വായനക്കൊരിടം !!!

എഴുത്തുകാരെപ്പറ്റി,പുസ്തകങ്ങളെക്കുറിച്ച്, സാഹിത്യവുമായി ബന്ധപ്പെട്ട ലഘുകുറിപ്പുകള്‍ ആണ് വായനാമുറിയില്‍ ഉള്‍പെടുത്തുന്നത്‌. നിങ്ങള്‍ക്കും ഇതില്‍ പങ്കുചേരാം. നിങ്ങളുടെ ഇമെയില്‍, ബ്ലോഗ്‌ അഡ്രെസ്സ് എന്നിവയും മറ്റു വിവരങ്ങളും vaayanamuri@gmail.com എന്ന വിലാസത്തിലേക്ക് അയച്ചു തരു. വിജ്ഞാന സംബന്ധിയായ കുറിപ്പുകളായാതുകൊണ്ട് വിവരങ്ങളുടെ ആധികാരികത ഉറപ്പുവരുത്തിയതിനു ശേഷമേ പോസ്റ്റ്‌ ചെയ്യാവൂ. വിവാദങ്ങള്‍ക്കും വാഗ്വാദങ്ങള്‍ക്കും അപ്പുറത്ത് അറിവ് പങ്കുവെക്കല്‍ എന്ന ഒരേ ഒരു ലക്ഷ്യമാണ്‌ ഈ ശ്രമത്തിനു പിന്നില്‍ എന്നു ഇവിടെ വ്യക്തമാക്കട്ടെ.







Tuesday, January 24, 2012

സ്നേഹമുള്ള സിംഹം

ജീവിതത്തില്‍ ചില ഘട്ടങ്ങളില്‍  അവിചാരിതമായി  ചിലരെ ചില നേരത്ത് കണ്ടു മുട്ടാന്‍ വിധിക്കപ്പെട്ടിട്ടുണ്ടാകും. അത്തരം കണ്ടുമുട്ടലുകള്‍ ഒരു മനുഷ്യായുസ്സു മുഴുവന്‍ കരുതി വെക്കാനുള്ള സമ്പന്നമായ മുഹൂര്‍ത്തങ്ങളായി മാറുന്നത് അപൂര്‍വമായി മാത്രമേ ലഭിക്കാറുള്ളൂ  .  ഒരു നിയോഗം അല്ലെങ്കില്‍ നിമിത്തം ആയി ഞങ്ങള്‍ കുറച്ചു സാധാരണക്കാരുടെ  ജീവിതത്തിലേക്ക് കയറി വന്ന വ്യക്തിയായിരുന്നു അഴീക്കോട്‌  മാഷ്. 

