വായനക്കൊരിടം !!!

എഴുത്തുകാരെപ്പറ്റി,പുസ്തകങ്ങളെക്കുറിച്ച്, സാഹിത്യവുമായി ബന്ധപ്പെട്ട ലഘുകുറിപ്പുകള്‍ ആണ് വായനാമുറിയില്‍ ഉള്‍പെടുത്തുന്നത്‌. നിങ്ങള്‍ക്കും ഇതില്‍ പങ്കുചേരാം. നിങ്ങളുടെ ഇമെയില്‍, ബ്ലോഗ്‌ അഡ്രെസ്സ് എന്നിവയും മറ്റു വിവരങ്ങളും vaayanamuri@gmail.com എന്ന വിലാസത്തിലേക്ക് അയച്ചു തരു. വിജ്ഞാന സംബന്ധിയായ കുറിപ്പുകളായാതുകൊണ്ട് വിവരങ്ങളുടെ ആധികാരികത ഉറപ്പുവരുത്തിയതിനു ശേഷമേ പോസ്റ്റ്‌ ചെയ്യാവൂ. വിവാദങ്ങള്‍ക്കും വാഗ്വാദങ്ങള്‍ക്കും അപ്പുറത്ത് അറിവ് പങ്കുവെക്കല്‍ എന്ന ഒരേ ഒരു ലക്ഷ്യമാണ്‌ ഈ ശ്രമത്തിനു പിന്നില്‍ എന്നു ഇവിടെ വ്യക്തമാക്കട്ടെ.







Showing posts with label പഠനം. Show all posts
Showing posts with label പഠനം. Show all posts

Monday, August 22, 2011

കുരീപ്പുഴ കവിതകളുടെ ഉഷ്ണകാലങ്ങള്‍



ചരിത്രോന്മുഖമായ ലാവണ്യദര്‍ശനങ്ങളേയും വര്‍ത്തമാനത്തിന്റെ കാലദേശത്തേയും അടയാളപ്പെടുത്തുകയും ഭാവിയുടെ മുന്നറിവുകളാവുന്ന വിധം മാനവികമായ ഉല്കണ്ഠകള്‍ പങ്കുവെക്കുകയും ചെയ്യുന്ന അന്വേഷണങ്ങളാണ്‌ കുരീപ്പുഴ ശ്രീകുമാറിന്റെ കവിതകളില്‍ ചെന്നെത്തുന്നത്. മനുഷ്യന്റെ വൈയക്തികവും സാമൂഹ്യവുമായ സ്വത്വാന്വേഷണത്തില്‍ പങ്കാളികളാവുന്ന കവിതകള്‍.


ജീവിതനിഷേധത്തിന്റെ, നിരാശയുടെ, വൈയക്തികതയുടെ ഭാവുകത്വപരിസരത്തായിരുന്ന ആധുനിക കഥാ-നോവല്‍ രൂപങ്ങളുടെ നിലനില്പ്പെങ്കില്‍ ആധുനിക കവിതയുടെ ഭാവുകത്വം ഇത്തരത്തിലല്ല വികസിച്ചത്. പ്രത്യാശയുടേയും വിമോചനത്തിന്റെയും ചുവന്ന ചക്രവാളങ്ങള്‍ തേടി. മലയാള കാവ്യഭാവുകത്വം വിപ്ലവകരമായ ഒരു കുതിച്ചുചാട്ടം നടത്തി. കാലത്തിന്റെ സങ്കടങ്ങള്‍, പ്രത്യാശകള്‍, രോഷങ്ങള്‍ ഇവ കവിതയിലൂടെ ആവിഷ്ക്കരിച്ചു എന്നതാണ്‌ കുരിപ്പുഴ കവിതയെ പ്രസക്തമാക്കുന്നത്. സവര്‍ണ്ണതയുടെ ദര്‍ശനത്തിനെതിരായ കാവ്യനിര്‍മ്മിതികളാണ്‌ കുരീപ്പുഴ കവിതകള്‍. ദുഃഖത്തിന്റെ, വിശപ്പിന്റെ, അലച്ചിലിന്റെ മനുഷ്യ ദൈവങ്ങളെ കവിത അഭിമുഖീകരിക്കുന്നത് കാണാം 'വീണ വില്പ്പനക്കാരന്‍' എന്ന കവിതയില്‍.
“പട്ടിണിയാണെന്റെ സ്നേഹിതാ,
വീണയില്‍ ഭക്ഷണമല്പ്പമില്ല“
വീണ സര്‍ഗ്ഗ സമ്പത്തായിരുന്നു എങ്കിലും മറ്റൊരു തിരിച്ചറിവ് മുന്നോട്ട് വയ്ക്കുന്നു. സ്വയം തിരിച്ചറിയുന്നതോടൊപ്പം തന്നെ പ്രത്യാശയുടെ ചക്രവാളങ്ങള്‍ ഇരുണ്ടുപോവുകയും നിരാശയുടെ, വിശ്വാസ സാഹിത്യത്തിന്റെ ഇരുട്ടു വ്യാപിക്കുകയും ചെയ്യുന്നതിന്റെ ചരിത്രപരമായ ഉള്‍തുടിപ്പുകള്‍ പല കവിതകളിലുമുണ്ട്.

