വായനക്കൊരിടം !!!

എഴുത്തുകാരെപ്പറ്റി,പുസ്തകങ്ങളെക്കുറിച്ച്, സാഹിത്യവുമായി ബന്ധപ്പെട്ട ലഘുകുറിപ്പുകള്‍ ആണ് വായനാമുറിയില്‍ ഉള്‍പെടുത്തുന്നത്‌. നിങ്ങള്‍ക്കും ഇതില്‍ പങ്കുചേരാം. നിങ്ങളുടെ ഇമെയില്‍, ബ്ലോഗ്‌ അഡ്രെസ്സ് എന്നിവയും മറ്റു വിവരങ്ങളും vaayanamuri@gmail.com എന്ന വിലാസത്തിലേക്ക് അയച്ചു തരു. വിജ്ഞാന സംബന്ധിയായ കുറിപ്പുകളായാതുകൊണ്ട് വിവരങ്ങളുടെ ആധികാരികത ഉറപ്പുവരുത്തിയതിനു ശേഷമേ പോസ്റ്റ്‌ ചെയ്യാവൂ. വിവാദങ്ങള്‍ക്കും വാഗ്വാദങ്ങള്‍ക്കും അപ്പുറത്ത് അറിവ് പങ്കുവെക്കല്‍ എന്ന ഒരേ ഒരു ലക്ഷ്യമാണ്‌ ഈ ശ്രമത്തിനു പിന്നില്‍ എന്നു ഇവിടെ വ്യക്തമാക്കട്ടെ.Friday, February 22, 2013മലയാളസാഹിത്യത്തിലെ ആധുനികചെറുകഥാകൃത്തുക്കളിൽ പ്രമുഖനായിരുന്നു യു.പി. ജയരാജ്. ആധുനികതയിലെ മാർക്സിസ്റ്റ് ധാരയെ പ്രതിനിധാനം ചെയ്ത എഴുത്തുകാരന്‍. 'നിരാശാഭരിതനായ സുഹൃത്തിന്‌ ഒരു കത്ത്, സ്മരണ, ഒക്കിനാവയിലെ പതിവ്രതകൾ ' എന്നീ മൂന്നു കൃതികള്‍ മാത്രമേ അകാലത്തില്‍ പൊലിഞ്ഞ ജയരാജില്‍ നിന്നും നമുക്കു ലഭിച്ചുള്ളൂ എങ്കിലും അവ മൂന്നും കാണപ്പെട്ട കൃതികള്‍ തന്നെയായിരുന്നു. മഞ്ഞ് എന്ന ഒറ്റ കഥ മതി ജയരാജിന്റെ സര്‍ഗ വൈഭവത്തെ വിലയിരുത്താന്‍ . ഒക്കിനാവയിലെ പതിവ്രതകള്‍, മഞ്ഞ് എന്നീ കഥകള്‍ മലയാളത്തില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടവയാണ്.


മലയാള സാഹിത്യത്തിൽ ഒരു സാധാരണ കഥാകാരനായിരുന്നില്ല യു. പി. ജയരാജ്‌. രാഷ്ട്രീയമായ ഉൾക്കാഴ്ചയും സത്യസന്ധതയും പുലർത്തിയിരുന്ന യു പി ജയരാജ്‌ തന്റെ കഥകളെ വ്യവസ്ഥക്കെതിരായ സർഗമുന്നേറ്റങ്ങളാക്കുകയായിരുനു. രചനകളുടെ  മണ്ഡലങ്ങളിൽ കലാപങ്ങൾ സൃഷ്ടിച്ച ആധുനികതയുടെ ഊര്‍ജ്ജത്തെ വ്യവസ്ഥക്ക്‌ എതിരായ മുന്നേറ്റങ്ങളുമായി ബന്ധിപ്പിച്ച മലയാളത്തിലെ അപൂർവ്വ എഴുത്തുകാരിൽ ഒരാളായിരുന്നു  ജയരാജ്‌.


