വായനക്കൊരിടം !!!

എഴുത്തുകാരെപ്പറ്റി,പുസ്തകങ്ങളെക്കുറിച്ച്, സാഹിത്യവുമായി ബന്ധപ്പെട്ട ലഘുകുറിപ്പുകള്‍ ആണ് വായനാമുറിയില്‍ ഉള്‍പെടുത്തുന്നത്‌. നിങ്ങള്‍ക്കും ഇതില്‍ പങ്കുചേരാം. നിങ്ങളുടെ ഇമെയില്‍, ബ്ലോഗ്‌ അഡ്രെസ്സ് എന്നിവയും മറ്റു വിവരങ്ങളും vaayanamuri@gmail.com എന്ന വിലാസത്തിലേക്ക് അയച്ചു തരു. വിജ്ഞാന സംബന്ധിയായ കുറിപ്പുകളായാതുകൊണ്ട് വിവരങ്ങളുടെ ആധികാരികത ഉറപ്പുവരുത്തിയതിനു ശേഷമേ പോസ്റ്റ്‌ ചെയ്യാവൂ. വിവാദങ്ങള്‍ക്കും വാഗ്വാദങ്ങള്‍ക്കും അപ്പുറത്ത് അറിവ് പങ്കുവെക്കല്‍ എന്ന ഒരേ ഒരു ലക്ഷ്യമാണ്‌ ഈ ശ്രമത്തിനു പിന്നില്‍ എന്നു ഇവിടെ വ്യക്തമാക്കട്ടെ.







Wednesday, November 9, 2011

മഞ്ഞ വെയില്‍ മരണങ്ങള്‍



 ആടുജീവിതം പകര്‍ന്നു നല്‍കിയ നവ്യമായ വായനനുഭവത്തിനു ശേഷം ബെന്യാമിന്റെ അടുത്ത നോവലിനെ ഉറ്റു നോക്കിയിരുന്ന സാഹിത്യ കുതുകികളുടെ  മുന്നിലേക്ക്‌ ഉത്തരാധുനികമായ രചന സങ്കേതങ്ങള്‍ മുന്നോട്ടു വെച്ച് കടന്നു വരികയാണ് ബെന്യാമിന്‍ മഞ്ഞ വെയില്‍  മരണങ്ങളിലൂടെ.  വിജയ ഫോര്മുലകളെ പുനരാവരത്തിക്കാനുള്ള സ്ഥിരം ശ്രമങ്ങളില്‍ നിന്നും വിട്ടുമാറി ആട് ജീവിതത്തില്‍ നിന്നും അടി മുടി മാറിയൊരു കഥാ പാശ്ചാത്തലം ഒരുക്കി പുതിയ രീതിയില്‍ കഥ പറഞ്ഞു ഒരിക്കല്‍ കൂടി വായനക്കാരോട് ബെന്യാമിന്‍ നീതി പുലര്‍ത്തുന്നു.    
 വരണ്ട മരുക്കാട്ടില്‍ അകപെട്ട നജീബില്‍ നിന്നും ജല സമൃദ്ധമായ ഡീഗോ ഗാര്‍ഷ്യയിലെ അന്ത്രപ്പേരിലേക്ക് വലിയ ദൂരമുണ്ട്. നജീബിലൂറെ ഒരു മനുഷ്യാവസ്ഥയുടെ കഥപറയുമ്പോള്‍ മഞ്ഞവെയിലില്‍ ഭരണകൂടഭീകരത, അധികാരം നില നിര്‍ത്താനും പിടിച്ചെടുക്കാനും വേണ്ടിയുള്ള വലിയ കാന്‍വാസിലെ കളികള്‍ എന്നിവ ഒരു കുറ്റാന്വേഷണ നോവലെന്നപോലെ അവതരിപ്പിക്കുന്നു. 
ചരിത്രവും വര്‍ത്തമാനവും ഇഴചെര്‍ന്നുള്ള പുതുമയുള്ള ആഖ്യാന രീതി , പുതിയ കാലത്തെ സാങ്കേതിക വിദ്യകളെ ഉപയോഗപ്പെടുത്തിയുള്ള കഥ പറച്ചില്‍ , അവസാനം വരെ സസ്പെന്‍സ് നില നിര്‍ത്താനുള്ള ശ്രമം എന്നിവ മഞ്ഞ വെയിലിനെ വ്യത്യസ്തമാക്കുന്നുണ്ട് . ഡീഗോ ഗാര്‍ഷ്യ യിലെ അന്ത്രപ്പേര്‍ കുടുംബവും അവര്‍ ആ നാടിന്റെ ചരിത്രത്തില്‍ വഹിച്ച പങ്കും പറയുന്നതിനിടയില്‍ കേരളത്തിലെ ക്രിസ്തീയ ചരിത്രവും പരാമര്‍ശിക്കപ്പെടുന്നുണ്ട് . അധികാരം നില നിര്‍ത്തുന്നതിനു വേണ്ടി  നീതിയും നിയമത്തെയും സൌകര്യപ്രദമായി ഉപയോഗിച്ച് , നേരിനെ തമസ്ക്കരിച്ചു യുക്തിയെ വെള്ള പൂശി ഭരണ കൂടങ്ങള്‍ നടത്തുന്ന നാടകങ്ങളെ സമകാലിക സമൂഹത്തിലെ പല കാഴ്ചകളുമായി ചേര്‍ത്ത് വായിക്കാന്‍ കഴിയും .

