തൃപ്പൂണിതുറ മഹാത്മാ ലൈബ്രറിയുടെ ആഭിമുഖ്യത്തില്‍ പ്രശസ്ത എഴുത്തുകാരനായ സേതുവിന്‍റെ പുതിയ കൃതിയായ മറുപിറവിയെ കുറിച്ചുള്ള ചര്‍ച്ച നടന്നു. മഹാത്മാ ഗ്രന്ഥശാല ഹാളില്‍ വെച്ച് നടന്ന ചടങ്ങില്‍ കലാമണ്ഡലം മുന്‍ വി.സി. യും മഹാത്മാ ഗ്രന്ഥശാലയുടെ പേട്രനും ആയ ഡോ. കെ. ജി. പൌലോസ് , പി. എം. ഷുക്കൂര്‍ , സേതു എന്നിവര്‍ പങ്കെടുത്തു. ഗ്രന്ഥശാല പ്രസിടന്റ്റ് ഡി. മനോഹരന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ഇ. പി. ശ്രീകുമാര്‍, സി ബി. വേണുഗോപാല്‍ , റാവു തുടങ്ങിയവര്‍ ചര്‍ച്ചകളില്‍ പങ്കെടുത്തു. ഗ്രന്ഥശാല സെക്രട്ടറി പി. സുരേന്ദ്രന്‍ സ്വാഗതവും അനൂപ് വര്‍മ്മ കൃതജ്ഞതയും രേഖപ്പെടുത്തി
ചര്‍ച്ച ഉദ്ഘാടനം ചെയ്ത ഡോ. കെ. ജി. പൌലോസ് മറു പിറവിയെ സദസ്സിനു പരിചയപ്പെടുത്തി .
പൊതുവേ നമ്മള്‍ ഇക്കാലത്ത് കേട്ട് വരുന്നത് വായന മരിയ്ക്കുന്നു എന്ന മുറവിളികള്‍ ആണെങ്കിലും, ഈ കാലഘട്ടത്തില്‍ പൊതുവേ വായന വളരുന്നതായാണ് തനിക്കു തോന്നുന്നത് എന്ന് അദ്ദേഹം പറഞ്ഞു. ഇതുപോലെ വായന വര്‍ധിച്ചിട്ടുള്ള ഒരു കാലം മുന്‍പുണ്ടായിട്ടില്ല. എന്നാല്‍ ഇന്നത്തെ വായനയ്ക്ക് പല സവിശേഷതകളും ഉണ്ട്. അല്ലെങ്കില്‍ പലതരം വായനകള്‍ ഉണ്ട് എന്ന് പറയാം. ഒന്നാമത്തെ വായന സമയം കളയാനുള്ള വായനയാണ്. Chiclit എന്ന് വിശേഷിപ്പിയ്ക്കാവുന്ന തരം പുസ്തകങ്ങളുടെ വായന. ഉദാഹരണത്തിന് Spencer Johnson എഴുതിയ Who Moved My Cheese ? പോലുള്ള, യാത്രയ്ക്കിടയില്‍ ഒക്കെ വായിച്ചു തീര്‍ക്കാവുന്ന പുസ്തകങ്ങള്‍ . ഇത്തരം പുസ്തകങ്ങളുടെ വായന ഇന്ന് പ്രധാനമായി തീര്‍ന്നിരിയ്ക്കുകയാണ് എന്ന് അദ്ദേഹം പറഞ്ഞു.
രണ്ടാമത്തെ തരം വായന സെല്‍ഫ് ഹെല്‍പ്പിനുള്ള പുസ്തകങ്ങളുടെ വായനയാണ്. നല്ല പ്രാസംഗികനാകാന്‍ ഇരുപത്തഞ്ചു വഴികള്‍ , നല്ല സുഹൃത്തുക്കളെ ഉണ്ടാക്കുന്നതെങ്ങനെ എന്നൊക്കെ ഉപദേശിച്ചു തരുന്ന രീതിയിലുള്ള പുസ്തകങ്ങളുടെ വായന. മൂന്നാമത്തെ തരം വായനയായി കണക്കാക്കാവുന്നത് വായിക്കുന്നതിന്റെ പ്രയോജനപരതയെകുറിച്ച് ചിന്തിക്കാതെ നമ്മള്‍ നടത്തുന്ന വായനയെയാണ്. ഉദാഹരണമായി, 'യുദ്ധവും സമാധാനവും' വായിക്കുമ്പോള്‍ 'പാവങ്ങള്‍ ' വായിക്കുമ്പോള്‍ ആദ്യ രണ്ടു രീതിയിലുമുള്ള വായനയിലും ഉള്ളത്പോലെ പ്രയോജനം നോക്കിയുള്ള പ്രായോഗികമായ ഒരു ലക്‌ഷ്യം ഇല്ല. ഇവിടെ പ്രയോജനത്തെകുറിച്ച് ആലോചിയ്ക്കാന്‍ തന്നെ പാടില്ല എന്നാണു. അതുകൊണ്ട് വായനയില്‍ വായനയും നല്ല വായനയും ഉണ്ട്. തന്റെ വായന തുടങ്ങിയത് ദുര്ഗാപ്രസാദ് ഖത്രിയുടെ മൃത്യുകിരണങ്ങളും , ചുവന്ന കൈപ്പത്തിയും പോലുള്ള ഡിറ്റക്ടീവ് നോവലുകളില്‍ നിന്നാണ് പിന്നീട് അത് കാനത്തിലേക്കും മുട്ടത്തു വര്‍ക്കിയിലേക്കും ഒക്കെ മാറി. പക്ഷെ വായന അവിടെ നിര്‍ത്തിയില്ല എന്നതാണ് പ്രധാനം. കെ. ജി. പൌലോസ് ഇപ്പോഴും അത് തന്നെയാണ് വായിക്കുക എന്നുണ്ടെങ്കില്‍ അത് അദ്ദേഹത്തിന് എന്തോ കുഴപ്പം ഉള്ളത് കൊണ്ടാണെന്ന് നിങ്ങള്‍ ഊഹിച്ചു കൊള്ളുക. നല്ല വായന ഒരു ലക്‌ഷ്യം വെച്ചുള്ളതല്ല, പകരം മൂല്യബോധം ലഭിയ്ക്കുക എന്ന ലക്‌ഷ്യം മാത്രം വെച്ചുള്ളതാണ് . ഡിയിലെ മെത്രാന്‍ ഉള്ളിലേയ്ക്ക് കയറിയില്ലായിരുന്നു എങ്കില്‍ , വിശ്വനാഥന്‍ അപ്പുണ്ണി, ദേവി ഇവരൊക്കെ ഉള്ളിലേയ്ക്ക് കയറിയില്ലായിരുന്നു എങ്കില്‍ നമ്മള്‍ നല്ല മനുഷ്യരാവുകയില്ലായിരുന്നു. ഇതാണ് ഘനവായനയുടെ ഗുണം.