പോകുമ്പോഴെന്‍ സ്നേഹ
ഭിക്ഷയായ് എന്നെയും കൊണ്ടുപോയ്കൊള്ളുക
വജ്രഖഡ്ഗങ്ങളാല്‍
ശിക്ഷിച്ചുകൊള്ളുക
‘പച്ചകിനാവുകള്‍’ എന്ന കവിതയിലൂടെ കരളകത്തികൊണ്ട് മനസ്സില്‍ നിന്നാരോ ഇറങ്ങിപോകുന്ന സ്നേഹം ഭിക്ഷയായ് കവി കേള്‍ക്കുന്നു.
രാഷ്ട്രീയ ദൃഢബോധ്യം ജൈവീകമായി അനുഭവപ്പെട്ട മര്‍ദ്ദിതരുടേയും ചൂഷിതരുടേയും കീഴാളരുടേയും പക്ഷത്തു നില്ക്കുന്നതോടൊപ്പം ബ്രാഹ്മണിസത്തിന്റെ സാമൂഹിക സാംസ്കാരിക അധിനിവേശത്തെ ചെറുത്തുനില്ക്കുന്നതില്‍ മറ്റാര്‍ക്കുമില്ലാത്ത ഉള്‍ക്കരുത്ത് കുരീപ്പുഴ കവിതകള്‍ക്കുണ്ടെന്ന് നൂറ്‌ ഉദാഹരണങ്ങള്‍ നിരത്താനാകും.
മലയാളഭാഷയെ അതിന്റെ നാട്ടുവഴക്ക-ദ്രാവിഡത്തനിമയിലേക്ക് സന്നിവേശിപ്പിക്കുകയോ കൈ പിടിച്ചുയര്ത്തുകയോ ചെയ്തു എന്നതാണ്‌ ‘അമ്മ മലയാളം’ എന്ന കവിതയെ എക്കാലത്തും സമകാലികമാക്കുന്നത്. അമ്മ മലയാളം എന്ന സംജ്ഞ ഇന്ന് മലയാള ഭാഷയുമായി ബന്ധപ്പെട്ട പൊതു വ്യവഹാരങ്ങളിള്‍ ഇടം നേടിയിട്ടുണ്ട്. സവര്‍ണ്ണ സൗന്ദര്യാനുഭവത്തിനു ബദലായി ഭാഷയുടെ സൗന്ദര്യ ശാസ്ത്രത്തിന്റെയും സംസ്കാരത്തിന്റെയും പുതിയ അനുഭവമാണ്‌ അമ്മ മലയാളം.
‘പള്ളിക്കൂടം’ എന്ന കവിതയില്‍ ശിഷ്യന്‍ ഗുരുവിനോട് കയര്‍ക്കുന്നത്
ശ്ലോക്മുരുക്കിക്കഴിച്ച്’
ക്ലാവുപിടിച്ചു നിന്‍ നാക്ക്
ചൊവ്വെ വടിച്ചു കൊപ്ലിച്ച്
ചെമ്പഴുക്കാപ്പാട്ടു ചൊല്ല്.
വരേണ്യമായ കാവ്യരീതികളെ പിന്‍പറ്റുന്ന ഒരു സാംസ്കാരികപരിസരത്തു നിന്നല്ല കവി തന്റെ ഭാഷയെ കവിത കൊണ്ടെത്തുന്നത്. ഭൂരിഭാഗവും വരുന്ന അടിസ്ഥാന ജനതയുടെ അധ്വാനത്തില്‍ വിളഞ്ഞു നില്ക്കുന്ന വയലേലകളില്‍ നിന്നാണ്‌ അതിന്റെ വരവ്. അതിന്റെ കരുത്തും ഊര്‍ജ്ജവുമാണ്‌ കവിയുടെ ശക്തി.
തൊണ്ണൂറുകളിലാണ്‌ ഗ്രാംഷിയന്‍ ചിന്തകളെ മലയാളി കൂടുതൽ പരിചയപ്പെടുന്നതും കറുപ്പ് ഒരു രാഷ്ട്രീയസാംസ്കാരിക പ്രതിരോധമായി അടയാളപ്പെടുത്തുന്നത്‌. ഒരു കീഴാളസൗന്ദര്യശാസ്ത്രം വികസിപ്പിക്കാനുള്ള ശ്രമം ഈ കാലയളവില്‍ നടന്നു. ‘കറുത്ത നട്ടുച്ച’ എന്ന കവിതയില്‍ ഈയൊരു ശ്രമം നടത്തുന്നുണ്ട് കവി. ഫ്യൂഡല്‍ കുടുംബാനുഭവങ്ങളുടെ അരാഷ്ട്രീയമായ ഗൃഹാതുരതയോ സ്വത്വപ്രതിസന്ധിയോ അല്ല ദാരിദ്ര്യത്തിന്റേയും പീഡാനുഭങ്ങളുമാണ്‌ കവിതയിലൂടെ തീക്ഷ്ണമായി പങ്കുവയ്ക്കുന്നത് . ചുട്ടുപൊള്ളിക്കുന്ന അനുഭവങ്ങളുടെ ഈ തീകനലുകള്‍ തിന്നുമ്പോള്‍ പൂക്കുന്നത് വേനലിന്റെ ചെമ്പരത്തിയാണ്‌.

'കീഴാളന്‍' എന്ന കവിത സവിശേഷമായ പാഠനിര്‍മ്മിതിയാണ്‌ ആവശ്യപ്പെടുന്നത്‌.
“പലവട്ടം അക്രമിക്കപ്പെട്ട
ഒരു ഗ്രാമമാണ്‌ എന്റെ ഹൃദയം”

എന്ന കാവ്യ സാക്ഷ്യമാണ്‌ കുരീപ്പുഴ കവിതയുടെ ലാവണ്യയുക്തി. എല്ലാ മനുഷ്യരെയും ഒന്നായിക്കാണുവാനും. അവരുടെ ദുഃഖങ്ങള്‍ സ്വയം ഏറ്റുവാങ്ങുകയുമാണ്‌ കവി കുരീപ്പുഴ ശ്രീകുമാര്‍ .അതു കൊണ്ടുതന്നെയാണ്‌ ഈ കവിതകള്‍ വായനക്കാരനു വ്യത്യസ്തമാര്‍ന്ന അനുഭവങ്ങള് സമ്മാനിക്കുന്നത്.


സുധി പുത്തന്‍വേലിക്കര

ബഹറിന്‍


Wednesday, February 16, 2011

അപരിചിതത്വത്തിന്റെ രണ്ടാംവഴിയിലൂടെ.....