സാമൂഹ്യമാറ്റത്തിന്റെ  മൂർത്ത പ്രശ്നങ്ങളെ സൂക്ഷ്മമായി പരിശോധിക്കുകയും, അതിവൈകാരികതയുടെയോ , അതിവാചാലതയുടെയോ അവതരണങ്ങളിൽ നിന്ന് വിമുക്തമായ ഭാഷാശൈലിയും തന്റെ കഥകളെ മുഴുവൻ സമൂഹതിന്റെ ചലനങ്ങളുമായി തന്നെ ബന്ധിപ്പിക്കണം എന്ന നിർബന്ധബുദ്ധിയും ജയരാജിനു ഉണ്ടായിരുന്നു. വിപ്ലവപ്രസ്ഥാനത്തിനുണ്ടാകുന്ന തിരിച്ചടിയിൽ  ജീവിതകാലം മുഴുവനും ഉത്കണ്ഠകുലനായിരുന്ന ജയരാജ്‌ തന്റെകഥകളിലൂടെയും  സ്വകാര്യ  എഴുത്തുകളിലൂടെയും സൂഷ്മമായ നിരീക്ഷണത്തിനും വിമർശനത്തിനും അതെല്ലാം വിധേയമാക്കി.ഡി .സി .ബുക്സ്‌ പ്രസിദ്ധീകരിച്ച 
' യു .പി . ജയരാജിന്റെ കഥകള്‍ , സമ്പൂര്‍ണം എന്ന പുസ്തകത്തില്‍ അദ്ധേഹത്തിന്റെ മരണത്തിന് മുന്‍പ് പ്രസിദ്ധീകരിച്ചതും മരണശേഷം സമാഹരിച്ചതുമായ നാല്പത്തിഏഴു കഥകളാണ് ഉള്ളത് . അതില്‍ തന്നെ എന്റെ വായനയെ ആകര്‍ഷിച്ച കഥകളായ , 'തെയ്യം ' , 'മഞ്ഞു ' , 'നിരാശഭരിതനായ സുഹൃത്തിനൊരു കത്ത് ' , ' ക്കിനാവയിലെ പതിവ്രതകള്‍ ' എന്നീ നാലുകഥകളെക്കുറിച്ചാണ് ഇനി ഞാന്‍ പറയുന്നത് .നാട്ടുമണ്ണിന്റെ പശിമയില്‍ നിന്നും ഉയിര്‍കൊണ്ട ഒരു ദൃഡബിംബമുണ്ട് 'തെയ്യങ്ങളി'ല്‍ . പള്ളിയറയ്ക്ക് മുന്നിലുള്ള തന്റെ തറയില്‍ നിലകൊണ്ടു ആകാശത്തിലേക്ക് വെള്ളിദണ്ഡ്‌ ആഞ്ഞുവീശി രൌദ്രതയോടെ അട്ടഹസിക്കുന്ന ഗുളികനാത്. കഥാന്ത്യത്തില്‍ ഗുളികന്‍ യുവത്വത്തിന്റെയും ശക്തിയുടെയും  സാഹസികതയുടെയും മൂര്‍ത്ത രൂപമായി മാറുന്നു . ഗുളികന്റെ ഉരിയാടലിനു പൊടുന്നനെ രാഷ്ട്രീയ മാനം കൈവരുന്നു . അത്യസാധാരണമായ ഈയൊരു മുഹൂര്‍ത്തം സന്നിവേശിക്കപ്പെട്ടതോടെ കഥയാകെ കനല്‍ക്കൂനപോലെ ജ്വലിക്കുന്നു.അടിയന്തരാവസ്ഥയോടുള്ള ഏറ്റവും രൂക്ഷമായ പ്രതികരണം എന്ന് വിശേഷിപ്പിക്കാവുന്ന 'മഞ്ഞ്'  എന്ന കഥയില്‍ ഹെമിംഗ്‌വേയുടെ കിഴവനായ നായകന്‍ സാന്തിയാഗോ നിവര്‍ന്നു നിന്നു പൊട്ടിച്ചിരിക്കുന്നുണ്ട് .
ഇന്നത്തെ സാഹചര്യത്തിലെ മനുഷ്യാവസ്ഥയെപറ്റി മൌലികമായി അസ്വസ്ഥനാകാന്‍ വായനക്കാരനെ പ്രേരിപ്പിക്കുന്നു ഈ കഥ എന്നതാണ് പ്രധാനം . ധീരതയുടെ ശോണമുദ്രകള്‍ ആവാഹിച്ച , നേരിടുള്ള സംവേദനം സാധ്യമാക്കിയ ഒരു സുതാര്യരചനയാണ് മഞ്ഞ് . മഞ്ഞ് അവസാനിക്കുന്നതും സാന്തിയാഗോയിലാണ് .