മറുപിറവി എന്ന നോവല്‍ ചര്‍ച്ചയുടെ ഉദ്ദേശത്തില്‍ എന്ത് തരം വായനയാണ് നമുക്ക് വേണ്ടത് എന്ന ഒരു സംഗതി കൂടിയുണ്ട്. മറുപിറവിയുടെ രചനയിലും ആസ്വാദനത്തിലും മൂന്നു കാര്യങ്ങള്‍ ഉണ്ട്. നമ്മുടെ കാലഘട്ടം ഒരു നൊസ്റ്റാള്‍ജിയയുടെ കാലഘട്ടമാണ്. ഒരു തരം ആതുരതയുടെ കാലം. ഈ നോവലിലും നമുക്ക് അത് കാണാന്‍ കഴിയും, ഒന്ന് സമൂഹത്തിന്റെ ആതുരത.രണ്ടു, വ്യക്തിയുടെ ആതുരത. ഒരു സമൂഹത്തിന്റെ ആതുരത എന്ന് പറയുന്നത് വേരുകള്‍ തേടി പോകാനുള്ള അതിന്റെ വ്യഗ്രതയാണ് . സ്വാതന്ത്ര്യ സമരകാലത്ത് നമ്മുടെ വേരുകള്‍ എവിടെയാണെന്നു, സ്വത്വം എവിടെയാണെന്നു തേടിപ്പോകാനുള്ള അന്വേഷണവും നടന്നിട്ടുണ്ട്. ഏഷ്യയില്‍ ഇപ്പോള്‍ നടക്കുന്ന ഏറ്റവും വലിയ ഒരു സാംസ്കാരിക പ്രവര്‍ത്തനം അമര്‍ത്യാ സെന്നിന്റെ നേതൃത്വത്തില്‍ നടക്കുന്ന നളന്ദ സര്‍വകലാശാലയുടെ പുനര്‍നിര്‍മ്മിതിയാണ്. അഞ്ചു മുതല്‍ പന്ത്രണ്ടു വരെ നൂറ്റാണ്ടുകളില്‍ എണ്ണായിരം വരെ വിദ്യാര്‍ഥികള്‍ അവിടെ അധ്യയനം നടത്തിയിരുന്നു എന്ന് പറയപ്പെടുന്നു . എന്തിനാണ് നളന്ദ പുനസ്ഥാപിയ്ക്കുന്നത്. നമ്മുടെ സമൂഹത്തിന്റെ ആതുരതയാണതിന്റെ കാരണം.
ഇതുപോലെയാണ് മുസിരിസ്- മുചിരി പട്ടണം എന്ന നമ്മുടെ ഈ സ്ഥലത്തിന്റെ പുനരുജ്ജീവനം. മുചിര എന്നാല്‍ കുരുമുളക് എന്നര്‍ത്ഥം.കുരുമുളകിന്റെ പട്ടണം. ഈ നോവല്‍ ഉള്‍ക്കൊള്ളുന്ന പരിസരം എന്ന് പറയുന്നത് മുസിരിസും അതിന്റെ സാംസ്കാരിക തനിമയുമാണ്. രണ്ടാമത്തെ ഘടകം വ്യക്തിപരമായ ഒരു ആതുരതയാണ്. വ്യക്തിയെ ബാധിയ്ക്കുന്ന വല്ലാത്ത ഒരു നോസ്റ്റാള്‍ജിയയുടെ ഭാഗമായാണ് നോവലിലെ അരവിന്ദന്‍ അവിടെ വരുന്നത്. അരവിന്ദന്റെ ബാല്യത്തിലേയ്ക്കും , നാട്ടിലേയ്ക്കും കൂട്ടുകാരിലേയ്ക്കും കോളെജിലേയ്ക്കും ഒക്കെയുള്ള ഒരു മടക്കയാത്രയാണ് അദ്ദേഹത്തിന്റെ നൊസ്റ്റാള്‍ജിയ. ഈ രണ്ടു ഘടകങ്ങളും ചേര്‍ന്നതാണ് നോവലിന്റെ ബാഹ്യ ഘടന. കുരുമുളകു തേടി യവനന്മാര്‍ വന്ന കാലഘട്ടം. തണുപ്പ് രാജ്യങ്ങളില്‍ നിന്നാണ് വരുന്നത്. മാംസമാണ് പ്രധാന ആഹാരം. മാംസം കേടു കൂടാതെ ഇരിയ്ക്കണമെങ്കില്‍ കുരുമുളക് കൂടിയേ തീരു. അങ്ങനെ നിലനില്‍പ്പിന്റെ ആവശ്യമാണ് അവര്‍ക്ക് കുരുമുളക്. ഇവിടെ വന്നിട്ട് ഇവിടെയുള്ള ആള്‍ക്കാരും സ്ഥലങ്ങളുമായി അവര്‍ക്കുണ്ടാകുന്ന ബന്ധം, ഇതൊക്കെയാണ് നോവലില്‍ ഫോകസ് ചെയ്യപ്പെടുന്നത്. നോവലില്‍ പിന്നീട് വരുന്നത് ഇവിടെ താമസിച്ചിരുന്ന ജൂതന്മാരുടെ ജീവിതമാണ്. ബൈബിളില്‍ പറയുന്നത് പോലെ തന്നെ വലിയൊരു പ്രയാണമായിരുന്നു ഇവരുടെ ജീവിതവും.
പണ്ട് ഞാന്‍ കാലടി യൂണിവേഴ്സിറ്റിയില്‍ ഉള്ള കാലത്ത് cultural excahnge ന്റെ ഭാഗമായി ഇവിടെ വന്ന ജൂതന്മാരെയും കൊണ്ട് മാളയിലും, ചേന്ദമംഗലത്തും ഒക്കെ പോയപ്പോള്‍, അവിടെ ഉള്ള സിനഗോഗുകള്‍ ഒക്കെ കാണുമ്പോള്‍ അവര്‍ വണ്ടിയില്‍ നിന്നിറങ്ങി ഓടിചെല്ലുകയായിരുന്നു. ഇത് ഞാന്‍ താമസിച്ച വീടാണ്, എന്റെ വഴികളാണ്, അവര്‍ ഓരോരുത്തരും പറഞ്ഞു കൊണ്ടേയിരുന്നു. ഇന്ന് വഴികള്‍ മാറിയിരിയ്ക്കുന്നു. വളരെ പ്രായമുള്ള ആളുകള്‍ വരെ ഓടി ഓരോ വീട്ടിലേയ്ക്കും ഒക്കെ കയറുകയായിരുന്നു. അപ്പോള്‍ ഇത് ഒരു മഹാപ്രയാണത്തിന്റെ ഭാഗമായിരുന്നു.അവസാനം നോവല്‍ അവസാനിയ്ക്കുന്നത് വല്ലാര്‍പ്പാടത്തിന്റെ പശ്ചാത്തലത്തിലാണ്. അത് സേതുവിന്റെ രചനയുടെ ടെക്നിക് ആണ്. ചരിത്രത്തെ എങ്ങനെ വര്‍ത്തമാനവുമായി ബന്ധപ്പെടുത്തുന്നു എന്ന് ഈ ഭാഗത്ത് കാണാം.
