വായനക്കൊരിടം !!!

എഴുത്തുകാരെപ്പറ്റി,പുസ്തകങ്ങളെക്കുറിച്ച്, സാഹിത്യവുമായി ബന്ധപ്പെട്ട ലഘുകുറിപ്പുകള്‍ ആണ് വായനാമുറിയില്‍ ഉള്‍പെടുത്തുന്നത്‌. നിങ്ങള്‍ക്കും ഇതില്‍ പങ്കുചേരാം. നിങ്ങളുടെ ഇമെയില്‍, ബ്ലോഗ്‌ അഡ്രെസ്സ് എന്നിവയും മറ്റു വിവരങ്ങളും vaayanamuri@gmail.com എന്ന വിലാസത്തിലേക്ക് അയച്ചു തരു. വിജ്ഞാന സംബന്ധിയായ കുറിപ്പുകളായാതുകൊണ്ട് വിവരങ്ങളുടെ ആധികാരികത ഉറപ്പുവരുത്തിയതിനു ശേഷമേ പോസ്റ്റ്‌ ചെയ്യാവൂ. വിവാദങ്ങള്‍ക്കും വാഗ്വാദങ്ങള്‍ക്കും അപ്പുറത്ത് അറിവ് പങ്കുവെക്കല്‍ എന്ന ഒരേ ഒരു ലക്ഷ്യമാണ്‌ ഈ ശ്രമത്തിനു പിന്നില്‍ എന്നു ഇവിടെ വ്യക്തമാക്കട്ടെ.Thursday, March 14, 2013

കഥകള്‍ - ആര്‍ . ഉണ്ണി (ലീല)
' ബ്രിഡ്ജ് ' (കേരള കഫെ ) എന്ന ഒറ്റ സിനിമയുടെ രചനകൊണ്ട് തന്നെ  മനസ്സ് കീഴടക്കിയ ആളാണ് ഉണ്ണി . പുതുതലമുറയിലെ എഴുത്തുകാരില്‍ മൌലികതയുള്ള എഴുത്തുകാരനാണ് അദ്ദേഹം  .  'കഥകള്‍ - ആര്‍ .ഉണ്ണി ' എന്ന  ചെറുകഥകളുടെ സമാഹാരം  ഈയിടെയാണ് വായിക്കാന്‍ കഴിഞ്ഞത് . അതാണീ കുറിപ്പിന് ആധാരവും .