ഭാരതകഥ കേട്ടു വളരാത്ത ആരുമുണ്ടാകില്ല നമുക്കിടയില്‍. ആ വാങ്മയചിത്രങ്ങള്‍ നമ്മുടെ ബാല്യത്തെ എത്രമാത്രം കോരിത്തരിപ്പിച്ചിട്ടുണ്ട്. പേടി തോന്നുമ്പോള്‍ നാം അര്‍ജ്ജുനന്‍ ഫല്‍ഗുനന്‍ എന്നു പറഞ്ഞു, കുന്നോളം ആഹാരം കഴിക്കുന്ന ഭീമനെ അതിശയത്തോടെ ഓര്‍ത്തു, യാഗാഗ്നിയില്‍ നിന്നുയര്‍ന്നു ഭുവനത്തെ മോഹിപ്പിച്ച ദ്രൗപദിയുടെ സൗന്ദര്യം നമ്മെ അത്ഭുതപ്പെടുത്തി. മഹാഭാരത്തിന് അനവധി വ്യഖ്യാനങ്ങളുണ്ടായി. ഭാരതപര്യടനവും ഇനി ഞാന്‍ ഉറങ്ങട്ടെയുമെല്ലാം അങ്ങനെയുണ്ടാവയാണ്. എന്നാല്‍ മഹാഭാരത്തില്‍ നാം ഏറെ കണ്ട ഒരു ശരീരത്തിന്റെ മനസ്‌സ് നമുക്ക് കാണിച്ചു തന്ന രചനയാണ് രണ്ടാമൂഴം.

രണ്ടാംമൂഴം ഒരു വ്യക്തിയുടെ മാത്രം കഥയല്ല, ഒരു കുടുംബത്തിന്റെ കഥയാണ്. കുടുംബഛിദ്രത്തിന്റെയും ചേരിപ്പോരിന്റെയും വ്യക്തമായ ചിത്രം നമുക്കതിലൂടെ മനസ്‌സിലാക്കാം. വലിയ ശരീരത്തിനുള്ളില്‍ വലിയ മനസ്‌സുള്ള ഭീമന്‍ നമുക്കൊരു കഥ പറഞ്ഞു തരികയാണ്. കേട്ടു ശീലിച്ച പഴങ്കഥകളില്‍ നിന്ന് വ്യതിചലിച്ച് നാം ആ മനസ്‌സിന്റെ കൂടെ ഒരു യാത്ര പോയി. ഇടയ്‌ക്കെപ്പോഴോ മനസ്‌സിലെ ചില്ലുക്കൂട്ടില്‍ സൂക്ഷിച്ച വിഗ്രഹങ്ങള്‍ ഉടഞ്ഞു വീണു. വ്യാസന്‍ മറന്നു പോയ എന്തൊക്കെയോയുണ്ടെന്ന്  നമുക്ക് തോന്നി. അത്തരം ചില തോന്നലുകള്‍ക്കപ്പുറത്തു നിന്ന് വൃകോദരന്‍ എന്ന പേരിനാല്‍ പരിഹസിക്കപ്പെട്ട ഭീമസേനന്‍ നമുക്കൊപ്പം നടന്ന് ആ കഥ പറഞ്ഞു; യാത്രകളുടെ, സ്വയംവരത്തിന്റെ, മത്സരങ്ങളുടെ, പ്രണയത്തിന്റെ, ദു:ഖത്തിന്റെ, വിരഹത്തിന്റെ, ശാപത്തിന്റെ, മരണത്തിന്റെ, തന്ത്രങ്ങളുടെ, കൊലകളുടെ, യുദ്ധത്തിന്റെ കഥ.

മഹാഭാരത്തിന്റെ അന്ത്യത്തില്‍ നിന്നാണ് രണ്ടാമൂഴം ആരംഭിക്കുന്നത്. മഹാപ്രസ്ഥാനയാത്രത്തില്‍ വീണുപോകുന്ന ദ്രൗപദിക്കരികില്‍ യാത്രാനിയമങ്ങള്‍ മറന്ന് തിരിഞ്ഞു നില്‍ക്കുന്ന ഭീമസേനന്റെ മനസ്‌സിലുടെ കഴിഞ്ഞകാലം കടന്നു പോയി. പാണ്ഡവരുടെ ജീവിതം എന്നും യാത്രയായിരുന്നു. ശതശൃംഗത്തില്‍ നിന്ന് ഹസ്തിനപുരിയിലേക്ക് യാത്ര, അവിടെ നിന്ന് അരക്കില്ലത്തിലേക്ക് പിന്നെ മരണത്തില്‍ നിന്ന് ജീവിതത്തിലേക്കുള്ള യാത്ര കാട്ടിലേക്ക് അവിടെ നിന്നും ഇന്ദ്രപ്രസ്ഥത്തിലേക്ക് പിന്നെയും കാട് ഒടുവില്‍ കഷ്ടപ്പെട്ടു നേടിയതൊക്കെ ഉപേക്ഷിച്ച് മുക്തിയിലേക്കുള്ള യാത്ര.

കൊടുങ്കാറ്റുകളുടെ ദേവനായ പിതാവിനെ സ്വപ്നം കണ്ട് വളര്‍ന്ന ബാല്യമായിരുന്നു ഭീമന്റേത്. എന്നാല്‍ ഭീമന്റെ കരുത്തിനെ കൊട്ടാരക്കെട്ടുകള്‍ വരെ ഭയപ്പെട്ടിരുന്നു. എന്നാലും ഭീമന്‍ എപ്പോഴും രണ്ടാമനായി തഴയപ്പെട്ടിരുന്നു. ആ ശക്തിയെ അഭിനന്ദിച്ചിരുന്ന അപൂര്‍വ്വം ചിലരെയുണ്ടായിരുന്നുള്ളൂ, സാത്യകിയെയും ധൃഷ്ടദ്യുമനനെയും പോലുള്ളവര്‍.