" പുറത്തു കൊടും ശൈത്യമുണ്ട് . മഞ്ഞുണ്ട് . ശവംതീനികളായ  ഡിറ്റന്‍റ്റസ് പക്ഷികളുണ്ട് . എങ്കിലും വെല്ലുവിളികളെ ഒരു നായാട്ടുകാരന്റെ മനസ്ഥയ്ര്യത്തോടെ നേരിടുകയും പരാജയങ്ങള്‍ക്ക് മുന്നില്‍ ഒരിക്കലും കീഴടങ്ങാതിരിക്കുകയും ചെയ്യുന്ന സാന്തിയാഗോ എന്ന മുക്കുവന്റെ പൌരുഷവും കൂസലില്ലായ്മയും നിറഞ്ഞ ധീരമായ പുഞ്ചിരി ഞങ്ങളുടെ ഉള്ളില്‍ പിന്നെയും പൊട്ടിച്ചിതറുകയാണ്. "


ജയരാജിന്റെ കത്തുകളും കഥകളും നിറവേറ്റിയത് ഒരേ ധര്‍മ്മമാണ് . എങ്ങോ കാതോര്‍ത്തിരിക്കുന്ന, അജ്‌ഞാതരായ വായനക്കാരെ സ്‌നേഹപൂര്‍വം അഭിസംബോധന ചെയ്‌തെഴുതിയ കത്തുകളായിരുന്നു ജയരാജിന്റെ കഥകള്‍. അതേപോലെ ഉറ്റസുഹൃത്തുക്കള്‍ക്കയച്ച കത്തുകള്‍ അവര്‍ക്കുമാത്രം വായിക്കാനുള്ള കഥകളുമായിരുന്നു. കഥകളില്‍ പ്രതീക്ഷിക്കാനാവാത്ത ഒരു വാക്യം പോലും ജയരാജ് കത്തുകളില്‍ കുറിച്ചിരുന്നില്ല. അതു കൊണ്ടാണ് ജയരാജിന്റെ ഓരോ കത്തും കഥ പോലെ മനോഹരവും ഓരോ കഥയും കത്തു പോലെ ഹൃദയസ്‌പര്‍ശിയുമായത്. അതുകൊണ്ട് കൂടിയാകാം " നിരാശഭരിതനായ സുഹൃത്തിനൊരു കത്ത് ' എന്ന് തന്റെ കഥാസമാഹാരത്തിന് അദ്ദേഹം പേരിട്ടത് .


കത്തുകളില്‍ ജയരാജ്‌ ഉത്സാഹഭരിതനായിരുന്നു . രോഷവാനായിരുന്നു . പരിഹാസത്തിന്റെ നിറങ്ങള്‍ കൂടി അതിലുണ്ടായിരുന്നു . സാഹിത്യത്തെയും സമകാലികരാഷ്ട്രീയത്തെയും സാംസ്‌കാരിക ചലനങ്ങളെയും  ആ കത്തുകള്‍ ഗൌരവകരമായി കണ്ടിരുന്നു എന്നതിന്റെ തെളിവാണ് ഈ കഥ . വിപ്ലവസ്വപ്നങ്ങളെ താലോലിക്കുന്ന ദൃഡമായൊരു മനസ്സ് ഈ കഥയില്‍ ഒളിച്ചുവെച്ചിരിക്കുന്നു.

നിരാശഭരിതനായ സുഹൃത്തിന്റെ കത്ത് അവസാനിപ്പിക്കുന്നത് ങ്ങിനെയാണ്,


"
നിലം പതിക്കുന്ന ഓരോ പോരാളിക്കും പകരം രാവണന്റെ ശിരസ്സുപോലെ പുതുതായി മറ്റൊരാള്‍ ഉയര്‍ത്തെഴുന്നേല്‍ക്കുന്നുണ്ട് . സമരത്തെ മുന്നോട്ടു നയിക്കുന്ന ഓരോ ധീര യോദ്ധാവും രാമബാണം പോലെ , സഹസ്രങ്ങളായി പെരുകുന്നുമുണ്ട് . വെയില്‍ ചിന്നുന്നുണ്ട് . ഓര്‍മ്മകള്‍ ഉണരുന്നുണ്ട് . കാക്കകള്‍ കരയുന്നുണ്ട് . മരങ്ങള്‍ ഉലയുന്നുണ്ട്. കാടിളകുന്നുണ്ട്. ചൂഷണം പെരുകുന്നുണ്ട് . അതു കൊണ്ടുതന്നെ സമരം തുടരുന്നുമുണ്ട് . "അവസാനകഥയായ ' ക്കിനാവയിലെ പതിവ്രതക' ളില്‍ പുതിയ ലോകവും കാലവും നിര്‍ലജ്ജമായി വെളിവാക്കുന്ന ആസക്തികള്‍ ഒന്നടങ്കം സമാഹൃതമാണ്. ചുറ്റിലും അനുദിനം പെരുകിക്കൊണ്ടിരിക്കുന്ന നെറികേടുകള്‍ പച്ചയായി ആക്ഷേപഹാസ്യത്തില്‍ പൊതിഞ്ഞു കൊണ്ട് അവതരിപ്പിക്കുകയാണിവിടെ കഥാകാരന്‍ . കണിശമായ ധാരണകള്‍ വെച്ച് പുലര്‍ത്തുന്ന , നേരിലേക്ക് വിരല്‍ ചൂണ്ടുന്ന കഥ .
മറ്റുള്ളവര്‍ക്ക് എന്ത് സംഭവിക്കുന്നു എന്ന് തെല്ലും പരിഗണിക്കാതെ,  ഒരു ജന്മത്തില്‍ സാധ്യമാകുന്ന സുഖഭോഗങ്ങള്‍ ആകെയും അനുഭവിച്ചു തീര്‍ക്കാന്‍ വെമ്പല്‍ പൂണ്ട ക്കിനാവ ,വെറുമൊരു ഭാവനയെന്ന് സമ്മതിക്കുവാന്‍ മനസ്സ് തയ്യാറാകാത്തതാണ് ഈ കഥയിലെ വിജയം . മരണശേഷം വെളിച്ചം കണ്ട ' സ്വാര്‍ത്ഥനായ അഹങ്കാരിയുടെ ജീവിതത്തില്‍ നിന്നു ' എന്നതിലെ (കഥയെന്നു പറയാന്‍ ആകില്ല ,മറ്റെന്തു പേരിടണമെന്ന് എനിക്കറിയുകയും ഇല്ല ) ചില വരികള്‍ ഉദ്ധരിക്കട്ടെ ...