രണ്ടായിരാമാണ്ടില്‍  പാലക്കാട് വെച്ചു നടന്ന സംസ്ഥാന യുവജനോത്സവത്തില്‍ വെച്ചു ഒരു പ്രസംഗം നടത്തുമ്പോള്‍ ആണ് മാഷിനെ ആദ്യം കാണാന്‍ ഇടയായത്. സദസ്സും വേദിയും തമ്മിലുള്ള അകലം ഇല്ലാതാക്കി ഹൃദയവും തലച്ചോറും തമ്മില്‍ ഉള്ള അകലം മാത്രം അടുത്തറിഞ്ഞ ഒരു പ്രസംഗം .സാഹിത്യവും രാഷ്ട്രീയവും ക്രിക്കറ്റും എല്ലാം നിറഞ്ഞു നിന്ന ആ പ്രസംഗത്തിനു ശേഷം പുറത്തിറങ്ങിയ അദ്ദേഹത്തിനു മുന്‍പില്‍ ഒരു നോട്ടു പുസ്തത്തില്‍ ഓട്ടോ ഗ്രാഫ് കുറിച്ചിടാന്‍ വേണ്ടി കൈനീട്ടി   ജനതിരക്കിനിടയില്‍ അടുത്തെത്താന്‍ പോലും ആവാതെ  പോയ ഒന്‍പതാ ക്ലാസുകാരന്റെ മുന്നില്‍ പിന്നെയും  നിയോഗം അദ്ദേഹത്തെ പല തവണ കൊണ്ടെത്തിച്ചു. കുമരനെല്ലൂരിലെ ട്യുഷന്‍  സെന്ടരിലെ കലോത്സവം ഉദ്ഘാടനം ചെയ്യാനാന്‍ വന്ന ദിവസം . ഉദ്ഘാടന ചടങ്ങിനു ശേഷം പതിനഞ്ചു മിനിട്ട്  അദ്ദേഹവുമായി നേരിട്ട് സംസാരിക്കാനും  ചില ചോദ്യങ്ങള്‍ ചോദിച്ചു സ്കൂളിനു  ഇറക്കാന്‍ വേണ്ടി പ്ലാന്‍ ചെയ്തിരുന്ന ഒരുമാഗസിന് വേണ്ടി  കുറിചെടുക്കാനും കഴിഞ്ഞു രണ്ടാമത്തെ തവണ.പിന്നീടും ചില  വേദികളില്‍ അകലെയും അടുത്തുമായി. അബുദാബി ശക്തി അവാര്‍ഡ് ബെന്യാമിന് കിട്ടിയ വര്‍ഷം നടന്ന കോട്ടക്കലില്‍ വെച്ച് നടന്ന സാംസ്ക്കാരിക സമ്മേളനത്തില്‍ ഒരിക്കല്‍ കൂടി അടുത്ത് കാണാന്‍ പറ്റി.
പക്ഷെ അന്ന്  രണ്ടോ മൂന്നോ വരികളില്‍ ഒതുങ്ങുന്ന സംസാരം മാത്രമായിരുന്നു അദ്ദേഹവുമായി നടത്തിയിരുന്നത്. അതിനു ശേഷം രണ്ടായിരത്തി പത്തില്‍ ആണ്  ബഹറിന്‍ കേരളീയ സമാജം സാഹിത്യ അവാര്‍ഡ് സ്വീകരിക്കാന്‍  അദ്ദേഹം ബഹറിനില്‍ എത്തുന്നത്.
ബഹറിനില്‍ അദ്ദേഹത്തിനു വേണ്ട കാര്യങ്ങള്‍ ചെയ്തുകൊടുക്കാന്‍ സമാജം ഭരണ സമിതി ഏല്‍പ്പിച്ചത് സാഹിത്യ വേദി പ്രവര്‍ത്തകരായ രാധാകൃഷ്ണന്‍ ഒഴൂരിനെയും സുധി പുത്തന്‍ വേലിക്കരയെയും എന്നെയുമാണ്. ഞങ്ങള്‍ എല്ലാം കേട്ടറിഞ്ഞ അഴീക്കോട്‌ ക്ഷിപ്ര കോപിയും ഗൌരവക്കാരമായ  ഒരാളാണ്. മാധ്യമങ്ങള്‍ പറഞ്ഞു തന്ന  ചിത്രം.. പലരോടും വഴക്കിട്ടു വിവാദങ്ങള്‍ ഉണ്ടാക്കിയ ആള്‍. മാത്രവുമല്ല മഹാജ്ഞാനിയായ ഒരു എഴുത്ത് കാരന്‍,. ഇതൊക്കെ  മനസ്സില്‍ ഉള്ളത് കൊണ്ട് തന്നെ ഞങ്ങള്‍ മൂന്നു പേരും വല്ലാത്ത പരിഭ്രമത്തില്‍ ആയിരുന്നു. രാത്രി പതിനൊന്നരയോടെ  ഗസ്റ്റ് ഹൌസില്‍ എത്തിയ അദ്ദേഹത്തോട് വിറയ്ക്കുന്ന സ്വരത്തില്‍ ആയിരുന്നു ഞങ്ങള്‍ മൂന്നു പേരും സംസാരിച്ചിരുന്നത്. രാത്രി എന്താണ് ഭക്ഷണം രാവിലെ എപ്പൊള്‍ എണീക്കും എന്നീ കാര്യങ്ങള്‍ ഒക്കെ സന്തത സഹചാരിയായ സുരേഷില്‍ നിന്നും ഞങ്ങള്‍ മനസിലാക്കി. എന്നാല്‍ ഞങ്ങളെ അമ്പരപ്പിച്ചു കൊണ്ട് അദ്ദേഹം വളരെ സൌഹൃദത്തോടെ പറഞ്ഞു നിങ്ങള്‍ ഇവിടെ എന്ത് കഴിക്കുന്നുവോ അതില്‍ ഒരു പങ്കു എനിക്ക് തന്നാല്‍ മതി. പിന്നീട്സുരേഷ് ഞങ്ങളോട് പറഞ്ഞു. "സാറിനെ കുറച്ചു കേട്ടറിഞ്ഞത് പലതും തെറ്റാണ്. ഒരു കൊച്ചു കുട്ടിയുടെ നൈര്‍മല്യത്തോടെയുള്ള സാറിനെ ഇനി നിങ്ങള്‍ക്ക് നേരിട്ട് തന്നെ പരിചയപ്പെടാമല്ലോ."
പിറ്റേന്ന് കാലത്ത് മാഷുടെ അടുത്തെത്തിയപ്പോള്‍ തന്നെ മാഷ് പറഞ്ഞു "ബഹറിന്‍ ഒന്ന് കാണണം. ഷോപ്പിംഗ്‌ മാളുകള്‍ അല്ല. ചരിത്ര പ്രധാനമായ സ്ഥലങ്ങള്‍ വല്ലതും ഉണ്ടെങ്കില്‍.. "മറ്റൊന്നുമാലോചിക്കാതെ സാറിനെയും കൂട്ടി ബഹറിന്‍ മ്യുസിയത്തിലെത്തി. ഒരു കൊച്ചു കുഞ്ഞു പുതിയ ലോകത്തെ കാണുന്ന കുതുകത്ത്തോടെ അദ്ദേഹം മ്യുസിയം മുഴുവന്‍ നടന്നു കണ്ടു. ആദ്യം  പറഞ്ഞത് ഇതായിരുന്നു. ചരിത്രത്തിന്റെ ശേഷിപ്പുകളെ സംരക്ഷിക്കാന്‍ ഇവര്‍ കാണിച്ചിരിക്കുന്ന ഈ കരുതല്‍ ഇന്ത്യയില്‍ ഒരിടത്തും  താന്‍ കണ്ടിട്ടില്ല.
മാഷിനോട് മടിച്ചു മടിച്ചു സംസാരിച്ചിരുന്ന ഞങ്ങളോട് അദ്ദേഹം ഉള്ളു തുറന്നു സംസാരിക്കാന്‍ തുടങ്ങി .സാഹിത്യം, ചരിത്രം, സംസ്ഥാന-ദേശീയ രാഷ്ട്രീയം അങ്ങനെ തലേദിവസം പരിചയപ്പെട്ട മൂന്നു പേരോട് യാതൊരു അപരിചിതത്വവും ഇല്ലാതെ മനസ്സ് തുറന്നുള്ള ആ സംസാരം, അതില്‍ നിറഞ്ഞു നിന്ന നിഷ്കളങ്കത മണിക്കൂറുകള്‍ക്കു മുന്‍പ് വരെ ഞങ്ങളുടെ മനസ്സില്‍ ഉണ്ടായിരുന്ന മുന്കൊപിയുറെ ചിത്രം മഞ്ഞുരുകുന്നത് പോലെ ഉരുകി ഒലിച്ചു പോയി. ജനാധിപത്യത്തെകുറിച്ച് അദ്ദേഹത്തിന്റെ കാഴ്ചപാടുകള്‍ സുദൃടമായിരുന്നു. നെഹ്‌റു എന്ന രാഷ്ട്ര ശില്പിയെകണ്ടു  മുട്ടിയ ദിനവും ഒരു തിരഞ്ഞെടുപ്പിനെ പോലും നേരിടാതെ പ്രധാനമന്ത്രി പദത്തില്‍ എത്തിയ മന്‍മോഹന്റെ നയങ്ങളോടുള്ള വിയോജിപ്പും അദ്ദേഹം ഞങ്ങളുമായി പങ്കു വെച്ചു. ഇന്ത്യയുടെ അധികാര സ്ഥാനങ്ങളില്‍ എത്തുന്നവര്‍ രാജ്യസഭ വഴിയല്ല വരേണ്ടത് എന്നായിരുന്നു അദ്ദേഹം അഭിപ്രായപ്പെട്ടത്. അതോടൊപ്പം വി എസ് അച്ചുതാനന്ദന്‍, പിണറായി വിജയന്‍ , എ കെ ആന്റണി  തുടങ്ങിയവരുമായുള്ള സൌഹൃദവും അവരോടു നിലപാടുകളില്‍ വിയോജിപ്പുള്ളപ്പോള്‍ പോലും അവര്‍  കാണിച്ച ബഹുമാനവും  സംസാരത്തിനിടെ കടന്നു വന്നു.