ഭീമന്റെ കരുത്ത് ഭാവിയില്‍ തങ്ങള്‍ക്ക് അപകടമായേക്കുമെന്ന് കരുതിയാണ് പ്രമാണകോടിയില്‍ വച്ച് ഭീമസേനനെ കൗരവര്‍ കൊല്ലാന്‍ ശ്രമിച്ചത്. എന്നാല്‍ ആ അനുഭവം നല്കിയ പാഠം ഭീമന്‍ ജീവിതം മുഴുവന്‍ കാത്തു സൂക്ഷിച്ചു; 'ശത്രുവിനോട് ദയ അരുത്'. ദ്രൗപദിയെ പങ്കുവയ്ക്കാനുള്ള അമ്മയുടെ തീരുമാനത്തെ ഏറ്റവുമധികം എതിര്‍ത്തത് ഭീമനായിരുന്നു. എന്നാല്‍ ദ്രൗപദിയെ ഏറ്റവും അധികം സ്‌നേഹിച്ചതും ഇതേ ഭീമന്‍ തന്നെ.

എങ്കിലും ആ ശരീരത്തെയും മനസ്‌സിനെയും ഏറെ തൃപ്തിപ്പെടുത്തിയത് കാമത്തിന്റെ കറുത്ത തീപ്പൊരികള്‍ കെടാതെ സൂക്ഷിച്ച കാട്ടാളപെണ്ണ് ഹിഡിംബിയായിരുന്നു. അതിന്റെ കാരണം ഭീമന്‍ തിരിച്ചറിഞ്ഞത് വര്‍ഷങ്ങള്‍ക്ക് ശേഷമായിരുന്നു. അത് ഭീമന്റെ പിറവിയുമായി,  പാണ്ഡവരുടെ  ജന്മരഹസ്യവുമായി  ഇഴ ചേര്‍ന്നതാണ് എന്ന്‌ സ്ഥാപിക്കാന്‍ എം ടി കാട്ടിയ കൃതഹസ്തത ആരും അതിശയിക്കുന്ന തരത്തിലാണ്. കൊടുംകാട്ടില്‍ നിന്ന് ചങ്ങലയഴിഞ്ഞ ചണ്ഡമാരുതനെപ്പോലെ വന്ന കാട്ടാളനു പിറന്ന ഭീമന്‍ അങ്ങനെ ചിന്തിച്ചില്ലെങ്കിലല്ലേ അതിശയമുള്ളൂ. കൊലയും യുദ്ധവും എന്നും ഹരമായിരുന്ന ദ്രൗപദി, കണ്ടു ശീലിച്ച സ്ത്രീ കഥാപാത്രങ്ങളില്‍ നിന്ന് വിഭിന്നയാണ്.

ലോകം ഇതു വരെ കണ്ടിട്ടില്ലാത്തത് എന്ന് പറയപ്പെടുന്ന കുരുക്ഷേത്രയുദ്ധം എത്ര മനോഹരമായാണ് രണ്ടാമൂഴത്തില്‍ വര്‍ണ്ണിച്ചിരിക്കുന്നത്. ജീര്‍ണ്ണവസ്ത്രങ്ങള്‍ മാറ്റുന്നത് പോലെയാണ് ആത്മാവ് ശരീരം ഉപേക്ഷിക്കുന്നതെന്ന് ഏവരെയും പഠിപ്പിച്ച കൃഷ്ണന് സ്വന്തം അനന്തരവന്‍ മരിച്ചത് സഹിക്കാനായില്ല എന്ന് കഥാകാരന്‍ തന്മയത്തോടെ പറഞ്ഞു. വെറുമൊരു മനുഷ്യനാണെന്ന് തോന്നുമ്പോഴെല്ലാം രക്തബന്ധങ്ങള്‍ ക്ഷത്രികരെ ദുര്‍ബലരാക്കരുതെന്ന് ഭീമന്‍ മനസ്‌സിനെ ഓര്‍മ്മിപ്പിച്ചു. യുദ്ധത്തില്‍ ദിവ്യാസ്ത്രങ്ങള്‍ വേണ്ടാത്ത വെറും കൈകരുത്ത് കൊണ്ട് ശത്രു സൈന്യത്തെ നേരിട്ട ഭീമന് ഒരിക്കലും നീതിധര്‍മ്മങ്ങളോ തത്വചിന്തകളോ വഴങ്ങിയിരുന്നില്ല.

 ഘടോല്‍ക്കചന്റെ മരണം ഭീമന് വല്ലാത്ത ആഘാതമായിരുന്നു, അതിലുപരി ഘടോല്‍ക്കചനെ കര്‍ണ്ണന്റെ അരികിലേക്ക് മനപ്പൂര്‍വ്വം പറഞ്ഞുവിട്ടതാണെന്ന കൃഷ്ണന്റെ വാക്കുകള്‍ ഭീമനെ തളര്‍ത്തി. ഒരച്ഛനെ  ഭീമനില്‍ കാണുന്നത് ഇവിടെ ആണ്.
ഒടുവില്‍ യുദ്ധം ജയിച്ചു കഴിഞ്ഞ് നിര്‍വേദം തോന്നിയ യുധിഷ്ഠിരന്‍, ഭീമന്‍ രാജാവാകട്ടെ എന്നു പറയുന്നു. എന്നാല്‍ ദ്രൗപദിയും കുന്തിയും ഇതിനെ എതിര്‍ക്കുന്നു. ഒരു നിമിഷം കൊണ്ട് ഭരിച്ച് സ്ഥാനം ഒഴിഞ്ഞ രാജാവിന്റെ അവസ്ഥ ഓര്‍ത്തപ്പോള്‍ ഭീമന് കണ്ണു നിറഞ്ഞു. എന്നാല്‍ മഹാബലര്‍ കരയാന്‍ പാടില്ല എന്ന് പറഞ്ഞ് ഭീമന്‍ ചിരിച്ചു.
ദ്രൗപദി മദ്ധ്യവയസിലും സുന്ദരിയാണെന്ന് തോന്നുന്ന താന്‍ ജിതേന്ദ്രിയനല്ലെന്ന തിരിച്ചറിവില്‍ ഭീമന്‍ മോക്ഷം ഉപേക്ഷിച്ച് തന്റെ തട്ടകമായ കാട്ടിലേക്ക് തിരിച്ചു പോകുന്നിടത്ത് രണ്ടാമൂഴം സമാപിക്കുന്നു.

