വായനക്കൊരിടം !!!

എഴുത്തുകാരെപ്പറ്റി,പുസ്തകങ്ങളെക്കുറിച്ച്, സാഹിത്യവുമായി ബന്ധപ്പെട്ട ലഘുകുറിപ്പുകള്‍ ആണ് വായനാമുറിയില്‍ ഉള്‍പെടുത്തുന്നത്‌. നിങ്ങള്‍ക്കും ഇതില്‍ പങ്കുചേരാം. നിങ്ങളുടെ ഇമെയില്‍, ബ്ലോഗ്‌ അഡ്രെസ്സ് എന്നിവയും മറ്റു വിവരങ്ങളും vaayanamuri@gmail.com എന്ന വിലാസത്തിലേക്ക് അയച്ചു തരു. വിജ്ഞാന സംബന്ധിയായ കുറിപ്പുകളായാതുകൊണ്ട് വിവരങ്ങളുടെ ആധികാരികത ഉറപ്പുവരുത്തിയതിനു ശേഷമേ പോസ്റ്റ്‌ ചെയ്യാവൂ. വിവാദങ്ങള്‍ക്കും വാഗ്വാദങ്ങള്‍ക്കും അപ്പുറത്ത് അറിവ് പങ്കുവെക്കല്‍ എന്ന ഒരേ ഒരു ലക്ഷ്യമാണ്‌ ഈ ശ്രമത്തിനു പിന്നില്‍ എന്നു ഇവിടെ വ്യക്തമാക്കട്ടെ.Friday, June 17, 2011

