വായനക്കൊരിടം !!!

എഴുത്തുകാരെപ്പറ്റി,പുസ്തകങ്ങളെക്കുറിച്ച്, സാഹിത്യവുമായി ബന്ധപ്പെട്ട ലഘുകുറിപ്പുകള്‍ ആണ് വായനാമുറിയില്‍ ഉള്‍പെടുത്തുന്നത്‌. നിങ്ങള്‍ക്കും ഇതില്‍ പങ്കുചേരാം. നിങ്ങളുടെ ഇമെയില്‍, ബ്ലോഗ്‌ അഡ്രെസ്സ് എന്നിവയും മറ്റു വിവരങ്ങളും vaayanamuri@gmail.com എന്ന വിലാസത്തിലേക്ക് അയച്ചു തരു. വിജ്ഞാന സംബന്ധിയായ കുറിപ്പുകളായാതുകൊണ്ട് വിവരങ്ങളുടെ ആധികാരികത ഉറപ്പുവരുത്തിയതിനു ശേഷമേ പോസ്റ്റ്‌ ചെയ്യാവൂ. വിവാദങ്ങള്‍ക്കും വാഗ്വാദങ്ങള്‍ക്കും അപ്പുറത്ത് അറിവ് പങ്കുവെക്കല്‍ എന്ന ഒരേ ഒരു ലക്ഷ്യമാണ്‌ ഈ ശ്രമത്തിനു പിന്നില്‍ എന്നു ഇവിടെ വ്യക്തമാക്കട്ടെ.







Saturday, April 6, 2013

സില്‍വിയാപ്ലാത്തിന്‍റെ മാസ്റ്റര്‍പീസ്‌ ( ശ്രീബാല .കെ. മേനോന്‍ )



മലയാളകഥാലോകത്ത് ഏതാനും കഥകള്‍കൊണ്ടുതന്നെ ശ്രദ്ധേയയായി മാറിയ യുവ എഴുത്തുകാരി ' ശ്രീബാല കെ മേനോന്റെ'  ആദ്യകഥാസമാഹാരമാണ് ' സില്‍വിയാ പ്ലാത്തിന്റെ മാസ്റ്റര്‍പീസ് ' . 'പുട്ടും കടലയും'  , ' ഗുല്‍മോഹറിനു  കീഴെ'  , ' സില്‍വിയാ പ്ലാത്തിന്റെ മാസ്റ്റര്‍പീസ്‌ ' , ' അഞ്ഞൂറാന്‍'  , ' ശാപമോക്ഷം'  , ' ദാമ്പത്യം'  , ' പെണ്‍ഫ്രണ്ട്സ്' ,  'മായ്ച്ചാലും മായാത്ത പാടുകള്‍'  , ' ബോംബെ ഡ്രീംസ്'  , 'ടോമി അഥവാ ഞാന്‍ ' , ' മായ ലോസ്റ്റ്‌ @hotmail.com'  , എന്നീ പതിനൊന്നു കഥകളാണ് സില്‍വിയാ പ്ലാത്തിന്റെ മാസ്റ്റര്‍പീസിലുള്ളത്. നര്‍മ്മത്തിന്റെ കണ്ണുകളിലൂടെ പുറത്തേക്കും അകത്തേക്കും നോക്കാന്‍ കഴിയുന്ന സുതാര്യതയാണ് ശ്രീബാല കെ മേനോന്റെ കഥകളെ വ്യത്യസ്തമാക്കുന്നത്. ഇതില്‍ തന്നെ എന്റെ വായനയെ ഏറെ ആകര്‍ഷിച്ച ' സില്‍വിയാപ്ലാത്തിന്റെ മാസ്റ്റര്‍ പീസ്‌ ' " പുട്ടും കടലയും " " ഗുല്‍മോഹറിനു കീഴെ " , എന്നീ കഥകളെക്കുറിച്ചാണ് ഇനി പറയുന്നത് .


കുട്ടിക്കാലം  മുതല്‍ക്കുതന്നെ എഴുതിതുടങ്ങി  പ്രശസ്തരാവുകയും  , കൌമാരത്തില്‍ ഒരുപാട് പുരസ്കാരങ്ങളും  കഥാസമാഹാരങ്ങളുമായി  നിറഞ്ഞു നില്‍ക്കുകയും പിന്നീട്  യൌവ്വനത്തില്‍ എഴുത്തില്‍ നിന്നും അപ്രത്യക്ഷമാകുകയും ചെയ്യുന്ന കഥാകാരികളുടെ ജീവിതത്തിലേക്ക് ഒരെത്തിനോട്ടമാണ് " സില്‍വിയാ പ്ലാത്തിന്റെ മാസ്റ്റര്‍ പീസ്‌ " .  കഥയിലെ കഥാകാരി സ്വപ്നം കണ്ടതുപോലെ ഒരു സാഹിത്യകാരനുമായി ആദര്‍ശ വിവാഹം  കഴിഞ്ഞതിനുശേഷം  ഏതൊരു സാധാരണ സ്ത്രീയെയും പോലെ അവളുടെ  സര്‍ഗ്ഗാത്മകതയും ഭാവനയുമെല്ലാം ജീവിത പ്രാരാബ്ധങ്ങള്‍ക്കിടയില്‍ തിങ്ങി ഞെരിഞ്ഞു അക്ഷരങ്ങള്‍ ആകാന്‍ കഴിയാതെ വീര്‍പ്പുമുട്ടുകയാണ് . പുരുഷകേന്ദ്രീകൃതമായ സമൂഹത്തില്‍ സ്ത്രീ അനുഭവിക്കുന്ന മനോവ്യഥകളുടെ  ഒരു ഹാസ്യാവിഷ്ക്കാരം  കൂടിയാണ്  ' സില്‍വിയാപ്ലാത്തിന്റെ മാസ്റ്റര്‍പീസ്‌'.


പലപ്പോഴും ജോലിക്കും  കുടുംബഭാരത്തിനുമിടയില്‍ വീര്‍പ്പുമുട്ടുമ്പോള്‍  , ആത്മവിശ്വാസത്തോടെ എഴുതുവാനുള്ള കഴിവ് സ്ത്രീകള്‍ക്ക് നഷ്ടമാകുന്നു . സര്‍ഗ്ഗാത്മകയെന്നാല്‍ ജന്മവാസന മാത്രമല്ല , പരിശീലനവും  പ്രോത്സാഹനവും ആവിശ്യമുള്ള ഒരു കാര്യം കൂടിയാണ് . അതില്‍ സാമൂഹിക സാഹചര്യത്തിന് വലിയ പങ്കുണ്ട് . യാത്രയും , വായനയും , സഹപ്രവര്‍ത്തകരുമായുള്ള സംവാദങ്ങളുമെല്ലാം അത്യാവശ്യമാണതിന് - സ്ത്രീകള്‍ക്ക് ഇവയ്ക്കെല്ലാമുള്ള സമയവും സൌകര്യവും പുരുഷന്മാരേക്കാള്‍ എത്രയോ കുറവാണ് .
"  കുടുംബപ്രാരാബ്ധങ്ങള്‍ക്കിടയില്‍ ‍  മാസ്റ്റര്‍പീസെഴുതാന്‍ എവിടെയാണ് സമയം...? എന്ന കഥാകാരിയുടെ ചോദ്യം ഈ സാഹചര്യത്തിലാണ് പ്രസക്തമാകുന്നത് .


എഴുത്ത് ഒരു നിയോഗമാണ് . മിക്ക എഴുത്തുകാരും ചെറുപ്രായത്തില്‍ തന്നെ അത് തിരിച്ചറിയുകയും ആ മേഖലയിലേക്ക് കാലെടുത്തുവെയ്ക്കുകയും ചെയ്യുന്നു . പിന്നീട് മുന്നോട്ടു പോകാന്‍ കഠിനമായ
ഇച്ഛാശക്തിവേണം . ആണ്‍കുട്ടികളില്‍ ഈ ഇച്ഛാശക്തികൂടുതലായുണ്ടാകുന്നു . കാരണം അവനെ എന്നും പ്രോത്സാഹിപ്പിക്കാന്‍ മാതാപിതാക്കളും സുഹൃത്തുക്കളും ഉണ്ട് . സമൂഹത്തെ ഭരിക്കുന്നത് പുരുഷന്മാരാണ് . വലിയ കര്‍മ്മങ്ങളുടെ ലോകം അവരുടേതാണ് . സ്ത്രീകള്‍ ആ ലോകത്തിന്റെ അരികുപറ്റി കഴിയുന്നവരാണ് . വിവാഹിതയാകുന്നതോടെ ( അയാള്‍ എഴുത്തുകാരന്‍ ആണെങ്കില്‍ കൂടി ) ഭര്‍ത്താവിന്റെ ഒരു നിഴലാകാന്‍ ,ശിഷ്യയാകാന്‍ മാത്രമേ അവളാഗ്രഹിക്കുന്നുള്ളൂ.  ഭാര്യ ചുമതലാബോധമുള്ള ഒരമ്മയും , വീട്ടുകാരിയുമാകാനാണ് അയാളാഗ്രഹിക്കുക . ഭര്‍ത്താവ് ഏതെന്കിലും മണ്ഡലത്തില്‍ വിജയിയാകുന്നത് ഭാര്യ അഭിമാനമായി കരുതുന്നു . എന്നാല്‍ ഭര്‍ത്താവിനേക്കാള്‍ മുകളില്‍ വിജയം നേടാന്‍ അവള്‍ക്കു ഭയമാണ് . അത് ഭര്‍ത്താവിനു രസിച്ചില്ലെന്നു വരാം , അത് കുടുംബത്തെ ആകെ അസ്വസ്ഥമാക്കാം. സ്ത്രീയും പുരുഷനും തമ്മിലുള്ള അസമത്വത്തെ അവള്‍ സ്വാഭാവീകമായി അംഗീകരിക്കുന്നു .  അവള്‍ അനുരഞ്ജനത്തിന് തയ്യാറാകുന്നു . അനുരഞ്ജനം സര്‍ഗ്ഗാത്മകതയുടെ ശത്രു ആണെന്ന് പറയേണ്ടതില്ലല്ലോ .


കഥയിലേ  നായികയും  വിഭിന്നയല്ല .  അതുകൊണ്ടാണ് അവളിങ്ങനെ പറഞ്ഞു വെയ്ക്കുന്നത് , " അദ്ധേഹത്തിന്റെ സാഹിത്യ പ്രവര്‍ത്തനങ്ങള്‍ക്ക് സൌകര്യം നൃഷ്ടിക്കാനായി എന്റെ സാഹിത്യപ്രവര്‍ത്തങ്ങള്‍ക്ക് തത്കാലം ഒരു തടയിട്ടു . കഥാപാത്രങ്ങളുടെ മനസ്സിലേക്ക് യാത്രയാകുന്ന ശീലത്തിനു പകരം ഇപ്പോള്‍ എന്റെ ജീവിതത്തിലെ ഒരേ ഒരു കഥാപാത്രമായ ഭര്‍ത്താവിന്റെ മനസ്സിലേക്ക് മാത്രം സഞ്ചരിക്കാന്‍ ഞാനെന്റെ മനസ്സിനെ പാകപ്പെടുത്തി . " എഴുതിയേ തീരു , എന്ന തീവ്രാഭിലാഷം ഇല്ലെന്നിരിക്കെ രചനാകൌതുകം അപ്രത്യക്ഷമാകുന്നു . അതിനാല്‍ മാത്രമാണ് കഥാനായിക  " മാസ്റ്റര്‍ പീസ്‌ ആയേക്കാവുന്ന കഥ മനസ്സില്‍ മാത്രം എഴുതുന്നത്‌ ." ഇതെല്ലാം പഴങ്കഥകള്‍ ആണെന്നും നവീന ലോകത്ത് സ്ത്രീക്ക് പുരുഷനു തുല്യമായ സ്ഥാനം ഉണ്ടെന്നും കരുതുന്നവരുണ്ടാകാം . അത്തരക്കാര്‍ക്കുള്ള മറുപടികള്‍  കൂടിയാണ് ഹാസ്യത്തിന്റെ മേമ്പൊടിയോടെ ശ്രീബാല പറഞ്ഞു വെയ്ക്കുന്നത് .

ഒറ്റനോട്ടത്തില്‍ കാണുന്ന നമ്മുടെ ഈ സമൂഹത്തിനു സമാന്തരമായി മറ്റൊരു ലോകം സ്ഥിതി ചെയ്യുന്നുണ്ട് . കണ്ണീരും , സ്നേഹവും , സന്തോഷവും , കാമവും , പകയും , അസൂയയും , നിരാശയും ഒരിക്കലും സഫലമാകാത്ത മോഹങ്ങളുമുള്ള അവിഹിതങ്ങളുടെ അധോലോകം .  ജീവിതത്തില്‍ ഒരിക്കലെങ്കിലും അങ്ങോട്ട്‌ യാത്ര പോകാത്തവരില്ല ; മനസ്സുകൊണ്ടെങ്കിലും . അങ്ങിനെ അവിഹിതലോകത്തേയ്ക്കുള്ള യാത്രയുടെ  ഹാസ്യാത്മകമായ ആവിഷ്കാരമാണ് " പുട്ടും കടലയും " എന്ന കഥയിലൂടെ കഥാകാരി ആവിഷ്കരിക്കുന്നത് . സമൂഹത്തിന്റെ സദാചാര വേലിക്കെട്ടുകള്‍ ഭയപ്പെടുന്ന , നഷ്ടപ്പെടാന്‍ ഒരുപാടുള്ളതിനാല്‍ രഹസ്യമായി പ്രണയിക്കുന്ന രണ്ടുപേരുടെ കഥയാണിത് . അടുത്ത ജന്മത്തിലെ നിമിഷങ്ങളെ ഭാവനയില്‍ കണ്ടുകൊണ്ട്  ഈ ജന്മത്തിലേ വഴക്കടിക്കുന്ന  രണ്ടുപേരെ രസകരമായി ശ്രീബാല ആവിഷ്കരിച്ചിരിക്കുന്നു .