ഒരു പാട് ബിംബങ്ങള്‍ നിറഞ്ഞ ഒരു രചനയാണ് രണ്ടാമൂഴം. കാടു അതിലൊന്നാണ്. കാറ്റിന്റെ പുത്രനല്ല കാട്ടാളന്റെ പുത്രനാണ് താന്‍ എന്നറിയുന്ന സമയം. ഭീമന്റെ ശരീരവും കരുത്തും, ഒരു കാട്ടാളയുവതിയോടുള്ള പ്രണയം അതില്‍ ജനിക്കുന്ന നിശാചരനായ  ഘടോല്‍ഖജന്‍,   ഭീമന്റെ  യുദ്ധത്തിലെ വന്യത, എല്ലാത്തിനും പിറകില്‍ ആ കാടുണ്ട്‌. അതില്‍ നിന്നും ഇറങ്ങിവന്നു ജന്മം തന്ന കാട്ടാളന്റെ ചിത്രമുണ്ട്.

എം ടിയുടെ മറ്റു പല കൃതികളെയും ചേര്‍ത്തു വായിക്കാം ഇതിലൂടെ. അവഗണനപേറുന്ന   അന്തര്‍ മുഖന്മാരായ മരുമക്കത്തായത്തില്‍ തറവാടിന്റെ അകത്തളങ്ങളില്‍ ശബ്ദം  അടക്കി പിടിച്ചു വളര്‍ന്ന നായര്‍ തറവാട്ടിലെ ബാല്യം ഇവിടെ കാണാം. 'ഒരു പിറന്നാളിന്റെ ഓര്‍മയ്ക്ക്' എന്ന കഥയിലെ കുട്ടിയുടെ മാനസികാവസ്ഥ ഭീമനിലും കാണാം.

ഭീമന്‍ അനുഭവിക്കുന്ന ഭാവം അന്യവല്‍ക്കരണം {alienation} ആണ്‌ . ഭാവാത്മകഥയുടെ  അതിപ്രസരത്തില്‍  മനസ്സിനെ വിജ്ര്യംഭിപ്പിക്കാതെ സ്വന്തം കഥ പറയുന്ന ഭീമന്‍ ലാഘവത്തോടെ  നമ്മെ നേരിടുന്നു . അവഗണനയുടെ വേദന അനുഭവിക്കുമ്പോള്‍, അപമാനത്തിന്റെ നീര്‍ച്ചുഴിയില്‍പെട്ടുഴലുംപോള്‍,  അനാഥത്വത്തിന്റെ ബോധം മനസ്സിനെ വീര്‍പ്പുമുട്ടിക്കുമ്പോള്‍,  ഏവര്‍ക്കും അപരിചിതനായ ആ മനുഷ്യന്റെ ഉള്ളു നിറയെ അപകര്‍ഷതബോധമായിരുന്നു. ആഡാലറിന്റെ അപകര്‍ഷതാബോധം {Inferiority Complex}എന്ന തത്വം ഏറെ യോജിക്കുന്നത് ഭീമനാണ്. സ്വന്തം ശക്തി കൊണ്ട് എല്ലാവരെയും അതിശയിപ്പിച്ചിരുന്ന ഭീമന്‍ തനിക്ക് ആരില്‍നിന്നും വേണ്ടത്ര പരിഗണന കിട്ടുന്നില്ല എന്ന്‌ ഓര്‍ത്ത് ദുഖിച്ചിരുന്നു. വായുപുത്രന്‍ എന്ന്‌ അഹങ്കരിച്ചിരുന്നവന്‍ കാട്ടാളന്റെ മകനാണെന്ന് അറിഞ്ഞ നിമിഷം ഭീമസേനന്റെ "അച്ഛന്‍" എന്ന മഹനീയസങ്കല്പം ഇടിഞ്ഞുവീണു.

അത് പോലെ 'കാല'ത്തിലെ പ്രാപ്തിക്കാരിയായ  അമ്മ ഇവിടെ കുന്തിയില്‍ അലിഞ്ഞു ചേര്‍ന്നിരിക്കുന്നു. വടക്കന്‍ വീരഗാഥയിലെ ഉണ്ണിയാര്‍ച്ച എവിടെയോ ദ്രൌപതിയില്‍ ഉണ്ടെന്നു തോന്നും .യുങ്ങിന്റെ   {Carl G Jung)  അമ്മ സങ്കലപം  ഉള്‍പ്പെടുന്ന ഒരു തത്വമാണ് ആദിപ്രരൂപം (archetype ).എം.ടി.യുടെ അമ്മ കഥാപാത്രങ്ങളെല്ലാം   തന്നെ ഏകദേശം ഒരുപോലെയുള്ളവര്‍ ആണ്‌.ഭര്‍ത്തൃനഷ്ടത്തില്‍  പുത്രന്മാരെ വളര്‍ത്തുന്ന അമ്മമ്മാര്‍ വ്യത്യസ്തമായ വ്യക്തിത്വത്തിന് ഉടമയായവരാണ്.  പലപ്പോഴും സ്വന്തം  മക്കള്‍ക്കുപോലും അമ്മയുടെ മനസ്സ് തിരിച്ചറിയാനാകാതെ വരുന്നതായി നമുക്ക് കാണാം. അത് കൊണ്ടാണ് ഭീമസേനന്‍ പറഞ്ഞു, "നിങ്ങള്‍  കണ്ടില്ല, ഈ സ്ത്രീയെ എന്റെ അമ്മയെ.."