മൂന്നാമത്തേത് ഈ നോവലിന്റെ സന്ദേശമാണ്. അങ്ങനെ ഒന്ന് ഒരു നോവലിന് ആവശ്യമാണോ എന്നറിയില്ല. ആരാണ് ഇതിലെ നായകന്‍ എന്നതാണ് മറ്റൊരു ചോദ്യം. യഥാര്‍ത്ഥത്തില്‍ സേതു ഉദ്ദേശിച്ച രീതിയിലാണോ നോവല്‍ ഇന്ന് വായിക്കപ്പെടുന്നത് എന്ന് ഒരു സംശയമുണ്ട്. എല്ലാ മീഡിയകളും ഇത് മുസിരിസിന്റെയും കൊടുങ്ങല്ലൂരിന്റെയും ചരിത്രമായി കണ്ട്, അതിന്റെ പൈതൃകത്തെ അന്വേഷിയ്ക്കുന്ന ചരിത്രനോവലായിട്ടാണ് ഇതിനെ കാണുന്നത്. എന്നാല്‍ അത് ബാഹ്യമായ ഒരു ചട്ടക്കൂടാണ് . അതിന്റെ ഉള്ളില്‍ മനുഷ്യനും മണ്ണുമൊക്കെ തമ്മിലുള്ള ഒരു ജൈവബന്ധത്തെ കുറിച്ചും ഉള്ള കാര്യങ്ങള്‍ അടങ്ങിയിരിക്കുന്നുണ്ട്. പേരില്ലാത്ത ഒരു നായകന്‍ ഇതിലുണ്ട്. ഈ നായകന്‍, ആദി ഉഴവനായ ഒരു മുത്തപ്പന്‍ , അദ്ദേഹത്തിന്റെ മകന്‍, ഭാര്യ, ഇങ്ങനെ ഒരു കുടുംബം. ഇവരാണ് ഈ മണ്ണിലേയ്ക്കിറങ്ങി പണിചെയ്തു മണ്ണിനെ ഉഴുതു മുളപ്പിയ്ക്കുന്നത്. അപ്പോള്‍, കര്‍ഷക സംസ്കൃതിയുടെ ഒരു അംശം, അത് മലയാളിയുടെ അംശമാണ്, അവന്‍ മറന്നു പോയ തന്റെ തന്നെ അംശം, അത് മുസിരിസിന്റെ പശ്ചാത്തലത്തില്‍ ഈ നോവലില്‍ വിടര്‍ന്നു വരുന്നുണ്ട്. മറവിയില്‍ ആണ്ടു പോയ മുസിരിസിന്റെ മറുപിറവി സംഭവിയ്ക്കുന്ന വര്‍ത്തമാനകാലം. ഈ വലിയൊരു ഘടനയ്ക്കുള്ളില്‍, യഥാര്‍ത്ഥത്തില്‍ നമ്മുടെ ഉഴവന്‍ മുത്തപ്പനെ, മണ്ണിനെ, മലയാളി മറന്നു വെന്നും, അത് തിരിച്ചു പിടിച്ച് മണ്ണിന്റെ മാദകമായ ഗന്ധം ആസ്വദിച്ചു, അതിനെ സ്നേഹിച്ചു, അതിന്റെ ലഹരിയില്‍ ആയിരിക്കണം മലയാളി ഇനി ജീവിയ്ക്കേണ്ടത് എന്നുമുള്ള ഒരു സന്ദേശം കൂടി ഈ നോവല്‍ തരുന്നുണ്ട്. അദ്ദേഹം വിശദീകരിച്ചു.
തുടര്‍ന്നു സംസാരിച്ച പി എം ഷുക്കൂര്‍ നോവലിനെ ഇങ്ങനെ വിലയിരുത്തി:
1341 ലെ വലിയ വെള്ളപ്പൊക്കത്തില്‍ പെരിയാര്‍ വഴിമാറി ഒഴുകിയപ്പോള്‍ വഴിയടഞ്ഞത് മുസിരിസിന്റെയാണ്. ഇന്ന് ഖനനങ്ങളിലൂടെ ആ മുസിരിസ്
പുനര്‍ജ്ജനിച്ചിരിയ്ക്കുന്നു. അതാണ് മറുപിറവി. നോവലില്‍ ചരിത്രത്തിന്റെയും , മിത്തിന്റെയും, ഭാവനയുടെയും കുഴമറിച്ചിലിലൂടെ സേതു മുചിരിയെ പുനര്‍നിര്‍മ്മിചിരിയ്ക്കുകയാണ് . സ്വന്തം വേരുകള്‍ തേടിയുള്ള ഒരു എഴുത്തുകാരന്റെ യാത്രയുടെ കൂടി ഫലമാണ് മറുപിറവി എന്ന നോവല്‍ . പാണ്ഡവപുരം മുതല്‍ കിളിമൊഴികള്‍ക്കപ്പുറം വരെയുള്ള കൃതികളില്‍ സേതു ഭ്രമകല്‍പ്പനയുടെ സ്ഥലങ്ങളാണ് നിര്‍മ്മിച്ചെടുത്തത്. മുസിരിസിന്റെ മണ്ണിനെ സ്ത്രീയുമായി ബന്ധിപ്പിച്ചു അതിന്റെ ഗന്ധങ്ങളുമായി സന്നിവേശിപ്പിയ്ക്കുന്ന രചനാതന്ത്രത്തെ പറ്റി പൌലോസ് മാഷ് പറഞ്ഞത് എനിയ്ക്ക് അത്ര കൌതുകം ഉണ്ടാക്കിയില്ല. കാരണം ഇതിനുമുന്‍പ് അടയാളങ്ങളില്‍ അത് അതിതീവ്രമായി ആവിഷ്ക്കരിയ്ക്കപ്പെട്ടിട്ടുണ് ട്. നോവലിനുള്ളിലെ നോവല്‍ , അതായത് മുചിരിയെ പശ്ചാത്തലമാക്കി സേതു എഴുതുന്ന നോവല്‍ , നോവലിലെ കഥാപാത്രമായ അരവിന്ദന്‍ എഴുതുന്ന നോവല്‍, ഇങ്ങനെയാണ് ഈ നോവലിന്റെ ഘടന. തന്റെ ആന്തരിക ലോകത്ത് മറുപിറവി കൊണ്ട മുസിരിസിനെയാണ് സേതു ആവിഷ്ക്കരിയ്ക്കുന്നത്. ഈ നോവലിന്റെ രണ്ടാംഭാഗം ഉറക്കത്തിന്റെയും ഉണര്‍വിന്റെയും ഇടയിലുള്ള അര്‍ദ്ധബോധത്തില്‍ നിന്ന് സേതു എഴുതിപ്പോയതാണെന്ന്, അതിന്റെ തീവ്രത വ്യക്തമാക്കുന്നു. അതുകൊണ്ടാണ് ഈ ഭാഗത്തിന് നോവലിന്റെ മറ്റു ഭാഗങ്ങളേക്കാള്‍ അനന്യമായ ശോഭയും സൗന്ദര്യവും ചേര്‍ക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞത് എന്ന് ഞാന്‍ വിശ്വസിയ്ക്കുന്നു.
മറുപിറവി എന്ന നോവലിന്റെ രഹസ്യം എന്താണ്? വാക്കുകള്‍ക്കു ചെന്നെത്താന്‍ കഴിയാത്ത ഒരു രഹസ്യ ലോകം ഇതിനു പിന്നില്‍ മറഞ്ഞു നില്ക്കുന്നുണ്ടോ? മുസിരിസ് ഖനനങ്ങളില്‍ നിന്ന് കിട്ടിയിട്ടുള്ള അടയാളങ്ങളില്‍ നിന്നും വളര്‍ത്തിയെടുത്തുണ്ടാക്കുന്ന ഒരു ചരിത്രം, നോവലിന്റെ ശില്‍പ്പത്തിനു ഇടിവ് തട്ടാത്ത വിധം സേതു ഇതില്‍ വിളക്കി ചേര്‍ത്തിട്ടുണ്ട്. നൂറ്റാണ്ടുകള്‍ക്കു മുന്‍പ് നക്ഷത്രങ്ങളുടെ അടയാളം നോക്കി കപ്പല്‍ ചാലുകള്‍ കണ്ട് പിടിച്ച് അറിയാത്ത കരകള്‍ തേടി വന്ന പ്രാചീന നാവികരെ സേതുവിന്‍റെ ഭാവന അത്ഭുതത്തോടെയാണ് നോക്കിക്കാണുന്നത്.. ചരിത്ര പുസ്തകങ്ങളില്‍ നിന്ന് മാത്രമല്ല സേതു തനിയ്ക്ക് വേണ്ട വിവരങ്ങള്‍ ശേഖരിയ്ക്കുന്നത്.സംഘകാലകൃതികളി ല്‍ നിന്നും വേണ്ട വിവരങ്ങള്‍ അദ്ദേഹം എടുക്കുന്നുണ്ട്. അക്കാദമിക് ആയ ചരിത്രത്തെക്കാളും സര്‍ഗാത്മകത കൊണ്ട് ഉണ്ടായി വരുന്ന ഒരു ചരിത്രമുണ്ട്. രാമായണത്തില്‍ സീതയെ തേടി പ്പോകുന്ന വാനരന്മാരോട് സുഗ്രീവന്‍ തിരയാന്‍ പറയുന്ന ഒരു സ്ഥലം മുചിരിയാണ്. മഹാഭാരതത്തിലെ സഭാപര്‍വത്തിലും മുചിരിയെക്കുറിച്ചുള്ള പരാമര്‍ശമുണ്ട്. ചരിത്രകാരന്മാര്‍ക്ക് പൂരിപ്പിയ്ക്കാന്‍ കഴിയാത്ത ഇടങ്ങള്‍ പൂരിപ്പിയ്ക്കുന്നത് കവികളാണ്. അത്കൊണ്ട് മറുപിറവി ചരിത്രനോവല്‍ ആയിരിക്കുമ്പോള്‍ തന്നെ സര്‍ഗാത്മകവുമായിരിയ്ക്കുന്നു.