ബാല്യവിസ്മയത്തിന്റെ വര്‍ണ്ണത്തില്‍ മാത്രം ലോകം കാണാന്‍ ശീലിച്ച പന്ത്രണ്ടുകാരി ആലീസിന്‍റെ  നിഷ്കളങ്കതക്കപ്പുറം , സ്ത്രീകളെ  പ്രത്യേകിച്ചും പ്രായപൂര്‍ത്തിയായ പെണ്‍കുട്ടികളെ , ലൈഗിക വ്യാപാരത്തിനുള്ള  ചരക്കുകളായി ഉപയോഗിച്ച് സാമൂഹിക , സാമ്പത്തിക ,രാഷ്ട്രീയ അധികാരനേട്ടങ്ങള്‍ ഉണ്ടാക്കുന്ന സാമൂഹിക വ്യവസ്ഥിതി ചിത്രീകരിക്കുന്ന   ' ആലീസിന്റെ അത്ഭുതലോകം '  , പാതിരാത്രി നടക്കാനിറങ്ങിയ ബാദുഷ എന്ന വൃദ്ധന്‍ കാരണമൊന്നുമില്ലാതെ  സംശയിക്കപ്പെട്ടു , പൊലീസുകാരാല്‍ ശാരീരികമായും മാനസികമായും പീഡിപ്പിക്കപ്പെടുന്ന    കഥ 'ബാദുഷ എന്ന കാല്‍നടയാത്രക്കാരന്‍ '  , ഒഴിവുദിനത്തിന്റെ ആലസ്യമകറ്റാന്‍ കള്ളനും പൊലീസും എഴുതി കളിച്ച മൂന്ന് സുഹൃത്തുക്കളില്‍ ഒരാള്‍ അധികാര മോഹിയായ  രാജാവായി സ്വയം അവരോധിക്കുകയും  കള്ളനായി കളിക്കുന്നവരെ കൊല്ലുകയും ചെയ്യുന്ന  കഥ  ' ഒഴിവുദിവസത്തെ കളി '  ,  കവലയിലെ കപ്പേളയിലെ ഉണ്ണീശോ മഴ നനയുന്നത് കണ്ട് സഹിക്കാനാവാതെ അവനെ വീട്ടിലേക്ക് എടുത്ത കുഞ്ഞേട്ടന്‍ന്‍റെ ചിന്തകള്‍  കോറിയിട്ട '  കോട്ടയം-17 '   ,  നാരായണഗുരുവിന്റെ ചരിത്രത്തിലിടം പിടിക്കാത്ത ഭാര്യയുടെ ആത്മകഥയായ 'കാളിനാടകം', മധ്യവയസിന്റെ തീരാനോവുകള്‍ക്കിടയിലും സന്തോഷങ്ങള്‍ തിരിച്ചുപിടിക്കാന്‍ ഒരുപറ്റം സ്ത്രീകള്‍ നടത്തുന്ന ശ്രമം പറയുന്ന 'ആനന്ദമാര്‍ഗം', അന്ധയായിട്ടും എസ് കെ പൊറ്റെക്കാടിന്റെ സഞ്ചാരസാഹിത്യ കൃതികള്‍ കൊച്ചുമോളെ കൊണ്ട് വായിപ്പിച്ച്  പറമ്പിനപ്പുറത്തുള്ള കുന്നുകളെയും പാലങ്ങളെയും ഇടവഴികളെയും  ലണ്ടനെന്നും ആഫ്രിക്കയെന്നും മക്കയെന്നും പേരിട്ട് വിളിച്ച്  അവിടം സന്ദര്‍ശിക്കുന്ന ഉമ്മച്ചിയുടെ കഥ പറയുന്ന 'തോടിനപ്പുറം പറമ്പിനപ്പുറം', 'മുദ്രാരാക്ഷസം'  എന്നിങ്ങനെ  വ്യത്യസ്തമായ  പ്രമേയങ്ങള്‍ നിറഞ്ഞ കഥകളാണ്  " കഥകള്‍ -  ആര്‍ .  ഉണ്ണി "  എന്ന പുസ്തകത്തില്‍ ഉള്ളത് .   ഈ പുസ്തകത്തിനെ  ഒരുപിടി കഥകളില്‍ എന്റെ വായനയെ ഏറെ ആകര്‍ഷിച്ച " ലീല " എന്ന കഥയെക്കുറിച്ചാണ് ഇനി പറയുന്നത് .


സ്വേച്ഛാധിപത്യ മനസ്സുള്ള കുട്ടിയപ്പന്‍റെ ലീലകളുടെ കഥയാണിത്. കുട്ടിയപ്പന്‍റെ സന്തതസഹചാരിയായ പിള്ളേച്ചനാണ് ഈ കഥയിലെ മറ്റൊരു കഥാപാത്രം.