സ്നേഹത്തിന്‌ അനേകായിരം  വ്യത്യസ്തമുഖങ്ങളുണ്ട്.  ഇഷ്ടത്തിന്റെ, സ്നേഹത്തിന്റെ,  അനുരാഗത്തിന്റെ,കാമത്തിന്റെ വിഭിന്ന മുഖങ്ങള്‍ നമുക്ക്‌ എം. ടി. കൃതികളില്‍ കാണാം.മനശാസ്ത്രജഞനായ ലീ  {Lee ,1976} അഭിപ്രായപ്രകാരം  സ്നേഹത്തിന്‌ ആറ് {6 }വര്‍ണ്ണങ്ങളുണ്ട്‌ . ഫ്രോയിഡിന്റെ  അഭിപ്രായപ്രകാരം പാമ്പും പുഴയും രതി കല്പനകളാണ്.ബലന്ധരയെയും  ദ്രൌപതിയും  വിവാഹം  കഴിച്ചപ്പോഴും  കാമത്തിന്റെ  കറുത്ത  തീപ്പൊരികള്‍ കെടാതെ സുക്ഷിച്ച ഹിഡിംബി ആയിരുന്നു ഭീമന്റെ   മനസ്സില്‍ എന്നും. അതിനിടയില്‍  സ്വാര്‍ത്ഥതയുടെ അനുരണനങ്ങള്‍ തന്റെ ഉള്ളിലെന്നുമുണ്ടായിരുന്നു എന്ന്‌ ഭീമന്‍ സ്വയം തിരിച്ചറിയുന്നുണ്ട്.

ബൃഹത്തായ പഠനത്തിന്റെ പിന്‍ബലത്തോടെ ഭീമന്റെ മനസിലൂടെ ഉള്ള ഇത്തരം ഒരു യാത്ര എം ടിക്ക് മാത്രം കഴിയുന്നതാണ്. അത് കൊണ്ട് തന്നെയാണ് രണ്ടാമൂഴം മലയാള നോവലിലെ ക്ലാസിക്കുകളില്‍ ഒന്നായി മാറിയതും.

(c) അഞ്ജു നായര്‍
Blog: http://chambalkoona.blogspot.com/

Wednesday, November 24, 2010

കവിത പെയ്തിറങ്ങുന്ന തീ മരച്ചില്ലകളില്‍

നാനൃഷി കവിരിത്യുകം ഷിച്ചകില ദർശനാത:
(ഋഷിയല്ലാത്തവൻ കവിയല്ല,ജീവിത തത്വം ദർശിക്കുന്നവനാണ്‌ ഋഷി)
കാവ്യകൗതുകത്തിൽ ഭടതൗതൻ പറയുന്നു.

മനുഷ്യ സ്നേഹത്തിന്റെ അടിസ്ഥാനമായ കാരണങ്ങൾ പലതാണ്.എന്നാൽ മനുഷ്യരാശിയുടെ ഉത്കണ്ഠയും വേദനയും പങ്കുവയ്ക്കാൻ അധികമാർക്കും കഴിയാറില്ല.കവിതയിൽ തന്നെ അന്വേഷിക്കുവാൻ കവി ശ്രദ്ധിക്കണം അപ്പോൾ മാത്രമെ തനിക്ക്‌ ചുറ്റുമുള്ള സഹജിവികളുടെ കണ്ണീരിന്റെ ഉപ്പ്‌ തന്നെയാണ് തന്റെയും എന്നയാൾ തിരിച്ചറിയു.

ഭാവിയ്‌ കുറിച്ച്‌ ഒരു തുണ്ട്‌ പ്രതീക്ഷയും ബാക്കിയില്ലത്ത സമകാലീക മലയാളിയുടെ ചെവിയിൽ കുറഞ്ഞ ശബ്ദത്തിൽ ലാളിത്യമാർന്ന വരികളിലൂടെ,"തീമരചില്ലകൾ"എന്ന കവിതാസമഹാരത്തിലൂടെ സുധി പുത്തൻ വേലിക്കര സംവേദിക്കുന്നു.

ഒരു കടൽ പോലെ ചിലപ്പൊൾ ശാന്തമായും മറ്റുചിലപ്പൊൾ ഇളകി മറിഞ്ഞും വിവിധ ഭാവങ്ങളുടെ കാവ്യരസങ്ങൾ വായനക്കാരുമായി ഈ കൃതി പങ്കിടുന്നു.ആ ചിന്തകൾക്ക്‌ സംഗിതമുണ്ടെന്ന് ഇതിലെ വരികൾ നമ്മെ ബോധ്യപ്പെടുത്തുന്നുണ്ട്‌.ഭാഷയുടെ ചാരുതയും ആവാഹനശേഷിയും സുധിയിൽ എടുത്തുപറയേണ്ട പ്രത്യേകതയാണ്."കണ്ണുകൾ"എന്ന കവിത നോക്കുക,ജീവിതം അഭിമുഖികരിക്കപെടുന്ന വിവരണാതീതമായ മുഹൂർത്തങ്ങളെ സ്പ്തനാഡിയും നീറിപുകയുന്ന ജീവിതമാപിനിയിലെ രസതുള്ളികൊണ്ട്‌ അളന്നു തിട്ടപെടുത്തുന്നു.
ജീവിതവും കവിയും നേർക്കുനേരെയിരുന്ന് ചതുരംഗം കളിക്കുന്ന കാഴ്ച്ചാനുഭുതി കാണിച്ചുതരും പ്രതിസന്ധിയുടെ മുഹൂർത്തങ്ങളിൽ ആടിയുലഞ്ഞു പോകുന്ന ഈ ജീവിത നൗക.
"കണ്ണടച്ചു തുർക്കുവാൻ മാത്രം
കണ്ണുപൂട്ടിയിരിക്കന്നവർക്കു
പോലും കാണാം"

മലയാളിയുടേ കാലിക ജീവിതത്തിന്റെ ഒരു പരിഛേദമാണ് "ജന്മം"എന്ന കവിത.പാഴകുന്ന ഒരു ജ്ന്മഠിന്റെ നേരിയ ഞരക്കം വരികളിലൂടെ കേൾക്കാം.

