വായനക്കൊരിടം !!!

എഴുത്തുകാരെപ്പറ്റി,പുസ്തകങ്ങളെക്കുറിച്ച്, സാഹിത്യവുമായി ബന്ധപ്പെട്ട ലഘുകുറിപ്പുകള്‍ ആണ് വായനാമുറിയില്‍ ഉള്‍പെടുത്തുന്നത്‌. നിങ്ങള്‍ക്കും ഇതില്‍ പങ്കുചേരാം. നിങ്ങളുടെ ഇമെയില്‍, ബ്ലോഗ്‌ അഡ്രെസ്സ് എന്നിവയും മറ്റു വിവരങ്ങളും vaayanamuri@gmail.com എന്ന വിലാസത്തിലേക്ക് അയച്ചു തരു. വിജ്ഞാന സംബന്ധിയായ കുറിപ്പുകളായാതുകൊണ്ട് വിവരങ്ങളുടെ ആധികാരികത ഉറപ്പുവരുത്തിയതിനു ശേഷമേ പോസ്റ്റ്‌ ചെയ്യാവൂ. വിവാദങ്ങള്‍ക്കും വാഗ്വാദങ്ങള്‍ക്കും അപ്പുറത്ത് അറിവ് പങ്കുവെക്കല്‍ എന്ന ഒരേ ഒരു ലക്ഷ്യമാണ്‌ ഈ ശ്രമത്തിനു പിന്നില്‍ എന്നു ഇവിടെ വ്യക്തമാക്കട്ടെ.







Monday, August 22, 2011

കുരീപ്പുഴ കവിതകളുടെ ഉഷ്ണകാലങ്ങള്‍



ചരിത്രോന്മുഖമായ ലാവണ്യദര്‍ശനങ്ങളേയും വര്‍ത്തമാനത്തിന്റെ കാലദേശത്തേയും അടയാളപ്പെടുത്തുകയും ഭാവിയുടെ മുന്നറിവുകളാവുന്ന വിധം മാനവികമായ ഉല്കണ്ഠകള്‍ പങ്കുവെക്കുകയും ചെയ്യുന്ന അന്വേഷണങ്ങളാണ്‌ കുരീപ്പുഴ ശ്രീകുമാറിന്റെ കവിതകളില്‍ ചെന്നെത്തുന്നത്. മനുഷ്യന്റെ വൈയക്തികവും സാമൂഹ്യവുമായ സ്വത്വാന്വേഷണത്തില്‍ പങ്കാളികളാവുന്ന കവിതകള്‍.


ജീവിതനിഷേധത്തിന്റെ, നിരാശയുടെ, വൈയക്തികതയുടെ ഭാവുകത്വപരിസരത്തായിരുന്ന ആധുനിക കഥാ-നോവല്‍ രൂപങ്ങളുടെ നിലനില്പ്പെങ്കില്‍ ആധുനിക കവിതയുടെ ഭാവുകത്വം ഇത്തരത്തിലല്ല വികസിച്ചത്. പ്രത്യാശയുടേയും വിമോചനത്തിന്റെയും ചുവന്ന ചക്രവാളങ്ങള്‍ തേടി. മലയാള കാവ്യഭാവുകത്വം വിപ്ലവകരമായ ഒരു കുതിച്ചുചാട്ടം നടത്തി. കാലത്തിന്റെ സങ്കടങ്ങള്‍, പ്രത്യാശകള്‍, രോഷങ്ങള്‍ ഇവ കവിതയിലൂടെ ആവിഷ്ക്കരിച്ചു എന്നതാണ്‌ കുരിപ്പുഴ കവിതയെ പ്രസക്തമാക്കുന്നത്. സവര്‍ണ്ണതയുടെ ദര്‍ശനത്തിനെതിരായ കാവ്യനിര്‍മ്മിതികളാണ്‌ കുരീപ്പുഴ കവിതകള്‍. ദുഃഖത്തിന്റെ, വിശപ്പിന്റെ, അലച്ചിലിന്റെ മനുഷ്യ ദൈവങ്ങളെ കവിത അഭിമുഖീകരിക്കുന്നത് കാണാം 'വീണ വില്പ്പനക്കാരന്‍' എന്ന കവിതയില്‍.
“പട്ടിണിയാണെന്റെ സ്നേഹിതാ,
വീണയില്‍ ഭക്ഷണമല്പ്പമില്ല“
വീണ സര്‍ഗ്ഗ സമ്പത്തായിരുന്നു എങ്കിലും മറ്റൊരു തിരിച്ചറിവ് മുന്നോട്ട് വയ്ക്കുന്നു. സ്വയം തിരിച്ചറിയുന്നതോടൊപ്പം തന്നെ പ്രത്യാശയുടെ ചക്രവാളങ്ങള്‍ ഇരുണ്ടുപോവുകയും നിരാശയുടെ, വിശ്വാസ സാഹിത്യത്തിന്റെ ഇരുട്ടു വ്യാപിക്കുകയും ചെയ്യുന്നതിന്റെ ചരിത്രപരമായ ഉള്‍തുടിപ്പുകള്‍ പല കവിതകളിലുമുണ്ട്.