വായനക്കൊരു ദിനം


അമ്മയുടെ പാല്‍ മധുരവും അച്ഛന്റെ വാത്സല്യ സ്പര്‍ശവും കളിപ്പാട്ടങ്ങളുടെ കൈവഴക്കവും മാത്രമുണ്ടായിരുന്ന ലോകത്ത് നിന്നാണ് നമ്മള്‍ അക്ഷരം അറിഞ്ഞു തുടങ്ങുന്നത്. പിന്നെ മണല്‍ത്തരികളില്‍ രൂപപ്പെടുന്ന ലിപികള്‍ക്കൊപ്പം ഉതിര്‍ന്നു വീണ  കണ്ണീര്‍തുള്ളികളും കൈയില്‍ ഒതുങ്ങാന്‍ കൂട്ടാക്കാത്ത സ്ലേറ്റ്‌ പെന്‍സിലും മഷി തണ്ടിന്റെ സ്നിഗ്ദ്ധതയുമാണ് നമ്മളെ അക്ഷങ്ങളോട് അടുപ്പിച്ചത്. എന്നാല്‍ എഴുതാന്‍ പാടുപെട്ട നമ്മള്‍ ഓരോരുത്തരും എത്ര പെട്ടെന്നാണ് വായനയെ സ്നേഹിച്ചത്. എഴുതാനുള്ള നോവ്‌ വായിക്കാനില്ല എന്ന തിരിച്ചറിവും വായന പകര്‍ന്നു തരുന്ന അക്ഷരങ്ങള്‍ മധുരിക്കും എന്ന അനുഭവവും നമ്മെ വായിക്കാന്‍ പ്രേരിപ്പിച്ചു.
എന്നാല്‍ നാളുകള്‍ കഴിഞ്ഞപ്പോള്‍ വായനയെ ഓര്‍ക്കാന്‍ പോലും നമുക്കൊരു ദിവസമുണ്ടായി. അമ്മക്കൊരു ദിവസം പ്രണയിക്കാന്‍ ദിവസം സ്വര്‍ണം വാങ്ങാന്‍ വിശേഷപ്പെട്ട ഒരു ദിനം എന്നൊക്കെ കരുതുന്നവര്‍ വായനക്ക് ദിവസം ഒരുക്കിയതില്‍ അതിശയിക്കാന്‍ ഒന്നുമില്ല.
വായന എന്ന്‌ കേള്‍ക്കുമ്പോള്‍ ക്ലാസിക്കുകളുടെ പേര് പറയുന്ന മുതിര്‍ന്ന തലമുറയെക്കാള്‍ എത്രയോ ഗൌരവമായി വായനയെ കാണുന്നവരാണ് കൊച്ചു കുട്ടികള്‍. ടോടോചാനും ഒലിവര്‍ ട്വിസ്റ്റും ഡേവിഡ് കോപ്പര്‍ഫീല്‍ഡും ശക്തമായി സ്വാധീനിച്ച ഒരു തലമുറ നമ്മുടെ നാട്ടിലും ഉണ്ടായിരുന്നു. മൌഗ്ലിയും ഫാന്റവും ബോബനും മോളിയും മായാവിയുമല്ലേ നമ്മുടെ ബാല്യങ്ങളെ ധന്യമാക്കിയിരുന്നത്‌. പിന്നീട് അനിമേഷന്‍ രൂപത്തില്‍ എത്തിയ അവരൊക്കെ അക്ഷരങ്ങളുടെ നിലവാരത്തില്‍ എത്തുന്നില്ലെന്ന് നാം തന്നെ എത്രയോ പ്രാവശ്യം പറഞ്ഞിരിക്കുന്നു. കഥാപുസ്തക ലോകത്ത് നിന്നു പാഠപുസ്തകങ്ങളിലേക്ക് എത്രയോ വട്ടം നമ്മളെ പലരും ആട്ടി ഓടിച്ചിട്ടുണ്ട്. എങ്കിലും നമ്മള്‍ വായന മറന്നില്ല. പഠനവിഷയങ്ങളുടെ വിശാല ലോകത്ത് നിന്നു ചിലപ്പോഴൊക്കെ നമ്മള്‍ സര്‍ഗാത്മകതയുടെ പകല്ക്കിനാവുകളിലേക്ക് നടന്നു പോയിട്ടുണ്ട്.
എന്നാല്‍ ആധുനികതയുടെ കരസ്പര്‍ശം ഏറ്റു വായനയുടെ തീവ്രത മങ്ങി എന്നാണ് ഇപ്പോള്‍ നമ്മള്‍ നിലവിളിക്കുന്നത്. അതില്‍ എത്ര വാസ്തവമുണ്ടെന്ന് ചിന്തിക്കേണ്ടി ഇരിക്കുന്നു. ചാനലുകളുടെ അതിപ്രസരത്തിനിടയിലും അവിഹിതം കുത്തി നിറച്ച സീരിയലുകള്‍ക്കിടയിലും കണ്ണീരും വിവാദവും നര്‍മവും കുത്തി നിറച്ച റിയാലിറ്റി ഷോ എന്ന്‌ വിളിക്കുന്ന പ്രകടനങ്ങള്‍ക്കിടയിലും പത്രങ്ങളുടെയും ആനുകാലിക പ്രസിദ്ധീകരണങ്ങളുടെയും സര്‍ക്കുലേഷന്‍ കൂടുന്നുണ്ട്.
ഇന്റെര്‍നെറ്റിന്റെ അധിനിവേശം വായനയെ തകര്‍ക്കുന്നു എന്ന മുറവിളി പുനപരിശോധിക്കേണ്ടി ഇരിക്കുന്നു. സൈബര്‍ ലോകത്തെ എഴുത്തിന്റെ സാധ്യതകളും വായനക്കാരും സൃഷ്ടിച്ച വിപ്ലവം നമ്മള്‍ കണ്ടതാണ്. മുല്ലപ്പൂ വിപ്ലവത്തിന്റെ ഉത്ഭവം ഫെയിസ് ബുക്കിന്റെ സ്വാധീനമാണെന്നു ലോകം തിരിച്ചറിഞ്ഞതാണ്. എന്നാല്‍ ബ്ളോഗ് എന്ന ഇ-എഴുത്ത് സാങ്കേതികത സൃഷ്ടിച്ച എഴുത്തുകാരും വായനക്കാരും ഒരു "നവോദ്ധാനം" എന്ന്‌ തന്നെ വേണമെങ്കില്‍ പറയാം. എഴുതുന്നവ അത് എന്ത് തന്നെ ആയാലും എഴുത്തുകാരന് ആരുടേയും കാരുണ്യത്തിനു കാത്തു നില്‍ക്കാതെ വായനക്കാരന് നല്‍കാം എന്ന വന്‍ ആശയമാണ് ബ്ളോഗ് പ്രധാനം ചെയ്യുന്നത്. ബ്ലോഗുകളില്‍ വരുന്ന ഓരോ കമന്റും ഓരോ വായനെക്കാരനെ ആണ് പ്രതിനിധാനം ചെയ്യുന്നത്.
അപ്പോഴും നമ്മുക്കുള്ളിലെ നല്ല വായനക്കാരന്‍ മരിക്കുന്നു എന്ന അവബോധം നമ്മളില്‍ ചിലര്‍ക്കെങ്കിലും ഉണ്ട്. ഒരു കാലഘട്ടത്തിനിപ്പുറം ഭാഷകളില്‍ (അതിപ്പോള്‍ ഏതിലായാലും) ക്ലാസിക്കുകള്‍ പിറന്നിട്ടിലെന്നു പലരും വിലയിരുത്തുന്നു.  മാര്‍ക്വേസിന്റെയും എം ടിയുടെയും മുകുന്ദന്റെയും വിജയന്റെയും കാലത്ത് നിന്നു ഇത് വരെ നമ്മുടെ ഭാഷ മോചനം നേടിയിട്ടില്ല.
കാളിദാസനെയും വാല്മികിയെയും വ്യാസനെയും ഷേക്സ്പിയറിനേയും പോലെ കാലാതീതരായ എഴുത്തുകാര്‍ നമുക്കിനി ഉണ്ടാകില്ലെന്നത് വാസ്തവമാണ്. എന്നാലും ബെസ്റ്റ് സെല്ലെര്‍ പുസ്തകങ്ങളുടെ കര്‍ത്താക്കളായ പൌലോ കൊയിലോയെയും ചേതന്‍ ഭഗതിനെയും റൌളിങ്ങിനെയും നമ്മള്‍ കണ്ടില്ലെന്നു നടിക്കരുത്.
കഥകളുടെ വിസ്മയം നിറച്ച ബാല്യവും കര്‍ക്കിടക മാസത്തില്‍ പൂജാമുറിയില്‍ നിന്നു ഒഴുകിയെത്തുന്ന രാമായണവും നമുക്ക് നഷ്ടപ്പെട്ടേക്കാം. എങ്കിലും വായന മരിക്കില്ല. അക്ഷരങ്ങളോടുള്ള നമ്മുടെ ആത്മബന്ധം അത്ര വലുതാണല്ലോ? 