"ചത്തമീനിന്റെ കണ്ണുപോൽ നമ്മെ
ഉറ്റു നോക്കി കിടക്കും വെയിലോ"

കവിത സ്വയം ജനിക്കുകയാണെന്നതിന് ഈ രണ്ടു വരികൾ തന്നെ തെളിവ്‌.എന്താണ് ഈ ലോകത്ത്‌ നാം ജിവിക്കുന്നതിന് ഉൾപ്രേരകമായിട്ടുള്ളത്‌ ആർക്കും ഉത്തരമില്ല.ഒരു ചിരിപോലും രക്തബന്ധങ്ങൾ തമ്മിൽ പൊലുമില്ലാത്ത വികാരരഹിതമായ ഭൂമിയിലെ ഒരാളുടെ കൈകൾ മാത്രമല്ല രക്തം പോലും തണുത്ത്‌ ഉറഞ്ഞിരിക്കും.

"എന്തു നമ്മെ ജീവിപ്പിക്കുന്നു
എന്തെന്നു...നമ്മെ...ജീവിപ്പിക്കുന്നു"

അതെ,സ്വന്തം നെഞ്ചിലേയ്ക്ക്‌ വിരൽ ചൂണ്ടി കവി ജന്മത്തിന്റെ അവസാനത്തെ രണ്ടു വരിയിൽ ചോദിക്കുന്നത്‌ നാം ആയിരം വട്ടം ചോദിക്കണം.
പുക്കാതെ നിൽക്കും കടുകു പാടങ്ങളിൽ
വീർപ്പുകൊണ്ടുള്ളും ശിരസ്സും മറച്ചവർ
കാത്തുനിൽക്കുന്നു കിടാങ്ങളെ"

"പ്രതിമ"യെന്ന കവിതയിലെ വരികളല്ലയിത്‌ മറിച്ച്‌ എവിടെയോ കാണുകയും പിന്നിട്ട വിസ്മൃതിലാഴുകയും ചെയ്ത ജീവിതത്തിന്റെ ഏടുകളിൽ കാലം കൊറിയിട്ട ചില രേഖാചിത്രങ്ങൾ.ഇവ ന്മ്മോട്‌ സം സാരിക്കുന്നു,ഒരു മറയുമില്ലാതെ.വിരൽചൂണ്ടി കുറ്റപെടുത്തുന്നു, ഒരു മയവും ഇല്ലാതെ.പിന്നെ ജ്ന്മാന്തരങ്ങളിലേക്ക്‌ നീളുന്ന ചോദ്യങ്ങൾ എറിയുന്നു.

"മർത്യ വാത്മീകങ്ങൾ,പാതിയും
തൻ തല പൊട്ടിപ്പിളർക്കുന്നു"

ഇവിടെ നാം ശൈശവം മുതൽ വാത്മീകം സ്വയം എടുത്തണിയുകയാണ് ബോധപൂർവ്വം തന്നെ.
ഒറ്റായ്ക്കാവുന്ന അവസ്ഥയുടെ,ഭ്രാന്തമായ നിമിഷങ്ങളുടെ ചിത്രികരണമാണ് "ഒറ്റ"യെന്ന കവിതയിൽ കാണുന്നത്‌.താനൊറ്റയ്ക്കാണെന്ന് ബോധ്യമാവും നിമിഷം പഞ്ചേന്ദ്രിയങ്ങളുടെ പ്രവർത്തനത്തിന വൈകല്യം നേരിടും.കാഴ്ചകൾക്കും ശബ്ദങ്ങൾക്കും മാറ്റം അനുഭവപെടും.പിന്നെ ഭ്രാന്തുപിടിപ്പിക്കുന്ന നിമിഷങ്ങളുടെ നടുവിൽ ശിരോലിഖിതങ്ങളെ പഴിച്ച്‌ നിശബ്ദമായി കിഴടങ്ങുന്ന മനുഷ്യന്റെ അവസ്ഥ.

"നിലയറ്റ
കാണാക്കയത്തിലേയ്ക്കോ.....
കനൽ മെത്തയോ
കാരുണ്യമോ കാത്തിരിക്കുന്നതപ്പുറം"

"ചുവടുകൾ" എന്ന കവിതയിലെ വരികൾ നോക്കുക.
"ഈ മൗനമുടയ്ക്കരുത്‌
അടങ്ങിയ അലകടലിന്റെ ഉയരാത്ത
നിലവിളിയാണതിൽ"

എല്ലാം വിലക്കുന്ന വരികൾ മാത്രമാണിതിൽ അതിന്റെ കാരണങ്ങൾ അടിവരയിട്ട്‌ പറഞ്ഞിരിക്കുന്നു.അഗ്നിയാളുന്ന അക്ഷരങ്ങൾ കണ്ണിചേർത്ത്‌ വയ്ക്കുകയാണിതിൽ.അക്ഷരങ്ങളുടെ ചൂട്‌ തീർച്ചയായും നമുക്ക്‌ അനുഭവപെടും ഈ വരികൾ വായിക്കുമ്പോൾ.

"ഇനി കവിത വായിക്കരുത്‌
ചിതയാളിയ നെഞ്ചിലെ ഇണങ്ങാത്ത
വിലങ്ങുകളുടെ തീപ്പെട്ട ഇന്നലകളും
ഇന്നുമാണതിൽ"

സാമുഹികബന്ധം നഷ്ടപെട്ടവർക്ക്‌ ഇവിടം സ്വർഗമാണ്.ചുറ്റുമുള്ളവ എരിഞ്ഞടങ്ങിയാലും താൻ സുരക്ഷിതാനണെന്നവർ വിശ്വസിക്കുന്നു.സമൂഹത്തിന്റെ പുറംമ്പോക്കുകളിൽ ഒളിച്ചു കഴിയുന്നവരാണിവർ,അവരാണ് "ആധുനികതയും കഴിഞ്ഞ്‌"എന്ന കവിതയിലെ വിഷയം.

