വായനക്കൊരിടം !!!

എഴുത്തുകാരെപ്പറ്റി,പുസ്തകങ്ങളെക്കുറിച്ച്, സാഹിത്യവുമായി ബന്ധപ്പെട്ട ലഘുകുറിപ്പുകള്‍ ആണ് വായനാമുറിയില്‍ ഉള്‍പെടുത്തുന്നത്‌. നിങ്ങള്‍ക്കും ഇതില്‍ പങ്കുചേരാം. നിങ്ങളുടെ ഇമെയില്‍, ബ്ലോഗ്‌ അഡ്രെസ്സ് എന്നിവയും മറ്റു വിവരങ്ങളും vaayanamuri@gmail.com എന്ന വിലാസത്തിലേക്ക് അയച്ചു തരു. വിജ്ഞാന സംബന്ധിയായ കുറിപ്പുകളായാതുകൊണ്ട് വിവരങ്ങളുടെ ആധികാരികത ഉറപ്പുവരുത്തിയതിനു ശേഷമേ പോസ്റ്റ്‌ ചെയ്യാവൂ. വിവാദങ്ങള്‍ക്കും വാഗ്വാദങ്ങള്‍ക്കും അപ്പുറത്ത് അറിവ് പങ്കുവെക്കല്‍ എന്ന ഒരേ ഒരു ലക്ഷ്യമാണ്‌ ഈ ശ്രമത്തിനു പിന്നില്‍ എന്നു ഇവിടെ വ്യക്തമാക്കട്ടെ.







Monday, May 2, 2011

കഥാപാത്രങ്ങളും പങ്കെടുത്തവരും



മലയാളനാടകപ്രസ്ഥാനത്തിന് അറുപതു തികഞ്ഞ വേളയില്‍ മലയാളത്തിലെ റേഡിയോ പ്രസ്ഥാനവും അതില്‍ പ്രധാന റേഡിയോ നാടക പ്രസ്ഥാനത്തെ അടയാളപ്പെടുത്തുന്നു. 1940 കളില്‍ റേഡിയോ മലയാളികള്‍ക്കിടയില്‍ ഒരു ശബ്ദ സ്രോതസ്സായി കടന്നു വന്നു അത് വരെ അനുഭവിച്ചിട്ടില്ലാത്ത ഒരു കലാസംസകാരം ആകാശവാണി ശ്രോതാക്കള്‍ക്ക്മുന്നില്‍ തുറന്നിട്ടു.മറ്റു കലാരൂപങ്ങള്‍ക്ക്‌ലഭിച്ചത് പോലുള്ള ശബ്ദസൌകുമാര്യം നാടകരംഗത്തേക്കും കടന്നു വന്നു. രംഗവേദിയുടെ പരിമിതികളില്‍ നിന്നും ശബ്ദസഞ്ചയങ്ങളുടെ അതിരുകളില്ലാത്ത ആകാശത്തേക്ക് നാടകങ്ങള്‍ക്ക് പുതിയ വാതിലുകള്‍ തുറന്നു കിട്ടി. ശരീരഭാഷ ശബ്ദഭാഷക്ക് വഴിമാറി.

മലയാള നാടക രംഗത്തെ മഹാരഥന്മാരായ പലരുടെയും വിഖ്യാതസൃഷ്ടികള്‍ക്ക് ആകാശവാണിയിലൂടെ പുതിയ രൂപവും ഭാവവും ലഭിച്ചു. 1940 നും 1950 നും ഇടയ്ക്കു കോഴിക്കോട് തിരുവനന്തപുരം നിലയങ്ങള്‍ വന്നു. തുടര്‍ന്നു തൃശൂര്‍ നിലയവും വന്നു. അരങ്ങും സമൂഹവും തമ്മിലുള്ള ബന്ധം ദൃശ്യശ്രാവ്യ രൂപത്തിലുള്ള ഒരു തനതു ഭാഷയിലൂടെ ആണ് വിനിമയം ചെയ്യപ്പെടുന്നത്. ഭാരതത്തിനു പുറമേ കേരളത്തിലും സ്വതന്ത്രവും ശുദ്ധവുമായ ഒരു നാടകസംസ്കാരം ഉണ്ട്. സമ്പന്നമായ രംഗകലാപാരമ്പര്യത്തിലൂന്നിയ ഗ്രാമ്യജീവിതത്തിന്റ നാദവര്‍ണരൂപ ബോധങ്ങളുടെ സാഫല്യവും ഉണ്ട്. അഭിനയം, സംഗീതം, നൃത്തം, ചമയം, രംഗസംവിധാനം തുടങ്ങിയ ഒരുപാട് ഘടകങ്ങള്‍ ഒരു നാടകത്തിന്റെ വിജയപരാജയങ്ങളെ നിര്‍ണയിക്കുന്നുണ്ട്. എന്നാല്‍ ഇതിനു വിപരീതമായി ശബ്ദം എന്ന ഒറ്റ ഘടകം കൊണ്ട് മാത്രം നിശ്ചയിക്കുന്ന റേഡിയോ നാടകങ്ങള്‍ ശ്രവ്യകലയില്‍ ഏറെ പ്രതിഭ ആവശ്യമുള്ള ഒരു വിഭാഗമായി മാറുന്നു. കഥാപാത്രങ്ങള്‍ പരസപരം സംസാരിക്കുന്നതിലൂടെ ഉരുത്തിരിയുന്ന നാടകലക്ഷ്യം അനുനിമിഷം സ്രോതക്കളിലേക്ക് പകരുകയാണ് റേഡിയോ നാടകകൃത്ത് ചെയ്യുന്നത് .