സമൂഹത്തിന്റെ വിലക്കുകളെയും സദാചാര വഴക്കങ്ങളെയും ലംഘിക്കുന്ന പ്രണയത്തിന്റെ  നാനാര്‍ത്ഥങ്ങള്‍ തേടുന്ന പുതുതലമുറയുടെ നേര്‍കാഴ്ച്ചകളാണ് ' പുട്ടും കടലയും ' എങ്കില്‍ അതിന്റെ വിപരീതമാണ്  '  ഗുല്‍മോഹറിനു കീഴെ ' എന്ന കഥ . ജീവിതത്തില്‍ സായിപ്പിനേയും അവന്റെ സംസ്കാരത്തെയും  അനുകരിച്ചു  പലരുടെ കൂടെയും പലതരത്തില്‍ മനസ്സും ശരീരവും പങ്കുവെച്ച്  , എന്നാല്‍ കല്യാണക്കാര്യം വരുമ്പോള്‍  യാഥാസ്ഥിതിക മനോഭാവം വെച്ച് പുലര്‍ത്തി , പെണ്ണ് കന്യകയായിരിക്കണം   എന്ന് വാശിപ്പിടിക്കുന്ന  ആണത്തമില്ലായ്മയെയാണ് ഈ കഥയില്‍ പരിഹസിക്കപ്പെടുന്നത് .


പെണ്ണെഴുത്തിന്റെതായ പുതുവായനയ്ക്കും  പുതിയ അവബോധത്തിനും  തുടക്കം കുറിക്കുന്നു  ഈ പുസ്തകം . മികച്ച ആശയങ്ങള്‍ വ്യത്യസ്തമായി ആവിഷ്കരിച്ചു ,  ഒരല്പം വായനക്കാരനെ ചിന്തിപ്പിച്ച്  , ചുണ്ടില്‍ ഒരു ചിരി വിരിയിപ്പിക്കാന്‍ കഴിയുന്നിടതാണ് കഥാകാരി വിജയിക്കുന്നത് . മികച്ചവായന സമ്മാനിക്കുന്ന ഇതിലെ കഥകള്‍ ഒരു നഷ്ടം ആകില്ലെന്നുറപ്പ്. മാതൃഭൂമി ബുക്സ്‌ പുറത്തിറക്കിയ  ഈ പുസ്തകത്തിന്‌ എഴുപതു രൂപയാണ് വില .

( ഈ ലക്കം ഇ- മഷിയില്‍ പ്രസിദ്ധീകരിച്ചത് )








Thursday, March 14, 2013

കഥകള്‍ - ആര്‍ . ഉണ്ണി (ലീല)




' ബ്രിഡ്ജ് ' (കേരള കഫെ ) എന്ന ഒറ്റ സിനിമയുടെ രചനകൊണ്ട് തന്നെ  മനസ്സ് കീഴടക്കിയ ആളാണ് ഉണ്ണി . പുതുതലമുറയിലെ എഴുത്തുകാരില്‍ മൌലികതയുള്ള എഴുത്തുകാരനാണ് അദ്ദേഹം  .  'കഥകള്‍ - ആര്‍ .ഉണ്ണി ' എന്ന  ചെറുകഥകളുടെ സമാഹാരം  ഈയിടെയാണ് വായിക്കാന്‍ കഴിഞ്ഞത് . അതാണീ കുറിപ്പിന് ആധാരവും .

ബാല്യവിസ്മയത്തിന്റെ വര്‍ണ്ണത്തില്‍ മാത്രം ലോകം കാണാന്‍ ശീലിച്ച പന്ത്രണ്ടുകാരി ആലീസിന്‍റെ  നിഷ്കളങ്കതക്കപ്പുറം , സ്ത്രീകളെ  പ്രത്യേകിച്ചും പ്രായപൂര്‍ത്തിയായ പെണ്‍കുട്ടികളെ , ലൈഗിക വ്യാപാരത്തിനുള്ള  ചരക്കുകളായി ഉപയോഗിച്ച് സാമൂഹിക , സാമ്പത്തിക ,രാഷ്ട്രീയ അധികാരനേട്ടങ്ങള്‍ ഉണ്ടാക്കുന്ന സാമൂഹിക വ്യവസ്ഥിതി ചിത്രീകരിക്കുന്ന   ' ആലീസിന്റെ അത്ഭുതലോകം '  , പാതിരാത്രി നടക്കാനിറങ്ങിയ ബാദുഷ എന്ന വൃദ്ധന്‍ കാരണമൊന്നുമില്ലാതെ  സംശയിക്കപ്പെട്ടു , പൊലീസുകാരാല്‍ ശാരീരികമായും മാനസികമായും പീഡിപ്പിക്കപ്പെടുന്ന    കഥ 'ബാദുഷ എന്ന കാല്‍നടയാത്രക്കാരന്‍ '  , ഒഴിവുദിനത്തിന്റെ ആലസ്യമകറ്റാന്‍ കള്ളനും പൊലീസും എഴുതി കളിച്ച മൂന്ന് സുഹൃത്തുക്കളില്‍ ഒരാള്‍ അധികാര മോഹിയായ  രാജാവായി സ്വയം അവരോധിക്കുകയും  കള്ളനായി കളിക്കുന്നവരെ കൊല്ലുകയും ചെയ്യുന്ന  കഥ  ' ഒഴിവുദിവസത്തെ കളി '  ,  കവലയിലെ കപ്പേളയിലെ ഉണ്ണീശോ മഴ നനയുന്നത് കണ്ട് സഹിക്കാനാവാതെ അവനെ വീട്ടിലേക്ക് എടുത്ത കുഞ്ഞേട്ടന്‍ന്‍റെ ചിന്തകള്‍  കോറിയിട്ട '  കോട്ടയം-17 '   ,  നാരായണഗുരുവിന്റെ ചരിത്രത്തിലിടം പിടിക്കാത്ത ഭാര്യയുടെ ആത്മകഥയായ 'കാളിനാടകം', മധ്യവയസിന്റെ തീരാനോവുകള്‍ക്കിടയിലും സന്തോഷങ്ങള്‍ തിരിച്ചുപിടിക്കാന്‍ ഒരുപറ്റം സ്ത്രീകള്‍ നടത്തുന്ന ശ്രമം പറയുന്ന 'ആനന്ദമാര്‍ഗം', അന്ധയായിട്ടും എസ് കെ പൊറ്റെക്കാടിന്റെ സഞ്ചാരസാഹിത്യ കൃതികള്‍ കൊച്ചുമോളെ കൊണ്ട് വായിപ്പിച്ച്  പറമ്പിനപ്പുറത്തുള്ള കുന്നുകളെയും പാലങ്ങളെയും ഇടവഴികളെയും  ലണ്ടനെന്നും ആഫ്രിക്കയെന്നും മക്കയെന്നും പേരിട്ട് വിളിച്ച്  അവിടം സന്ദര്‍ശിക്കുന്ന ഉമ്മച്ചിയുടെ കഥ പറയുന്ന 'തോടിനപ്പുറം പറമ്പിനപ്പുറം', 'മുദ്രാരാക്ഷസം'  എന്നിങ്ങനെ  വ്യത്യസ്തമായ  പ്രമേയങ്ങള്‍ നിറഞ്ഞ കഥകളാണ്  " കഥകള്‍ -  ആര്‍ .  ഉണ്ണി "  എന്ന പുസ്തകത്തില്‍ ഉള്ളത് .   ഈ പുസ്തകത്തിനെ  ഒരുപിടി കഥകളില്‍ എന്റെ വായനയെ ഏറെ ആകര്‍ഷിച്ച " ലീല " എന്ന കഥയെക്കുറിച്ചാണ് ഇനി പറയുന്നത് .


സ്വേച്ഛാധിപത്യ മനസ്സുള്ള കുട്ടിയപ്പന്‍റെ ലീലകളുടെ കഥയാണിത്. കുട്ടിയപ്പന്‍റെ സന്തതസഹചാരിയായ പിള്ളേച്ചനാണ് ഈ കഥയിലെ മറ്റൊരു കഥാപാത്രം.

“തന്തയൊണ്ടാക്കിയത് മുഴുവന്‍ നശിപ്പിക്കാന്‍ ഓരോന്ന് ജനിച്ചോളും. കൊറെ പഠിച്ചിട്ടുണ്ടെന്ന് പറഞ്ഞിട്ട് വല്ല കാര്യമൊണ്ടോ?” , എന്നുള്ള പിള്ളേച്ചന്റെ ഭാര്യ പത്മിനിയുടെ വാക്കുകളിലൂടെ കുട്ടിയപ്പന്റെ പേരുപോലെ തന്നെ വിചിത്രമായ ജീവിതരീതിയും സ്വഭാവവും ഏറെക്കുറെ പിടികിട്ടും. മുടിയനായ പുത്രന്റെ ഏതു കഥയിലും പറയുന്നതുപോലെ ഇതും രതിയുടെ  കഥയാണ് . നട്ടപ്പാതിരയ്ക്ക് പിളേളച്ചന്റെ വീട്ടിലെത്തി  "  ഒരു കൊമ്പനാനയുടെ തുമ്പിക്കൈയില്‍ ഒരു പെണ്ണിനെ തുണയില്ലാതെ ചേര്‍ത്തുനിര്‍ത്തി ഭോഗിക്കണം എന്ന ആഗ്രഹമാണ് "  കുട്ടിയപ്പന്‍ അറിയിക്കുന്നത് . ഈ ആഗ്രഹ സഫലീകരണത്തിനായി പിള്ളേച്ചനെയും കൂട്ടുപിടിച്ചുകൊണ്ടുള്ള യാത്രയുടെ കഥയാണ് ലീല. അതിനു പറ്റിയ കൊമ്പനാനയെ അന്വേഷിച്ചു നടക്കുമ്പോള്‍ കാര്യസാദ്ധ്യത്തിനു വേണ്ടി നടത്തുന്ന തീവ്ര പരിശ്രമങ്ങളും പെരുമാറ്റരീതികളും ആക്ഷേപഹാസ്യത്തിന്റെ മേമ്പൊടിയോടുകൂടിയാണ് അവതരിപ്പിക്കുന്നത്. ഏറെക്കാശ് വാടക കൊടുക്കേണ്ടതുണ്ടെങ്കിലും വയനാട്ടില്‍ നിന്ന് ആനയെ ഒത്തുകിട്ടി. ഇനി പറ്റിയ പെണ്‍കുട്ടിയെയാണ് വേണ്ടത്.

ഈ അന്വേഷണത്തിനിടയില്‍ കുട്ടിയപ്പന്റെ അസ്വാഭാവിക ലൈംഗിക കാമനകളുടെ ലോകവും ഉന്മാദപ്രവൃത്തികളും ചുരുളഴിയുന്നുണ്ട്. വാടകയ്ക്കെടുക്കുന്ന  പെണ്ണിനെ  തുണിയൊന്നുമില്ലാതെ ദേഹം മുഴുവന്‍ എണ്ണ തേപ്പിച്ച് ടേപ്പ് റിക്കാര്‍ഡറില്‍ പാട്ടുമിട്ട് രാത്രി മുഴുവന്‍ ഡാന്‍സ് ചെയ്യിപ്പിക്കുകയും രാവിലെ നെറ്റിയില്‍ ഉമ്മയും കൈ നിറയെ കാശും കൊടുത്തു പറഞ്ഞു വിടുകയും ചെയ്യുന്ന കുട്ടിയപ്പന്‍ ;  മറ്റൊരിക്കല്‍ മൂക്കില്‍ പഞ്ഞിയും വച്ചിട്ട് വിളക്കുകള്‍ക്കും ചന്ദനത്തിരിക്കുമിടയില്‍ മരിച്ചവനെപ്പോലെ കിടന്ന് , പെണ്ണിനെ രാത്രി മുഴുവന്‍ നിലവിളിക്കാനേല്പിച്ചിട്ട്  രാവിലെ നിറയെ കാശു നല്കി പറഞ്ഞു വിടുന്നു  . കൂടാതെ വീട്ടിലെ വേലക്കാരിത്തള്ള  ഏലിയാമ്മച്ചേച്ചിയുടെ  നടുവൊടിച്ച സംഭവവും ഉപകഥയായി ചേര്‍ത്തിട്ടുണ്ട്. മുകളിലെ നിലയിലേക്ക് ചായയും ഭക്ഷണവും ജനലിലൂടെ ഏണിമാര്‍ഗം എത്തിക്കുവാനുള്ള ഏര്‍പ്പാടുണ്ടാക്കിയതിനാലാണ് ഏലിയാമ്മച്ചേച്ചിയ്ക്ക് വീണു നടുവൊടിയേണ്ടി വന്നത്.