“തന്തയൊണ്ടാക്കിയത് മുഴുവന്‍ നശിപ്പിക്കാന്‍ ഓരോന്ന് ജനിച്ചോളും. കൊറെ പഠിച്ചിട്ടുണ്ടെന്ന് പറഞ്ഞിട്ട് വല്ല കാര്യമൊണ്ടോ?” , എന്നുള്ള പിള്ളേച്ചന്റെ ഭാര്യ പത്മിനിയുടെ വാക്കുകളിലൂടെ കുട്ടിയപ്പന്റെ പേരുപോലെ തന്നെ വിചിത്രമായ ജീവിതരീതിയും സ്വഭാവവും ഏറെക്കുറെ പിടികിട്ടും. മുടിയനായ പുത്രന്റെ ഏതു കഥയിലും പറയുന്നതുപോലെ ഇതും രതിയുടെ  കഥയാണ് . നട്ടപ്പാതിരയ്ക്ക് പിളേളച്ചന്റെ വീട്ടിലെത്തി  "  ഒരു കൊമ്പനാനയുടെ തുമ്പിക്കൈയില്‍ ഒരു പെണ്ണിനെ തുണയില്ലാതെ ചേര്‍ത്തുനിര്‍ത്തി ഭോഗിക്കണം എന്ന ആഗ്രഹമാണ് "  കുട്ടിയപ്പന്‍ അറിയിക്കുന്നത് . ഈ ആഗ്രഹ സഫലീകരണത്തിനായി പിള്ളേച്ചനെയും കൂട്ടുപിടിച്ചുകൊണ്ടുള്ള യാത്രയുടെ കഥയാണ് ലീല. അതിനു പറ്റിയ കൊമ്പനാനയെ അന്വേഷിച്ചു നടക്കുമ്പോള്‍ കാര്യസാദ്ധ്യത്തിനു വേണ്ടി നടത്തുന്ന തീവ്ര പരിശ്രമങ്ങളും പെരുമാറ്റരീതികളും ആക്ഷേപഹാസ്യത്തിന്റെ മേമ്പൊടിയോടുകൂടിയാണ് അവതരിപ്പിക്കുന്നത്. ഏറെക്കാശ് വാടക കൊടുക്കേണ്ടതുണ്ടെങ്കിലും വയനാട്ടില്‍ നിന്ന് ആനയെ ഒത്തുകിട്ടി. ഇനി പറ്റിയ പെണ്‍കുട്ടിയെയാണ് വേണ്ടത്.

ഈ അന്വേഷണത്തിനിടയില്‍ കുട്ടിയപ്പന്റെ അസ്വാഭാവിക ലൈംഗിക കാമനകളുടെ ലോകവും ഉന്മാദപ്രവൃത്തികളും ചുരുളഴിയുന്നുണ്ട്. വാടകയ്ക്കെടുക്കുന്ന  പെണ്ണിനെ  തുണിയൊന്നുമില്ലാതെ ദേഹം മുഴുവന്‍ എണ്ണ തേപ്പിച്ച് ടേപ്പ് റിക്കാര്‍ഡറില്‍ പാട്ടുമിട്ട് രാത്രി മുഴുവന്‍ ഡാന്‍സ് ചെയ്യിപ്പിക്കുകയും രാവിലെ നെറ്റിയില്‍ ഉമ്മയും കൈ നിറയെ കാശും കൊടുത്തു പറഞ്ഞു വിടുകയും ചെയ്യുന്ന കുട്ടിയപ്പന്‍ ;  മറ്റൊരിക്കല്‍ മൂക്കില്‍ പഞ്ഞിയും വച്ചിട്ട് വിളക്കുകള്‍ക്കും ചന്ദനത്തിരിക്കുമിടയില്‍ മരിച്ചവനെപ്പോലെ കിടന്ന് , പെണ്ണിനെ രാത്രി മുഴുവന്‍ നിലവിളിക്കാനേല്പിച്ചിട്ട്  രാവിലെ നിറയെ കാശു നല്കി പറഞ്ഞു വിടുന്നു  . കൂടാതെ വീട്ടിലെ വേലക്കാരിത്തള്ള  ഏലിയാമ്മച്ചേച്ചിയുടെ  നടുവൊടിച്ച സംഭവവും ഉപകഥയായി ചേര്‍ത്തിട്ടുണ്ട്. മുകളിലെ നിലയിലേക്ക് ചായയും ഭക്ഷണവും ജനലിലൂടെ ഏണിമാര്‍ഗം എത്തിക്കുവാനുള്ള ഏര്‍പ്പാടുണ്ടാക്കിയതിനാലാണ് ഏലിയാമ്മച്ചേച്ചിയ്ക്ക് വീണു നടുവൊടിയേണ്ടി വന്നത്.