ഉച്ചയോടെ വഴിയരികിലെ സാധാരണ റെസ്ടോറന്റില്‍ വെച്ചു ഉച്ച ഭക്ഷണം. പതിവില്ലാതെ മുണ്ടും ജുബ്ബയും എടുത്ത്  ഒരാള്‍ അതും സാക്ഷാല്‍ സുകുമാര്‍ അഴീകൊടിനെ കണ്ടപ്പോള്‍ അമ്പരന്നു പോയ  ചില കുടുംബങ്ങള്‍ ഫോട്ടോ എടുക്കട്ടെ എന്ന് ചോദ്യവുമായി സമീപിച്ചപ്പോള്‍  ഒരു മടിയും കൂടാതെ അവരുടെ കൂടെ  ഫോട്ടോക്ക് നിന്നുകൊണ്ട് വീണ്ടും ഞങ്ങളുടെ വാഹനത്തിലേക്ക്. 
വൈകീട്ട് ബഹറിന്‍ കേരളീയ സമാജത്തില്‍ സമാജം അവാര്‍ഡ് ദാനത്തില്‍ പ്രോജ്വലമായ പ്രഭാഷണം. പിറ്റേന്നായിരുന്നു വിജയ ദശമി. അതുകൊണ്ട് തന്നെ സമാജത്തില്‍ നടന്ന എഴുത്തിനിരുത്തല്‍ ചടങ്ങില്‍ അദ്ദേഹം കുരുന്നുകള്‍ക്ക് ആദ്യാക്ഷരം കുറിക്കാം എന്ന് സമ്മതിച്ചിരുന്നു. അത് ഒരു പ്രവര്‍ത്തി ദിനം  ആയതു കൊണ്ട് തന്നെ എഴുത്തിനിരുത്ത് പുലര്‍ച്ചെ നാലരക്ക് തന്നെ തുടങ്ങുകയാണ് പതിവ്. അദ്ദേഹത്തെ അല്പം പുലര്‍ച്ചെ തയ്യാറാകണം എന്ന് പറഞ്ഞപ്പോള്‍ സന്തോഷപൂര്‍വ്വം അത്  സ്വീകരിക്കുകയാണ് ചെയ്തത്.പുലര്‍ച്ചെ  നാലുമണിക്ക് ഞങ്ങള്‍ എത്തിച്ചേരാം എന്ന് പറഞ്ഞിരുന്നുവെങ്കിലും  തലേന്നത്തെ തിരക്കുകള്‍ കാരണം വൈകി കിടന്നത് കൊണ്ട് ഞങ്ങള്‍ എത്തുമ്പോള്‍ പതിനഞ്ചു മിനുട്ട് വൈകിയിരുന്നു. എന്നാല്‍ ഞങ്ങളെ അദ്ഭുത പെടുത്തി മൂന്നേ മുക്കാലിന് തന്നെ മാഷ് റെഡിയായി ഇരിക്കുന്നുണ്ടായിരുന്നു. നൂറോളം കുട്ടികള്‍ക്ക്   ആണ് അന്ന് മാഷിന്റെ വിരലുകളാല്‍ അദ്ദ്യക്ഷരം കുറിക്കാന്‍ ഭാഗ്യമുണ്ടായത്‌. നാലരക്ക് തുടങ്ങിയ പരിപാടി എട്ടുമണിക്ക് തീരും വരെ മാഷ് ക്ഷമയോടെ നിറഞ്ഞ പുഞ്ചിരിയോടെ സംഘടകര്‍ക്കൊപം ഉണ്ടായിരുന്നു. 