പോകുമ്പോഴെന്‍ സ്നേഹ
ഭിക്ഷയായ് എന്നെയും കൊണ്ടുപോയ്കൊള്ളുക
വജ്രഖഡ്ഗങ്ങളാല്‍
ശിക്ഷിച്ചുകൊള്ളുക
‘പച്ചകിനാവുകള്‍’ എന്ന കവിതയിലൂടെ കരളകത്തികൊണ്ട് മനസ്സില്‍ നിന്നാരോ ഇറങ്ങിപോകുന്ന സ്നേഹം ഭിക്ഷയായ് കവി കേള്‍ക്കുന്നു.
രാഷ്ട്രീയ ദൃഢബോധ്യം ജൈവീകമായി അനുഭവപ്പെട്ട മര്‍ദ്ദിതരുടേയും ചൂഷിതരുടേയും കീഴാളരുടേയും പക്ഷത്തു നില്ക്കുന്നതോടൊപ്പം ബ്രാഹ്മണിസത്തിന്റെ സാമൂഹിക സാംസ്കാരിക അധിനിവേശത്തെ ചെറുത്തുനില്ക്കുന്നതില്‍ മറ്റാര്‍ക്കുമില്ലാത്ത ഉള്‍ക്കരുത്ത് കുരീപ്പുഴ കവിതകള്‍ക്കുണ്ടെന്ന് നൂറ്‌ ഉദാഹരണങ്ങള്‍ നിരത്താനാകും.
മലയാളഭാഷയെ അതിന്റെ നാട്ടുവഴക്ക-ദ്രാവിഡത്തനിമയിലേക്ക് സന്നിവേശിപ്പിക്കുകയോ കൈ പിടിച്ചുയര്ത്തുകയോ ചെയ്തു എന്നതാണ്‌ ‘അമ്മ മലയാളം’ എന്ന കവിതയെ എക്കാലത്തും സമകാലികമാക്കുന്നത്. അമ്മ മലയാളം എന്ന സംജ്ഞ ഇന്ന് മലയാള ഭാഷയുമായി ബന്ധപ്പെട്ട പൊതു വ്യവഹാരങ്ങളിള്‍ ഇടം നേടിയിട്ടുണ്ട്. സവര്‍ണ്ണ സൗന്ദര്യാനുഭവത്തിനു ബദലായി ഭാഷയുടെ സൗന്ദര്യ ശാസ്ത്രത്തിന്റെയും സംസ്കാരത്തിന്റെയും പുതിയ അനുഭവമാണ്‌ അമ്മ മലയാളം.
‘പള്ളിക്കൂടം’ എന്ന കവിതയില്‍ ശിഷ്യന്‍ ഗുരുവിനോട് കയര്‍ക്കുന്നത്
ശ്ലോക്മുരുക്കിക്കഴിച്ച്’
ക്ലാവുപിടിച്ചു നിന്‍ നാക്ക്
ചൊവ്വെ വടിച്ചു കൊപ്ലിച്ച്
ചെമ്പഴുക്കാപ്പാട്ടു ചൊല്ല്.
വരേണ്യമായ കാവ്യരീതികളെ പിന്‍പറ്റുന്ന ഒരു സാംസ്കാരികപരിസരത്തു നിന്നല്ല കവി തന്റെ ഭാഷയെ കവിത കൊണ്ടെത്തുന്നത്. ഭൂരിഭാഗവും വരുന്ന അടിസ്ഥാന ജനതയുടെ അധ്വാനത്തില്‍ വിളഞ്ഞു നില്ക്കുന്ന വയലേലകളില്‍ നിന്നാണ്‌ അതിന്റെ വരവ്. അതിന്റെ കരുത്തും ഊര്‍ജ്ജവുമാണ്‌ കവിയുടെ ശക്തി.
തൊണ്ണൂറുകളിലാണ്‌ ഗ്രാംഷിയന്‍ ചിന്തകളെ മലയാളി കൂടുതൽ പരിചയപ്പെടുന്നതും കറുപ്പ് ഒരു രാഷ്ട്രീയസാംസ്കാരിക പ്രതിരോധമായി അടയാളപ്പെടുത്തുന്നത്‌. ഒരു കീഴാളസൗന്ദര്യശാസ്ത്രം വികസിപ്പിക്കാനുള്ള ശ്രമം ഈ കാലയളവില്‍ നടന്നു. ‘കറുത്ത നട്ടുച്ച’ എന്ന കവിതയില്‍ ഈയൊരു ശ്രമം നടത്തുന്നുണ്ട് കവി. ഫ്യൂഡല്‍ കുടുംബാനുഭവങ്ങളുടെ അരാഷ്ട്രീയമായ ഗൃഹാതുരതയോ സ്വത്വപ്രതിസന്ധിയോ അല്ല ദാരിദ്ര്യത്തിന്റേയും പീഡാനുഭങ്ങളുമാണ്‌ കവിതയിലൂടെ തീക്ഷ്ണമായി പങ്കുവയ്ക്കുന്നത് . ചുട്ടുപൊള്ളിക്കുന്ന അനുഭവങ്ങളുടെ ഈ തീകനലുകള്‍ തിന്നുമ്പോള്‍ പൂക്കുന്നത് വേനലിന്റെ ചെമ്പരത്തിയാണ്‌.