ഇങ്ങനെ  വിചിത്ര  സ്വഭാവങ്ങളുടെ  കൂടിയിരിപ്പുകാരനായ  കുട്ടിയപ്പന് ഒരു പെണ്‍കുട്ടിയെ ലഭിച്ചു . തന്ത തന്നെ ഗര്‍ഭിണിയാക്കിയതിനു ശേഷം മാര്‍ക്കറ്റിലിറക്കിയിരിക്കുന്ന ലീല .  ലീല എന്നത് അവളുടെ ശരിക്കുമുള്ള പേരല്ല ( അവള്‍ക്കുള്ള പേര് അവള്‍ പറയാന്‍ കൂട്ടാക്കുന്നില്ല ) , കുട്ടിയപ്പനിട്ട പേരാണ് ഇത് . ലീലയെ വിവസ്ത്രയാക്കി കൊമ്പനാനയുടെ തുമ്പിക്കൈയോടു ചേര്‍ത്തു നിര്‍ത്തി കണ്ടപ്പോഴേക്കും കുട്ടിയപ്പന്റെ ഭ്രാന്ത് സംതൃപ്തി നേടി .  അതിനു ശേഷമുള്ള മടങ്ങിവരവ്  ,"  പരിണാമദശയിലെ വിചിത്രമായൊരു ചിത്രം പോലെ മുന്നില്‍ നഗ്നനായ കുട്ടിയപ്പന്‍, അതിനു പിന്നില്‍ നഗ്നയായ ലീല, അതിനു പിന്നില്‍ ഭൂമിയിലെ ഏറ്റവും വലിയ മൃഗം.നടക്കുന്നതിനിടയില്‍ പെട്ടെന്ന് ലീല തിരിഞ്ഞു നിന്നു. മദഗജം വന്യമായ ഒരു ആവേശത്തോടെ അവളെ പൊക്കിയെടുക്കുന്നിടത്ത് "  കഥ അവസാനിക്കുന്നു.


ആശയത്തിന്റെ   സവിശേഷത കൊണ്ട് ശ്രദ്ധേയമായ ഒരു രചനയാണിത് . പരപീഡനസുഖവും ആത്മപീഡനരതിയും കെട്ടുപിണയുന്ന ക്രമവിരുദ്ധ ലൈംഗികതയുടെ വിചിത്ര വഴികള്‍ ആണീ കഥ കൈകാര്യം ചെയ്യുന്നതെങ്കിലും  ആഖ്യാനരീതി ആകര്‍ഷകമാണ് . ഉന്മാദത്തിനോട് അടുത്ത സ്വഭാവമാണോ നായകന്‍റെതെന്ന് വായനക്കാര്‍ക്ക്‌ സംശയം തോന്നിയേക്കാം . സംഭവപ്രധാനമായ കഥ , ലളിതമായ ആവിഷ്കാരരീതികളിലൂടെ കഥാകാരന്‍ പറഞ്ഞു വെയ്ക്കുന്നു എങ്കില്‍ കൂടി ആശയത്തിലേക്ക് ഇറങ്ങി ചെല്ലുമ്പോള്‍ ലീല ഒരു വേദനയാകുകയാണ് . കഥയില്‍ വെളിപ്പെടുന്ന യഥാര്‍ത്ഥ്യങ്ങള്‍ ഒരിക്കലും നമുക്ക് ചിരപരിചിതമായ രീതിയിലൂടെ അല്ല മുന്നേറുന്നത് . അദൃശ്യമായ , ദുരൂഹമായ , സങ്കീര്‍ണ്ണമായ സ്വത്വപ്രതിസന്ധികളെയാണ് കഥയില്‍ പൂരിപ്പിക്കുന്നത് . മനുഷ്യ സ്വഭാവത്തിലെ  നിഗൂഡതയിലേക്ക് , അതിന്റെ വൈകൃതങ്ങളിലേക്ക്  , ഹാസ്യാത്മകമായി വിരല്‍ ചൂണ്ടുമ്പോഴും നിസ്സഹായതയുടെ പര്യായമായി യന്ത്രം പോലെ പറയുന്നതെന്തും  അനുസരിക്കേണ്ടി വരുന്ന കൌമാരം വിട്ടിട്ടില്ലാത്ത ലീലയെന്ന കൊച്ചുപെണ്‍കുട്ടി വായനക്കൊടുവില്‍ മനസ്സില്‍ നോവായി അവശേഷിക്കുക  തന്നെ ചെയ്യും . രക്ഷിക്കേണ്ട കൈകള്‍ തന്നെ , വേട്ടക്കാരായി മാറുമ്പോള്‍ അതില്‍ നിന്നും അവളെ മോചിപ്പിക്കണമെന്ന ചിന്ത കുട്ടിയപ്പന് ഉണ്ടാക്കുന്നുണ്ട് . അതുകൊണ്ട് തന്നെ ഒരേ സമയം വേട്ടക്കാരും രക്ഷകനുമായ , വിചിത്ര സ്വഭാവമുള്ള കുട്ടിയപ്പനെയാണ്  കഥയില്‍ നിന്നും വായിച്ചെടുക്കാന്‍ കഴിയുക . 


കഥ എന്നത് കഥാകൃത്തിന്റെ പൂര്‍ണ
സ്വാതന്ത്ര്യമാണെന്നിരിക്കെ  വായനക്കാര്‍ക്ക്   ആശയത്തോട്  യോജിക്കുകയോ വിയോജിക്കുകയോ ചെയ്യാം .  എന്തുതന്നെയായാലും " ലീല " മലയാളത്തിലെ സാമ്പ്രദായിക കഥാരീതികളില്‍ നിന്ന് ആശയം കൊണ്ടും ശൈലികൊണ്ടും തികച്ചും വ്യത്യസ്തമായ ഒന്നാണ് . ഇന്നത്തെ സമൂഹത്തിലെ  സുരക്ഷിതയല്ലാത്ത സ്ത്രീജീവിതവുമായി ചേര്‍ത്തുവെച്ചു വായിക്കുമ്പോള്‍  വളരെയധികം  പ്രാധാന്യം അര്‍ഹിക്കുന്ന കഥയുമാണിത് . പൂര്‍വ്വമാതൃകകളില്ലാത്ത , വ്യത്യസ്തവും വൈവിധ്യമാര്‍ന്നതുമായ  കഥകളുള്ള  ഈ പുസ്തകം തീര്‍ച്ചയായും ഒരു നഷ്ടം  ആകില്ലെന്ന് ഉറപ്പ് . ഡി.സി  ബുക്സ്‌ ആണ് ഈ പുസ്തകത്തിന്റെ പ്രസാധകര്‍ . വില - 110 രൂപ .

Wednesday, February 27, 2013

സുവര്‍ണ്ണകഥകള്‍ ( സി.വി .ശ്രീരാമന്‍ )



ഞായാറാഴ്ച വൈകുന്നേരമുള്ള ഷോപ്പിങ്ങില്‍ പുസ്തകങ്ങളുടെ നിറവും മണവും ആസ്വദിച്ചു മുന്നോട്ടു നടക്കുമ്പോഴാണ് " സുവര്‍ണ്ണ കഥകളുടെ " നീണ്ട നിര കണ്ണില്‍ പെട്ടത് .  അതില്‍ പലതും ഞാനിതുവരെ വായിച്ചിട്ടില്ലാത്ത എഴുത്തുകാര്‍ ആയിരുന്നു . കയ്യില്‍ ആദ്യമെടുത്തത് ശ്രീരാമനെയാണ് . വെറുതെ താളുകള്‍ മറയ്ക്കുന്നതിനിടെയാണ് ' ശീമ തമ്പുരാനും  ,പൊന്തന്മാടയും ' കണ്ണിലുടക്കിയത് . പൊന്തന്മാട എനിക്കേറെ ഇഷ്ടമുള്ള സിനിമകളില്‍ ഒന്നായിരുന്നു . അതെഴുതിയ ശ്രീരാമന്‍ ആകട്ടെ അടുത്ത വായനയെന്നു ആ നിമിഷം ഞാന്‍ തിരുമാനിച്ചു .


ജീവിതത്തിന്‍റെ ആകസ്മികതകളും പരിണാമങ്ങളും ഒടുവില്‍ എത്തിച്ചേരുന്ന വഴിത്തിരിവുകളും അനിശ്ചിതത്വവും  അതിന്റെ ഉള്‍പ്പിടച്ചിലുകളും മലയാളസാഹിത്യത്തില്‍ നാം ധാരാളം അനുഭവിച്ചിടുണ്ട് . പച്ചയായ ജീവിതത്തിന്‍റെ മനോഹരമായ ഭാവശില്പങ്ങള്‍ സൃഷ്‌ടിച്ച പ്രമുഖരായ പല എഴുത്തുകാരുമുണ്ട് . ആ കൂട്ടത്തില്‍ വേര്‍പ്പെടുത്താന്‍ ആകാത്ത , എന്തുകൊണ്ടോ വേണ്ടത്ര പരിഗണിക്കപ്പെടാത്ത എഴുത്തുകാരന്‍ ആണ് സി .വി . ശ്രീരാമന്‍ .
കാഴ്ചയുടെയും അനുഭവത്തിന്റെയും സന്തുലനത്തിലൂടെ കഥാവൈചിത്ര്യത്തിന്റെ സമൃദ്ധി ആഘോഷിച്ച എഴുത്തുകാരന്‍ ,  അപൂര്‍വമായ പ്രമേയം, അതിനിണങ്ങുന്ന സുന്ദരമായ ഭാഷ, പ്രതിപാദനത്തിലെ അസാധാരണത്വം എന്നിവകൊണ്ട്  കൊണ്ടാടപ്പെടുന്ന പല കഥാകൃത്തുക്കളേക്കാള്‍ മുമ്പില്‍ നില്‍ക്കുന്നു . ശ്രീരാമന്റെ എഴുത്തിനെ നിയന്ത്രിച്ചതും നിര്‍ണയിച്ചതുമായ ഘടകങ്ങളെക്കുറിച്ച് ചിന്തിക്കുമ്പോള്‍, മനുഷ്യജീവിതത്തെ അതിന്റെ വ്യത്യസ്തതകളില്‍നിന്നു കണ്ടെടുക്കാനും അടുത്തറിയാനും സൂക്ഷ്മവിശകലനത്തിനു വിധേയമാക്കി, അനുഭവിപ്പിക്കുന്ന സത്യസന്ധതയോടെ ആവിഷ്കരിക്കാനും കഥാകാരന്‍ കാണിക്കുന്ന ആര്‍ജവത്തെ അവഗണിക്കാനാവില്ല.. ജീവിതം എന്നും എവിടെയും ഒരുപോലെ നിന്ദ്യവും നിസ്സാരവും നിസ്സഹായവുമാവുമ്പോള്‍തന്നെ, ചില സവിശേഷ അധികാരങ്ങള്‍ ചില ജീവിതങ്ങളെ വ്യത്യസ്തമാക്കുന്നുണ്ട്. അതുകൊണ്ടുതന്നെ “ഒരത്ഭുത”ത്തിന് ജീവിതത്തിലുള്ള സാധ്യത ശ്രീരാമന്റെ കഥാപാത്രങ്ങള്‍ തള്ളിക്കളയുന്നില്ല .


' മലയാളത്തിന്റെ സുവര്‍ണ്ണകഥകള്‍ -സി . വി . ശ്രീരാമന്‍ ' എന്ന പുസ്തകത്തിലെ പതിനാറുകഥകളില്‍ എന്റെ വായനയില്‍ എനികിഷ്ടമായ ചിലതാണു ഞാനിവിടെ പരാമര്‍ശിക്കുന്നത് . ജീവിതത്തിന്റെ ദുരൂഹമായ ഇരുള്‍ നിലങ്ങളെ ആത്മീയതയുടെ പൊതുധാരയിലേക്ക് കൊണ്ട് നിര്‍ത്തിയ ചില കഥകള്‍ .
ആഴമുള്ള കിണറ്റിലേക്ക് എത്തിനോക്കുംപോലെ  , ആ ആഴം ജീവിതത്തിന്റെ ആഴമാണെന്ന്  തിരിച്ചറിയുംപോലെ  , ഒരനുഭവമാണ് ഈ കഥകള്‍ സമ്മാനിക്കുക . ജീവിതത്തിന്റെ അപൂര്‍ണതയിലൂടെ  സഞ്ചരിക്കുന്ന കഥകള്‍ . " ദുരവസ്ഥ വീണ്ടും വന്നപ്പോള്‍ , " ഇരിക്കപിണ്ഡം " , "വാസ്തുഹാര"  ,  "കൗസല്യ മൂത്തമ്മ " , ഉര്‍ളോസ് " ,  " വെളുത്ത പക്ഷിയെ കാത്ത്" , "ചിദംമ്പരം " , " പൊന്തന്‍മാട" തുടങ്ങിയവ അതിനു ഉദാഹരണം .