തന്‍റെ നോവലിനെക്കുറിച്ചുള്ള വിലയിരുത്തലുകള്‍ക്ക് സേതു ഇങ്ങനെ മറുപടി പറഞ്ഞു :
ഏറെ ക്ലേശിച്ചു എഴുതിയ പുസ്തകമാണിത്. എനിയ്ക്ക് തന്നെ അത്ഭുതം ഇതെങ്ങനെ സാധിച്ചു എന്നതിലാണ്. മുസിരിസിനെ കുറിച്ചുള്ള പുതിയ കാര്യങ്ങള്‍ ഒക്കെ പുറത്തു വരുന്നതിനു മുന്‍പ് തന്നെ എന്റെ മനസ്സില്‍ ചേന്ദമംഗലത്തിന്റെ പശ്ചാത്തലത്തില്‍ ഒരു നോവലുണ്ടായിരുന്നു. ചേന്ദമംഗലത്ത് പോയിട്ടുള്ളവര്‍ക്കറിയാം, ഒരു ഉറക്കം തൂങ്ങി ഗ്രാമമാണതെന്ന്. ഒരു വയസന്റെ മുഖമുള്ള അങ്ങനത്തെ ഒരു ഗ്രാമം ഇന്ന് കേരളത്തിലില്ല എന്ന് തന്നെ പറയാം.ഗള്‍ഫിന്റെ പളപളപ്പില്‍ രൂപം മാറിയവ ആണല്ലോ ഇന്ന് നമ്മുടെ ഗ്രാമങ്ങള്‍ . പക്ഷെ ചേന്ദമംഗലം ഇങ്ങനെ ഉറക്കം തൂങ്ങി നില്‍ക്കുന്നു. കഴിഞ്ഞ പത്തിരുപതു വര്‍ഷങ്ങളായി ഞാന്‍ കണ്ടു വരുന്ന എന്റെ നാടിനു ഒരു മാറ്റവുമില്ല. അതിനു എന്റേതായ ഒരു സ്വകാര്യ തിയറിയും സ്വയം തന്നെ ഉണ്ടാക്കിയിട്ടുണ്ട്. വലിയ ഒരു പാരമ്പര്യം, ചരിത്രം, സംസ്കാരം ഒക്കെ ഉള്ള ലോകത്തിലെ പല സ്ഥലങ്ങളിലും, ഈജിപ്റ്റ് അടക്കം ഞാന്‍ പോയിട്ടുള്ള സ്ഥലങ്ങളിലൊക്കെ ഈ മയക്കം ഞാന്‍ കണ്ടിട്ടുണ്ട്. ഏതോ ഒരു സമ്പന്നമായ കാലം അയവിറക്കിക്കൊണ്ട് സുഷുപ്തിയില്‍ കിടക്കുന്ന ഒരു പ്രദേശം. അതാണ് ചേന്ദമംഗലവും എന്ന് എനിയ്ക്ക് തോന്നിയിട്ടുണ്ട്. ചിലപ്പോള്‍ ഇത് ഒരു എഴുത്തുകാരന്റെ കിറുക്കാകാം. ചരിത്രകാരന്‍ ചിലപ്പോള്‍ സമ്മതിച്ചു തരണമെന്നില്ല. ഓരോ തിരിചു പോക്കിലും തനിക്കു തോന്നു ഇവിടെ ഒന്നും മാറുന്നില്ലല്ലോ എന്ന്. അങ്ങനെ മാറാത്തതിന്റെ കാരണം വലിയൊരു പാരമ്പര്യത്തിന്റെ ഭാരം വഹിയ്ക്കുന്നത് കൊണ്ടാണെന്ന് ഞാന്‍ സ്വയം പറയും. അതെന്റെ സ്വകാര്യ ഗര്‍വാണ്
ചേന്ദമംഗലത്തെ കുറിച്ചെഴുതാന്‍ തുടങ്ങുമ്പോള്‍ നമ്മുടെ മുന്നില്‍ ലിഖിതമായ ഒരു ചരിത്രമുണ്ട്. ഇവിടുത്തെ സിനഗോഗിന്റെ മുന്നില്‍ ഒരു കല്ലുണ്ട്. ..പതിനാലാം നൂറ്റാണ്ടിലോ മറ്റോ സ്ഥാപിച്ചിരിയ്ക്കുന്ന കല്ല്. അതില്‍ കൊത്തി വെച്ചിട്ടുള്ളത്, പിന്നെ വൈപ്പിന്‍ കോട്ട സെമിനാരിയില്‍ ജെസ്യുട്ട് പാതിരിമാര്‍ രേഖപ്പെടുത്തി വെച്ചിരിയ്ക്കുന്ന ചരിത്രം, ഇങ്ങനെ പലതുമുണ്ട്. ഉദ്ദണ്ടശാസ്ത്രികളുടെ കോകിലസന്ദേശത്തില്‍ ഉടുപ്പിയില്‍ നിന്ന് കോകിലം വരുന്ന വഴികളുടെ പരാമര്‍ശത്തില്‍ , ഈ കൃതിയില്‍ അദ്ദേഹത്തിന്റെ ചേന്ദമംഗലത്ത്കാരിയായിരുന്ന ഭാര്യ കുളിച്ചിരുന്ന കുളത്തെ പറ്റിയൊക്കെ പരാമര്‍ശമുണ്ട്. ഇത് ചേന്ദമംഗലത്ത്കാര്‍ അറിയുന്നത് പാഞാളില്‍ അതിരാത്രം നടന്ന കാലത്ത് ഒരു ജര്‍മ്മന്‍ സായിപ്പ് ഉദ്ദണ്ട ശാസ്ത്രികളുടെ ഭാര്യ കുളിച്ച കുളം തേടി വരുമ്പോളാണ്. കോകസന്ദേശത്തിലും ഈ സ്ഥലത്തെ കുറിച്ചുള്ള പരാമര്‍ശങ്ങള്‍ ഉണ്ട്. ഇങ്ങനെ ഒരു അഞ്ഞൂറ് കൊല്ലത്തെ ലിഖിതമായ ചരിത്രം നമ്മുടെ മുന്നിലുണ്ട്. അത് റിക്കോര്‍ഡഡു ചരിത്രം ആണ്. ധൈര്യമായി കൈകാര്യം ചെയ്യാം
പക്ഷെ ഇതിനപ്പുറം എന്തോ ഉണ്ട് എന്ന മോഹത്തിലാണ് ഞാന്‍ ജൂതരുടെ വഴിയിലേയ്ക്ക് പോയത്. പൊതുവേ പാവങ്ങളായ, നല്ലവരായ ജൂതന്മാരുടെ കുടുംബങ്ങളില്‍ നിന്ന് വരുന്ന കുട്ടികള്‍ എന്റെ ക്ലാസില്‍ ഉണ്ടായിരുന്നു. രണ്ടോ മൂന്നോ പണക്കാരായ കുടുംബങ്ങളെ ഒഴിവാക്കിയാല്‍ ഭൂരിഭാഗം പേരും മുട്ട, തുണി, തുകല്‍ എന്നിവയിലൊക്കെ കച്ചവടം നടത്തിയും ഒക്കെ പൊരുതി ജീവിയ്ക്കുന്നവരായിരുന്നു. എന്ത് കൊണ്ടാണ് എന്ന് അന്ന് മനസ്സിലായില്ല, ഇവരൊക്കെ അന്‍പതുകളില്‍ ഉള്ളതെല്ലാം വിറ്റു പെറുക്കി ഇവിടുന്നു പോവുകയാണ്.അന്ന് ക്ലാസ്സിലൊക്കെ ഉണ്ടായിരുന്ന പാവങ്ങളായ കുട്ടികള്‍ , ഞങ്ങളൊക്കെ കെട്ടിപ്പിടിച്ചു കരഞ്ഞാണ് ഇവരെ യാത്രയാക്കുന്നത് . അന്ന് ഞാന്‍ എട്ടിലോ ഒന്‍പതിലോ പഠിയ്ക്കുകയാണ്. ഇവര്‍ എവിടെ പോകുന്നു, എന്തിനു പോകുന്നു, പോകാനാണെങ്കില്‍ ഇവര്‍ എന്തിനു വന്നു, എവിടുന്നു വന്നു, ഇതൊക്കെ അക്കാലത്ത് മനസ്സില്‍ വന്ന ചോദ്യങ്ങള്‍ ആയിരുന്നു. അന്ന് പക്ഷെ ഉത്തരം തേടുന്ന പ്രായം ആയിരുന്നില്ല. പില്‍ക്കാലത്ത് ഈ നോവല്‍ എഴുതുന്ന കാലത്ത് ജൂതന്മാരുടെ trail ല്‍ സഞ്ചരിച്ചപ്പോഴാണ് മുചിരിപ്പട്ടണം എന്ന സങ്കല്പം ഉള്ളിലേയ്ക്ക് വന്നത്. നാലഞ്ചു കൊല്ലത്തെ അധ്വാനം അതിനു വേണ്ടി വന്നു.