കഥ പറച്ചിലില്‍ വളരെ അനായാസമായ ബെന്യാമിന്‍ ശൈലി ഒരിക്കല്‍ കൂടി ഇവിടെ വെളിവാക്കപെടുന്നു. പക്ഷെ കഥ പറയുന്ന രീതി, ഉള്ളടക്കം എന്നിവയില്‍ പലപ്പോഴും ഒരു ദാന്‍ ബ്രൌണ്‍ ചുവ അനുഭവപ്പെടുന്നുണ്ട്. 'മറിയം സേവ ' ,നൂറ്റാണ്ടുകളായി രഹസ്യങ്ങള്‍ സൂക്ഷിക്കുന്ന മത സംഘടനകള്‍ , മതവും രാഷ്ട്രീയവും ഇഴ ചേര്‍ന്നുള്ള രചനാ രീതി എന്നിവയിലൂടെ കടന്നു പോകുമ്പോള്‍  ഡാ വിഞ്ചി കോഡ് ഓര്‍മ്മയിലേക്ക് കയറി വരുന്നു. സമാനമായ രചന രീതികള്‍ ടി ഡി രാമകൃഷ്ണന്റെ ഫ്രാന്‍സിസ് ഇട്ടിക്കോരയിലും കാണാം . 
എഴുത്തിന്റെ പുതിയ സങ്കേതങ്ങളെ പരീക്ഷിക്കാന്‍ ബെന്യാമിന്‍ കാട്ടിയ ധൈര്യത്തെ അഭിനന്ദിക്കുന്നു. പാരിസ്ഥിതികവും ദാര്‍ശനികവുമായ വലിയൊരു വായനക്കുള്ള സാധ്യതയും ഈ പുസ്തകം അര്‍ഹിക്കുന്നുണ്ട്. അത്തരത്തിലുള്ള വായനയും വിലയിരുത്തലും ഉണ്ടാകേണ്ടതുണ്ട് . അതിനു ഈ കുഞ്ഞു പരിചയപ്പെടുത്തല്‍ ഉപകരിക്കുമെന്ന് കരുതട്ടെ.

Tuesday, November 8, 2011

ജി. ശങ്കരക്കുറുപ്പ്‌



എറണാകുളം ജില്ലയില്‍ കാലടിക്കടുത്ത്‌ നായത്തോട്‌ എന്ന ഗ്രാമത്തില്‍ ആണ്‌ 1901 ജൂണ്‍ 3 ന്‌ ശങ്കരക്കുറുപ്പ്‌ ജനിച്ചത്‌. അച്ഛന്‍ നെല്ലിയ്‌ക്കാപ്പിള്ളി ശങ്കരവാര്യര്‍. അമ്മ ലക്ഷ്‌മിക്കുട്ടി അമ്മ. പെരുമ്പാവൂരും ആലുവായിലും സ്‌ക്കൂളുകളില്‍ പഠിച്ചു. 1919ല്‍ പണ്‌ഡിതര്‍ പരീക്ഷ ജയിച്ച്‌ തിരുവില്വാമല സ്‌ക്കൂളില്‍ ഭാഷാധ്യാപകനായി. 1937ല്‍ എറണാകുളം മഹാരാജാസ്‌ കോളേജിലെ
മലയാള പണ്‌ഡിതനായി. 1950ല്‍ അവിടെ പ്രൊഫസര്‍ ആയി. 1956ല്‍ ജോലിയില്‍ നിന്നും വിരമിച്ചു. പിന്നീട ആകാശവാണി തിരുവനന്തപുരം നിലയത്തില്‍ ഒരു വര്‍ഷം പ്രൊഡ്യൂസര്‍ ആയും പിന്നീട്‌ ഉപദേഷ്‌ടാവായും ജോലി ചെയ്‌തു. 1931ല്‍ ആണ്‌ ശങ്കരക്കുറുപ്പ്‌ പി. സുഭദ്രാമ്മയെ വിവാഹം ചെയ്‌തത്‌. 1945 മുതല്‍ 1957 വരെ സാഹിത്യപരിഷത്ത്‌ മാസികയുടെ പത്രാധിപര്‍
ആയിരുന്നു. കേരളസാഹിത്യ അക്കാദമിയുടെ അധ്യക്ഷന്‍ ആയിരുന്നു ജി. സാഹിത്യ പരിഷത്തിന്റേയും. 1968ല്‍ അദ്ദേഹത്തെ രാജ്യസഭാംഗമായി നോമിനേറ്റു ചെയ്‌തു. കേരള-കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌ക്കാരങ്ങള്‍, സോവിയറ്റ്‌ലാന്റ ്‌ നെഹ്രു
അവാര്‍ഡ്‌, ജ്ഞാനപീഠ പുരസ്‌ക്കാരം എന്നിവ ലഭിച്ചിട്ടുണ്ട്‌. ഇംഗ്ലീഷ്‌, റഷ്യന്‍, ഇറ്റാലിയന്‍ തുടങ്ങിയ വിദേശഭാഷകളിലേയ്‌ക്കും,
മിക്ക ഭാരതീയ ഭാഷകളിലേയ്‌ക്കും ജിയുടെ കൃതികള്‍ വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്‌. 1978 ജനുവരിയില്‍ രോഗബാധയെത്തുടര്‍ന്ന്‌ അദ്ദേഹം ശസ്‌ത്രക്രിയയ്‌ക്കു വിധേയനായി. 1978 ഫെബ്രുവരി 2 ന്‌ മരിച്ചു.