അധികാരവാഞ്ഛ എത്രമേല്‍ സാമൂഹ്യവിരുദ്ധവും ചരിത്രവിരുദ്ധവും സ്ത്രീവിരുദ്ധവുമാകുന്നു എന്നതിനുദാഹരണമാണ്   ' ദുരവസ്ഥ വീണ്ടും വന്നപ്പോള്‍' എന്ന കഥ . " അവനവനോട് നീതി പുലര്‍ത്താത്ത ഇടങ്ങള്‍ കണ്ടെത്തുന്നതു മനുഷ്യന്റെ പൊയ്മുഖമാണെന്നും  അവനവനോട് സത്യസന്ധത  പാലിക്കാന്‍ ആകാത്തതാണു നാം അനുഭവിക്കുന്ന ആത്മീയ പ്രതിസന്ധി " യെന്നും ഈ കഥയില്‍ ശ്രീരാമന്‍ ഓര്‍മിപ്പിക്കുന്നു. ജാതിസ്വത്വം കേരളീയ സാംസ്കാരികാന്തരീക്ഷത്തില്‍ വരുത്തിയ പുതിയ മാറ്റങ്ങളെക്കുറിച്ച് ആശങ്കപ്പെടുന്നുണ്ട് ഈ കഥ . വര്‍ത്തമാനകാലാന്തരീക്ഷത്തില്‍ ജാതിപ്പേരുകള്‍ കീഴടക്കുമ്പോള്‍, “ഞാന്‍ മനുഷ്യനാണ്” എന്നുപറയാന്‍ ആളില്ലാതാകുന്നതിന്റെ തീവ്രനൊമ്പരം ശ്രീരാമന്റെ കഥകളിലുണ്ട് . ജാതിസംവരണം ഔദ്യോഗികാധികാര ലബ്ധിക്കാവശ്യമാവുമ്പോള്‍, വ്യക്തിസമത്വം മാത്രമേ പൂര്‍തിയാകുന്നുള്ളൂവെന്നും ലിംഗസമത്വം അട്ടിമറിക്കപ്പെടുന്നു എന്നും “ദുരവസ്ഥ വീണ്ടും വന്നപ്പോള്‍” എന്ന കഥ വ്യക്തമാക്കുന്നു. കീഴാളനും ഒരുകാലത്ത് തന്റെ കുടികിടപ്പുകാരനുമായ മേലധികാരിയാല്‍ ശാരീരികമായി അപമാനിക്കപ്പെടുന്ന സവര്‍ണയായ കീഴ്ജീവനക്കാരിക്ക്, അന്നും ഇന്നും പ്രശ്നം അയാളുടെ “ഒളിഞ്ഞുനോട്ട”മാണ്. നോട്ടത്തിലും കീഴാളത്തം പ്രകടമാക്കുന്ന അയാളുടെ മാനസികാവസ്ഥയെ കഥാകാരന്‍ വ്യക്തമാക്കുന്നത്, “തനിക്കധികാരമില്ലാത്ത ഒരു കോണ്‍ഫിഡന്‍ഷ്യല്‍ കവര്‍ പൊട്ടിച്ച ഉദ്യോഗസ്ഥന്റെ വെപ്രാളം” എന്നാണ്
.


മനുഷ്യന്‍റെ കുടുംബജീവിതം ചിട്ടപ്പെടുത്തപ്പെട്ടയാന്ത്രികതയാണെന്നും  അതിനപ്പുറത്ത് മനസ്സും ശരീരവും സൃഷ്ടിക്കുന്ന മറ്റൊരു ലോകമുണ്ടെന്നും  " ഇരിക്കപിണ്ഡം " എന്ന കഥ പറയുന്നു . ര്‍ത്താവിനപ്പുറം കാമുകനില്‍ ആനന്ദം കാണുന്ന ഭാര്യ , അച്ഛന്റെ വിയോഗത്തിന്റെ ആഘാതം പടി പടിയായി അനുഭവിക്കേണ്ടി വരുന്ന മകന്‍,  
മോക്ഷംമാര്‍ഗ്ഗം ഉപദേശിക്കുന്ന പാണ്ടെയും, എല്ലാത്തിനും മൂകസാക്ഷിയായി കാമുകനായ  അയാളുമെല്ലാം ജീവിതത്തെ മൂടി നില്‍ക്കുന്ന ഉത്തരമില്ലാത്ത വിചാരണകളിലേക്ക് വിരല്‍ ചൂണ്ടുന്നു . സ്ത്രീയുടെ സ്വഭാവ സവിശേഷതകളില്‍ കുലീനമായതൊന്നും കണ്ടെത്താനാകാതെ, ആസക്തിയില്‍ മാത്രം വലയുന്ന പുരുഷകഥാപാത്രങ്ങളൊന്നും കുടുംബസങ്കല്‍പങ്ങളില്‍ വിശ്വസിക്കുന്നില്ല. സഞ്ചാരിയായ അയാള്‍ക്ക് “വഴിയമ്പലം” മാത്രമായി മാറുന്ന സ്ത്രീബന്ധങ്ങളാണ് ഉള്ളത്. പക്ഷേ ആ ബന്ധങ്ങളില്‍ അയാള്‍ ഒരു വേളയെങ്കിലും മനസ്സര്‍പ്പിക്കുന്നു എന്നതിന് തെളിവാണ് വര്‍ഷങ്ങള്‍ക്കുശേഷം ആ സ്ഥലത്ത് വീണ്ടും എത്തിച്ചേരുന്നത്. മനുഷ്യജീവിതത്തിന് വൃത്താകൃതിയാണെന്ന് -തുടങ്ങിയേടത്ത് തന്നെ അത് എത്തിച്ചേരുന്നു എന്ന് – ശ്രീരാമന്‍ വിശ്വസിക്കുന്നു. പൂര്‍ണതയുടെ പ്രതീകമാണ് വൃത്തം എങ്കില്‍ ശ്രീരാമന്റെ കഥകള്‍ക്ക് വൃത്താകൃതിയാണ്; കഥാപാത്രങ്ങള്‍ പലരും തുടങ്ങിയേടത്ത് തിരിച്ചെത്തുന്നു. ആധ്യാത്മികതയിലേക്കുള്ള ചവിട്ടുപടിയായി അഗമ്യഗമനത്തെ ശ്രീരാമന്‍ കഥകളില്‍ ചിത്രീകരിക്കുന്നു.


സ്ത്രീയുടെ മാനസിക കരുത്തിനെ പ്രകീര്‍ത്തിക്കുന്ന കഥകളില്‍ വാസ്തുഹാര ,  കൗസല്യ മൂത്തമ്മ എന്നിവ ദേശകാല പശ്ചാത്തലത്തില്‍തന്നെ വ്യക്തിത്വഘടനയുടെ സ്ഥായിയാല്‍ വ്യത്യാസപ്പെടുന്നു. വാസ്തുക്കള്‍ ഹരിക്കപ്പെട്ടവരുടെ ഭൂമിയിലാണ് നാം അലയുന്നതെന്ന ജീവിതസത്യം  അദ്ദേഹം അനാവൃതമാക്കി "വാസ്തുഹാര " യിലൂടെ . ദേശത്തില്‍നിന്ന് ദേശീയതയിലൂടെ സാര്‍വദേശീയതയിലേക്ക് വളരുന്ന ഭാഷയും ആഖ്യാനവുമാണ് സി വി ശ്രീരാമന്റേത്. അതുകൊണ്ടുതന്നെ പ്രാദേശിക ഭാഷാസ്വത്വത്തോടൊപ്പം സംസ്കൃതവും ഇംഗ്ലീഷും സാന്ദര്‍ഭികമായും സ്വാഭാവികമായും കടന്നുവരുന്നു.
മനുഷ്യസ്നേഹം വേണ്ട , വെറുമൊരു സ്നേഹമെങ്കിലും. ഒരു വളര്‍ത്തുമൃഗമായ സയാമീസ്‌ പൂച്ച തലമുറകളിലൂടെ വളര്‍ന്നു വന്നത് ഈ സ്നേഹരാഹിത്യത്തിന്റെ  പ്രതീകമായാണ്  " കൗസല്യ മൂത്തമ്മ"യില്‍ കഥാകാരന്‍ അവതരിപ്പിക്കുന്നത്‌ .

പെന്മയെ ശക്തമായി സമീപിക്കുന്ന കഥകളാണ് ' ഉര്‍ളോസ്' , ' വെളുത്ത പക്ഷിയെ കാത്ത്" എന്നീ കഥകള്‍ . കാലത്തിന്റെ വെളിയിടങ്ങളില്‍ നിരാലംബമാക്കപ്പെടുന്ന സ്ത്രീത്വത്തിന്റെ അകലോകമാണ് 'ഉര്‍ളോസില്‍ ' ശ്രീരാമന്‍ പകര്‍ത്തി വെയ്ക്കുന്നത് . ശ്രീരാമന്റെ കഥകളില്‍ മികച്ചു നില്‍കുന്നത് പുരുഷ കഥാപാത്രങ്ങളെക്കാള്‍ സ്ത്രീ കഥാപാത്രങ്ങളാണ് . അതിനുധാഹരണമാണ്ധീരാ ദീദി .
ഒരുപക്ഷേ ധീരാ ദീദി  ശ്രീരാമന്റെ ഏറ്റവും ശക്തമായ സ്ത്രീ കഥാപാത്രമാകുന്നു " വെളുത്ത പക്ഷിയെ കാത്ത്  ' എന്ന കഥയിലൂടെ . സ്ത്രീമനസ്സിന്റെ അടരുകളിലൂടെ ശ്രീരാമന്റെ പ്രയാണമാണ് ഈ കഥ.

 

'ചിദംബര' ത്തിലും മരണവും കാമവും ഉള്‍പ്പെട്ട അശാന്ത സഞ്ചാരമാണ് പ്രതിപാദിക്കുന്നത്. ശരീരകാമനകളുടെ ഒരു നിമിഷത്തെ സ്വാസ്ഥ്യത്തിനുവേണ്ടി ജീവിതകാലമത്രയും അസ്വാസ്ഥ്യനാകേണ്ടി വരുന്ന അയാളില്‍ അവളൊരു ദാഹമായിത്തീരുകയാണ് . ഒരുപക്ഷേ അത് ആത്മാവിന്റെ കൂടി ദാഹമാകുന്നത് കൊണ്ടാണ് അവരിരുവരും ഒന്നാകുന്നത്. ഭാര്യയെ വെട്ടി പരിക്കേല്‍പ്പിച്ചു , ആത്മഹത്യ ചെയ്യുന്ന അവളുടെ ഭര്‍ത്താവ് . ഇതിനിയില്‍ ആത്മവിചാരണ നടത്തുന്ന അയാള്‍ മോക്ഷ മാര്‍ഗ്ഗമേന്നോണം ചിദംബരത്തെയ്ക്കു പുറപ്പെടുന്നു. അയാളുടെ ഉള്ളിലെ ശാന്തിയുടെ വേരുകള്‍ അവിടെ വെച്ച് കൂടുതല്‍ ശക്തമാകുന്നു . അതുകൊണ്ട് തന്നെ അയാളൊരിക്കലും ലക്ഷ്യത്തില്‍ എത്തുന്നില്ല .


  സ്ത്രീജീവിതം   “പൊന്തന്‍മാട”യില്‍ ലൈംഗിക സ്വാതന്ത്ര്യത്തിന്റെ ഉദ്ഘോഷമാകുമ്പോള്‍തന്നെ,  കീഴാള സ്ത്രീസ്വത്വം സാമൂഹികാധികാരത്തിനായി മതം മാറുന്നു. മതം മാറിയ കാര്‍ത്തു പൊന്തന്‍മാടയെ ക്ഷണിക്കുന്നത് ഒരുമിച്ചുള്ള ദാമ്പത്യത്തിനാണ്. സമൂഹത്തിന്റെ ഉന്നതശ്രേണിയിലെത്തുമ്പോഴേ ദാമ്പത്യം സംഗതമാകുന്നുള്ളൂ എന്നും കീഴ്ത്തട്ടില്‍ സ്ത്രീപുരുഷബന്ധം ഒരു “കൂട്ടിക്കൊണ്ടുവരല്‍”  മാത്രമേ ആകുന്നുള്ളൂ എന്നുമുള്ള നിലപാട് ശ്രീരാമന്‍ മുന്നോട്ടു വയ്ക്കുന്നു. കാര്‍ഷിക സംസ്കൃതിയുടെ ഭൂപടത്തില്‍, കീഴാളജീവിതം അടയാളപ്പെടില്ലെന്നും അവന്റെ അധ്വാനം മാത്രമേ പ്രസക്തമാവുന്നുള്ളൂ എന്നും “പൊന്തന്‍മാട” ഉദാഹരിക്കുന്നു. കീഴാളജീവിതത്തിന്റെ നൈസര്‍ഗികമായ നിഷ്കളങ്കത കൊണ്ടാവാം അധ്യാത്മികതക്ക് അവിടെ സ്ഥാനമില്ല.