എനിയ്ക്ക് മനസ്സിലായ കാര്യം, വളരെ വലിയൊരു കച്ചവട ബന്ധം അലക്സാണ്ട്രിയയും മുചിരിപ്പട്ടണവും തമ്മില്‍ ഉണ്ടായിരുന്നു എന്നാണ്. പെരിപ്ലസ് എറിത്രിയ എന്ന കൃതിയില്‍ കടല്‍പ്പാതകള്‍ ഒക്കെ അടയാളപ്പെടുത്തിയിട്ടുണ്ട്. അക്കാലത്ത് കടല്‍ചരക്കുകളുടെ പ്രധാന എമ്പോറിയം മെഡിറ്റരേനിയന്‍ തീരത്തെ അലക്സാണ്ട്രിയ ആയിരുന്നു. പക്ഷെ അന്ന് സൂയസ് കനാല്‍ ഇല്ല. അലക്സാണ്ട്രിയയില്‍ നിന്ന് വളഞ്ഞു ആഫ്രിക്ക ചുറ്റി വരണം. അവിടെയാണ് ഹിപ്പാലസ് കാറ്റിന്റെ സഹായം വരുന്നത്. ഹിപ്പാലസ് എന്ന ഗ്രീക്ക് നാവികന്‍, താന്‍ കണ്ടെത്തിയ കപ്പല്‍ചാലില്‍ കയറിയാല്‍ കാലവര്‍ഷക്കാലത്തെ തെക്ക് പടിഞ്ഞാറന്‍ കാറ്റിന്റെ സഹായത്തോടെ അറബിക്കടല്‍ കടന്നു നമ്മുടെ പടിഞ്ഞാറന്‍ തീരത്തെത്താം എന്ന് കണ്ടു പിടിച്ചു. ചെങ്കടല്‍ തീരത്തെ ബെര്‍ണിക്കെ എന്ന തുറമുഖത്ത് നിന്ന് മുചിരിയില്‍ എത്താന്‍ വെറും നാല്‍പ്പതു ദിവസം മാത്രം. അത് പോലെ മഴക്കാലം കഴിഞ്ഞു കാറ്റ് തിരിച്ചാവുമ്പോള്‍ വടക്ക് കിഴക്കന്‍ കാറ്റിനോടൊപ്പം തിരിചു മടങ്ങാം.വളരെ കൃത്യമായ കണക്കാണിത്. ഇവിടെ അവര്‍ വന്നിട്ട് പിന്നീടുള്ള മൂന്നു മാസങ്ങള്‍ അവര്‍ ഇവിടെ കാണും. ഈ മൂന്നു മാസങ്ങള്‍ അവര്‍ എന്ത് ചെയ്യും. ഇത് ഒരു എഴുത്തുകാരന്റെ വെറും ചോദ്യമാണ്. അവര്‍ക്ക് ഇവിടെ ഒന്നും ചെയ്യാന്‍ പറ്റില്ല. കാരണം മഴയാണ്. അവിടെ, ആ പോയിന്റില്‍ ,ഒരു കവിമനസ്സിന്റെ, ഒരു എഴുത്തുകാരന്റെ സഞ്ചാരം നടക്കുകയാണ്.
ഈ നോവലിന്റെ പണിയ്ക്ക് മുന്‍പ്, ഞാന്‍ ഇതിനെ പറ്റി എം.ജി.എസ് നാരായണനുമായി ദീര്‍ഘമായ ചര്‍ച്ചകള്‍ നടത്തിയിരുന്നു. അദ്ദേഹം പറഞ്ഞു, സേതു തീര്‍ച്ചയായും മുന്നോട്ടു പോകണം. ഞാന്‍ പറഞ്ഞു, ഇത് ചരിത്ര നോവല്‍ അല്ല, ചരിത്ര നോവല്‍ എഴുതാന്‍ എനിയ്ക്ക് അറിവില്ല, ധൈര്യമില്ല. ചരിത്രവും മിത്തും കൂട്ടിക്കലര്‍ത്തി ഒരു ഫോര്‍മാറ്റ് . ആ ഫോര്‍മാറ്റിലേക്ക് ഞാന്‍ പ്രവേശിയ്ക്കുന്നു. ഒരു പാട് ചര്‍ച്ചകള്‍ വേണ്ടി വന്നു. ഒരു പാട് പേരെ കാണേണ്ടി വന്നു. വായന വേണ്ടി വന്നു. അപ്പോഴാണ് , പട്ടണം ഖനനത്തിന്റെ ചില കണ്ടെത്തലുകള്‍ വരുന്നത്. സ്വാഭാവികമായും എന്റെ ഗ്രാമത്തിന്റെ തൊട്ടടുത്തുള്ള സ്ഥലമാണ് , അച്ഛന്റെ വീട് ഇപ്പോള്‍ ഖനനം നടക്കുന്ന സ്ഥലത്തിന്റെ തൊട്ടപ്പുറമാണ് . അവിടത്തെ കണ്ടെത്തലുകളില്‍ ഒരു പാട് എക്സൈറ്റിംഗ് ആയതുണ്ട് . പക്ഷെ അതുകൊണ്ട് പട്ടണം മുസിരിസ് ആണോ എന്ന് ചോദിച്ചാല്‍ ഞാന്‍ അല്ല എന്ന് പറയും. ഇപോഴത്തെ ഈ വിവാദം അനാവശ്യമാണ്. മുസിരിസ് എന്ന് പറയുന്നത് വലിയൊരു ഭൂപ്രദേശമായിരുന്നു. ഒരു അവസ്ഥയായിരുന്നു. നമ്മളതിനെ ഒരു അറ്റ്‌ലസില്‍ അടയാളപ്പെടുത്തി ഇതാണ് മുസിരിസ് എന്ന് പറയുന്നത് മണ്ടത്തരമാണ്.