കവിത, നാടകം, നിരൂപണം, വ്യാകരണം, ജീവചരിത്രം - വൈവിദ്ധ്യപൂര്‍ണ്ണമാണ്‌ ജി. യുടെ സാഹിത്യസേവന മണ്‌ഡലം. കവിത അദ്ദേഹത്തിന്‌ ആത്മാവിഷ്‌ക്കാരവും, അന്വേഷണവും ആയി മാറി. സൂര്യകാന്തി, മേഘഗീതം, പുഷ്‌പഗീതം, നിമിഷം, പൂജാപുഷ്‌പം, മുത്തുകള്‍, ഇതളുകള്‍, ചെങ്കതിരുകള്‍, നവാതിഥി, പഥികന്റെ പാട്ട്‌, അന്തര്‍ദ്ദാഹം, വെള്ളില്‍ പറവകള്‍, വിശ്വദര്‍ശനം, മൂന്നരുവിയും ഒരു പുഴയും, ജീവനസംഗീതം, മധുരം സൗമ്യം ദീപ്‌തം ഇവയാണ്‌ അദ്ദേഹത്തിന്റെ പ്രധാന കവിതാസമാഹാരങ്ങള്‍.
ജ്ഞാനപീഠപുരസ്‌ക്കാരം നേടിയ ഓടക്കുഴല്‍ തിരഞ്ഞെടുത്ത കവിതകളുടെ- ആദ്യകാല കവിതകളുടെ - സമാഹാരമാണ്‌. ശങ്കരക്കുറുപ്പിന്റെ തിരഞ്ഞെടുത്ത രണ്ടു കവിതാസമാഹാരങ്ങള്‍ കൂടി ഉണ്ട്‌. ജിയുടെ തിരഞ്ഞെടുത്ത കവിതകള്‍, പാഥേയം. ഇളംചുണ്ടുകള്‍, ഓലപ്പീപ്പി എന്നിവ കുട്ടികള്‍ക്കു വേണ്ടി എഴുതിയ കവിതകളാണ്‌. സന്ധ്യ, ഇരുട്ടിനു മുമ്പ്‌, ആഗസ്റ്റ്‌ പതിനഞ്ച്‌ എന്നീ നാടകങ്ങള്‍, ടാഗോറിന്റെ ഏതാനും കവിതകള്‍ നൂറ്റൊന്നു കിരണങ്ങള്‍ എന്ന പേരില്‍ പരിഭാഷപ്പെടുത്തിയ ജി. ഗീതാഞ്‌ജലിയും വിവര്‍ത്തനം ചെയ്‌തിട്ടുണ്ട്‌. ഒമര്‍ഖയ്യാമിന്റെ റുബയ്യാത്തിന്റെ പരിഭാഷയാണ്‌ വിലാസലഹരി. മേഘദൂതത്തിന്റെ പരിഭാഷയാണ്‌ മേഘച്ഛായ. നിരൂപകന്‍, ഉപന്യാസകാരന്‍ എന്നീ നിലകളിലും ജി. ശ്രദ്ധേയനാണ്‌. ഗദ്യോപഹാരം, മുത്തും ചിപ്പിയും, രാക്കുയിലുകള്‍, ലേഖമാല എന്നിങ്ങനെ ഉള്ള ഗദ്യ ഗ്രന്ഥങ്ങളിലെ ലേഖനങ്ങള്‍, ജി. യുടെ ഗദ്യലേഖനങ്ങള്‍ എന്ന പേരില്‍ ലഭ്യമാണ്‌. ഡയറിക്കുറിപ്പുകളും, ആത്മകഥാപരമായ ലേഖനങ്ങളും ചേര്‍ന്ന കൃതിയാണ്‌ ജി. യുടെ നോട്ടുബുക്ക്‌ .