" എനിക്കിനി വെട്ടിപ്പിടിക്കാനോ , സ്വപ്നം കാണാനോ , കത്തിച്ചു കളയാനോ , എന്റേതായ ഒരു ലോകമില്ല . ഒരു ഭാവിയുമില്ല . കാരണം മറ്റു പലതും തേടിയ കൂട്ടത്തില്‍ എനികൊന്നു മാത്രം നഷ്ടമായി - എന്നെ . ഒരിക്കല്‍ ധീരനും , പ്രക്ഷോപകാരിയും അഹങ്കാരിയും എഴുത്തുക്കാരനും സത്യസന്ധനുമായിരുന്ന എന്നെ - "

മരണം മുന്‍കൂട്ടി കണ്ടെഴുതിയതാണോ എന്ന് സംശയിച്ചു " പരേതനെക്കുറിച്ചുള്ള അറിയിപ്പുകള്‍ ' എന്ന കഥ .


കുറച്ചു ദിവസം മുന്‍പേ ഫേസ് ബുക്ക്‌ സുഹൃത്ത്‌ എഴുതിയ ഒരു സ്റ്റാറ്റസ് ഓര്‍ക്കുന്നു ,'ഒരിക്കലും മരിക്കാന്‍ പാടില്ലാതവരുടെ ഒരു ലിസ്റ്റ്. അതാതു മേഖലകളില്‍ കയ്യൊപ്പ് പതിപ്പിച്ചവരെ നമുക്കതില്‍ ചേര്‍ക്കാം ' എന്നുകൂടി പറഞ്ഞിരുന്നു . ന്ന് ...ജയരാജിനെ വായിച്ചവസാനിപ്പിച്ച ഈ ദിനം അദ്ധേഹത്തിന്റെ പേര് കൂടി ആ ലിസ്റ്റില്‍ എഴുതി ചേര്‍ക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു . ചിന്തകളില്‍ അഗ്നിയും കൊടുംകാറ്റും കൊണ്ട് നടന്നിരുന്ന ഈ എഴുത്തുകാരനെ ഞാനും ഇഷ്ടപ്പെടാന്‍ തുടങ്ങിയിരിക്കുന്നു . ഗൌരവകരമായ ചിന്തകള്‍ ഇഷ്ടപ്പെടുന്ന പ്രിയവായനക്കാരെ ഒരിക്കലെങ്കിലും നിങ്ങളുടെ വായനയുടെ പരിധിയില്‍ ഇദേഹത്തെക്കൂടി കൂട്ടുക . അതൊരു  നഷ്മാകില്ലെന്നു എന്റെ ഉറപ്പ്.

2 comments:

 1. ഈ യൂ.പി എന്റെ വായനകലിൽ എന്നോ ഇടം പിടിച്ച ആളാണ്..

  ReplyDelete
 2. യു.പി.ജയരാജ് അകാലത്തിൽ വിട പറഞ്ഞ
  മികച്ച കഥാകാരൻ.
  പരസ്പരം സംവദിക്കുന്ന ഹൃദയം തൊടുന്ന
  കഥകളും കഥാകാരനും.

  ReplyDelete