മനുഷ്യബന്ധങ്ങളുടെ  ആഴങ്ങളില്‍ പതിഞ്ഞു കിടക്കുന്ന നന്മയുടെ നിലാവെളിച്ചം അനുഭവവേദ്യയമാക്കിയ ഈ പുസ്തകത്തിലെ ഓരോ കഥയും ജീവിതത്തിന്റെ നടുമുറ്റത്ത് നാം കണ്ടുമറന്നതോ കേട്ട് പരിചയമുള്ളതോ അതുമല്ലെങ്കില്‍ കാണാനിരിക്കുന്നതോ ആയ സംഭവങ്ങളാണ് . അനിശ്ചിതമായ ജീവിതത്തിന്റെ ആന്ദോളനങ്ങള്‍ക്കിടയില്‍ മനസ്സില്‍ സ്വരുക്കൂട്ടി വെയ്ക്കാവുന്ന മനോഹരമായ വായന ഈ പുസ്തകം സമ്മാനിക്കും എന്നതില്‍ തര്‍ക്കമില്ല .  ശ്രീരാമന്റെ പതിനാറു കഥകള്‍ അടങ്ങിയ ഈ പുസ്തകം പുറത്തിക്കിയിടുള്ളത് ഗ്രീന്‍ ബുക്സ്‌ ആണ് . മുഖവില : നൂറ്റി മുപ്പത്തി അഞ്ചു രൂപ .

Friday, February 22, 2013







മലയാളസാഹിത്യത്തിലെ ആധുനികചെറുകഥാകൃത്തുക്കളിൽ പ്രമുഖനായിരുന്നു യു.പി. ജയരാജ്. ആധുനികതയിലെ മാർക്സിസ്റ്റ് ധാരയെ പ്രതിനിധാനം ചെയ്ത എഴുത്തുകാരന്‍. 'നിരാശാഭരിതനായ സുഹൃത്തിന്‌ ഒരു കത്ത്, സ്മരണ, ഒക്കിനാവയിലെ പതിവ്രതകൾ ' എന്നീ മൂന്നു കൃതികള്‍ മാത്രമേ അകാലത്തില്‍ പൊലിഞ്ഞ ജയരാജില്‍ നിന്നും നമുക്കു ലഭിച്ചുള്ളൂ എങ്കിലും അവ മൂന്നും കാണപ്പെട്ട കൃതികള്‍ തന്നെയായിരുന്നു. മഞ്ഞ് എന്ന ഒറ്റ കഥ മതി ജയരാജിന്റെ സര്‍ഗ വൈഭവത്തെ വിലയിരുത്താന്‍ . ഒക്കിനാവയിലെ പതിവ്രതകള്‍, മഞ്ഞ് എന്നീ കഥകള്‍ മലയാളത്തില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടവയാണ്.


മലയാള സാഹിത്യത്തിൽ ഒരു സാധാരണ കഥാകാരനായിരുന്നില്ല യു. പി. ജയരാജ്‌. രാഷ്ട്രീയമായ ഉൾക്കാഴ്ചയും സത്യസന്ധതയും പുലർത്തിയിരുന്ന യു പി ജയരാജ്‌ തന്റെ കഥകളെ വ്യവസ്ഥക്കെതിരായ സർഗമുന്നേറ്റങ്ങളാക്കുകയായിരുനു. രചനകളുടെ  മണ്ഡലങ്ങളിൽ കലാപങ്ങൾ സൃഷ്ടിച്ച ആധുനികതയുടെ ഊര്‍ജ്ജത്തെ വ്യവസ്ഥക്ക്‌ എതിരായ മുന്നേറ്റങ്ങളുമായി ബന്ധിപ്പിച്ച മലയാളത്തിലെ അപൂർവ്വ എഴുത്തുകാരിൽ ഒരാളായിരുന്നു  ജയരാജ്‌.


സാമൂഹ്യമാറ്റത്തിന്റെ  മൂർത്ത പ്രശ്നങ്ങളെ സൂക്ഷ്മമായി പരിശോധിക്കുകയും, അതിവൈകാരികതയുടെയോ , അതിവാചാലതയുടെയോ അവതരണങ്ങളിൽ നിന്ന് വിമുക്തമായ ഭാഷാശൈലിയും തന്റെ കഥകളെ മുഴുവൻ സമൂഹതിന്റെ ചലനങ്ങളുമായി തന്നെ ബന്ധിപ്പിക്കണം എന്ന നിർബന്ധബുദ്ധിയും ജയരാജിനു ഉണ്ടായിരുന്നു. വിപ്ലവപ്രസ്ഥാനത്തിനുണ്ടാകുന്ന തിരിച്ചടിയിൽ  ജീവിതകാലം മുഴുവനും ഉത്കണ്ഠകുലനായിരുന്ന ജയരാജ്‌ തന്റെകഥകളിലൂടെയും  സ്വകാര്യ  എഴുത്തുകളിലൂടെയും സൂഷ്മമായ നിരീക്ഷണത്തിനും വിമർശനത്തിനും അതെല്ലാം വിധേയമാക്കി.



ഡി .സി .ബുക്സ്‌ പ്രസിദ്ധീകരിച്ച 
' യു .പി . ജയരാജിന്റെ കഥകള്‍ , സമ്പൂര്‍ണം എന്ന പുസ്തകത്തില്‍ അദ്ധേഹത്തിന്റെ മരണത്തിന് മുന്‍പ് പ്രസിദ്ധീകരിച്ചതും മരണശേഷം സമാഹരിച്ചതുമായ നാല്പത്തിഏഴു കഥകളാണ് ഉള്ളത് . അതില്‍ തന്നെ എന്റെ വായനയെ ആകര്‍ഷിച്ച കഥകളായ , 'തെയ്യം ' , 'മഞ്ഞു ' , 'നിരാശഭരിതനായ സുഹൃത്തിനൊരു കത്ത് ' , ' ക്കിനാവയിലെ പതിവ്രതകള്‍ ' എന്നീ നാലുകഥകളെക്കുറിച്ചാണ് ഇനി ഞാന്‍ പറയുന്നത് .



നാട്ടുമണ്ണിന്റെ പശിമയില്‍ നിന്നും ഉയിര്‍കൊണ്ട ഒരു ദൃഡബിംബമുണ്ട് 'തെയ്യങ്ങളി'ല്‍ . പള്ളിയറയ്ക്ക് മുന്നിലുള്ള തന്റെ തറയില്‍ നിലകൊണ്ടു ആകാശത്തിലേക്ക് വെള്ളിദണ്ഡ്‌ ആഞ്ഞുവീശി രൌദ്രതയോടെ അട്ടഹസിക്കുന്ന ഗുളികനാത്. കഥാന്ത്യത്തില്‍ ഗുളികന്‍ യുവത്വത്തിന്റെയും ശക്തിയുടെയും  സാഹസികതയുടെയും മൂര്‍ത്ത രൂപമായി മാറുന്നു . ഗുളികന്റെ ഉരിയാടലിനു പൊടുന്നനെ രാഷ്ട്രീയ മാനം കൈവരുന്നു . അത്യസാധാരണമായ ഈയൊരു മുഹൂര്‍ത്തം സന്നിവേശിക്കപ്പെട്ടതോടെ കഥയാകെ കനല്‍ക്കൂനപോലെ ജ്വലിക്കുന്നു.



അടിയന്തരാവസ്ഥയോടുള്ള ഏറ്റവും രൂക്ഷമായ പ്രതികരണം എന്ന് വിശേഷിപ്പിക്കാവുന്ന 'മഞ്ഞ്'  എന്ന കഥയില്‍ ഹെമിംഗ്‌വേയുടെ കിഴവനായ നായകന്‍ സാന്തിയാഗോ നിവര്‍ന്നു നിന്നു പൊട്ടിച്ചിരിക്കുന്നുണ്ട് .
ഇന്നത്തെ സാഹചര്യത്തിലെ മനുഷ്യാവസ്ഥയെപറ്റി മൌലികമായി അസ്വസ്ഥനാകാന്‍ വായനക്കാരനെ പ്രേരിപ്പിക്കുന്നു ഈ കഥ എന്നതാണ് പ്രധാനം . ധീരതയുടെ ശോണമുദ്രകള്‍ ആവാഹിച്ച , നേരിടുള്ള സംവേദനം സാധ്യമാക്കിയ ഒരു സുതാര്യരചനയാണ് മഞ്ഞ് . മഞ്ഞ് അവസാനിക്കുന്നതും സാന്തിയാഗോയിലാണ് .


" പുറത്തു കൊടും ശൈത്യമുണ്ട് . മഞ്ഞുണ്ട് . ശവംതീനികളായ  ഡിറ്റന്‍റ്റസ് പക്ഷികളുണ്ട് . എങ്കിലും വെല്ലുവിളികളെ ഒരു നായാട്ടുകാരന്റെ മനസ്ഥയ്ര്യത്തോടെ നേരിടുകയും പരാജയങ്ങള്‍ക്ക് മുന്നില്‍ ഒരിക്കലും കീഴടങ്ങാതിരിക്കുകയും ചെയ്യുന്ന സാന്തിയാഗോ എന്ന മുക്കുവന്റെ പൌരുഷവും കൂസലില്ലായ്മയും നിറഞ്ഞ ധീരമായ പുഞ്ചിരി ഞങ്ങളുടെ ഉള്ളില്‍ പിന്നെയും പൊട്ടിച്ചിതറുകയാണ്. "


ജയരാജിന്റെ കത്തുകളും കഥകളും നിറവേറ്റിയത് ഒരേ ധര്‍മ്മമാണ് . എങ്ങോ കാതോര്‍ത്തിരിക്കുന്ന, അജ്‌ഞാതരായ വായനക്കാരെ സ്‌നേഹപൂര്‍വം അഭിസംബോധന ചെയ്‌തെഴുതിയ കത്തുകളായിരുന്നു ജയരാജിന്റെ കഥകള്‍. അതേപോലെ ഉറ്റസുഹൃത്തുക്കള്‍ക്കയച്ച കത്തുകള്‍ അവര്‍ക്കുമാത്രം വായിക്കാനുള്ള കഥകളുമായിരുന്നു. കഥകളില്‍ പ്രതീക്ഷിക്കാനാവാത്ത ഒരു വാക്യം പോലും ജയരാജ് കത്തുകളില്‍ കുറിച്ചിരുന്നില്ല. അതു കൊണ്ടാണ് ജയരാജിന്റെ ഓരോ കത്തും കഥ പോലെ മനോഹരവും ഓരോ കഥയും കത്തു പോലെ ഹൃദയസ്‌പര്‍ശിയുമായത്. അതുകൊണ്ട് കൂടിയാകാം " നിരാശഭരിതനായ സുഹൃത്തിനൊരു കത്ത് ' എന്ന് തന്റെ കഥാസമാഹാരത്തിന് അദ്ദേഹം പേരിട്ടത് .


കത്തുകളില്‍ ജയരാജ്‌ ഉത്സാഹഭരിതനായിരുന്നു . രോഷവാനായിരുന്നു . പരിഹാസത്തിന്റെ നിറങ്ങള്‍ കൂടി അതിലുണ്ടായിരുന്നു . സാഹിത്യത്തെയും സമകാലികരാഷ്ട്രീയത്തെയും സാംസ്‌കാരിക ചലനങ്ങളെയും  ആ കത്തുകള്‍ ഗൌരവകരമായി കണ്ടിരുന്നു എന്നതിന്റെ തെളിവാണ് ഈ കഥ . വിപ്ലവസ്വപ്നങ്ങളെ താലോലിക്കുന്ന ദൃഡമായൊരു മനസ്സ് ഈ കഥയില്‍ ഒളിച്ചുവെച്ചിരിക്കുന്നു.

നിരാശഭരിതനായ സുഹൃത്തിന്റെ കത്ത് അവസാനിപ്പിക്കുന്നത് ങ്ങിനെയാണ്,


"
നിലം പതിക്കുന്ന ഓരോ പോരാളിക്കും പകരം രാവണന്റെ ശിരസ്സുപോലെ പുതുതായി മറ്റൊരാള്‍ ഉയര്‍ത്തെഴുന്നേല്‍ക്കുന്നുണ്ട് . സമരത്തെ മുന്നോട്ടു നയിക്കുന്ന ഓരോ ധീര യോദ്ധാവും രാമബാണം പോലെ , സഹസ്രങ്ങളായി പെരുകുന്നുമുണ്ട് . വെയില്‍ ചിന്നുന്നുണ്ട് . ഓര്‍മ്മകള്‍ ഉണരുന്നുണ്ട് . കാക്കകള്‍ കരയുന്നുണ്ട് . മരങ്ങള്‍ ഉലയുന്നുണ്ട്. കാടിളകുന്നുണ്ട്. ചൂഷണം പെരുകുന്നുണ്ട് . അതു കൊണ്ടുതന്നെ സമരം തുടരുന്നുമുണ്ട് . "



അവസാനകഥയായ ' ക്കിനാവയിലെ പതിവ്രതക' ളില്‍ പുതിയ ലോകവും കാലവും നിര്‍ലജ്ജമായി വെളിവാക്കുന്ന ആസക്തികള്‍ ഒന്നടങ്കം സമാഹൃതമാണ്. ചുറ്റിലും അനുദിനം പെരുകിക്കൊണ്ടിരിക്കുന്ന നെറികേടുകള്‍ പച്ചയായി ആക്ഷേപഹാസ്യത്തില്‍ പൊതിഞ്ഞു കൊണ്ട് അവതരിപ്പിക്കുകയാണിവിടെ കഥാകാരന്‍ . കണിശമായ ധാരണകള്‍ വെച്ച് പുലര്‍ത്തുന്ന , നേരിലേക്ക് വിരല്‍ ചൂണ്ടുന്ന കഥ .
മറ്റുള്ളവര്‍ക്ക് എന്ത് സംഭവിക്കുന്നു എന്ന് തെല്ലും പരിഗണിക്കാതെ,  ഒരു ജന്മത്തില്‍ സാധ്യമാകുന്ന സുഖഭോഗങ്ങള്‍ ആകെയും അനുഭവിച്ചു തീര്‍ക്കാന്‍ വെമ്പല്‍ പൂണ്ട ക്കിനാവ ,വെറുമൊരു ഭാവനയെന്ന് സമ്മതിക്കുവാന്‍ മനസ്സ് തയ്യാറാകാത്തതാണ് ഈ കഥയിലെ വിജയം .