Thursday, October 20, 2011

ബേബിച്ചനു ആദരാഞ്ജലികള്‍


ജനനം: 1935 ഏപ്രില്‍ 23ന്
മലയാള നോവല്‍-കഥാസാഹിത്യത്തിന് ദാര്‍ശനികഭാവം നല്‍കുകയും ആധുനികതയുടെ സംവേദനശൈലിയിലേക്ക് വായനക്കാരെ എത്തിക്കുകയും ചെയ്ത ജോര്‍ജ്ജ് വര്‍ഗീസ് എന്ന കാക്കനാടന്‍ പ്രിയപ്പെട്ടവര്‍ക്ക് 'ബേബിച്ചായന്‍' ആയിരുന്നു.
ഒറോത, ഉഷ്ണമേഖല, സാക്ഷി, അശ്വത്ഥാമാവിന്റെ ചിരി, മഴനിഴല്‍പ്രദേശം, കൊളോസസ്, വസൂരി, ഏഴാംമുദ്ര, പറങ്കിമല, ജാപ്പാണപ്പുകയില തുടങ്ങിയവയാണ് പ്രധാന കൃതികള്‍. അശ്വത്ഥാമാവിന്റെ ചിരിക്ക് 80ലെയും ഒറോതയ്ക്ക് 84ലെയും കേരള സാഹിത്യ അക്കാദമി അവാര്‍ഡും 2005ല്‍ ചെറുകഥയ്ക്ക് കേന്ദ്രസാഹിത്യ അക്കാദമി പുരസ്‌കാരവും ലഭിച്ചു. ഉഷ്ണമേഖല 96-ലെ മുട്ടത്തുവര്‍ക്കി അവാര്‍ഡിന് അര്‍ഹമായി. 2001-ല്‍ കാക്കനാടന്‍ സമഗ്രസംഭാവനയ്ക്കുള്ള പത്മപ്രഭാപുരസ്‌കാരം നേടി. കുടജാദ്രിയുടെ സംഗീതം, കുളിര് വേനല്‍മഴ എന്നീ യാത്രാവിവരണങ്ങളും എഴുതിയിട്ടുണ്ട്. പറങ്കിമല എന്ന നോവല്‍ ഭരതന്‍ സിനിമയാക്കി.
രണ്ടിയിരത്തി പതിനൊന്നു ഒക്ടോബര്‍ 19 നു അന്തരിച്ചു

Saturday, September 17, 2011

പി സി കുട്ടികൃഷ്ണന്‍(ഉറൂബ്)

1915 ജൂണ്‍ 8 മലപ്പുറം ജില്ലയില്‍ പൊന്നാന്നിക്കടുത്തു പള്ളിപ്പുറം ഗ്രാമത്തില്‍ ആണ് പി സി കുട്ടികൃഷ്ണന്‍ എന്ന ഉറൂബ് ജനിച്ചത്‌ സ്കൂള്‍ പഠനത്തിനുശേഷം ഇന്ത്യയൊട്ടാകെ സഞ്ചരിച്ചു. അധ്യാപകന്‍,പത്രപ്രവര്‍ത്തകന്‍ തുടങ്ങി നിരവധി ജോലികള്‍ അദേഹം വഹിച്ചിട്ടുണ്ട്. നാടകകൃത്ത്, കവി, നോവലിസ്റ്റ്,കഥാകൃത്ത് എന്നി നിലകളില്‍ എല്ലാം തന്നെ അദ്ദേഹം ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. തന്‍റെ ചുറ്റിലും കണ്ട കാഴ്ചകളെ, തനിക്കു ചുറ്റും വളര്‍ന്ന സമൂഹത്തെ അല്പം നര്‍മത്തോടെ എന്നാല്‍ ആ സാഹചര്യങ്ങളോട് സഹതാപം ഉള്‍ക്കൊള്ളും വിധത്തില്‍ ആവിഷ്ക്കരിക്കാന്‍ ആണ് മിക്കപ്പോലും അദ്ദേഹം ശ്രമിച്ചത്‌. തുറന്നിട്ട ജാലകം, നീലമല, താമരത്തൊപ്പി, രാച്ചിയമ്മ, ഗോപാലന്‍ നായരുടെ താടി എന്നിവ അവയില്‍ പെടും. ഉമ്മാച്ചു, മിണ്ടാപ്പെണ്ണ്‍ സുന്ദരികളും സുന്ദരന്മാരും, അമ്മിണി ചുഴിക്ക് പിന്‍പേ ചുഴി എന്നിവയാണ് പ്രധാന നോവലുകള്‍. ഇവയിലെ സ്ത്രീ കഥാപത്രങ്ങളുടെ നിര്‍മിതി വളരെ ശ്രദ്ധിക്കപ്പെട്ടു .