'കീഴാളന്‍' എന്ന കവിത സവിശേഷമായ പാഠനിര്‍മ്മിതിയാണ്‌ ആവശ്യപ്പെടുന്നത്‌.
“പലവട്ടം അക്രമിക്കപ്പെട്ട
ഒരു ഗ്രാമമാണ്‌ എന്റെ ഹൃദയം”

എന്ന കാവ്യ സാക്ഷ്യമാണ്‌ കുരീപ്പുഴ കവിതയുടെ ലാവണ്യയുക്തി. എല്ലാ മനുഷ്യരെയും ഒന്നായിക്കാണുവാനും. അവരുടെ ദുഃഖങ്ങള്‍ സ്വയം ഏറ്റുവാങ്ങുകയുമാണ്‌ കവി കുരീപ്പുഴ ശ്രീകുമാര്‍ .അതു കൊണ്ടുതന്നെയാണ്‌ ഈ കവിതകള്‍ വായനക്കാരനു വ്യത്യസ്തമാര്‍ന്ന അനുഭവങ്ങള് സമ്മാനിക്കുന്നത്.


സുധി പുത്തന്‍വേലിക്കര

ബഹറിന്‍


6 comments:

  1. ഈ പഠനം വ്യത്യസ്തമായി. കുരീപ്പുഴയുടെ കവിതകള്‍ മനസ്സില്‍ സൃഷിട്ടിക്കാറുള്ള ഉഷ്ണം ഒര്മയിലെക്കെത്തി. ആശംസകള്‍

    ReplyDelete
  2. കവിയെക്കുറിച്ച് വായിയ്ക്കാറുണ്ട്.
    അദ്ദേഹമെഴുതുന്ന തീയുള്ള വരികളും വായിയ്ക്കാറുണ്ട്.
    ഈ കുറിപ്പിന് നന്ദി.

    ReplyDelete
  3. കുരീപ്പുഴയെ ഒട്ടേറെ വായിച്ചിട്ടില്ല.. നല്ല കുറിപ്പ്..

    ReplyDelete
  4. സ്നേഹിതന്‍ എല്ലായ്പ്പോഴും കുരീപ്പുഴയുടെകവിതയുടെ തോളില്‍ കയ്യിട്ടു നടക്കുന്നത് കാണാം .കൂട്ടുകാര ,നമ്മള്‍ കല്ലായിരുന്നെങ്കില്‍ ,എന്ന് ജെസ്സിയില്‍ ,കപടസ്നേഹിതാ നിന്നെ കവിത ചൊല്ലി തിരസ്കരിക്കുന്നു എന്ന്കൂട്ടുകാരന്‍ എന്നാ കവിതയില്‍ ,ആത്മഹത്യാ മുനമ്പില്‍ എല്ലാ കവിതകളിലും കുരീപ്പുഴ അയാളെ മറക്കതിരിക്കുന്നു ..

    ReplyDelete
  5. "പോകുമ്പോഴെന്‍ സ്നേഹ
    ഭിക്ഷയായ് എന്നെയും കൊണ്ടുപോയ്കൊള്ളുക
    വജ്രഖഡ്ഗങ്ങളാല്‍
    ശിക്ഷിച്ചുകൊള്ളുക"...........കവിയുടെ വരികള്‍ എത്ര മനോഹരമായിരിക്കുന്നു ..........

    ReplyDelete