രംഗഭാഷ വിനിമയത്തിന്റെ ജൈവസ്വഭാവമായ ചലനം ശബ്ദത്തിലൂടെ പകരുക എന്ന വെല്ലുവിളി ആണ് നാടക സംവിധായകന് നിര്‍വഹിക്കാന്‍ ഉള്ളത്. രംഗബിംബങ്ങളുടെ അകമ്പടി ഇല്ലാതെ ശബ്ദ വ്യതിയാനങ്ങളിലൂടെ വികാര വിചാര പ്രപഞ്ചത്തെ തുറന്നു കാട്ടുക എന്ന ധര്‍മമാണ്‌ അഭിനേതാക്കള്‍ക്ക് ഇവിടെ അനുഷ്ടിക്കാനുള്ളത് . സംഭാഷണങ്ങള്‍ മാത്രമല്ല സംഭാഷണങ്ങളില്‍ ഒളിമിന്നുന്ന ദൃശ്യ ബിംബങ്ങള്‍ കൂടി ശ്രോതാക്കളിലേക്ക് സംവദിക്കാനയെങ്കിലെ ഒരു റേഡിയോ നാടകം അര്‍ത്ഥ പൂര്‍ണമാവു എന്നര്‍ത്ഥം

പ്രമേയത്തിന്റെ വളര്‍ച്ചയും വികാസവുമെല്ലാം ദൃശ്യനാടകത്തിനു സമാനം അതേ സമയം അംഗങ്ങളുടെ എണ്ണം, ദൈര്‍ഘ്യം എന്നിവയുടെ കാര്യത്തില്‍ റേഡിയോ നാടകം സിനിമയോട് അടുത്ത് നില്‍ക്കുന്നു .സിനിമയില്‍ ക്ലോസ് അപ്പ്‌ എന്ന പോലെ ശബ്ദത്തിന്റെ സൂക്ഷ്മായ സാധ്യത റേഡിയോ നാടകത്തിനു പ്രയോജനപ്പെടുത്താന്‍ ആവും.നിശബ്ദ സിനിമയുടെ എതിര്‍ ധ്രുവത്തില്‍ ആണ് റേഡിയോനാടകം ശാബ്ദികമായ അനുഭവങ്ങള്‍ നിശബ്ദ സിനിമക്ക് അന്ന്യമാവുമ്പോള്‍ ദൃശ്യപരമായ അനുഭവങ്ങള്‍ റേഡിയോ നാടകത്തിനു അന്യം.രംഗപടതിന്റെ ആകര്‍ഷണീയതയോ രംഗസജീകരണത്തിന്റെ ചിട്ടകളോ പ്രകാശപ്രസരണത്തിന്റെ മാസ്മരിക പ്രൌടിയോ കഥാപാത്രങ്ങളുടെ വേഷവിധാനങ്ങളോ ഒന്നും ഇവിടെ സഹായത്തിനില്ല. സംഭാഷണത്തിന്റെയും പശ്ചാത്തലസംഗീതത്തിന്റെയും സമഞ്ജസമായ സമ്മേളനത്തിലൂടെ മാത്രം കഥയും കഥാപാത്രങ്ങളും പശ്ചാത്തലവും വികാരപ്രകടനങ്ങളുമൊക്കെ ശ്രോതാവിനു അനുഭവവേദ്യമാകണം . ഇതു ഒരു അല്പം ശ്രമകരംതന്നെയാണ്.എങ്കിലും റേഡിയോ നാടകം എന്ന മാധ്യമത്തിന്റെ സാധ്യത ഇതിനെ കുറെ ഒക്കെ ലഘൂകരിക്കുന്നു എന്ന വസ്തുത മറക്കാനവുന്നതല്ല.