ഉറൂബ് എഴുതിയ നാടകങ്ങളാണ് തീകൊണ്ട് കളിക്കരുത്, മിസ്‌ ചിന്നുവും ലേഡി ജാനുവും, മണ്ണും പെണ്ണും എന്നിവ.നീലക്കുയില്‍ എന്ന സുപ്രസിദ്ധ ചലച്ചിത്രത്തിന്റെ കഥയും സംഭാഷണവും രചിച്ചതും ഉറൂബ് ആണ് .കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡ് കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, ആശാന്‍ ജന്മശതാബ്ദി പുരസ്ക്കാരം എന്നിവ അദ്ദേഹത്തിന് ലഭിച്ച പ്രമുഖ ബഹുമതികള്‍ ആണ്.

1979 ജൂലൈ 10 നു അദ്ദേഹം അന്തരിച്ചു.

Friday, September 16, 2011

കവിത അവാര്‍ഡ്



നമ്മുടെ വായനമുറിയുറെ സജ്ജീവ അംഗമായ സുധി പുത്തന്‍ വേലിക്കരയുറെ തീമരചില്ലകളില്‍ എന്ന കവിത സമാഹാരത്തിനു കുവൈറ്റ് കേരള കലാവേദിയുടെ കവിത പുര്സക്കാരം കിട്ടിയിരിക്കുന്നു.

സുധിക്ക് അഭിനന്ദനങ്ങള്‍ ...

തീമരചില്ലകളില്‍ മുന്‍പ് നമ്മള്‍ ഇവിടെ പരിചയപെടുത്തിയിരുന്നു.

  ---------------------------------------------------------------------------------------------------------

മനാമ: കുവൈറ്റ് കേരള കലാവേദിയുടെ എട്ടാം വാര്‍ഷികത്തോടനുബന്ധിച്ച് ഗള്‍ഫ് എഴുത്തുകാരുടെ പുസ്തകങ്ങള്‍ക്കുവേണ്ടി ഏര്‍പ്പെടുത്തിയ പുരസ്കാരങ്ങളില്‍ കവിതാസമാഹാരത്തിന് സുധി പുത്തന്‍വേലിക്കരയുടെ ‘തീമരചില്ലകളില്‍’ തിരഞ്ഞെടുക്കപ്പെട്ടു. 10,000 രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാര്‍ഡ്. വിജയലക്ഷ്മി, ഡി ബാലചന്ദ്രന്‍, സുഭാഷ് ചന്ദ്രന്‍, വൈശാഖന്‍ എന്നിവരടങ്ങുന്ന ജൂറിയാണ് അവാര്‍ഡ് നിര്‍ണയം നടത്തിയത്. സമകാലിക വിഷയങ്ങളെയും നേരിന്‍െറ അര്‍ഥ വ്യാപ്തികളെയും ആവിഷ്കരിക്കാന്‍ ‘തീമരച്ചില്ലകളി’ലെ പല കവിതകള്‍ക്കും കഴിഞ്ഞിട്ടുണ്ടെന്ന് ജൂറി അഭിപ്രായപ്പെട്ടു.


12 വര്‍ഷമായി ബഹ്റൈനില്‍ ജോലി ചെയ്യുന്ന സുധിയുടെ ആദ്യ കവിതാസമാഹാരം ‘മഷിക്കൂട്’ രണ്ടു വര്‍ഷം മുമ്പാണ് പുറത്തിറങ്ങിയത്. തൃശൂര്‍ സാംസ്കാരിക വേദിയുടെ കവിതാഅവാര്‍ഡും സുധിക്ക് ലഭിച്ചിട്ടുണ്ട് . കേരളീയ സമാജം മുഖമാസികയായ ‘ജാലക’ത്തിന്‍െറ പത്രാധിപസമിതി അംഗമാണ്.

വാര്‍ത്ത‍ ലിങ്ക് : http://www.madhyamam.com/news/117682/110915 

Monday, August 22, 2011

കുരീപ്പുഴ കവിതകളുടെ ഉഷ്ണകാലങ്ങള്‍



ചരിത്രോന്മുഖമായ ലാവണ്യദര്‍ശനങ്ങളേയും വര്‍ത്തമാനത്തിന്റെ കാലദേശത്തേയും അടയാളപ്പെടുത്തുകയും ഭാവിയുടെ മുന്നറിവുകളാവുന്ന വിധം മാനവികമായ ഉല്കണ്ഠകള്‍ പങ്കുവെക്കുകയും ചെയ്യുന്ന അന്വേഷണങ്ങളാണ്‌ കുരീപ്പുഴ ശ്രീകുമാറിന്റെ കവിതകളില്‍ ചെന്നെത്തുന്നത്. മനുഷ്യന്റെ വൈയക്തികവും സാമൂഹ്യവുമായ സ്വത്വാന്വേഷണത്തില്‍ പങ്കാളികളാവുന്ന കവിതകള്‍.