തുടര്‍ന്ന് ചില അസൌകര്യങ്ങള്‍  കാരണം എയര്‍പോര്‍ട്ടിലെക്ക്   യാത്രയയക്കാന്‍ എനിക്ക് പോകാന്‍ കഴിഞ്ഞില്ല. പക്ഷെ  യാത്രയില്‍ മൂന്നു ദിവസം കൂടെ ഉണ്ടായിരുന്ന 'പയ്യനെ' വിളിക്കാന്‍ അദ്ദേഹം മറന്നില്ല. നാട്ടില്‍ വരുമ്പോള്‍ വീണ്ടും കാണണം എന്ന് പറഞ്ഞു യാത്രയായെങ്കിലും വീണ്ടും കാണാന്‍ തുടര്‍ന്നുള്ള വെക്കേഷനില്‍ പറ്റിയില്ല. നാട്ടില്‍ എത്തിയതിനു ശേഷവും ബഹറിനില്‍ തിരികെ വന്നതിനു ശേഷവും അദ്ദേഹവുമായി ഇടയ്ക്കിടെ ഫോണില്‍  ബന്ധപ്പെടാരുണ്ടായിരുന്നു. ഒരിക്കല്‍ വിളിച്ചപ്പോള്‍ പറഞ്ഞ വാചകം ഓര്‍ക്കുന്നു. ഈ മാസത്തെ മൂവായിരം കിലോമീറ്റര്‍ ക്വാട്ട തികഞ്ഞില്ല അത് തികക്കാന്‍ ഓടുന്നു എന്ന്. ഓരോ മാസവും കേരളം മുഴുവന്‍ വിവിധ വേദികളില്‍  കാറില്‍ സഞ്ചരിച്ചു പ്രസംഗിക്കുമ്പോള്‍ സന്തത സഹചാരി സുരെഷിനോപ്പം  താന്‍ പിന്നിടാറുള്ള കിലോമീട്ടരുകളെ കുറിച്ച് പറയാറുണ്ടായിരുന്നു.