 മരണശേഷം വെളിച്ചം കണ്ട ' സ്വാര്‍ത്ഥനായ അഹങ്കാരിയുടെ ജീവിതത്തില്‍ നിന്നു ' എന്നതിലെ (കഥയെന്നു പറയാന്‍ ആകില്ല ,മറ്റെന്തു പേരിടണമെന്ന് എനിക്കറിയുകയും ഇല്ല ) ചില വരികള്‍ ഉദ്ധരിക്കട്ടെ ...

" എനിക്കിനി വെട്ടിപ്പിടിക്കാനോ , സ്വപ്നം കാണാനോ , കത്തിച്ചു കളയാനോ , എന്റേതായ ഒരു ലോകമില്ല . ഒരു ഭാവിയുമില്ല . കാരണം മറ്റു പലതും തേടിയ കൂട്ടത്തില്‍ എനികൊന്നു മാത്രം നഷ്ടമായി - എന്നെ . ഒരിക്കല്‍ ധീരനും , പ്രക്ഷോപകാരിയും അഹങ്കാരിയും എഴുത്തുക്കാരനും സത്യസന്ധനുമായിരുന്ന എന്നെ - "

മരണം മുന്‍കൂട്ടി കണ്ടെഴുതിയതാണോ എന്ന് സംശയിച്ചു " പരേതനെക്കുറിച്ചുള്ള അറിയിപ്പുകള്‍ ' എന്ന കഥ .


കുറച്ചു ദിവസം മുന്‍പേ ഫേസ് ബുക്ക്‌ സുഹൃത്ത്‌ എഴുതിയ ഒരു സ്റ്റാറ്റസ് ഓര്‍ക്കുന്നു ,'ഒരിക്കലും മരിക്കാന്‍ പാടില്ലാതവരുടെ ഒരു ലിസ്റ്റ്. അതാതു മേഖലകളില്‍ കയ്യൊപ്പ് പതിപ്പിച്ചവരെ നമുക്കതില്‍ ചേര്‍ക്കാം ' എന്നുകൂടി പറഞ്ഞിരുന്നു . ന്ന് ...ജയരാജിനെ വായിച്ചവസാനിപ്പിച്ച ഈ ദിനം അദ്ധേഹത്തിന്റെ പേര് കൂടി ആ ലിസ്റ്റില്‍ എഴുതി ചേര്‍ക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു . ചിന്തകളില്‍ അഗ്നിയും കൊടുംകാറ്റും കൊണ്ട് നടന്നിരുന്ന ഈ എഴുത്തുകാരനെ ഞാനും ഇഷ്ടപ്പെടാന്‍ തുടങ്ങിയിരിക്കുന്നു . ഗൌരവകരമായ ചിന്തകള്‍ ഇഷ്ടപ്പെടുന്ന പ്രിയവായനക്കാരെ ഒരിക്കലെങ്കിലും നിങ്ങളുടെ വായനയുടെ പരിധിയില്‍ ഇദേഹത്തെക്കൂടി കൂട്ടുക . അതൊരു  നഷ്മാകില്ലെന്നു എന്റെ ഉറപ്പ്.

Thursday, January 31, 2013

ഫേസ്ബുക്ക് വായിക്കപ്പെടുമ്പോള്‍ ...


( വായനയ്ക്ക് മുന്‍പ് :

പേരിന്റെ വ്യത്യസ്തതകൊണ്ടും ആശയത്തിന്റെ പുതുമകൊണ്ടും ചര്‍ച്ചചെയ്യപ്പെട്ട നോവലാണ് മധുപാലിന്റെ 'ഫേസ്ബുക്ക്' . പ്രിവ്യു വായിച്ചതുമുതല്‍ നോവല്‍ മുഴുവനായി വായിക്കണം എന്നൊരു ആഗ്രഹം മനസ്സില്‍ ഉണ്ടായിരുന്നു . വായിച്ചുകഴിഞ്ഞപ്പോഴാകട്ടെ അത് എല്ലാവരോടുമായി പങ്കുവയ്ക്കണം എന്നൊരു തോന്നലും  . അതിനാല്‍ മാത്രമാണ് ഞാനീ സാഹസത്തിനു മുതിരുന്നത് . നല്ലൊരു വായന സമ്മാനിക്കാന്‍ എന്റെ വാക്കുകള്‍ ഒരു  വഴികാട്ടിയാകും എന്ന പ്രതീക്ഷയോടെ തുടങ്ങട്ടെ ... )




അനുദിനം മാറിക്കൊണ്ടിരിക്കുന്ന ലോകവും സാങ്കേതികതയും  എഴുത്തുക്കാരെ ഉത്കണ്ഠാകുലനാക്കുന്നുണ്ട് എന്നതിന്റെ ഉത്തമഉദാഹരണമാണ് 'ഫേസ്ബുക്ക്'  എന്ന മധുപാലിന്റെ നോവല്‍.

നിലവിലുള്ള സാഹിത്യ രചനാ രീതികളെയും ശൈലികളെയും ചോദ്യം ചെയ്യുന്ന  , പുതുതലമുറയുടെ ജീവിതത്തെ പ്രതിനിധാനം ചെയ്യുന്ന നോവലാണിത്. ഫേസ്ബുക്ക് പോസ്റ്റുകളും റിക്വസ്റ്റുകളും ടാഗുകളും കമന്റുകളുമെല്ലാം ചേര്‍ന്ന് ഈ നോവലിനെ പുതിയ തലമുറയുടെ ജീവിതത്തെ പ്രതിഫലിപ്പിക്കുന്ന പുസ്തകമാക്കി തീര്‍ത്തിരിക്കുന്നു.

അനുഭവങ്ങളുടെയും അറിവിന്‍റെയും അതിര്‍വരമ്പ് എവിടെയാണെന്ന് അറിയായ്ക എഴുത്തിന്റെയും വായനയുടെയും മികച്ച സാധ്യതകളില്‍ ഒന്നാണെന്നുഫേസ്ബുക്ക് ഓര്‍മ്മിപ്പിക്കുന്നു. മധുപാല്‍ പറയുന്നതുപോലെ ,
ഇതില്‍ ചര്‍ച്ചചെയ്യുന്ന ജീവിതം പൊതുസമൂഹത്തിന്റേതുതന്നെയാണ്. ക്രാഫ്റ്റില്‍ മാത്രമാണ് മാറ്റം. ആരുമായും ഐഡന്റിഫൈ ചെയ്യാവുന്ന എലിമെന്റുകള്‍ നോവലിലുണ്ട്. ഏതൊരു സ്ത്രീയുടെയും പൊതുപ്രശ്നങ്ങള്‍ തന്നെയാണ് നോവലിലെ സ്ത്രീകഥാപാത്രങ്ങളും പങ്കുവയ്ക്കുന്നത്.  ഏതു മീഡിയയിലായാലും മനുഷ്യജീവിതത്തിന്റെ കഥ ഒന്നുതന്നെയാണ്.ഇതില്‍ ആവിഷ്ക്കരിക്കുന്ന അനുഭവം പലയാവര്‍ത്തി വായനക്കാരന്‍റെ മുന്നിലൂടെ കടന്നുപോയതാകാം . എങ്കിലും അതിലൊരു പുതുമയുണ്ടാക്കാന്‍ മധുപാലിന് കഴിഞ്ഞിടുണ്ട് . എഴുത്തുകാരനേക്കാള്‍ മുന്‍പേ സഞ്ചരിക്കുന്ന വായനക്കാരന് ഊഹിക്കാന്‍ കഴിയുന്നവിധം ചില ചോദ്യങ്ങള്‍ ബാക്കി നിര്‍ത്തിയിരിക്കുന്നു . അതാകാം ഈ കഥയെ വ്യത്യസ്തമാക്കുന്നതും.

നവീന്‍ ലോപ്പസ്  , വീണാ സുകുമാരന്‍ , അനസൂയ വേണുഗോപാല്‍ , അനിതകുമാരി , അനില്‍ ആദിത്യന്‍ , അനുപമ രാമകൃഷ്ണന്‍ , ഷൌക്കത്ത് , പിന്നെ നിരന്തരം പോസ്റ്റുകളും കമന്റുകളുമായി ഫേസ്ബുക്കില്‍ വരുന്ന സൌഹൃതങ്ങളും ആണ് ഈ കഥയിലെ കഥാപാത്രങ്ങള്‍ . ഒരിക്കല്‍പോലും പരസ്പരം കാണുകയോ സംസാരിക്കുകയോ ചെയ്തിട്ടില്ലാത്ത  ഫേസ്ബുക്ക് എന്ന വലയ്ക്കുള്ളില്‍ മാത്രം വിഹരിക്കുന്ന കഥാപാത്രങ്ങള്‍ . എങ്കിലും ഈ വലയ്ക്കുള്ളില്‍ നിന്നുകൊണ്ട് എല്ലാവരും പരസ്പരം വിശ്വസിക്കുകയും സുഹൃത്തുക്കള്‍ ആകുകയും ചെയ്യുന്നു . ആരും മുന്‍പേ തന്നെ ബന്ധുക്കളല്ല , സുഹൃത്തുക്കള്‍ അല്ല , ജീവിതത്തില്‍ ഒരിക്കലും കണ്ടുമുട്ടിയിട്ടില്ല , പക്ഷേ ജീവിതാനുഭവങ്ങള്‍ക്കിടയില്‍ കണ്ണീരൊപ്പാന്‍ , പരസ്പരം ആശയങ്ങള്‍ പങ്കുവയ്ക്കാന്‍ അവര്‍ക്കാകുന്നു .

ഫേസ്ബുക്കില്‍ പോസ്റ്റ്‌ ഇടുന്ന ഓരോ സ്ത്രീക്കും പറയാനൊരുകഥയുണ്ട് .
നഷ്ടപ്പെട്ടജീവിതത്തെ തിരിച്ചുപ്പിടിക്കാനാകാതെ ദിവാസ്വപ്നങ്ങളില്‍ മുങ്ങി പരേതാത്മാവിനെ പ്രണയിച്ചു പ്രാപിക്കുന്ന വീണാ സുകുമാരന്‍ , സ്വന്തം അമ്മയ്ക്കായി കസ്റ്റമരെ ക്ഷണിച്ചുകൊണ്ട് ഒരു സൈറ്റ്‌ ഉണ്ടാക്കിയ അനസൂയയുടെ മകന്‍ , അവനെ തള്ളാനും കൊള്ളാനും കഴിയാത്ത അനസൂയയുടെ വ്യഥകള്‍ , അങ്ങിനെ ഫേസ്ബുക്ക് മലര്‍ക്കെ തുറന്നിട്ട്‌ കൊണ്ട് നോവലിസ്റ്റ് കണ്ടെത്തിയ ഒരുപിടി മനുഷ്യജീവിതങ്ങള്‍ . അതിനിടയില്‍ പലപ്പോഴായി വരുന്ന ഉപമകളില്‍ ബൈബിള്‍ കാലവും , സെന്‍ കഥകളും മിന്നിമറയുന്നു .

സ്ത്രീകളുടെ അതിജീവനത്തിന്റെ കഥ പറയുന്ന ഫേസ്ബുക്കില്‍ ജീവിത സന്ദര്‍ഭങ്ങള്‍ക്ക് തുടര്‍ച്ച ഉണ്ടാകുന്നെങ്കില്‍ കൂടി , വീണയുടെ കഥയ്ക്കൊഴികെ  മറ്റാര്‍ക്കും ഒരു അവസാനമില്ല . അല്ലെങ്കില്‍ അത് ശരിയായ രീതിയില്‍ നോവലിസ്റ്റ് പറയുന്നില്ല . ലോകത്തിലെ പ്രധാനപ്പെട്ടവയെല്ലാം അവസാനിക്കുന്നത് ഓരോ ചോദ്യത്തോടെയാണ് . അവസാനിപ്പിക്കല്‍ എന്ന കളി പരിചയപ്പെട്ടു കഴിഞ്ഞവര്‍ ഉത്തരത്തിനായി കാത്തുനില്‍ക്കുകയില്ല . ആകാശത്തിലേക്ക് ഒരു ചോദ്യം വലിച്ചെറിഞ്ഞുക്കൊടുത്തു അവര്‍ അവരുടെ പാട്ടിനുപോകും . അവരുടേതാണ് ആനന്ദസാമ്രാജ്യം. ഉത്തരങ്ങള്‍ വന്നലട്ടാത്ത നീലനിശബ്ദമേഖല .