ആ ഒരു കാലഘട്ടത്തില്‍ ഒരു അഞ്ചു നൂറ്റാണ്ടെങ്കിലും വളരെ സമ്പന്നമായ ഒരു സംസ്കാരം അവിടെ ഉണ്ടായിരുന്നു. അത് ചേന്ദമംഗലവും, കൊടുങ്ങല്ലൂരും, പറവൂരും, മാളയും, മേത്തലയും ഒക്കെയായി അങ്ങനെ പടര്‍ന്നു കിടന്നിരുന്നു. നമ്മളീ ഹാരപ്പന്‍ സംസ്കാരത്തെ കുറിച്ച് പറയുന്നു. അവിടെ കുഴിചിരിയ്ക്കുന്നത് ആയിരത്തോളം സൈറ്റുകളിലായിട്ടാണ്. 1 മില്യണ്‍ ചതുരശ്ര മൈല്‍ ആണ് ഖനനം നടത്തിയിരിയ്ക്കുന്നത്. ജമ്മുവും, രാജസ്ഥാനും, ഹരിയാനയും, പഞ്ചാബും , ഗുജറാത്തും വരെ കുഴിചിരിയ്ക്കുന്നു. നമ്മള്‍ ഈ പട്ടണത്ത് ഒരു അഞ്ചു ട്രഞ്ച് കുഴിച്ചിട്ട് ഇത് മുസിരിസ് ആണെന്ന് പറയുന്നത് മണ്ടത്തരമാണ്. നോവലില്‍ പറഞ്ഞിട്ടുള്ള കാര്യം, അന്ന് ഈ വിവാദം ഇല്ലായിരുന്നു, അല്ലെങ്കില്‍ കുറച്ചു കൂടി പറഞ്ഞേനെ. കാരണം ഇവിടുന്നു കിട്ടുന്ന സൂചനകളെ നമ്മള്‍ അവഗണിയ്ക്കരുത്. ഇത് സൂചനയാണ്, തുടക്കമാണ്. ഏതു അന്വേഷണത്തിന്റെയും തുടക്കം, എവറസ്റ്റ് കയറുന്നതിന്റെയും തുടക്കം, ഒരു ചവിട്ടുപടിയാണ് . ആ ചവിട്ടു പടി ആയിട്ടാണ് പട്ടണത്തെ കാണേണ്ടത്. ഇനിയും കുഴിയ്ക്കേണ്ടി വരും. പലയിടത്തും കുഴിയ്ക്കണം. അതൊക്കെ ദീര്‍ഘമായ പ്രക്രിയയാണ്.
പട്ടണത്ത് നിന്ന് കിട്ടിയ ചില സൂചനകള്‍ , അവിടെ നിന്നാണ് ഞാന്‍ സംഘകാലകൃതികളിലേയ്ക്ക് പോയത്. പട്ടണം ഖനനവുമായി ബന്ധപ്പെട്ടു ആദ്യം പറയേണ്ട ഒരു പേര് തമിഴ്നാട്ടിലെ തഞ്ചാവൂര്‍ യൂണിവേഴ്സിറ്റിയിലെ ഡോ. ശെല്‍വകുമാറിന്റെയാണ്. അദ്ദേഹമാണ് വാസ്തവത്തില്‍ പട്ടണം ഖനനത്തിന്റെ പ്രധാനി. അദ്ദേഹത്തിന്റെ പേര് പലയിടത്തും വരുന്നില്ല എന്നേയുള്ളൂ. അദ്ദേഹം വിദഗ്ധനായ ആര്‍ക്കിയോളജിസ്റ്റ് ആണ്. പല ഖനനങ്ങളും നടത്തിയിട്ടുള്ള ആളാണ്.. വളരെ quiet ആയ മനുഷ്യന്‍..... പത്രത്തില്‍ പടം വരില്ല. പത്രക്കാര്‍ കാണില്ല. ടി വി യുടെ മുന്നില്‍ വരില്ല. ഞാന്‍ അദ്ദേഹത്തോടൊപ്പം ഒരു പാട് ദിവസം ഇരുന്നു. എന്റെ വീട്ടില്‍ വന്നു അദ്ദേഹം ഭക്ഷണം കഴിച്ചിട്ടുണ്ട്. ഞാന്‍ ടേപ്പ് റിക്കോഡര്‍ മുന്നില്‍ വെച്ച് അദ്ദേഹത്തിന്റെ മുന്നിലിരിയ്ക്കും. അദ്ദേഹം പറഞ്ഞ കാര്യം, ഈ കാലഘട്ടത്തിലെ കേരള ചരിത്രം ഇരുട്ടിലാണ്. അഞ്ചാം നൂറ്റാണ്ട് മുതലാണ്.. റോമിന്റെ അപചയം തുടങ്ങുന്നത്. റോം രണ്ടായി വിഭജിച്ചു കോണ്‍സ്റ്റാന്‍ടിനോപ്പിള്‍ ഒക്കെ ഉണ്ടാകുന്ന കാലം. അതുവരെ മുസിരിസ് വളരെ സമ്പന്നമായിരുന്നു. വലിയ പ്രവര്‍ത്തനങ്ങള്‍ ഇവിടെ നടന്നിരുന്നു. ആ കാലം കേരള ചരിത്രത്തില്‍ റെക്കോര്‍ഡ് ചെയ്യപ്പെട്ടിട്ടില്ല. പക്ഷെ സംഘകാല കൃതികളില്‍ ഇതിനെ കുറിച്ചുള്ള വ്യക്തമായ പരാമര്‍ശങ്ങള്‍ ഉണ്ട്. അകനാനൂറ്, പുറനാനൂറ് , പതിറ്റുപ്പത്ത് മുതലായ കൃതികളില്‍ ഈ വിവരങ്ങള്‍ ഉണ്ട്. അതിലേയ്ക്ക് റെഫര്‍ ചെയ്തു പോയപ്പോള്‍ ഇവിടുത്തെ ജീവിതത്തെ പറ്റി വിവരങ്ങള്‍ ഉണ്ട് എന്ന് മനസ്സിലായി. വ്യക്തമായി വിവരിയ്ക്കുകയല്ല. വളരെ സമ്പന്നമായിരുന്നു, മദ്യമൊഴുകിയിരുന്നു, സ്ത്രീകള്‍ അണിഞ്ഞൊരുങ്ങിയിരുന്നു, ആഭരണപ്രിയരായിരുന്നു എന്നൊക്കെ. പട്ടണത്തില്‍ നിന്ന് കിട്ടിയ ചിലതുമായി ചേര്‍ത്ത് വായിക്കാം. ഞാന്‍ പി. കെ.ബാലകൃഷ്ണന്റെയൊക്കെ പുസ്തകങ്ങള്‍ വായിച്ചപ്പോള്, അദ്ദേഹത്തിന്റെ നിഗമനങ്ങള്‍ , അതായത് ഇവിടെയൊക്കെ കാടായിരുന്നു, സാംസ്കാരിക പ്രവര്‍ത്തനങ്ങള്‍ ഒന്നും നടന്നിട്ടില്ല എന്നൊക്കെ, അത് ശരിയല്ല, ഈ തുറമുഖത്തെ ചുറ്റിപ്പറ്റി ഒരു ജനപദമുണ്ടായിരുന്നു. അത് പട്ടണത്തെ ഖനനങ്ങളില്‍ നിന്ന് കിട്ടിയ വിവരങ്ങളില്‍ നിന്ന് വ്യക്തമാണ്. ഒരു പക്ഷെ കൂടുതല്‍ ഭാഗങ്ങളില്‍ കുഴിയ്ക്കുമ്പോള്‍ കൂടുതല്‍ തെളിവുകള്‍ കിട്ടും. ചിലപ്പോള്‍ ഇതിന്റെയൊക്കെ പുറമെയുള്ള ഭാഗങ്ങളില്‍ കാടായിരുന്നിരിയ്ക്കാം. എന്തായാലും, സംഘകാലകൃതികളില്‍ നിന്ന് കിട്ടിയ സൂചന അനുസരിച്ചാണ് ഞാന്‍ ഭാവനയില്‍ സൃഷ്ടിയ്ക്കാന്‍ ശ്രമിച്ചത്. അല്ലാതെ കേരള ചരിത്രത്തില്‍ ഇതൊന്നും രേഖപ്പെടുത്തിയിട്ടില്ല . ഇനി അങ്ങനെയല്ല എന്ന് ചരിത്രകാരന്മാര്‍ തെളിയിക്കട്ടെ. ശെല്‍വകുമാര്‍ എന്നോട് പറഞ്ഞത് ചരിത്രകാരന്മാര്‍ ഒഴിച്ചിടുന്ന സ്ഥലം കവികളുടെ മേച്ചില്‍ സ്ഥലമാണ് എന്നാണ്. അതൊരു പ്രധാനപ്പെട്ട കാര്യമാണ്. അവര്‍ ഒഴിച്ചിടുന്ന സ്ഥലത്ത് പ്രവേശിയ്ക്കേണ്ടത് നിങ്ങളാണ്. അവിടെ എഴുത്തുകാരന്റെ ഭാവന നടത്തുന്ന സ്വച്ഛന്ദ വിഹാരത്തിന് തെളിവൊന്നും ആവശ്യമില്ല. അവന്റെ ഭാവനയിലാണ് ആ പ്രദേശം വികസിയ്ക്കുന്നത്.