"ചില്ലു കൂട്ടിലെ മത്സ്യം ചിരിച്ചു
പുഴവറ്റാം...ഇല്ലപകടമൊന്നും
എന്റെയി കൊട്ടാരത്തിൽ"

"സ്മരണസുഖം"എന്ന കവിതയിൽ രണ്ട്‌ പാഠങ്ങളുണ്ട്‌.ഗൃഹാതുരത്വത്തെ വിരൽ തൊട്ടുണർത്തുന്ന ഒരു കവിതയാണിത്‌.മഴയിഴകൊണ്ട്‌ നെയ്ത ഇ കവിത പലതും ഓർമ്മപ്പെടുത്തുന്നു.കവിതയിലെ രണ്ടാം പാഠത്തിലും മഴയുണ്ട്‌.
പക്ഷെ മുൻപാഠത്തിലെ ഇലകുടയ്ക്ക്‌ പകരം കലികാല ജീവിതം വരച്ചിട്ടിരിക്കുന്നു.എങ്കിലും സ്മരണസുഖം അയവിറക്കാൻ പഴയ ബാല്യകൗമാര ജീവിതമാത്രം.
ഹൃദയമില്ലാത്തൊരു സമുഹത്തിന്റെ നഹ്ടങ്ങളുടെ കഥ"നഗരവൃക്ഷം'എന്ന കവിതയിൽ.ഈ കവിത വളരെ ആഴ്ത്തിൽ നമ്മെ ബോധ്യപെടുത്തുന്ന ചില സത്യങ്ങളുണ്ട്‌.നഗരം അധിനിവേശം നടത്തിയ പഴയ ഗ്രാമങ്ങൾ.
ഇവിടെ ഇപ്പൊൾ ബാക്കിയാകുന്നത്‌.

"ജീവിത ശിൽപ്പത്തിന്റ്ര്‌ ശിരസ്സിലേയ്ക്ക്‌
വിഹബീജങ്ങൾ കാഷ്ഠിക്കുന്ന
ഗ്രാമവൃക്ഷത്തിലെ കുയിലുകൾ മാത്രം"


"ഫണം"എന്ന കവിത ഫണം വിടർത്തി നമുക്ക്‌ നേരെ ചീറീയടുക്കുമ്പോൾ അവിശ്വനിയതകൾ കൊണ്ട്‌ തീർത്തലോകത്തെ നല്ല ഹൃദയത്തിനുടമകൾ അനുഭവിക്കുന്ന ദുരിതങ്ങളുടെ ആകെ തുകയണ്‌ ഫണം.വിഷമില്ലത്തവയെ തല്ലി കൊന്ന്‌ നാം അട്ടഹസിക്കും.


"അപ്പൊഴും വളൃന്നു മുറ്റിയ... തഴച്ച
പുല്ലിനടിയിൽ
രാജസർപ്പങ്ങൾ സുരക്ഷിതമായിരുന്നു.
ഈ രാജ സർപ്പങ്ങൾ തീർച്ചയായും നമ്മൾ തന്നെ.
"വഴിതെറ്റി വന്ന വയസ്സനെ
പടിയിറക്കി വിട്ട ശേഷം
മുറിയടച്ചിരുന്ന് നാം ചിരിച്ചുവല്ലോ"

"നാട്ടുവിശേഷം" എന്ന കവിതയിൽ ഒരു കൃത്രിമത്വവുംആർക്കും ദർശിക്കാൻ കഴിയില്ല .കാൽപ്പനികതയെയും യാഥാർത്ഥ്യത്തെയുംവേർ പിരിച്ച്‌ എഴുതുന്നത്‌ ഒരു കഴിവു തന്നെയാണ്‌.ഇങ്ങിനെയുള്ള അനേകം കവിതകൾ ഈ പുസ്തകത്തിലുണ്ട്‌.പല വരികളിലേയും വൈകാരികതയുടേ തീവ്രതയളക്കാൻ കഴിയാതെ നാം നിരാശപെടും.
പലപ്പൊഴും ശീർഷകങ്ങളിൽ രക്തം കിനിയുന്നത്‌ നമുക്ക്‌ കാണാം. ചാഞ്ഞുപെയ്യുന്ന കവിതകൾക്ക്‌ മീതെ മുറിവേറ്റ ശീർഷകങ്ങളെന്ന വരികൾ സുധിയിലെ ഭാഷയിലെ വഴക്കം നമ്മെ അറിയിക്കുന്നു.കവിതയെന്ന കണ്ണാടിയിലെ പ്രതിബിംബങ്ങൾ ആയി അനുവാചകൻ മാറുകയും പുറം ലോകത്തിലെ അനിഷ്ഠങ്ങളോട്‌ കലഹിക്കാൻ തയ്യാറെടുക്കുകയും ചെയ്യും ഉറപ്പ്‌........
അത്മാവിഷ്ക്കാരമായ രചനകളാണിതിൽ ഏറെയും,അതുകൊണ്ടു തന്നെ പ്രധിരോധത്തിനാണ് മുൻ ഗണനയും.കാൽപ്പനികതയുടെ ധാരമുറിയാത്ത വാക്യങ്ങളിലൂടെ ധ്വനിസാന്ദ്രമായകവിതകളുടെ പുതിയ മേച്ചിൽ പുറങ്ങൾ തേടുകയാണിതിൽ.ഗ്രാമ സംസ്കൃതി അടയാളപെടുത്തുന്ന വരികളിൽ കവിയുടെ മൗലികതയുടെ ശക്തി തെളിഞ്ഞു കാണം.
ഇന്നുകളുടെയും നാളെകളുടെയും ആശങ്കകൾ വായനക്കാരുമായി പങ്കുവയ്ക്കുന്ന "തീമര ചില്ലകൾ"ഭാഷയും സംഗീതവും കൊണ്ട്‌ സമ്പുഷ്ടമായത്‌ കൊണ്ട്‌ തന്നെ പുതിയ ഒരു വായനാനുഭവം നൽകും തീർച്ച..........

ആശാമോന്‍ കൊടുങ്ങല്ലൂര്‍
ബ്ലോഗ്‌: ലതാന്തം