ഇനി മധുപാലിന്റെ തന്നെ വാക്കുകള്‍ കടമെടുത്തുകൊണ്ട് പറഞ്ഞാല്‍ ഈ നോവല്‍ ഒരിക്കലും അവസാനിക്കുന്നില്ല . കാരണം അവസാനിക്കാത്ത അതിജീവനകഥകളുടെ സാമൂഹിക പ്രതലമാണ് ഫേസ്ബുക്ക് . വരൂ , ഇടപെടൂ , മുന്നോട്ടു നയിക്കൂ ...വായനക്കാരുടെ പൂരിപ്പിക്കലിലൂടെ  മാത്രം സാധ്യമാകുന്ന ഒരവസാനത്തിനായി ചിന്തിക്കൂ . അതിമനോഹരം എന്ന് പറയാന്‍ കഴിയില്ലെങ്കില്‍ക്കൂടി നിങ്ങള്ക്ക് വ്യത്യസ്തമായൊരു വായനാനുഭവം ' ഫേസ്ബുക്ക്' സമ്മാനിക്കും .തീര്‍ച്ച .


Tuesday, January 29, 2013

മീരയുടെ കഥകള്‍ ( പുനര്‍വായന )

ഈ ദിവസങ്ങളിലെ വായനകളിലും ചര്‍ച്ചകളിലും ഏറെ  കേട്ട ഒരു പേരായിരുന്നു എഴുത്തുകാരി മീരയുടെത് .ഇലഞ്ഞി പോസ്റ്റ്‌ ചെയ്ത കഥ  ' ഓര്‍മ്മയുടെ ഞരമ്പുകള്‍ ' വായിച്ചപ്പോള്‍ മുതല്‍ മീരയൊരു സ്വപ്നമാകുകയായിരുന്നു . പിന്നീട് മനോജ്‌  , ബിനു , എന്നിവരുടെ അഭിപ്രായങ്ങള്‍ കൂടി അറിഞ്ഞപ്പോള്‍ പിറ്റേന്ന് തന്നെ മീരയെ തേടിയിറങ്ങി ഞാന്‍ .

വല്ലാത്തൊരു ആകാംക്ഷയോടെയാണ് വായിക്കാനിരുന്നത് . ' മീരയുടെ കഥകള്‍ ' എന്ന സമാഹാരത്തിലെ ഇരുപത്തി ആറു കഥകള്‍ ആണ് ഈ പോസ്റ്റിനു അടിസ്ഥാനം . മനോഹരമായ , വ്യത്യസ്തവായന സമ്മാനിച്ച ഈ കഥകള്‍ നിങ്ങള്ക്ക് കൂടി  വേണ്ടി പങ്കുവെച്ചിലെങ്കില്‍ ഒരു പക്ഷെ എന്റെ വായന പൂര്‍ണമാകില്ല . ഞാനിവിടെ പറയുന്നത് അതിലെന്നെ ഏറെ ആകര്‍ഷിച്ച അഞ്ചു കഥകളെ കുറിച്ചാണ് . സ്വപ്നം കാണുംപോലൊരു നിര്‍വൃതിയോടെ വായിച്ചു തീര്‍ത്തും ഏറെ ഇഷ്ടമായതും  ' ഏകാന്തതയുടെ നൂര്‍ വര്‍ഷങ്ങള്‍ ' ആണ്  . ഇനി  എഴുത്തുക്കാരിയെ കുറിച്ചും കഥയെക്കുറിച്ചും പറയട്ടെ ഞാന്‍.
(ഈ കാഴ്ചപ്പാടുകള്‍ എന്റെ വായനയുടെ പരിമിതിയില്‍ ഞാന്‍ കണ്ട ചില നുറുങ്ങുകള്‍ ആണ് . മീരയെ എഴുതുവാന്‍ മാത്രം ഞാനാളല്ല . ക്ഷമിക്കുക , ഏവരും .)





നല്ല എഴുത്തുക്കാരിയുടെ  കയ്യൊപ്പുപ്പതിഞ്ഞ കുറെയേറെ കഥകള്‍ വായിക്കാന്‍ കഴിയുക എന്നുള്ളതൊരു സൌഭാഗ്യമാണ് . പലപ്പോഴും വിരസമായി പോയേക്കാവുന്ന ചെറുകഥകള്‍ക്കു  മുമ്പില്‍ വായനക്കാരെ പിടിച്ചിരുതണമെങ്കില്‍ അത്രയേറെ വായനക്കാരനെ  മോഹിപ്പിക്കുന്ന ഘടകം അതിലുണ്ടാകണം . ' കെ . ആര്‍ .മീരയുടെ കഥകള്‍ ' എന്ന സമാഹാരത്തില്‍ ഒന്നോ രണ്ടോ കഥകള്‍ ഒഴികെ ബാക്കിയെല്ലാം അത്തരമൊരു വായന സമ്മാനിക്കുന്നവയാണ് . കഥകള്‍ മുഴുവന്‍ വായിച്ചു കഴിഞ്ഞാല്‍ ശരിക്കും നമ്മള്‍ വിസ്മയപ്പെടും . 'മോഹമഞ്ഞ', 'ശൂര്‍പ്പണഖ', 'കരിനീല ', 'ഓര്‍മയുടെ ഞരമ്പ്' , 'കരിനീല' , 'ഏകാന്തതയുടെ നൂര്‍ വര്‍ഷങ്ങള്‍' ,തുടങ്ങിയ കഥകളിലൂടെ മൗലികമായൊരു വ്യക്തിത്വം മലയാള ഫിക്ഷനില്‍ സ്ഥാപിക്കുകയായിരുന്നു മീര.

ഗഹനമായ ജീവിതവീക്ഷണവും ഭാവതീഷ്ണതയാര്‍ന്ന ഭാഷാശൈലിയും വിശാലമായ അനുഭവസമ്പത്തും അപൂര്‍വ്വതയുളള ഇതിവൃത്തങ്ങളുമൊക്കെക്കൊണ്ട്‌ ശ്രദ്ധേയമായ കഥകള്‍ ആണ് മീരയുടെത്.  പത്രപ്രവര്‍ത്തനത്തിന്റെ അനുഭവസമ്പത്ത്‌ മീരയുടെ കഥാലോകത്തെ ഒട്ടൊന്നുമല്ല പോഷിപ്പിച്ചിട്ടുളളത്‌.
മീരയുടെ ചെറുകഥകളില്‍ വലിയൊരുപങ്ക്‌ ഇതിവൃത്തത്തിന്റെ അപൂര്‍വ്വത കൊണ്ട്‌ ശ്രദ്ധിക്കപ്പെട്ടവയാണ്‌. അഥവാ ഇതിവൃത്തത്തിന്‌ അപൂര്‍വ്വത അവകാശപ്പെടാനില്ലെങ്കില്‍ ആഖ്യാനത്തില്‍ കൈവരിക്കുന്ന അപൂര്‍വ്വത കൊണ്ട്‌ ചില കഥകള്‍ ശോഭിക്കുന്നു.


പുതിയ ലോകത്തിലും പുതിയ കാലത്തിലും സ്ത്രീ അനുഭവിക്കേണ്ടിവരുന്ന വിവിധങ്ങളായ ജീവിത വ്യഥകളെ തീവ്രമായി ആവിഷ്കരിക്കുന്ന നിരവധികഥകള്‍ ഇന്നുണ്ടാകുന്നുണ്ട്. അതില്‍ നിന്നും വ്യത്യസ്തമായി ഇത് വെറുമൊരു കഥ അല്ല, അനുഭവമാണ്, സത്യങ്ങളാണ് എന്ന് വായനക്കാരന്റെ മനസ്സില്‍ തോന്നിപ്പിക്കാന്‍ കഥാകാരിക്ക് കഴിഞ്ഞിടുണ്ട് .  കഥ വായിക്കുമ്പോള്‍ മനസ്സിന് തുടര്‍ച്ചയായി മുറിവേല്‍ക്കുന്ന ആഖ്യാനം. കഥാകാരി, അവരുടെ തന്നെ വാക്കുകളില്‍, ഇപ്പോള്‍ കുരയ്ക്കുകയല്ല, ഗര്ജിക്കുകയാണ്. മീരയുടെ ഗര്‍ജനം ഈ സമൂഹത്തോടാണ്.  



രോഗവും പ്രണയവും കാമവും ചേർന്ന ഒരു കഥ വിടരുകയാണ്‌ 'മോഹമഞ്ഞ'യിൽ.അടിച്ചമർത്തപ്പെടുന്ന ആസക്തികളെയും സ്നേഹിക്കപ്പെടാതെ പോകുന്ന മനുഷ്യനെയും ഈ കഥ ചേർത്തുനിർത്തി കാണുന്നുണ്ട്‌.
  "ജീവിതത്തിലാദ്യമായി കാണുകയാണെങ്കിലും പ്രണയബന്ധങ്ങളിൽ പതിവുള്ളതുപോലെ ഇയാളെ എവിടെയോ കണ്ടിട്ടുണ്ടല്ലോ എന്ന് അവളും ഇവളെ എപ്പോഴോ പരിചയപ്പെട്ടിട്ടുണ്ടല്ലോ എന്ന് അയാളും വിചാരിച്ചു."കഥയ്ക്കുള്ളിൽ തെളിയുകയും മറയുകയും ചെയ്യുന്ന വർണ്ണങ്ങൾ (മഞ്ഞ/ചാര നിറങ്ങൾ) സൃഷ്ടിക്കുന്ന വിനിമയഭംഗിയും കഥയുടെ വായനയിൽ നാം കാണണം. രോഗവും പ്രണയും കാമവും എത്ര ആഴത്തിലും കലാത്മകമായും ആണെന്നോ ഈ കഥയിൽ കൂടിക്കലരുന്നത്‌ . ‘മോഹമഞ്ഞ’യുടെ വിവര്‍ത്തനം ‘ശൂര്‍പ്പണഖ’ എന്ന പേരില്‍ തമിഴില്‍ പ്രസിദ്ധീകരിക്കപ്പെട്ടിടുണ്ട് .



ഒരു പെണ്ണിന്റേതു മാത്രമായ അനുഭവങ്ങളെ ഒരു പെണ്ണിനു മാത്രം കഴിയുന്ന രീതിയില്‍ വിവരിക്കുകയാണ് കരിനീലയില്‍ എഴുത്തുകാരി. കഥയുടെ ഭാഷ പൂര്‍ണമായും ലളിതമാണ്, ഒരു അനുഭവകഥനത്തിന്റെ രീതി, കേള്‍ക്കുന്നവരില്‍ നീറിപ്പിടിക്കുന്ന വാക്കുകളും വാചകങ്ങളും . കരിനീലയിലെ നായിക ആദ്യം സ്വന്തം പ്രണയം കണ്ടെത്തുന്നു, അപ്പോള്‍ തന്നെ അത് അല്പായുസ്സാണെന്നവള്‍ മനസ്സിലാക്കുന്നുമുണ്ട്. പ്രണയമാളുന്നതും കത്തിയൊടുങ്ങി വിരഹത്തിന്റെ മഞ്ഞു വീഴ്ചയിലവള്‍ തണുത്തു വിറയ്ക്കുന്നതും വായനയില്‍ നാം തുടര്‍ന്നു കാണുന്നു. അതിനിടയിലൂടെ അവള്‍ കടന്നുപോകുന്ന സ്ത്രൈണാനുഭവങ്ങളുടെ സത്യസന്ധമായ ഒരു ചിത്രം ഈ കഥയിലുണ്ട്.
സ്വന്തം ഇണയെ കണ്ടെത്തുന്ന പെണ്‍‌ജീവകോശങ്ങളുടെ തുടിപ്പ്, ആഗ്രഹം, ആസക്തി. ഇക്കാര്യങ്ങളെ പച്ചയ്ക്കിങ്ങനെ പറയാതെ ആലങ്കാരിക സാഹിത്യഭാഷയില്‍ പറയാനറിയാത്ത എഴുത്തുകാരിയല്ല മീര, പക്ഷേ , ഇവിടെ, ഈ വാക്കുകളില്‍ എത്ര ഭംഗിയാണീ സത്യത്തിന്, എത്ര തീവ്രതയാണീ വികാരങ്ങള്‍ക്ക്.
“ അല്ലെങ്കിലും നിരാശപ്പെടുത്താത്ത ഏതു പുരുഷനാണ് ഭൂമിയിലുള്ളത്? അല്ലെങ്കിലും അര്‍ഹിക്കും വിധം സ്നേഹിക്കപ്പെട്ട ഏതു സ്ത്രീയുണ്ടു ഭൂമിയില്‍ ? അല്ലെങ്കിലും വേദനയില്ലാതെ എന്തു പ്രേമം ?“ ” അവിവാഹിതര്‍ക്കു കാഴ്ച കൂടും, വിവാഹിതര്‍ക്കു അതു കുറയും “ എന്നിങ്ങനെ കൌതുകകരവും സത്യസന്ധമെന്നു സ്ത്രീകള്‍ ചിന്തിക്കുന്നതുമായ പല നിരീക്ഷണങ്ങളും ഈ കഥയില്‍ കാണാം .