ഇങ്ങനെ  വിചിത്ര  സ്വഭാവങ്ങളുടെ  കൂടിയിരിപ്പുകാരനായ  കുട്ടിയപ്പന് ഒരു പെണ്‍കുട്ടിയെ ലഭിച്ചു . തന്ത തന്നെ ഗര്‍ഭിണിയാക്കിയതിനു ശേഷം മാര്‍ക്കറ്റിലിറക്കിയിരിക്കുന്ന ലീല .  ലീല എന്നത് അവളുടെ ശരിക്കുമുള്ള പേരല്ല ( അവള്‍ക്കുള്ള പേര് അവള്‍ പറയാന്‍ കൂട്ടാക്കുന്നില്ല ) , കുട്ടിയപ്പനിട്ട പേരാണ് ഇത് . ലീലയെ വിവസ്ത്രയാക്കി കൊമ്പനാനയുടെ തുമ്പിക്കൈയോടു ചേര്‍ത്തു നിര്‍ത്തി കണ്ടപ്പോഴേക്കും കുട്ടിയപ്പന്റെ ഭ്രാന്ത് സംതൃപ്തി നേടി .  അതിനു ശേഷമുള്ള മടങ്ങിവരവ്  ,"  പരിണാമദശയിലെ വിചിത്രമായൊരു ചിത്രം പോലെ മുന്നില്‍ നഗ്നനായ കുട്ടിയപ്പന്‍, അതിനു പിന്നില്‍ നഗ്നയായ ലീല, അതിനു പിന്നില്‍ ഭൂമിയിലെ ഏറ്റവും വലിയ മൃഗം.നടക്കുന്നതിനിടയില്‍ പെട്ടെന്ന് ലീല തിരിഞ്ഞു നിന്നു. മദഗജം വന്യമായ ഒരു ആവേശത്തോടെ അവളെ പൊക്കിയെടുക്കുന്നിടത്ത് "  കഥ അവസാനിക്കുന്നു.


ആശയത്തിന്റെ   സവിശേഷത കൊണ്ട് ശ്രദ്ധേയമായ ഒരു രചനയാണിത് . പരപീഡനസുഖവും ആത്മപീഡനരതിയും കെട്ടുപിണയുന്ന ക്രമവിരുദ്ധ ലൈംഗികതയുടെ വിചിത്ര വഴികള്‍ ആണീ കഥ കൈകാര്യം ചെയ്യുന്നതെങ്കിലും  ആഖ്യാനരീതി ആകര്‍ഷകമാണ് . ഉന്മാദത്തിനോട് അടുത്ത സ്വഭാവമാണോ നായകന്‍റെതെന്ന് വായനക്കാര്‍ക്ക്‌ സംശയം തോന്നിയേക്കാം . സംഭവപ്രധാനമായ കഥ , ലളിതമായ ആവിഷ്കാരരീതികളിലൂടെ കഥാകാരന്‍ പറഞ്ഞു വെയ്ക്കുന്നു എങ്കില്‍ കൂടി ആശയത്തിലേക്ക് ഇറങ്ങി ചെല്ലുമ്പോള്‍ ലീല ഒരു വേദനയാകുകയാണ് . കഥയില്‍ വെളിപ്പെടുന്ന യഥാര്‍ത്ഥ്യങ്ങള്‍ ഒരിക്കലും നമുക്ക് ചിരപരിചിതമായ രീതിയിലൂടെ അല്ല മുന്നേറുന്നത് . അദൃശ്യമായ , ദുരൂഹമായ , സങ്കീര്‍ണ്ണമായ സ്വത്വപ്രതിസന്ധികളെയാണ് കഥയില്‍ പൂരിപ്പിക്കുന്നത് . മനുഷ്യ സ്വഭാവത്തിലെ  നിഗൂഡതയിലേക്ക് , അതിന്റെ വൈകൃതങ്ങളിലേക്ക്  , ഹാസ്യാത്മകമായി വിരല്‍ ചൂണ്ടുമ്പോഴും നിസ്സഹായതയുടെ പര്യായമായി യന്ത്രം പോലെ പറയുന്നതെന്തും  അനുസരിക്കേണ്ടി വരുന്ന കൌമാരം വിട്ടിട്ടില്ലാത്ത ലീലയെന്ന കൊച്ചുപെണ്‍കുട്ടി വായനക്കൊടുവില്‍ മനസ്സില്‍ നോവായി അവശേഷിക്കുക  തന്നെ ചെയ്യും . രക്ഷിക്കേണ്ട കൈകള്‍ തന്നെ , വേട്ടക്കാരായി മാറുമ്പോള്‍ അതില്‍ നിന്നും അവളെ മോചിപ്പിക്കണമെന്ന ചിന്ത കുട്ടിയപ്പന് ഉണ്ടാക്കുന്നുണ്ട് . അതുകൊണ്ട് തന്നെ ഒരേ സമയം വേട്ടക്കാരും രക്ഷകനുമായ , വിചിത്ര സ്വഭാവമുള്ള കുട്ടിയപ്പനെയാണ്  കഥയില്‍ നിന്നും വായിച്ചെടുക്കാന്‍ കഴിയുക . 