ജീവിതനിഷേധത്തിന്റെ, നിരാശയുടെ, വൈയക്തികതയുടെ ഭാവുകത്വപരിസരത്തായിരുന്ന ആധുനിക കഥാ-നോവല്‍ രൂപങ്ങളുടെ നിലനില്പ്പെങ്കില്‍ ആധുനിക കവിതയുടെ ഭാവുകത്വം ഇത്തരത്തിലല്ല വികസിച്ചത്. പ്രത്യാശയുടേയും വിമോചനത്തിന്റെയും ചുവന്ന ചക്രവാളങ്ങള്‍ തേടി. മലയാള കാവ്യഭാവുകത്വം വിപ്ലവകരമായ ഒരു കുതിച്ചുചാട്ടം നടത്തി. കാലത്തിന്റെ സങ്കടങ്ങള്‍, പ്രത്യാശകള്‍, രോഷങ്ങള്‍ ഇവ കവിതയിലൂടെ ആവിഷ്ക്കരിച്ചു എന്നതാണ്‌ കുരിപ്പുഴ കവിതയെ പ്രസക്തമാക്കുന്നത്. സവര്‍ണ്ണതയുടെ ദര്‍ശനത്തിനെതിരായ കാവ്യനിര്‍മ്മിതികളാണ്‌ കുരീപ്പുഴ കവിതകള്‍. ദുഃഖത്തിന്റെ, വിശപ്പിന്റെ, അലച്ചിലിന്റെ മനുഷ്യ ദൈവങ്ങളെ കവിത അഭിമുഖീകരിക്കുന്നത് കാണാം 'വീണ വില്പ്പനക്കാരന്‍' എന്ന കവിതയില്‍.
“പട്ടിണിയാണെന്റെ സ്നേഹിതാ,
വീണയില്‍ ഭക്ഷണമല്പ്പമില്ല“
വീണ സര്‍ഗ്ഗ സമ്പത്തായിരുന്നു എങ്കിലും മറ്റൊരു തിരിച്ചറിവ് മുന്നോട്ട് വയ്ക്കുന്നു. സ്വയം തിരിച്ചറിയുന്നതോടൊപ്പം തന്നെ പ്രത്യാശയുടെ ചക്രവാളങ്ങള്‍ ഇരുണ്ടുപോവുകയും നിരാശയുടെ, വിശ്വാസ സാഹിത്യത്തിന്റെ ഇരുട്ടു വ്യാപിക്കുകയും ചെയ്യുന്നതിന്റെ ചരിത്രപരമായ ഉള്‍തുടിപ്പുകള്‍ പല കവിതകളിലുമുണ്ട്.