7 comments:

 1. http://punnakaadan.blogspot.com/2011/06/blog-post.html

  ReplyDelete
 2. സത്യം. വായന മരിക്കില്ല.. അല്ലെങ്കില്‍ മരിക്കരുത്. നല്ല എഴുത്തുകളിലൂടെ വായന നിറഞ്ഞ് നില്‍ക്കട്ടെ..

  ReplyDelete
 3. വായന മരിക്കാതിരിക്കട്ടെ.

  ReplyDelete
 4. നല്ല പോസ്റ്റ്‌, ആശംസകള്‍ അഞ്ജു...

  ReplyDelete
 5. പലരും പറയാറുണ്ട്, വായന മരിചെച്ചന്ന്. ഈ അഭിപ്രായത്തില്‍ കഴമ്പില്ല. അറിവ് (ഏതു തരത്തിലുള്ളതും) നേടുക എന്നതാണല്ലോ വായനയുടെ ലക്ഷ്യം. ഈ അര്‍ത്ഥത്തില്‍ വായന കുറയുകയല്ല കൂടുകയാണ് ചെയ്തിരിക്കുന്നത്‌.

  ReplyDelete
 6. nalla book kanunnathum vayikkunnathum,bookine kurich ariyunnathum enikk valiya ishtaman,ingane oru blog thudangiyathinu ashamshakal,

  ReplyDelete
 7. നല്ല പോസ്റ്റ്‌ ..ഇഷ്ടപ്പെട്ടു

  ReplyDelete