നവോദ്ധാനം" എന്ന്‌ തന്നെ വേണമെങ്കില്‍ പറയാം. എഴുതുന്നവ അത് എന്ത് തന്നെ ആയാലും എഴുത്തുകാരന് ആരുടേയും കാരുണ്യത്തിനു കാത്തു നില്‍ക്കാതെ വായനക്കാരന് നല്‍കാം എന്ന വന്‍ ആശയമാണ് ബ്ളോഗ് പ്രധാനം ചെയ്യുന്നത്. ബ്ലോഗുകളില്‍ വരുന്ന ഓരോ കമന്റും ഓരോ വായനെക്കാരനെ ആണ് പ്രതിനിധാനം ചെയ്യുന്നത്.
അപ്പോഴും നമ്മുക്കുള്ളിലെ നല്ല വായനക്കാരന്‍ മരിക്കുന്നു എന്ന അവബോധം നമ്മളില്‍ ചിലര്‍ക്കെങ്കിലും ഉണ്ട്. ഒരു കാലഘട്ടത്തിനിപ്പുറം ഭാഷകളില്‍ (അതിപ്പോള്‍ ഏതിലായാലും) ക്ലാസിക്കുകള്‍ പിറന്നിട്ടിലെന്നു പലരും വിലയിരുത്തുന്നു.  മാര്‍ക്വേസിന്റെയും എം ടിയുടെയും മുകുന്ദന്റെയും വിജയന്റെയും കാലത്ത് നിന്നു ഇത് വരെ നമ്മുടെ ഭാഷ മോചനം നേടിയിട്ടില്ല.
കാളിദാസനെയും വാല്മികിയെയും വ്യാസനെയും ഷേക്സ്പിയറിനേയും പോലെ കാലാതീതരായ എഴുത്തുകാര്‍ നമുക്കിനി ഉണ്ടാകില്ലെന്നത് വാസ്തവമാണ്. എന്നാലും ബെസ്റ്റ് സെല്ലെര്‍ പുസ്തകങ്ങളുടെ കര്‍ത്താക്കളായ പൌലോ കൊയിലോയെയും ചേതന്‍ ഭഗതിനെയും റൌളിങ്ങിനെയും നമ്മള്‍ കണ്ടില്ലെന്നു നടിക്കരുത്.
കഥകളുടെ വിസ്മയം നിറച്ച ബാല്യവും കര്‍ക്കിടക മാസത്തില്‍ പൂജാമുറിയില്‍ നിന്നു ഒഴുകിയെത്തുന്ന രാമായണവും നമുക്ക് നഷ്ടപ്പെട്ടേക്കാം. എങ്കിലും വായന മരിക്കില്ല. അക്ഷരങ്ങളോടുള്ള നമ്മുടെ ആത്മബന്ധം അത്ര വലുതാണല്ലോ?