അദ്ദേഹത്തിന്റെ രോഗാവസ്ഥ സ്ഥിതീകരിച്ച നിമിഷം മുതല്‍ സുരേഷിന്റെ ഫോണിനു ഉറക്കം ഉണ്ടായിരുന്നില്ല. ഒരിക്കല്‍ അദ്ദേഹവുമായി സംസാരിക്കാന്‍ പറ്റി. എല്ലാം ഭേദമാവും എന്ന് പറഞ്ഞു ഫോണ്‍ വെക്കുമ്പോള്‍ നെഞ്ചില്‍ ഒരു വിങ്ങലായിരുന്നു.

 ജീവിതയത്രക്കൊടുവില്‍ മരണം എന്നത് ഓരോരുത്തരും അവസാനം എത്തിച്ചിരുന്ന ഒരു ബിന്ദുവാണ് . എന്നാല്‍ അറുപതു വയസ്സിനകം ഞാന്‍ മരിക്കും എന്ന് പ്രവചിച്ച ജ്യോത്സ്യ നെ പിന്നീട് ഞാന്‍ അന്വേഷിച്ചപ്പോള്‍ അയാള്‍ മരിച്ചിട്ട് പതിനഞ്ചു വര്‍ഷമായിരുന്നു എന്ന് ഞങ്ങളോട് പറഞ്ഞ മാഷ് മരണത്തെ ജയിക്കട്ടെ  എന്ന് കൊതിച്ചിരുന്നു. എങ്കിലും കാലം മാഷെയും കൊണ്ട് പോയി. സമൂഹത്തിലെ  നെറികേടുകള്‍ക്കെതിരെ പറയാന്‍ ഞാന്‍ ഒരാളെങ്കിലും വേണ്ടേ എന്ന ചോദ്യം കേരളീയ സമൂഹത്തോട് ചോദിച്ചിരുന്ന ആ ശബ്ദം ഇനി ഓര്‍മകളില്‍ മുഴങ്ങട്ടെ. മോണിട്ടറിലെ മഞ്ഞ വെളിച്ചത്തിനും മൊബൈലിലെ ത്രസിപ്പിക്കുന്ന കാഴ്ചകള്‍ക്കും മുന്നില്‍ കുടുങ്ങി കിടക്കുന്ന, യൌവനത്തില്‍ തന്നെ ജരാനര ബാധിച്ചു   നമ്മുടെയൊക്കെ ചിന്തകള്‍ക്ക് വെളിച്ചമായി പ്രതികരണ ശേഷിയെ ഉണര്‍ത്തുന്ന  ഊര്‍ജമായി മാഷ്‌ ഉയര്‍ത്തിയ ചോദ്യങ്ങളും കൈകൊണ്ട നിലപാടുകളും മുന്നിലുണ്ടാവട്ടെ. 



മാഷുമായി ഞങ്ങള്‍ നടത്തിയ ഒരു സൌഹൃദ സംഭാഷണം ഇവിടെ കൊടുക്കുന്നു.



ബഹ്‌റൈന്‍ കേരളീയ സമാജം സാഹിത്യ പുരസ്ക്കാരം സ്വീകരിച്ചു കൊണ്ട് മാഷ്  നടത്തിയ പ്രസംഗം (ഒക്ടോബര്‍ 2010 )

4 comments:

  1. ആദരാഞ്ജലികള്‍....

    ReplyDelete
  2. May his soul rest in peace...!
    a good memoir in his memorial!!

    ReplyDelete
  3. മിനേഷ് എഴുതിയ ഓര്‍മ്മക്കുറിപ്പ് ഏറെ അറിവ് പകരുന്നതായി. തെറ്റിദ്ധാരണകള്‍ നീക്കുന്നതും.

    ReplyDelete