കരിനീലക്കുന്ന ഈ അനുഭവം ഓരോ ജീവിതത്തിലും ഒരിക്കലെങ്കിലും സംഭവിക്കുന്നുണ്ടാകാം. ശിവന്റെ കണ്‌ഠത്തിലെ കരിനീലപ്പാടുപോലെ അത്‌ ഓരോ മനുഷ്യനിലും ബാക്കി നില്‍ക്കുന്നു. പണ്ടു വിഴുങ്ങിയ വിഷത്തിന്റെ അടയാളം. ശിവന്റെ കഴുത്തില്‍ അതൊരു തടാകം പോലെ കിടന്നുവെന്നാണ്‌ പുരാണത്തിലെഴുതിയിരിക്കുന്നത്‌. ഓരോ തവണ അതിലേക്കു നോക്കുമ്പോഴും അത്‌ പ്രേമദംശനത്തിന്റെ പാടായിട്ടാണ്‌ പാര്‍വതിക്ക്‌ തോന്നുന്നത്‌. മലയാളഭാവനയില്‍ മാരകപ്രണയദംശനത്തിന്റെ അത്തരമൊരു അടയാളമാണ്‌ കരിനീല.
ശൂര്പ്പണഖയുടെ കഥയെന്ന് കേള്ക്കുമ്പോള് ആദ്യം മനസില് ഓടി വരുന്നത് രാമായണത്തിലെ ആരണ്യകാണ്ഡമാണ്. പക്ഷെ മീരയുടെ ശൂര്‍പ്പണഖ അത്തരത്തില്‍ ഒരുവളല്ല. ഫെമിനിസം ജീവശ്വാസമെന്നു  കരുതുന്ന , വിവാഹവും മാതൃത്വവും പൊള്ളയെന്നു വിശ്വസിക്കുന്ന , എങ്കിലും മകളുടെ വളര്‍ച്ചയില്‍ ആതിപ്പി ടിക്കുന്ന  അനഘ  എന്ന കഥാപാത്രം മനസ്സില്‍നിന്നും പെട്ടെന്ന് മായില്ല.  ഒരഹങ്കാരിയെന്നു തുടക്കത്തില്‍ തോന്നുമെങ്കിലും പതറാത്ത ചിന്തകളും കടുംപിടുതവുമായി അനഘ വായനക്കാരുടെ മനസ്സില്‍ ഇരുപ്പുറപ്പിക്കും. ഒപ്പം ഒരുപാട് ചോദ്യങ്ങള്‍ക്കുള്ള ഉത്തരവുമായി  ലാക്ടോജെന്‍ ഇഷ്ടപ്പെടുന്ന അനഘയുടെ മകള്‍ സീതയും. മാറി വരുന്ന കുടുംബ വ്യവസ്ഥിതികളോടുള്ള  അമര്‍ഷം ഒരല്പം പരിഹാസത്തിന്റെ മേമ്പൊടിയോടെ വായിക്കാം ഈ കഥയില്‍ .


 ഇരകളാകുന്ന  പാവം മനുഷ്യ ജീവികളോടു നമ്മുടെ സമൂഹം എത്ര ക്രൂരമായാണ് പെരുമാറുന്നത്  എന്നോര്‍മിപ്പിക്കുന്ന കഥയാണ് കൃഷ്ണഗാഥ . ഉന്നത ജീവിതസാംസ്കാരിക മാനസില നിലവാരത്തിലാണ് എന്ന് അഹങ്കാരത്തോടെ കൊട്ടിഘോഷിക്കുന്ന നാം, മനുഷ്യത്വം, അനുകമ്പ, സ്നേഹം എന്നീ മാനുഷിക വികാരങ്ങള്‍ക്കൊന്നിനും നമ്മില്‍ ഇടമില്ല എന്നുകൂടി ഉത്ഘോഷിക്കുകയാണ്  ഈ കഥയില്‍ . മാധ്യമങ്ങള്‍ ചെയ്യുന്നതും തികച്ചും അപക്വം. സ്വന്തം പോലെ വിശ്വസിച്ചു സര്‍വ്വ സ്വതന്ത്രവും നല്‍കിയ കൂട്ടുകാരനില്‍ ഒരു മൃഗം ഒളിച്ചിരിക്കുന്നത് അറിയാതെ പോയ , മാനസിക വളര്‍ച്ചയില്ലാത്ത മകളെ  കെണിയില്‍ വീഴ്ത്തുന്ന അധ്യാപകനെ എന്ത് ചെയ്യണം എന്നറിയാത്ത , കൌതുകങ്ങള്‍ക്കപ്പുറം  തനികെന്തു സംഭവിച്ചു എന്ന് മനസ്സിലാക്കാന്‍ കഴിയാത്ത , ഒരു കുഞ്ഞിന്റെയും അച്ഛന്റെയും മാനസിക വ്യാപാരങ്ങള്‍ കൃത്യമായി വരച്ചിട്ട  കഥയാണിത് . ഇന്നത്തെ സമൂഹത്തില്‍സംഭവിച്ചുകൊണ്ടിരിക്കുന്ന കഥ .

പോളിയോ ബാധിച്ച അതിസുന്ദരിയായ മുസ്ലിം യുവതിയുമായി സത്യനെന്നവാടകകൊലയാളിയുടെ പ്രണയമാണ്‘ഏകാന്തതയുടെനൂര്‍വര്‍ഷങ്ങള്‍’നൂര്‍അയാളുടെസ്ത്രീയാണ്.അവള്‍ക്കുവേണ്ടിയാണ് അയാള്‍ പുരുഷനായി അവശേഷിക്കുന്നത് . അവളിലേക്കുള്ള ആകര്‍ഷണത്തിന്റെ സത്യം അവസാനമാണ് അയാള്‍ക്ക്‌ മനസ്സിലാകുന്നത് . അയാളുടെ അഹന്തയായിരുന്ന ഏകാന്തതയാണ് നൂര്‍ എന്ന അയാളുടെ രത്നം തട്ടിത്തെറിപ്പിച്ചത് .
ഇനി പുസ്തകത്തിലെ വാക്കുകള്‍ കടമെടുത്തു പറഞ്ഞാല്‍ , കാലവുമായി സ്ഫോടനശക്തിയോടെ ഇടപഴകുന്ന കഥകളാണ് ഈ സമാഹാരത്തില്‍ . വാക്കുകളില്‍ അതീവ ജാഗ്രതയുള്ലോരു മനസ്സ് ഈ കഥകള്‍ക്കു പിന്നിലുണ്ട് . വായനയെ ആഹ്ലാദകരമാക്കുന്ന നനുത്ത നര്‍മ്മം ഈ കഥകളുടെ സൌഭാഗ്യമാണ് . തീര്‍ച്ചയായും മലയാളികള്‍ക്ക് മികച്ചൊരു സംഭാവന . കഴിയുമെങ്കില്‍ നഷ്ടപ്പെടുത്തരുത് ഈ കഥകളുടെ പൂക്കാലം.

Saturday, June 16, 2012

വാക്കിന്റെ തട്ടകം

കോവിലന്‍, പേരു കേള്‍ക്കുമ്പോള്‍ ഓര്‍മ്മ വരുന്നത്‌ ചിലപ്പതികാരത്തിലെ കോവലനെയാണ്‌. കണ്ണകിയുടെ നിഴല്‍ പോലെ പാടി കേട്ട ഒരു കഥാപാത്രം. എന്നാല്‍ നമുക്ക്‌ കോവിലന്‍ അതൊന്നുമല്ല. പാടി പതിഞ്ഞ തോറ്റം പാട്ടു പോലെ മലയാളകഥാലോകത്തേക്ക്‌ വി വി അയ്യപ്പന്‍ കടന്നു വന്നു.തോറ്റം പാട്ടുകളോടുള്ള അഭിനിവേശം കൊണ്ടായിരിക്കാം അദ്ദേഹം തമിഴ്‌ ചുവയുള്ള കോവിലന്‍ എന്ന പേരു സ്വീകരിക്കാന്‍ കാരണം. ജൂണ്‍ കവര്‍ന്നെടുത്ത പ്രതിഭകളില്‍ മലയാളി സാഹിത്യ പ്രണയികള്‍ക്ക് മറക്കാന്‍ പറ്റാതായ പേരായി മാറി അത് .

ഗുരുവായൂരിനടുത്തുള്ള കണ്ടാണിശേരിയാണ്‌ കോവിലന്റെ സ്വദേശം. ആ ഗ്രാമത്തിന്‍െറ ചൂടും ചൂരും അദ്ദേഹത്തിന്റെ കഥകളില്‍ നിറഞ്ഞു നില്‍ക്കുന്നു.1923 ജൂലായ് ഒമ്പതിന് വട്ടോമ്പറമ്പില്‍ വേലപ്പന്‍ അയ്യപ്പന്‍ എന്ന കോവിലന്‍ ജനിച്ചത്

20 വര്‍ഷത്തോളം കരസേനയില്‍ സേവനമനുഷ്‌ഠിച്ച കോവിലന്‍ പട്ടാളക്യാമ്പുകളിലെ അന്തസംഘര്‍ഷങ്ങളും സ്വപ്‌നങ്ങളും നിരാശകളും പ്രതീക്ഷകളും തന്റെ തൂലിക കൊണ്ട്‌ മനോഹരമായി വരച്ചു കാട്ടി. ഹിമാലയം മുതല്‍ തൃശൂര്‍ വരെയുള്ള ലോകം കോവിലന്റെ കഥകളിലൂടെ നമുക്ക്‌ പരിചിതമായി.

തന്റെ ഗ്രാമത്തിന്റെ പശ്‌ചാത്തലത്തില്‍ കോവിലന്‍ രചിച്ച തട്ടകവും തോറ്റങ്ങളും വളരെയേറെ ശ്രദ്ധ നേടിയ കൃതികളാണ്‌. മനുഷ്യന്‍ നേരിടുന്ന അസ്‌തിത്വ പ്രശ്‌നങ്ങളും ആത്മസംഘര്‍ഷങ്ങളും ആ കൃതികളില്‍ നിറഞ്ഞു നില്‍ക്കുന്നു. ഗ്രാമത്തിന്റ നന്മയ്‌ക്കപ്പുറം മനുഷ്യമനസ്‌സിന്റെ നിഗൂഢമായ വികാരങ്ങളാണ്‌ അവയിലൊക്കെ പ്രതിപാദിക്കുന്നത്‌.

അതു വരെ നാമറിയാത്ത ലോകത്തെ പരിചയപ്പെടുത്തി തന്ന, പട്ടാളക്കാരുടെ കഥ പറഞ്ഞ എ മൈനസ്‌ ബി, ഹിമാലയം, ഏഴാമെടങ്ങള്‍, താഴ്‌വരകള്‍, ബോര്‍ഡൗട്ട്‌ എന്നീ നോവലുകളും മറ്റു പട്ടാളക്കഥകളും കോവിലനെ ശ്രദ്ധേയനാക്കി

. ഈ ജീവിതം അനാഥമാണ്‌, ഒരു കഷണം അസ്ഥി തുടങ്ങിയവയാണ്‌ അദ്ദേഹത്തിന്റെ പ്രധാന കഥാസമാഹാരങ്ങള്‍. തകര്‍ന്ന ഹൃദയങ്ങളാണ്‌ കോവിലന്റെ ആദ്യ കൃതി. ആത്മകഥാസ്‌പര്‍ശമുള്ള തട്ടകമാണ്‌ കോവിലന്റെ അവസാനത്ത കൃതി. ഇതിന്‌ എന്‍.വി. പുരസ്‌കാരം, വയലാര്‍ അവാര്‍ഡ്‌ എന്നിവ ലഭിച്ചു.

എഴുത്തച്ഛന്‍ പുരസ്‌കാരം, കേന്ദ്ര സാഹിത്യ അക്കാദമി വിശിഷ്‌ടാംഗത്വം, കേന്ദ്ര-കേരള സാഹിത്യ അക്കാദമി പുരസ്‌കാരങ്ങള്‍, ബഷീര്‍ അവാര്‍ഡ്‌, മുട്ടത്ത്‌ വര്‍ക്കി അവാര്‍ഡ്‌ തുടങ്ങി ഒട്ടേറെ പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്‌

മലയാളത്തിന്റെ തട്ടകത്തില്‍ നിന്നും ആ വാക്ക് മുറിഞ്ഞു പോയിട്ട് രണ്ടു വര്ഷം കഴിഞ്ഞിരിക്കുന്നു. പക്ഷെ മനസ്സിന്റെ തട്ടകത്തില്‍ ഈ കണ്ടാണിച്ചേരി ക്കാരന്‍ വരച്ചിട്ട വാങ്ങ്മയ ചിത്രങ്ങള്‍    ഇന്നും തിളങ്ങി നില്‍ക്കുന്നു

അഞ്ജു  നായര്‍
http://chambalkoona.blogspot.com