കഥ എന്നത് കഥാകൃത്തിന്റെ പൂര്‍ണ
സ്വാതന്ത്ര്യമാണെന്നിരിക്കെ  വായനക്കാര്‍ക്ക്   ആശയത്തോട്  യോജിക്കുകയോ വിയോജിക്കുകയോ ചെയ്യാം .  എന്തുതന്നെയായാലും " ലീല " മലയാളത്തിലെ സാമ്പ്രദായിക കഥാരീതികളില്‍ നിന്ന് ആശയം കൊണ്ടും ശൈലികൊണ്ടും തികച്ചും വ്യത്യസ്തമായ ഒന്നാണ് . ഇന്നത്തെ സമൂഹത്തിലെ  സുരക്ഷിതയല്ലാത്ത സ്ത്രീജീവിതവുമായി ചേര്‍ത്തുവെച്ചു വായിക്കുമ്പോള്‍  വളരെയധികം  പ്രാധാന്യം അര്‍ഹിക്കുന്ന കഥയുമാണിത് . പൂര്‍വ്വമാതൃകകളില്ലാത്ത , വ്യത്യസ്തവും വൈവിധ്യമാര്‍ന്നതുമായ  കഥകളുള്ള  ഈ പുസ്തകം തീര്‍ച്ചയായും ഒരു നഷ്ടം  ആകില്ലെന്ന് ഉറപ്പ് . ഡി.സി  ബുക്സ്‌ ആണ് ഈ പുസ്തകത്തിന്റെ പ്രസാധകര്‍ . വില - 110 രൂപ .

2 comments:

  1. അവലോകനം വായിച്ചു
    നന്നായി പറഞ്ഞു

    ReplyDelete
  2. കഥ എന്നത് കഥാകൃത്തിന്റെ പൂര്‍ണ സ്വാതന്ത്ര്യമാണെന്നിരിക്കെ , വായനക്കാര്‍ക്ക് ആശയത്തോട് യോജിക്കുകയോ വിയോജിക്കുകയോ ചെയ്യാം . എന്തുതന്നെയായാലും " ലീല " മലയാളത്തിലെ സാമ്പ്രദായിക കഥാരീതികളില്‍ നിന്ന് ആശയം കൊണ്ടും ശൈലികൊണ്ടും തികച്ചും വ്യത്യസ്തമായ ഒന്നാണ് . ഇന്നത്തെ സമൂഹത്തിലെ സുരക്ഷിതയല്ലാത്ത സ്ത്രീജീവിതവുമായി ചേര്‍ത്തുവെച്ചു വായിക്കുമ്പോള്‍ വളരെയധികം പ്രാധാന്യം അര്‍ഹിക്കുന്ന കഥയുമാണിത് ...
    നല്ല വിശകലനം..കേട്ടൊ ആമി

    ReplyDelete