പോകുമ്പോഴെന്‍ സ്നേഹ
ഭിക്ഷയായ് എന്നെയും കൊണ്ടുപോയ്കൊള്ളുക
വജ്രഖഡ്ഗങ്ങളാല്‍
ശിക്ഷിച്ചുകൊള്ളുക
‘പച്ചകിനാവുകള്‍’ എന്ന കവിതയിലൂടെ കരളകത്തികൊണ്ട് മനസ്സില്‍ നിന്നാരോ ഇറങ്ങിപോകുന്ന സ്നേഹം ഭിക്ഷയായ് കവി കേള്‍ക്കുന്നു.
രാഷ്ട്രീയ ദൃഢബോധ്യം ജൈവീകമായി അനുഭവപ്പെട്ട മര്‍ദ്ദിതരുടേയും ചൂഷിതരുടേയും കീഴാളരുടേയും പക്ഷത്തു നില്ക്കുന്നതോടൊപ്പം ബ്രാഹ്മണിസത്തിന്റെ സാമൂഹിക സാംസ്കാരിക അധിനിവേശത്തെ ചെറുത്തുനില്ക്കുന്നതില്‍ മറ്റാര്‍ക്കുമില്ലാത്ത ഉള്‍ക്കരുത്ത് കുരീപ്പുഴ കവിതകള്‍ക്കുണ്ടെന്ന് നൂറ്‌ ഉദാഹരണങ്ങള്‍ നിരത്താനാകും.
മലയാളഭാഷയെ അതിന്റെ നാട്ടുവഴക്ക-ദ്രാവിഡത്തനിമയിലേക്ക് സന്നിവേശിപ്പിക്കുകയോ കൈ പിടിച്ചുയര്ത്തുകയോ ചെയ്തു എന്നതാണ്‌ ‘അമ്മ മലയാളം’ എന്ന കവിതയെ എക്കാലത്തും സമകാലികമാക്കുന്നത്. അമ്മ മലയാളം എന്ന സംജ്ഞ ഇന്ന് മലയാള ഭാഷയുമായി ബന്ധപ്പെട്ട പൊതു വ്യവഹാരങ്ങളിള്‍ ഇടം നേടിയിട്ടുണ്ട്. സവര്‍ണ്ണ സൗന്ദര്യാനുഭവത്തിനു ബദലായി ഭാഷയുടെ സൗന്ദര്യ ശാസ്ത്രത്തിന്റെയും സംസ്കാരത്തിന്റെയും പുതിയ അനുഭവമാണ്‌ അമ്മ മലയാളം.
‘പള്ളിക്കൂടം’ എന്ന കവിതയില്‍ ശിഷ്യന്‍ ഗുരുവിനോട് കയര്‍ക്കുന്നത്
ശ്ലോക്മുരുക്കിക്കഴിച്ച്’
ക്ലാവുപിടിച്ചു നിന്‍ നാക്ക്
ചൊവ്വെ വടിച്ചു കൊപ്ലിച്ച്
ചെമ്പഴുക്കാപ്പാട്ടു ചൊല്ല്.
വരേണ്യമായ കാവ്യരീതികളെ പിന്‍പറ്റുന്ന ഒരു സാംസ്കാരികപരിസരത്തു നിന്നല്ല കവി തന്റെ ഭാഷയെ കവിത കൊണ്ടെത്തുന്നത്. ഭൂരിഭാഗവും വരുന്ന അടിസ്ഥാന ജനതയുടെ അധ്വാനത്തില്‍ വിളഞ്ഞു നില്ക്കുന്ന വയലേലകളില്‍ നിന്നാണ്‌ അതിന്റെ വരവ്. അതിന്റെ കരുത്തും ഊര്‍ജ്ജവുമാണ്‌ കവിയുടെ ശക്തി.
തൊണ്ണൂറുകളിലാണ്‌ ഗ്രാംഷിയന്‍ ചിന്തകളെ മലയാളി കൂടുതൽ പരിചയപ്പെടുന്നതും കറുപ്പ് ഒരു രാഷ്ട്രീയസാംസ്കാരിക പ്രതിരോധമായി അടയാളപ്പെടുത്തുന്നത്‌. ഒരു കീഴാളസൗന്ദര്യശാസ്ത്രം വികസിപ്പിക്കാനുള്ള ശ്രമം ഈ കാലയളവില്‍ നടന്നു. ‘കറുത്ത നട്ടുച്ച’ എന്ന കവിതയില്‍ ഈയൊരു ശ്രമം നടത്തുന്നുണ്ട് കവി. ഫ്യൂഡല്‍ കുടുംബാനുഭവങ്ങളുടെ അരാഷ്ട്രീയമായ ഗൃഹാതുരതയോ സ്വത്വപ്രതിസന്ധിയോ അല്ല ദാരിദ്ര്യത്തിന്റേയും പീഡാനുഭങ്ങളുമാണ്‌ കവിതയിലൂടെ തീക്ഷ്ണമായി പങ്കുവയ്ക്കുന്നത് . ചുട്ടുപൊള്ളിക്കുന്ന അനുഭവങ്ങളുടെ ഈ തീകനലുകള്‍ തിന്നുമ്പോള്‍ പൂക്കുന്നത് വേനലിന്റെ ചെമ്പരത്തിയാണ്‌.

'കീഴാളന്‍' എന്ന കവിത സവിശേഷമായ പാഠനിര്‍മ്മിതിയാണ്‌ ആവശ്യപ്പെടുന്നത്‌.
“പലവട്ടം അക്രമിക്കപ്പെട്ട
ഒരു ഗ്രാമമാണ്‌ എന്റെ ഹൃദയം”

എന്ന കാവ്യ സാക്ഷ്യമാണ്‌ കുരീപ്പുഴ കവിതയുടെ ലാവണ്യയുക്തി. എല്ലാ മനുഷ്യരെയും ഒന്നായിക്കാണുവാനും. അവരുടെ ദുഃഖങ്ങള്‍ സ്വയം ഏറ്റുവാങ്ങുകയുമാണ്‌ കവി കുരീപ്പുഴ ശ്രീകുമാര്‍ .അതു കൊണ്ടുതന്നെയാണ്‌ ഈ കവിതകള്‍ വായനക്കാരനു വ്യത്യസ്തമാര്‍ന്ന അനുഭവങ്ങള് സമ്മാനിക്കുന്നത്.


സുധി പുത്തന്‍വേലിക്കര

ബഹറിന്‍


Friday, August 12, 2011

ആതി പറഞ്ഞു തരുന്ന പാഠങ്ങള്‍

വികസനത്തിന്റെ പാരിസ്ഥിതികമായൊരു വായനയാണ് സാറ ജോസഫിന്റെ പുതിയ പുസ്തകമായ ആതി മുന്നോട്ടു വെക്കുന്നത്. മണ്ണും വായുവും വെള്ളവുമെല്ലാം വികസനത്തിന്റെ പേരില്‍ ആക്രമിച്ചു കീഴ്പ്പെടുത്തപ്പെടുമ്പോള്‍ ദുര്‍ബലരായി തീരുന്നവരുറെ അരക്ഷിതാവസ്ഥയും അത് മുന്നോട്ടു വെക്കുന്ന രാഷ്ട്രീയവും നൈതികവുമായ ചിന്തകളും വളരെ മനോഹരമായി വരച്ചു കാട്ടുന്നുണ്ട്.