റേഡിയോ നാടകങ്ങളുടെ അമരത്ത് പ്രവര്‍ത്തിചിരുന്നവരില്‍ പ്രധാനികള്‍ ആണ് പ്രേംജി,വി. ടി, അരവിന്ദാക്ഷമേനോന്‍, എം. എസ്. നമ്പൂതിരി, തിക്കോടിയന്‍ തുടങ്ങിയവര്‍. ചരിത്രനാടകങ്ങള്‍, കുടുംബനാടകങ്ങള്‍, സാമൂഹികനാടകങ്ങള്‍ എന്നിവ അഭിനയരംഗത്തെ ഈ പ്രതിഭകളിലൂടെ ഉണ്ടായിടുണ്ട് ടെലിവിഷന്‍ പോലെയുള്ള ജനകീയ മാധ്യമങ്ങളുടെ കടന്നു വരവ് റേഡിയോയുടെ ശബ്ദസാങ്കേതിക ലോകത്ത് നിന്നു ശ്രോതാക്കളെ അകറ്റി നിര്‍ത്തിയപ്പോള്‍ ഒരു കാലത്ത് കേവലം ആസ്വാദനതലത്തിനപ്പുറത്തു സാമുദായിക വിപ്ലവങ്ങള്‍ക്ക് വഴികാണിച്ച നാടകങ്ങള്‍ക്ക് ഓഡിയോ ലൈബ്രറികളിലെ റിക്കോഡുകളില്‍ പൊടിയണിഞ്ഞു കിടക്കേണ്ടി വന്നു.പലതും അന്തരീക്ഷത്തില്‍ ഒരിക്കല്‍ മുഴങ്ങി ഇല്ലാതാവുന്ന ശബ്ദം പോലെ വിസ്മൃതിയിലാണ്ടു.അത് കൊണ്ട് തന്നെ റേഡിയോ നാടകങ്ങില്‍ ഇത്തരം പ്രതിഭശാലികളുടെ സംഭാവനകളുടെ വീണ്ടെടുപ്പു ഇന്നും അപൂര്‍വമായിത്തന്നെ അവശേഷിക്കുന്നു.


about the author

സുധി പുത്തെന്‍ വേലിക്കര

ബഹ്‌റൈന്‍

email: pvksudhi@gmail .com

6 comments:

  1. നല്ല ലേഖനം... ആശംസകള്‍ ....

    ReplyDelete
  2. നല്ലൊരു ലേഖനം ..സമഗ്രമായ എഴുത്തിനു ആശംസകള്‍ ..:)
    റേഡിയോ നാടകൊല്സവത്തിനായി കാത്തിരുന്ന ഒരു കാലം ഉണ്ടായിരുന്നു ..പത്തു രാത്രികളില്‍ ഒരു മണിക്കൂര്‍ ദൈഘ്യം ഉള്ള പത്തു നാടകങ്ങള്‍ ..ഹൈലൈറ്റ് ആയി സിനിമാ താരങ്ങള്‍ ശബ്ദം നല്‍കുന്ന ഒന്നോ രണ്ടോ നാടകങ്ങളും ...എല്ലാം ഒരിക്കല്‍ കൂടി ഓര്‍മയില്‍ വരുന്നു ..

    ReplyDelete
  3. രമേഷ് പറഞ്ഞത് വളരെ ശരിയാണ്‌, റേഡിയോ നാടകൊത്സവം ഒരു ഹരമായിരുന്നു, രാത്രി 9 മുതൽ 10 വരെ 10 ദിവസങ്ങളിൽ, സ്ക്കൂൾ വെക്കേഷൻ സമയത്തായിരിക്കും മിക്കവാറും വർഷങ്ങളിൽ, അന്ന് ചുറ്റു വട്ടത്തെ കുട്ടി സഖാക്കളെ വിളിച്ചിരുത്തി നാടകം കേൾക്കൽ സന്തൊഷകരമായ ഒർമ്മയാകുന്നു

    ലേഖനം വളരെ നന്നായിട്ടുണ്ട് സുധി പുത്തൻ വേലിക്കരയുടെ ഭാഷാ ശൈലി അഭിനന്ദാർഹം.

    ReplyDelete
  4. ഒരു കാലത്ത് തിരുവനന്തപുരം റേഡിയോ സ്റ്റേഷനിലെ എ ഗ്രേഡ് ആർട്ടിസ്റ്റായിരുന്നൂ.. ഈയുള്ളവൻ അന്ന് എന്റെ പേര് “കാട്ടാക്കട ജയചന്ദ്രൻ” എന്നായിരുന്നൂ.റ്റി.പി. രാധാമണി, റ്റി.എൻ.ഗോപിനാഥൻനായർ,ജി.ഭാർഗ്ഗവൻപിള്ള.എസ്.രാമൻ കുട്ടിനായർ, കെ.ജി.ദേവകിയമ്മ..... എത്രപേരൊടൊത്ത് നാടകം അവതരിപ്പിച്ചിരുന്നൂ... എല്ലാം ഓർമ്മയിൽ.... ചിന്തകൾക്ക് ചിന്തേരിട്ട് മിനുക്കിയ ഈ കുറിപ്പിന് എന്റെ എല്ലാ ഭാവുകങ്ങളും

    ReplyDelete
  5. നല്ല പോസ്റ്റ്‌. എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു.

    ഇനിയും ഇതുപോലുള്ള പോസ്റ്റുകള്‍ പ്രതീക്ഷിക്കുന്നു... താങ്കള്‍ക്ക് സമയം കിട്ടുമ്പോള്‍ ഇന്ന് തന്നെ എന്റെ ബ്ലോഗ്‌ വായിക്കാനും അഭിപ്രായം അറിയിക്കാനും മറക്കരുതേ ..... എന്റെ ബ്ലോഗ്‌ "വഴിയോര കാഴ്ചകള്‍" www.newhopekerala.blogspot.com സസ്നേഹം ... ആഷിക്

    ReplyDelete