അങ്ങനെയാണ് ഈ നോവലിന്റെ രണ്ടാംഭാഗം ഞാന്‍ എഴുതുന്നത്. പിന്നെ അതിനു ചുറ്റുമുള്ള ചേന്ദമംഗലം അടക്കമുള്ള സ്ഥലങ്ങളുടെ ചരിത്രം തിരിച്ചുപിടിയ്ക്കണം എന്നൊരാഗ്രഹം എനിയ്ക്കുണ്ടായിരുന്നു. ഒരു കാലത്തിന്റെ തിരിച്ചു പിടിയ്ക്കല്‍ , ഒരു സംസ്കാരത്തിന്റെ തിരിച്ചു പിടിയ്ക്കല്‍ , ഒരു ചരിത്രത്തിന്റെ തിരിച്ചുപിടിയ്ക്കല്‍ ..
ഈ പുസ്തകം എഴുതിയിരിയ്ക്കുന്നത് അടുത്ത തലമുറയ്ക്ക് വേണ്ടിയാണ്. നമ്മള്‍ക്ക് വേണ്ടിയല്ല. പൌലോസ് മാഷും ഷുക്കൂറും പറഞ്ഞത് പോലെ നമ്മുടെ കാര്‍ഷിക സംസ്കാരം എന്ന് പറയുന്ന,നാം മറന്നുകളഞ്ഞ, കൈവിട്ടു കളഞ്ഞ, അല്ലെങ്കില്‍ എറിഞ്ഞു കളഞ്ഞ, ആ സംസ്കാരം എന്റെ മനസ്സിലുണ്ടായിരുന്നു. അതുകൊണ്ടാണ് ഈ മണ്ണിന്റെ രുചി അറിയിച്ച എന്റെ അമ്മയ്ക്ക് എന്ന സമര്‍പ്പണം വരുന്നത്. ഒരു കുട്ടി ആദ്യം അറിയുന്നത് മണ്ണിന്റെ രുചിയാണ്, ഗന്ധമാണ്, മണ്ണില്‍ ചെവി വെച്ച് നോക്കിയാല്‍ കേള്‍ക്കുന്ന നാദങ്ങളാണ് . പഞ്ചേന്ദ്രിയങ്ങള്‍ കൊണ്ട് ആദ്യത്തെ സ്പര്‍ശം നാമറിയുന്നത് മണ്ണിനെയാണ്. .ഞാനൊക്കെ എന്റെ പറമ്പില്‍ തൂമ്പയെടുത്ത് കിളയ്ക്കുമായിരുന്നു. അപ്പോള്‍ മണ്ണ് എന്നത് ഞങ്ങള്‍ക്ക് ഒരു അത്ഭുതമല്ലായിരുന്നു . ജീവിതത്തിന്റെ ഭാഗമായിരുന്നു. പിന്നീട് നഗരങ്ങളില്‍ പോയി, ഫ്ലാറ്റുകള്‍ വന്നു ജീവിത ശൈലികള്‍ മാറി. ഞാന്‍ ഇപ്പോള്‍ വീണ്ടും ഒരു സൈക്കിള്‍ തിരിഞ്ഞു ജോലിയില്‍ നിന്ന് വിരമിച്ചു. നാട്ടിന്‍പുറത്തു വന്നു താമസിയ്ക്കുന്നു. ഞാന്‍ കൃഷി ചെയ്യുന്നുണ്ട്. ഒരു വര്‍ഷത്തില്‍ ഒരു നാലഞ്ചു മാസത്തേയ്ക്ക് വേണ്ട പച്ചക്കറിയൊക്കെ ഞങ്ങള്‍ കൃഷി ചെയ്യുന്നുണ്ട് .
അടിസ്ഥാനപരമായി ഈ നോവലിന്റെ സങ്കല്പം എന്ന് പറയുന്നത് മണ്ണും വേരുമാണ്. വേരുകളില്ലാത്തവര്‍ക്കറിയാം വേരിന്റെ നേര് എന്താണെന്ന്. ഇന്ത്യയില്‍ ജീവിച്ചവര്‍ക്കറിയാം വേരുകളുടെ നേര് എന്താണെന്ന്. അത് കൊണ്ടാണ് എലിയാഹൂ ഇപ്പോള്‍ നാട്ടില്‍ വന്നതും , ഞങ്ങള്‍ അവിടെ ഒരു ചടങ്ങൊക്കെ നടത്തിയതും, അത് പത്രത്തില്‍ വന്നതും ഒക്കെ. അദ്ദേഹം ഇവിടെയുള്ള സിനഗോഗിന്റെ ഒരു വശത്ത് ഒരു വീട് പണിയുകയാണ്. ഞാന്‍ ചോദിച്ചു, എന്തിനാണ് ഇവിടെ വീട് പണിയുന്നതെന്നു. അദ്ദേഹത്തിന് 82 വയസ്സായി . ആര്‍ക്കു വേണ്ടിയാണ് ഇത്. അദ്ദേഹം പറഞ്ഞു ഞാനേ ഇവിടുന്നു പോയിട്ടുള്ളൂ, എന്റെ പൂര്‍വികന്മാര്‍ ഉറങ്ങുന്നത് ഈ മണ്ണിലാണ് എന്ന്.