അധിനിവേശത്തിന്‍റെ പുതിയ രൂപഭാവങ്ങളെ പരിചയപ്പെടുത്തുമ്പോള്‍ , അവിടെ ഉണ്ടാകേണ്ട ജഗ്രതകളെ ഓര്‍മ്മപെടുത്തുന്നുണ്ട് ആതി. വികസനത്തിന്റെ പൊള്ളയായ കണക്കുകള്‍ വരച്ചു കാട്ടി നഗരങ്ങളും ടൌണ്‍ ഷിപ്പുകളും ഉയരുന്നു വരുന്ന സമകാലിക സമൂഹത്തില്‍ അതിന്‍റെ ഉപോല്പന്നമായി അടിചെല്‍പ്പിക്കപെടുന്ന ഭൂമി കയ്യേറ്റങ്ങളും പ്രകൃതിയുടെ, സംസ്ക്കാരത്തിന്റെ, വിശ്വാസത്തിന്റെ മേലുള്ള കടന്നു കയറ്റങ്ങളും നാമറിയാതെ നമ്മിലേക്ക്‌ ഇഴഞ്ഞു വരുന്നതെങ്ങനെ എന്ന് സാറ സമീപകാല കേരളത്തിലെ ചില വികസന കയ്യേറ്റങ്ങളെ ഓര്‍മ്മിപ്പിച്ചു കൊണ്ട് പറഞ്ഞു തരുന്നു .



ആതി ഒരു തുരുത്താണ്. നന്മയുടെ, നാട്ടറിവുകളുടെ, പുരവൃത്തങ്ങലുറെ, പ്രകൃതിയുമായി ഇഴ ചേര്‍ന്നു ജീവിച്ച ഒരു കൂട്ടം മനുഷ്യരുടെ ആവാസ വ്യവസ്ഥ . ആ ആവാസ വ്യവസ്ഥയെ തൂക്കി വില്‍ക്കാന്‍, ഇടിച്ചു നിരത്താന്‍, മാന്തി പൊളിക്കാന്‍ വികസന മുദ്രാവാക്യവുമായി എത്തുന്നവര്‍ പതുക്കെ ആതിയില്‍ പിടിമുറുക്കുമ്പോള്‍ ആ ചൂഷണത്തില്‍ കാലിടരുന്ന സാധാരണക്കാര്‍. അവരുടെ ചെറിയ ചെറുത്തുനില്‍പ്പുകള്‍ എങ്ങുമെത്താതെ പോകുമ്പോള്‍ ഇത്തരം വികസനങ്ങള്‍ക്ക് സര്‍ക്കാരുകള്‍ ചൂട്ടു കാണിച്ചു കൊടുക്കുന്നു. പടര്‍ന്നു പന്തലിച്ചു നില്‍ക്കുന്ന നഗരങ്ങളുടെ മാലിന്യങ്ങള്‍ തല്ലാന്‍ പറ്റുന്ന ചവറ്റു കൂനകളില്‍ ഒന്നായി ആതിയെ മാറ്റാന്‍ അത് വഴി ആ ചെറുത്തുനില്‍പ്പുകള്‍ അവസാനിപ്പിക്കാന്‍ അധിനിവേശ ശക്തികള്‍ ശ്രമിക്കുന്നു. ആ തുരുത്തിന്റെ നാശം. ആ സംസ്ക്കാരത്തിന്റെ തകര്‍ച്ച; അതോടൊപ്പം മനുഷ്യമുഖം നഷ്ടപെട്ട വികസനം, ഇതൊക്കെയാണ് ആതി നമ്മോടു സംവദിക്കുന്നത്.



തന്‍റെ മുന്‍കൃതികളായ ആലാഹയുടെ പെണ്മക്കള്‍ പോലെയോ ഊര് കാവല്‍ പോലെയോ ശക്തമായ ഒരു നോവല്‍ ശില്പം ആതിയില്‍ കാണുന്നില്ല എന്ന് പറയേണ്ടി വരുമ്പോളും ആതി മുന്നോട്ടു വെക്കുന്ന രാഷ്ട്രീയം ആ കുറവിനെ നികത്തുന്നു. സമീപഭാവിയില്‍ നമ്മെ കാത്തിരിക്കുന്ന ഭീഷണമായ ജല ദൌര്‍ലഭ്യവും പാരിസ്ഥിതിക പ്രശ്നങ്ങളും എല്ലാം ശക്തമായി വരച്ചു കാണിക്കാന്‍ കഴിഞ്ഞു എന്ന് തന്നെയാണ് ആതിയുറെ കരുത്തായി പറയാവുന്നത്.