ഇത് ഒരു തിരിച്ചുപിടിയ്ക്കല്‍ ആണ്. ഞാന്‍ ഈ നോവലിന്റെ ഘടനയെ പറ്റി ആലോചിചപ്പോള്‍ തീരുമാനിച്ച ഒരു കാര്യം ഇത് ഒരിയ്ക്കലും ലിനിയര്‍ ആകില്ല എന്നാണു. രേഖീയമായ ഒരു ഫോര്‍മാറ്റ് ആകില്ല ഇത്. അരവിന്ദന്റെ ഓര്‍മ്മപുസ്തകമാണിത്. അയാള്‍ അവിടുന്നും ഇവിടുന്നും കിട്ടുന്ന ചിത്രങ്ങള്‍ ഒരു കൊളാഷ് പോലെ ഒട്ടിച്ചുവെയ്ക്കുകയാണ്. കുറെ ശബ്ദങ്ങള്‍ , ചിത്രങ്ങള്‍ , കുറെ ഭാവന, കേട്ട്കേള്‍വികള്‍ , ഊഹങ്ങള്‍ , ഇതൊക്കെ അവിടവിടെ പതിച്ചു വെച്ച് അതൊരു ഫോര്‍മാറ്റ് ആയി തീരുകയാണ്. പലരും പറഞ്ഞു ഈ നോവല്‍ വായിക്കാന്‍ ബുദ്ധിമുട്ടാണല്ലോ എന്ന്. ഞാന്‍ പറഞ്ഞു അങ്ങനെയേ അത് സാധ്യമാകൂ എന്ന്. അത്തരത്തിലുള്ള ഒരു വായനയെ ഇതിനു സാധ്യമാകൂ. കാരണം ലിനിയര്‍ ആയിട്ട് narrate ചെയ്യാന്‍ ആര്‍ക്കും കഴിയും. അതല്ല ഇവിടെ ഉദ്ദേശം. അങ്ങനെയല്ലാത്ത ഒരു കൃതിയ്ക്ക് വേറൊരു വായന ആവശ്യമാണ്.. പാണ്ഡവപുരം എന്ന കൃതി ഏകശിലയാണ് . ഒറ്റ തൂണിലാണത്. ഇവിടെ ഇതിനു തൂണുകള്‍ പോലുമില്ല. വന്നും പോയുമിരിയ്ക്കുന്ന കുറെ കഥാപാത്രങ്ങളിലൂടെ ഒരു പരിസരമാണ് , ചരിത്രത്തിന്റെ പലപല അവസ്ഥകളാണ് സൃഷ്ടിയ്ക്കപ്പെടുന്നത്.
അടിസ്ഥാനപരമായി നോക്കിയാല്‍ ഇതിന്റെ രചനയില്‍ എനിയ്ക്ക് സന്തോഷമുണ്ട്,കുറെ തൃപ്തിയുണ്ട്. എഴുത്തുകാരന് ഒരു പീഠം ഉണ്ട്. അത് അയാള്‍ തന്നെ ഉണ്ടാക്കുന്നതാണ്. അത് ഉറപ്പിയ്ക്കുന്നത് കാലമാണ്. കാലം ഒരു ചെത്തിക്കളയല്‍ നടത്തുന്നുണ്ട്. പലതും, പലരും വിസ്മരിയ്ക്കപ്പെടും. എഴുത്തുകാരന്‍ അതിനെപ്പറ്റി ആകുലനാകേണ്ടതില്ല. നല്ല വായനയുണ്ടാകുന്നത് എഴുത്തുകാരന് ചാരിതാര്‍ത്ഥ്യം നല്‍കുന്ന കാര്യമാണ്. ഇതിലെ ഉഴവന്‍ എന്ന സങ്കല്പം തന്നെ സംഘകാല കൃതികളില്‍ ഉള്ളതാണ്. ആ പേര് തന്നെ ഉഴുന്നവന്‍ എന്നാണ് അര്‍ഥം. അധിനിവേശകാലത്തെ ഏറ്റവും വലിയ ഇരകള്‍ മണ്ണും പെണ്ണുമാണ്. നമ്മുടെ പ്രകൃതിയും സ്ത്രീയും ഒന്നാണ് എന്ന പഴയ വ്യാഖ്യാനത്തിനു ഇവിടെ പുതിയ ഒരു രൂപം വരുന്നുണ്ട്. കൃഷി ചെയ്യാന്‍ തുടങ്ങുമ്പോള്‍ ,മണ്ണില്‍ ആദ്യത്തെ വെട്ടു വീഴുമ്പോള്‍ , കലപ്പ കൊണ്ട് ഉഴുമ്പോള്‍ , മണ്ണിന്റെ മദജലം പൊടിഞ്ഞു എന്നാണ് ഞാന്‍ എഴുതിയത്. പൌലോസ് സാറിന്റെയൊക്കെ വ്യാഖ്യാനം, കാളിദാസനെയൊക്കെ ഉദാഹരിച്ചു കൊണ്ടുള്ളത് , കേള്‍ക്കുമ്പോള്‍ വലിയ സന്തോഷം തോന്നുന്നു. ഞാന്‍ സംസ്കൃതം പഠിച്ചിട്ടില്ല . മണ്ണിന്റെ മദജലം പൊടിഞ്ഞു എന്നെഴുതുമ്പോള്‍ ഞാന്‍ എടുത്തത് ഒരു എഴുത്തുകാരന്റെ സ്വാതന്ത്ര്യമായിരുന്നു. വിത്യസ്തമായ ഒരു കൃതിയ്ക്ക് നല്ല വായന ഉണ്ടാകുന്നു എന്നത് എഴുത്തുകാരനെ സംബന്ധിച്ച് ഒരു സൌഭാഗ്യമാണ്. മറ്റു ഭാഷകളിലെ എഴുത്തുകാരുമായി സംസാരിയ്ക്കുമ്പോള്‍ അവരുടെ കരച്ചില്‍ കേള്‍ക്കാറുണ്ട്, നല്ല വായന ഉണ്ടാകുന്നില്ല എന്ന്. ഇത് മലയാളത്തിന്റെ ഒരു സൌഭാഗ്യമാണ്. വിമര്‍ശനം ആകാം,കാരണം വായന നടക്കുന്നുണ്ടല്ലോ.
തയ്യാറാക്കിയത്
അനൂപ് വര്‍മ്മ
അക്ഷരങ്ങളെ അറിയുകയും പുസ്തകങ്ങളെ വിലയിരുത്തുകയും ചെയ്യുന്ന സമൂഹം ചുരുങ്ങി വരുന്ന ഈ കാലത്ത് ഇത്തരം നല്ല സംരംഭങ്ങള്‍ നടത്താന്‍ മുന്നോട്ട് വരുന്ന മഹാത്മാ ഗ്രന്ഥ ശാലക്ക് എല്ലാ വിധ ആശംസകളും ...
ReplyDelete"എഴുത്തുകാരന് ഒരു പീഠം ഉണ്ട്. അത് അയാള്‍ തന്നെ ഉണ്ടാക്കുന്നതാണ്. അത് ഉറപ്പിയ്ക്കുന്നത് കാലമാണ്. കാലം ഒരു ചെത്തിക്കളയല്‍ നടത്തുന്നുണ്ട്. പലതും, പലരും വിസ്മരിയ്ക്കപ്പെടും."
ReplyDeleteസത്യം.
ചടങ്ങില്‍ പങ്കെടുത്തതു പോലായി. അഭിനന്ദനങ്ങള്‍.
ReplyDeleteഅറിവുപകരുന്ന ഇത്തരം പോസ്റ്റുകള്‍ ഇനിയും പ്രതീക്ഷിക്കുന്നു.
ReplyDeleteഇത്തരം പ്രവര്‍ത്തനങ്ങള്‍ ഇന്നത്തെക്കാലത്തും നമ്മുടെ വായനശാലകളില്‍ നടക്കുന്നുണ്ടല്ലോ. ആശ്വാസകരം.
എല്ലാവര്‍ക്കും നന്ദി. മിനേഷ്, ഓഡിയോയില്‍ നിന്നും നേരിട്ട് ടെക്സ്റ്റ് ഉണ്ടാക്കാവുന്ന ഏതെങ്കിലും സോഫ്റ്റ്‌വെയര്‍ ഉള്ളതായി അറിയാമോ? എങ്കില്‍ കാര്യങ്ങള്‍ കുറെ എളുപ്പമായേനെ. ഞാന്‍ കുറെ തപ്പി നോക്കി. കിട്ടിയില്ല
ReplyDelete